തായ്ലന്റ് ആനന്ദത്തിന്റെ ഭൂപ്രദേശം.

tripeat-thailand-shinith-patyam-wp

യാത്ര

ഷിനിത്ത് പാട്യം

പുതിയ ഭൂപ്രദേശങ്ങളിലേക്കുളള യാത്ര തുടരുകയാണ്… യാത്ര ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.. ആഗോളീകരണം രാജ്യാതിർത്തിക്കു കുറുകേയുളള മനുഷ്യന്റെ ചലനത്തെ എളുപ്പമാക്കിയിട്ടുണ്ട്.

ഓരോ യാത്രയും പുതിയ അനുഭവങ്ങളുടെ ലബോറട്ടറികളാകുന്നു. ആകാംക്ഷ, കൗതുകം, ജിജ്ഞാസ എന്നിവ ഒരു സഞ്ചാരിയെ മുന്നോട്ട് നയിക്കുന്നു.. മറ്റൊരു ദേശം, അവിടുത്തെ ജനത, അവരുടെ ഭാഷ, സംസ്കാരം, ഭൂപ്രകൃതി എന്നിവയൊക്കെ അറിയാനുളള താൽപര്യം എന്നെ വീണ്ടും വീണ്ടും യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്നു.
അന്യദേശങ്ങളിലേക്ക് സഞ്ചരിക്കണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് കുറേകാലമായി. ഞാൻ തിരക്കിട്ട് പാസ്പോർട്ടെടുത്തത് തന്നെ തായ്ലന്റ് സ്വപ്നം കണ്ടിട്ടാണെന്ന കാര്യം എനിക്കും പ്രിയ സഞ്ചാരി ഷിനിൽ കടവത്തൂരിനും മാത്രമറിയാവുന്ന രഹസ്യം..!!

‘അമർ അക്ബർ ആന്റണി’ എന്ന മലയാള സിനിമ ‘ഉടലിന്റെ ആഘോഷ കേന്ദ്രം മാത്രമാണ് തായ്ലന്റ് ‘ എന്ന തെറ്റായ ധാരണ മലയാളികൾക്ക് നൽകുന്നതിൽ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്. അടുത്ത യാത്ര എങ്ങോട്ടാണെന്ന് ചോദിച്ചവരോട് തായ്ലന്റിലേക്കെന്ന് പറഞ്ഞപ്പോൾ അവരൊക്കെ വേറെ അർത്ഥം വെച്ച് ചിരിച്ചിരുന്നു. ഭാര്യയും ഒന്നര വയസുകാരി മകളും കൂടെയുണ്ടെന്നറിഞ്ഞപ്പോൾ പലരും ആശ്ചര്യപെട്ടു…!!

രാത്രി പത്ത് മണിയോടെ ഞങ്ങൾ ട്രിച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ എത്തി. എമിഗ്രേഷൻ, കസ്റ്റംസ് നിബന്ധനകൾ പൂർത്തിയാക്കി പുലർച്ചെ ഒന്നരക്ക് അഞ്ച് ദിനരാത്രങ്ങൾ നീളുന്ന തായ്ലന്റ് യാത്ര ആരംഭിച്ചു. മകൾ സാഷ ആദ്യമായിട്ടാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത്. അവൾ അദ്ഭുതത്തോടെ ചുറ്റും നോക്കുന്നുണ്ട്. നാല് മണിക്കൂറിൽ കൂടുതലുളള വിമാനയാത്രയിൽ തായ്ലന്റിനെ കുറിച്ച് പലതും ഞാൻ ഭാവനയിൽ നെയ്തെടുത്തു.

“യാത്ര പുറപ്പെടുന്നതിന്റെ തലേരാത്രി എനിക്കുറങ്ങാനായില്ല. നീണ്ട യാത്രയും വണ്ടിയും നഗരങ്ങളും അപരിചിതരും എന്നെ ഉറങ്ങാൻ വിട്ടില്ല. യാത്രയിലെ ഏറ്റവും നല്ല ദിവസം യാത്ര പുറപ്പെടുന്നതിന് മുൻപത്തെ ദിവസമാണ്. ഇത്ര ഭാവോജ്ജ്വലമായ രാത്രിയില്ല”- എന്ന് കൽപ്പറ്റ നാരായണൻ മാഷ് പറഞ്ഞത് എവിടെയൊ വായിച്ചിട്ടുണ്ട്. യാത്ര പോകുന്നതിന്റെ തലേരാത്രി നമ്മൾ മഹനീയ സ്വപ്നങ്ങൾ കാണും..

രാവിലെ ആറ് മണിയോടെ തായ്ലന്റിലെ ഡോൺമുയാങ്ങ് വിമാനതാവളത്തിൽ എയർ ഏഷ്യൻ വിമാനം പറന്നിറങ്ങി. ഇന്ത്യൻ സമയത്തേക്കാൾ ഒന്നര മണിക്കൂർ മുന്നിലാണ് തായ്ലന്റ് സമയം.. വിസ ഓൺ അറൈവലായിട്ടെടുത്തത് കൊണ്ട് കുറച്ചധികം സമയം വിമാനതാവളത്തിൽ ചെലവഴിക്കേണ്ടി വന്നു. തൊട്ടടുത്ത കൗണ്ടറിന് മുന്നിൽ വെച്ച ‘ആസിയാൻ രാജ്യങ്ങൾ’ എന്ന ബോർഡ് എന്റെ ശ്രദ്ധയാകർഷിച്ചു.

മുമ്പ് ആസിയാൻ കരാറിനെതിരെയുളള പ്രതിഷേധത്തിന്റെ ഭാഗമായി നടന്ന മനുഷ്യചങ്ങലയിലെ ഒരു കണ്ണിയായി ഞാനുമുണ്ടായിരുന്നു. ആസിയാൻ അംഗ രാജ്യങ്ങൾ ഇന്ന് ലോകത്തിലെ ബദൽ ശക്തികളിൽ ഒന്നാണ്. വിമാനതാവളത്തിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ഞങ്ങൾ പുറത്തിറങ്ങി. മുപ്പത് പേരടങ്ങുന്ന ഗ്രൂപ്പ് ശീതീകരിച്ച വലിയ ബസ്സിൽ ശ്രീരാച ടൈഗർ സൂവിലേക്ക് പുറപ്പെട്ടു.

sreeracha-tiger-zoo
ശ്രീരാച കടുവസങ്കേതം

ലോകത്തിലെ പ്രധാനപ്പെട്ട കടുവ സങ്കേതങ്ങളിൽ ഒന്നാണ് പട്ടായക്കടുത്തുളള ശ്രീരാച സൂ. ബാങ്കോക്കിൽ നിന്നും 98 കിലോമീറ്റർ മാറി ചോൻബുരി പ്രവശ്യയിലാണ് ശ്രീരാച സൂ സ്ഥിതിചെയ്യുന്നത്. ശ്രീരാച ടൈഗർ സൂവിനടുത്തുളള റസ്റ്റോറന്റിൽ നിന്നും രുചികരമായ പ്രഭാത ഭക്ഷണവും കഴിച്ച് ഞങ്ങൾ സൂവിലെ കാഴ്ചകളിലേക്കിറങ്ങി. ടൈഗർ ഷോ മികച്ച് നിൽക്കുന്ന ഒന്നാണ്. ട്രെയിനർമാരുടെ നിർദേശങ്ങൾ അതേപടി അനുസരിക്കുന്ന കടുവകൾ പലതരം അഭ്യാസങ്ങളിലൂടെ കാണികളുടെ കൈയ്യടി നേടുന്നുണ്ട്. തൊട്ടപ്പുറത്ത് ആയിരകണക്കിന് മുതലകളെ ഉൾകൊളളുന്ന ‘മുതല മ്യൂസിയം’ ശ്രീരാചയിലെ മറ്റൊരു പ്രത്യേകതയാണ്.

elephent-show
എലിഫന്റ് ഷോ

തുടർന്ന് ഞങ്ങൾ എലിഫന്റ് ഷോ നടക്കുന്ന സ്ഥലത്തെത്തി. എലിഫന്റ് ഷോ നമ്മുടെ സർക്കസിന്റെ പോസ്റ്റ് മോഡേൺ പതിപ്പാണ്. ആനയ്ക്കുളള ഭക്ഷണമായ പഴം നൽകിയതിന് ശേഷം ഞങ്ങൾ കുറച്ച് ഫോട്ടോയെടുത്തു. ‘മൃഗങ്ങളെ പീഢിപ്പിച്ച് അതിലുളള കാഴ്ചകളെ മനുഷ്യൻ ആസ്വദിക്കുന്നതിലെ യുക്തി രാഹിത്യത്തെ കുറിച്ച് ‘ പരിസ്ഥിതിവാദിയായ സഹയാത്രികൻ ശ്രീധരേട്ടൻ എന്നോട് പറഞ്ഞു. ശ്രീരാച സൂവിലെ കാഴ്ച്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ പട്ടായയിലേക്ക് തിരിച്ചു.

സെക്സ് ടൂറിസത്തിലൂടെ വികസനം പ്രാപിച്ച ദേശമെന്ന വിമർശനം പലപ്പോഴും കേൾക്കേണ്ടിവന്ന രാജ്യമാണ് തായ്ലന്റ്. എന്നാൽ ലോക ഭൂപടത്തിൽ തങ്ങളുടേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത രാജ്യമായി തായ്ലന്റ് മാറി. ബാങ്കോക്കിലെ റോഡുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ മാതൃകകളാണ്.
‘കേരളത്തിലെ PWD-ക്കാരെ തായ്ലന്റ് കാണിക്കണമെന്ന്’ പ്രകാശൻ മാണിക്കോത്ത് ബാലുവേട്ടനോട് പറഞ്ഞത് തമാശയാണെങ്കിലും വസ്തുതയാണ്.
തായ്ലന്റ് സഞ്ചാരികളുടെ സ്വപ്നഭൂമിയാണ്..!! കടലും കരയും ദ്വീപുകളും ചേർന്ന മനോഹരമായ നാട്.. ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന കാഴ്ചകളുടെ പറുദീസയാണ് തായ്ലന്റ്..!! കേരളത്തിലെ കാലവസ്ഥയോട് അടുത്ത് നിൽക്കുന്നതാണ് ബാങ്കോക്കിലെ കാലവസ്ഥ.

alkasar-show
അൽകാസർ ഷോ

നാൽപ്പത് കിലോമീറ്റർ പിന്നിട്ട് ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഞങ്ങൾ പട്ടായയിലെത്തി. ഇന്ത്യൻ റസ്റോറന്റിൽ നിന്നും സ്വാദിഷ്ടമായ ഭക്ഷണവും കഴിച്ച് താമസസ്ഥലമായ ഒമ്പത് നിലകളുളള വെൽക്കം പ്ലാസ ഹോട്ടലിലെ റൂമിൽ വിശ്രമിച്ചു. വൈകുന്നേരം ഏഴ് മണിക്ക് പട്ടായയിലെ പ്രശസ്തമായ അൽകാസർ ഷോ കാണാൻ ഞങ്ങൾ പുറപെട്ടു. ടിക്കറ്റ് എടുത്തതിന് ശേഷം ഞങ്ങൾ ഹാളിലേക്ക് പ്രവേശിച്ചു. ഒരേ സമയം 1200 പേർക്ക് ഷോ കാണാൻ സൗകര്യമുളള വലിയ ഹാളിന്റെ പുറകിലത്തെ ഇരിപ്പിടത്തിൽ ഞങ്ങൾ അൽകാസർ വിരുന്നിനായി കാത്തിരുന്നു. ഇരുനൂറിൽ കൂടുതൽ കലാകാരൻമാർ ഒരുമിക്കുന്ന വർണാഭമായ നൃത്തവിരുന്നാണിത്. കലാകാരൻമാരിൽ ഭൂരിഭാഗംപേരും ലിംഗമാറ്റം നടത്തിയവരാണെന്നത് ആശ്ചര്യകരമാണ്… അൽകാസർ ഷോയിൽ സ്റ്റേജിനെയും വെളിച്ചത്തെയും ഉപയോഗപ്പെടുത്തിയ രീതി സിനിമാറ്റിക് അനുഭൂതി കാണികൾക്ക് നൽകുന്നു.

പട്ടായയിലേക്ക്

അൽകാസർ ഷോ കണ്ട് പുറത്തിറങ്ങിയ ഞങ്ങൾ നേരെ ഹോട്ടലിലേക്ക് തിരിച്ചു. കോഴിക്കോട്കാരനായ വിജിത്തിന്റെ ഇന്ത്യൻ റസ്റ്റോറന്റിൽ നിന്നും വയറ് നിറയെ ബട്ടർ നാനും തന്തൂരി ചിക്കനും കഴിച്ച് റൂമിലേക്ക് പോയി. യാത്രയുടെ ക്ഷീണമുളളത് കൊണ്ട് ഉറക്കം നേരത്തെയാക്കി. രാവിലത്തെ ഭക്ഷണത്തിന് ഇന്ത്യൻ വിഭവവും അമേരിക്കൻ വിഭവവുമുണ്ടായിരുന്നു. രണ്ടും ആവശ്യത്തിന് കഴിച്ചതിന് ശേഷം ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പട്ടായ ബീച്ചിലേക്ക് പുറപ്പെട്ടു.
പട്ടായ ബീച്ചിൽ നിന്നും രാവിലെ പത്തുമണിയോടെ ഞങ്ങൾക്കു കോറൽ ദ്വീപിലേക്ക് പോകാനുളള ബോട്ടെത്തി.

parasailing
പാരാസെയ്ലിംഗ്

കോറൽ ഐലന്റിൽ എത്തുന്നതിനും മുന്നേ ജലവിനോദത്തിന് വേണ്ടി സജ്ജീകരിച്ച ഒരു ഫ്ളോട്ടിങ് വെസ്സൽ പ്ലാറ്റ്ഫോം ഉണ്ട്. ഇവിടെ വെച്ചാണ് പാരസെയ്ലിങ് നടക്കുന്നത്. അഞ്ഞൂറ് തായ് ബാതാണ് പാരസെയിലിങ് ആക്ടിവിറ്റി ചെയ്യാനുളള ചാർജ്ജ്. ഞാൻ ആവേശത്തോടെ പാരസെയ്ലിങ് ആക്ടിവിറ്റി ചെയ്യാൻ തയ്യാറായി.
അവർ നൽകിയ പ്രത്യേക വസ്ത്രം ധരിച്ചുകൊണ്ട് എന്റെ ഊഴത്തിനായി കാത്തുനിന്നു. സ്പീഡ് ബോട്ടിൽ ഘടിപ്പിച്ച പാരച്യൂട്ടിന്റെ സേഫ്റ്റി ചരടുകൾ എന്റെ അരയിൽ ബന്ധിപ്പിച്ചു. എന്നെയും വഹിച്ചു കൊണ്ട് സ്പീഡ്ബോട്ട് ശക്തിയായി മുന്നോട്ട് കുതിച്ചു. പാരച്യൂട്ടിൽ ഞാൻ കടലിന് മുകളിലൂടെ ഫ്ളോട്ടിങ് വെസ്സൽ പ്ലാറ്റ്ഫോമിനെ വലംവെച്ചു. പാരാസെയിലിങ് മികച്ച അനുഭവമാണ്. ഒരു പക്ഷിയെപ്പോലെ ഭാരങ്ങളില്ലാതെ പറക്കുന്ന മാസ്മരിക അനുഭവം. നൂറു കണക്കിന് പേർക്ക് ഒരേസമയം പാരാസെയിൽ ചെയ്യാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. വളരെ വൈദഗ്ധ്യത്തോടെയാണ് ഇവർ നമ്മളെ തിരിച്ചു ബോട്ടിൽ ലാൻഡ് ചെയ്യിക്കുന്നത്.

corel-island
കോറൽ ദ്വീപ്

ഇവിടെ നിന്നും 7 കി.മീ ദൂരത്താണ് കോറൽ ഐലന്റ് സ്ഥിതി ചെയ്യുന്നത്. പട്ടായ ബീച്ചിൽ നിന്നും സ്പീഡ് ബോട്ടിൽ കോറൽ ഐലന്റിലേക്കുള്ള യാത്ര രസകരമാണ്. ഓളങ്ങളിൽ നൃത്തമാടിയുള്ള യാത്ര നമ്മുടെ പഴയ കേരളത്തിലെ റോഡുകളിലൂടെ ബസിൽ പോകുന്നത് അനുസ്മരിപ്പിക്കും. അതിമനോഹരമാണ് കോറൽ ഐലന്റ്. സ്ഫടികം പോലെ തെളിഞ്ഞ വെളളവും കുഞ്ഞ് തിരമാലകളും കോറൽ ദ്വീപിനെ സഞ്ചാരികളുടെ സ്വപ്നതീരമാക്കുന്നു..!!

tripeat-floating-market
ഫ്ലോട്ടിംഗ് മാർക്കറ്റിൽ

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ ഭക്ഷണം കഴിച്ചതിന് ശേഷം സഞ്ചാരികളുടെ ഇഷ്ട ഇടമായ ഫ്ലോട്ടിങ് മാർക്കറ്റിലേക്ക് പുറപ്പെട്ടു. വെളളത്തിൽ മരത്തടിയിൽ നിർമ്മിച്ചിരിക്കുന്ന ഫ്ലോട്ടിങ് മാർക്കറ്റ് ഏക്കറുകളോളം വ്യാപിച്ച് കിടക്കുന്നു. ഞങ്ങൾ തോണിയിലാണ് ഫ്ലോട്ടിങ് മാർക്കറ്റിന്റെ അക്കരയ്ക്ക് നീങ്ങിയത്.

tripeat-thailand-floating-market-thai-food
ഫ്ലോട്ടിംഗ് മാർക്കറ്റിലെ തായ് ഫുഡ്

തായ് ഫുഡായ തേൾ, കൂറ, പാറ്റ എന്നിവ വിവിധ സ്റ്റാളുകളിൽ പൊരിച്ച് വച്ചിരിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് പുതിയ കാഴ്ചയാണ്. തേൾ പൊരിച്ചതൊന്നിന് നൂറ് ബാത്താണ്. ഫ്ലോട്ടിങ് മാർക്കറ്റ് ശരിക്കും വെളളത്തിൽ ഒഴുകുകയാണെന്ന് തോന്നിപോകുന്നു. എല്ലാതരം സാധനങ്ങളും ലഭ്യമാകുന്ന ഫ്ലോട്ടിങ് മാർക്കറ്റിലെ പലതരം കാഴ്ച്ചകളും കണ്ട് റൂമിലേക്ക് മടങ്ങി.

tripeat-walking-street
വാക്കിംഗ് സ്ട്രീറ്റ് കവാടം

രാത്രി പട്ടായയിലെ വാക്കിങ് സ്ട്രീറ്റ് കാണാൻ പോകണമെന്ന ആഗ്രഹം ഞാൻ നീനുവിനോട് പങ്കുവെച്ചു. രാത്രി പത്ത് മണിയോടെ ഞങ്ങൾ വാക്കിങ് സ്ട്രീറ്റിലേക്ക് പുറപ്പെട്ടു. വാക്കിങ് സ്ട്രീറ്റിലേക്ക് എത്താറായപ്പോൾ എനിക്ക് ആകാംക്ഷയോടൊപ്പം ഭയവും തോന്നി. പട്ടായ ‘നൈറ്റ് ലൈഫിന്’ പേരുകേട്ട ഇടമാണ്. രാത്രിയാകുമ്പോഴേക്കും വാക്കിങ് സ്ട്രീറ്റ് സജീവമായിട്ടുണ്ട്.

വർണ്ണ വിളക്കുകളാൽ അലംകൃതമായ ഡാൻസ് ബാറുകൾ, പബ്ബുകൾ, മസാജ് പാർലറുകൾ, വഴിവാണിഭക്കാർ തുടങ്ങിയവരെല്ലാം വാക്കിങ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും ഉണ്ട്. ‘സംഗീതവും നൃത്തവും ലൈംഗീകതയും ജീവിതത്തിന്റെ ചാലകശക്തിയാണെന്ന്’ ടിൻബിയർ നുകർന്നുകൊണ്ട് ഞങ്ങളുടെ കൂടെയുളള മാണിക്കോത്ത് മാഷ് പറഞ്ഞു. റോഡിനിരുവശത്തും ചായം തേച്ച ചുണ്ടുകളുമായി യുവതികൾ കാത്തിരിക്കുന്നു… എൽ.ഇ.ഡി.ബൾബിന്റെ പ്രകാശത്തിൽ സുന്ദരികളുടെ മുഖത്തുനിന്ന് ബഹുവർണ്ണങ്ങൾ മിന്നി മറയുന്നുണ്ട്..

tripeat-thailand-walking-street
വാക്കിംഗ് സ്ട്രീറ്റ്

ആനന്ദം തേടി ലോകത്തിന്റെ പലകോണിൽ നിന്നും ജനങ്ങൾ ഇവിടേക്ക് ഒഴുകുന്നു…!! വാക്കിങ് സ്ട്രീറ്റിലൂടെയുളള രാത്രി സഞ്ചാരം ഏതൊരാളെയും ആനന്ദത്തിലാറാടിക്കും. മനുഷ്യഞരമ്പുകളിൽ തീനിറയ്ക്കാനായി പലതരം മസാജ് ശാലകൾ തുറന്നുവെച്ചിട്ടുണ്ട്. ഇഷ്ടമുളളതിനെ തെരഞ്ഞെടുക്കാമെന്ന കമ്പോള ഉദാരീകരണം വാക്കിങ് സ്ട്രീറ്റിലും കാണാം… പട്ടായ ഉറക്കമില്ലാത്ത ആനന്ദത്തിന്റെ നഗരമാണ്.. റോഡിനിരുവശത്ത് നിന്നും തായ്, റഷ്യൻ സുന്ദരികൾ മാടി വിളിക്കുന്നത് ഏതൊരാണിനെയും ഉൻമാദത്തിലാറാടിക്കും..

ചില ക്ലബുകളിലേക്ക് ഞങ്ങളെ ക്ഷണിച്ചുകൊണ്ട് ഏജന്റുമാർ ഓഫർ പ്ലകാർഡുമായി പിന്നാലെ കൂടിയിട്ടുണ്ട്. സാഷയെ ഷിജിനിന്റെ കൈയ്യിൽ ഏൽപ്പിച്ച് ഞാനും ഭാര്യ നീനുവും പതുക്കെ ഒരു ക്ലബിലേക്ക് കയറി.. കാതടപ്പിക്കുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന നാല് യുവതികൾ. സ്വിമ്മിങ് സ്യൂട്ട് പോലത്തെ വസ്ത്രം ധരിച്ച സുന്ദരികൾ ആടി തിമിർക്കുകയാണ്. കാഴ്ച്ചകാരുടെ കണ്ണുകൾ അവരുടെ ശരീരഭാഗങ്ങളെ കൊത്തിവലിക്കുന്നുണ്ട്. ഡിസ്കോ ബാറിനകത്ത് അത്യാവശ്യം നല്ല തിരക്കുണ്ട്. എൻട്രി ടിക്കറ്റിനൊപ്പം ജ്യൂസും സിങ്കത്തിന്റെ ടിൻ ബിയറും ഒരു ചെറുപ്പകാരി കൊണ്ടുവന്നു തന്നു. ടിൻ ബിയറും ജ്യൂസും നുകർന്ന് അരമണിക്കൂറോളം ഞങ്ങളവിടെ ചെലവഴിച്ചു. സമയം പന്ത്രണ്ടിനോടടുക്കുകയാണ്; വാക്കിങ് സ്ട്രീറ്റിലേക്ക് ആൾക്കാരുടെ ഒഴുക്ക് തുടരുകയാണ്…

രാത്രി ഒരു മണിയോടെ ഞങ്ങൾ റൂമിലെത്തി. രാത്രി ഉറങ്ങാത്ത പട്ടായ നഗരത്തെ കുറിച്ചൊക്കെ ഓർത്തുകൊണ്ട് പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു. പ്രഭാത ഭക്ഷണത്തിന് ശേഷം നുങ് നൂച്ച് ഗാർഡൻ കാണാൻ വേണ്ടി പുറപ്പെട്ടു. അഞ്ഞൂറ് ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന മനോഹരമായ പൂന്തോട്ടം. സസ്യങ്ങളും പൂക്കളും ഇഴചേർന്ന് നിൽക്കുന്ന നുങ് നൂച്ച് ഗാർഡനിൽ നിന്ന് കുറേയേറെ ഫോട്ടോയെടുത്തു. ഉച്ച ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങൾ ബാങ്കോക്കിലേക്ക് പുറപ്പെട്ടു.

നിരവധി സിനിമകളിൽ കണ്ട ബാങ്കോക്ക് മനോഹരമാണ്. അംബരചുംബികളായ കെട്ടിടങ്ങളെ പിറകിലാക്കികൊണ്ട് ബസ്സ് മുന്നോട്ട് നീങ്ങി. നഗരാസൂത്രണത്തിലൊക്കെ തായ്ലന്റ് നമ്മുടെ രാജ്യത്തേക്കാളും ബഹുദൂരം മുന്നിലാണ്. റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തായ്ലന്റിന് വികസിത രാജ്യത്തിന്റെ പട്ടം ചാർത്തികൊടുക്കുന്നു.

വൈകുന്നേരം 5 മണിക്ക് ഞങ്ങൾ ബാങ്കോക്കിൽ എത്തി. തൊട്ടടുത്ത പ്രധാന ഷോപ്പിങ് ഏരിയായ ഇന്ദ്രാ മാർക്കറ്റിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങാനിറങ്ങി. മാർക്കറ്റിൽ സാമാന്യം നല്ല തിരക്കനുഭവപ്പെട്ടു തുടങ്ങി. വില കൂടുതലാണെങ്കിലും നല്ല തുണിത്തരങ്ങൾ ഇവിടെ നിന്നും ലഭിക്കും. നടന്നു തളർന്ന ഞങ്ങൾ കാഴ്ചയിൽ ഓട്ടോ പോലെയുളള ഒരു വാഹനത്തിൽ റൂമിലേക്ക് തിരിച്ചു. ഷോപ്പിങ് ചെയ്ത് തളർന്ന ഞങ്ങൾ ഹോട്ടലിലെത്തി സമൃദ്ധമായ രാത്രി ഭക്ഷണം കഴിച്ച് റൂമിൽ വിശ്രമിച്ചു.

tripeat-thailand-safariworld-gate
സഫാരി വേൾഡിന്റെ കവാടം

സഫാരി വേൾഡും മറൈൻ പാർക്കും കാണാതെ തായ്ലന്റ് പൂർണ്ണമാവില്ല. രാവിലെ എട്ട് മണിക്ക് ഞങ്ങൾ ബാങ്കാക്കിലെ സഫാരി വേൾഡിലേക്ക് പുറപ്പെട്ടു. തുറന്നുവിട്ട പുലിയുടെയും സിംഹത്തിന്റെയും കരടിയുടെയും ഇടയിലൂടെയുളള യാത്ര പുതിയ അനുഭവമായി.

tripeat-thailand-safari-world
സഫാരി വേൾഡ്

പക്ഷി-മൃഗാദികളുടെ സംസ്ഥാന സമ്മേളനം പോലുണ്ട് സഫാരി വേൾഡ്. ഓരോ മൃഗത്തിനെയും കാണുമ്പോൾ മകൾ സാഷ ഒച്ചവെച്ചുകൊണ്ടിരുന്നു. മറൈൻ പാർക്കിലെ കുരങ്ങൻമാരുടെ ഒറാങ് ഉത്താങ് ഷോ രസകരമാണ്. ഷോ കാണാനായി ബാങ്കോക്ക് സ്കൂളിലെ കുട്ടികൾ രാവിലെ തന്നെ ഇരിപ്പിടങ്ങൾ കൈയടിക്കിയിരിക്കുന്നു.

തുടർന്ന് ഞങ്ങൾ ഡോൾഫിൻ ഷോ നടക്കുന്ന സ്ഥലത്തേക്ക് നടന്നു. പരിശീലനം നേടിയ ഡോൾഫിൻ ജലവിതാനത്തിൽ മിന്നുന്ന പ്രകടനം നടത്തുന്നുണ്ട്. ഉച്ചഭക്ഷണം കഴിക്കാനായി പാർക്കിനകത്തുളള ഭക്ഷണശാലയിൽ പ്രവേശിച്ചു. രണ്ടായിരത്തിൽപരം പേർക്ക് ഭക്ഷണം കഴിക്കാനുളള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണം ബുഫേ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എണ്ണിയാൽ തിരാത്ത വിഭവങ്ങൾ കണ്ട് ഞങ്ങൾ അദ്ഭുതപ്പെട്ടു.

best-toilet
മികച്ച ടൊയ്ലറ്റിനുളള അവാർഡ് നേടിയ ടൊയ്ലറ്റ്

തായ്ലന്റിലെ പൊതു ശൗചാലയങ്ങളിലുളള ശുചിത്വം നമ്മുടെ നാട്ടുകാർ കണ്ട് പഠിക്കേണ്ടതാണ്. ഏറ്റവും മികച്ച ടൊയിലറ്റുകൾക്ക് അവാർഡ് നൽകുന്ന പതിവ് തായ്ലന്റിലുണ്ട്.
രാജകീയമായ ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ സ്റ്റണ്ട് ഷോ കാണാനിറങ്ങി. രാമോജി ഫിലിം സിറ്റിയിലെ സ്റ്റണ്ട് ഷോയുടെ മറ്റൊരു രൂപം. തുടർന്ന് സ്പൈ വാർ ഷോ കാണാനിറങ്ങി. സ്പൈവാർ ഷോ ശരിക്കും ഹോളിവുഡ് സിനിമാനുഭവം പകർന്ന് നൽകുന്നുണ്ട്. സ്പൈ വാർ ഷോയില വെടിയും തീയും കണ്ട് മകൾ സാഷ കരയാൻ തുടങ്ങി. അവളെയും കൂട്ടി പതുക്കെ ഞാൻ പുറത്തിറങ്ങി. വൈകുന്നേരത്തോടെ സഫാരി വേൾഡിനോട് യാത്ര പറഞ്ഞ് നേരെ റൂമിലേക്ക് പോയി.

പ്രഭാത ഭക്ഷണം കഴിച്ച് പുറത്തേക്ക് പോവാൻ എല്ലാവരും തയ്യാറായി കഴിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ഞങ്ങളുടെ തായ്ലന്റ് പര്യടനം അവസാനിക്കും. ബാങ്കോക്കിലെ വാറ്റ് ട്രെയിമിറ്റ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുളള ബുദ്ധന്റെ സ്വർണ്ണ പ്രതിമയായ ഗോൾഡൻ ബുദ്ധ കാണാനാണ് ഞങ്ങൾ ആദ്യം പോയത്.

tripeat-thailand-golden-budha
ഗോൾഡൻ ബുദ്ധ

തായ് ഭാഷയിൽ ഇത് പ്രബുദ്ധ മഹാ സുവർണ്ണ പ്രതിമ എന്നറിയപെടുന്നു. 18 കാരറ്റ് സ്വർണ്ണത്തിൽ തീർത്തഈ ബുദ്ധ പ്രതിമയ്ക്ക് 5.5 ടൺ ഭാരവും 3 മീറ്റർ ഉയരവുമുണ്ട്. ഇവിടുത്തെ കാഴ്ച്ചകൾ കണ്ടതിന് ശേഷം ഞങ്ങൾ ബാങ്കോക്കിലെ വാറ്റ് ഫോയിലെ റിക്ലയിനിംങ് ബുദ്ധയെ കാണാനിറങ്ങി. ചാരി കിടക്കുന്ന ബുദ്ധനെ കണ്ടപ്പോൾ എനിക്ക് പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഷ്ണുവിന്റെ ശയനമാണ് ഓർമ്മ വന്നത്.

thailand-shinith-reclying-budha-fb
റിക്ലയിനിംഗ് ബുദ്ധ

വൈകുന്നേരത്തോടെ ഞങ്ങൾ ബാങ്കോക്ക് എയർപോർട്ടിലെത്തി. നാട്ടിലേക്കുളള വിമാനത്തിൽ കയറിയതിന് ശേഷം മൊബൈലിൽ പകർത്തിയ തായ്ലന്റ് യാത്രയുടെ വിവിധ ചിത്രങ്ങളിലേക്ക് കണ്ണോടിച്ചു. വർണ്ണ കാഴ്ചകളുടെ സമുദ്രത്തിലേക്ക് ഊളിയിടാൻ ഏതൊരു സഞ്ചാരിയേയും മോഹിപ്പിക്കുന്ന പ്രദേശം…

ആഗോളവത്കരണത്തിന്റെ സകല സാധ്യതകളെയും പ്രയോജനപെടുത്തിയ ആനന്ദത്തിന്റെ നഗരമാണ് പട്ടായ.. സ്ത്രീകൾക്ക് പുരുഷനേക്കാൾ പദവിയുളള നാട് കൂടിയാണ് തായ്ലന്റ്. ‘ലിബറലിസ്’ എന്ന പദത്തിന്റെ പര്യായമായി തായ്ലന്റ് മാറിയിരിക്കുന്നു… സ്വാതന്ത്ര്യത്തിന്റെ ഭൂമിക… യാത്രകൾ തുടരണം… നൊമാഡ് കാലത്തെ മനുഷ്യനെ പോലെ അലഞ്ഞു തിരിഞ്ഞുളള യാത്ര… ഒരു പക്ഷെ ആത്മീയാനുഭൂതിയോ സൗന്ദര്യാനുഭൂതിയോ തേടിയുളള ഒടുങ്ങാത്ത യാത്ര…

പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും tripeat.in@gmail.com എന്ന വിലാസത്തിൽ അയക്കുക.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top