സമാന്തരം

tripeat-nilofer-samantharam-wp

യാത്ര

നിലോഫർ

മൗനവ്രതം പോലൊരു യാത്രയാണ്, ഏകാകിയായിക്കൊണ്ടിങ്ങനെ. ജനലിനപ്പുറം തെന്നിമാറുന്ന, തെങ്ങുകളില്ലാത്ത നാടുകൾ. സമാന്തരമായി യാത്ര ചെയ്യുന്ന മനുഷ്യന്മാർ.. നമ്മളെ പ്പോലെ.. എന്നെ പോലെ.. നിന്നെ പ്പോലെ.
തലേന്ന് രാത്രി ഉറക്കം നിന്നതിന്റെ ക്ഷീണം കാരണം, ഇന്നലെ ഒന്നും കാണാൻ നിന്നില്ല. കയറിയ പാടെ കിടന്നുറങ്ങി. ഇന്നിപ്പോ, ആരും മിണ്ടാത്ത ഈ ബോഗി എന്നെയും ഒരു യോഗിയാക്കിയിരിക്കുന്നു. ഇതാദ്യമായിട്ടാണ്, ഈ ചുടുകാലത്ത് യാത്ര തിരിക്കുന്നത്.

ഡിസംബര്‍ മാസത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലാണ് നാളിതു വരെ വടക്കോട്ട്‌ പോയിട്ടുള്ളത്. ഓര്‍ക്കുമ്പോള്‍ തന്നെ പുഞ്ചിരി വിരിയിക്കുന്ന യാത്രകള്‍. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ലക്ഷ്യം. ഖാദിയാന്‍! അവിടം സന്ദര്‍ശിക്കാന്‍ വരുന്നവരില്‍ ഒരു വലിയ ഭാഗം പാകിസ്താനികളാണ്. മൂടല്‍ മഞ്ഞു പുതച്ച വീതികളിലൂടെ, ഒട്ടും ശീലമില്ലാത്ത കയ്യുറകള്‍ ധരിച്ചു കൊണ്ട്, ആളെ തിരിച്ചറിയാനാവാത്ത വിധം മൂടി പുതച്ച് നമ്മളിങ്ങനെ നടക്കുമ്പോള്‍, കൈയ്യുയര്‍ത്തി പ്രത്യേക ഈണത്തില്‍ സലാം പറഞ്ഞു കൊണ്ട് അവര്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്. കഹാന്‍ സെ ആ രഹി ഹേ? ഭാഷയറിയാത്ത ഏതൊരു മലയാളിക്കും അതിന്‍റെ ഉത്തരം ഹൃദ്യസ്ഥമാണ്. കേരളാ സെ. ചിലപ്പോള്‍ ഒരു വെപ്പ്രാളത്തില്‍, മലയാളം മലയാളം…. ഉര്‍ദു നഹി എന്നും പറഞ്ഞു പോകും. കേരളത്തില്‍ നിന്നാണെന്ന് പറയുമ്പോള്‍ വല്ലാത്തൊരു ആശ്ചര്യവും ആദരവും അവരുടെ മുഖത്ത് വിരിയും. “കേരളത്തില്‍ നിന്നാണോ… മൂന്ന് ദിവസത്തോളം യാത്ര ചെയ്തിട്ടല്ലേ വരുന്നേ… കമാല്‍ ഹേ” ആ നിമിഷത്തില്‍, തണുപ്പിന്‍റെ കാഠിന്യവും ട്രെയിന്‍ യാത്രയ്ക്കിടയില്‍ പറ്റിയ അബദ്ധങ്ങളുടെ ക്ഷീണവുമെല്ലാം അലിഞ്ഞില്ലാതാവും. തിരിച്ചൊന്നും അങ്ങോട്ട് പറയാനറിയാത്തതു കൊണ്ട് തന്നെ, പരസ്പരം ഹൃദ്യമായി ആലിംഗനം ചെയ്തു കൊണ്ട് പിരിയും. എല്ലാ ദിവസവും, പല നേരങ്ങളിലായി ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

“യെ ആം കഹാന്‍ സെ ലായാ?”, ബോഗിയിലെ സര്‍ദാര്‍ജിയോടുള്ള ചോദ്യം കേട്ടാണ് ഓര്‍മ്മകളില്‍ നിന്ന് ഉണര്‍ന്നത്. കേരളത്തില്‍ ഒരു ബിസിനസ്സ് ആവശ്യം കഴിഞ്ഞു മടങ്ങുകയാണ് മൂപ്പര്‍. ഓരോ വരവിനും കേരളത്തില്‍ നിന്ന് തിരികെ കൊണ്ട് പോകുന്നത് മാമ്പഴങ്ങളാണ്.

ട്രെയിനിപ്പോള്‍, റോഹ സ്റ്റേഷനിൽ നിന്ന് യാത്ര തുടരുകയാണ്. അപ്പുറവും ഇപ്പുറവും നീണ്ട മലനിരകളാണ്. മനോഹരവും വ്യത്യസ്തവുമായ ആരാധനാലയങ്ങൾ. പള്ളിയുടെ പോലുള്ള മിനാരങ്ങൾ, എന്നാൽ മുകളിലേക്ക് ചർച്ചിന്റെ പോലെ കൂർത്തിരിക്കുന്നു. ഓടിട്ട വീടുകളിലെ ജനൽ കമ്പികളിൽ വരെ വ്യത്യസ്തമായ ഡിസൈനുകൾ. വീടിനു ചുറ്റും വേലികളായി നാട്ടിയിരിക്കുന്നത് മുള്ള് ചെടികൾ ആണ്, യുഫോർബിയ മരങ്ങൾ എന്ന് വേണമെങ്കിൽ പറയാം. ഇവിടെ, മണ്ണിന് വരൾച്ചയുടെ നിറമാണ്, നല്ല ചൂടുണ്ടാവണം. ഓരോരോ വീടുകളിൽ നിന്നും രണ്ടും മൂന്നും ആന്റിനകൾ തല നീട്ടി നിൽക്കുന്നുണ്ട്. ഇനി അങ്ങോട്ട്‌, ചുറ്റും വരണ്ട പാടങ്ങളാണ്. അവയുടെ നടുവിലായി, നൂൽ പ്പാവക്കളിയിലെ പാവകളെ പ്പോലെ നിൽക്കുന്ന ടവറുകൾ. കാഴ്ചകള്‍ കണ്ടു കൊണ്ടിരിക്കെ, മൊബൈല്‍ ഫോണ് ശബ്ദിച്ചു. ബി എസ് എൻ എൽന്‍റെ മെസ്സേജ് ആണ്. Welcome to maharashtra network.

II

Nagothane എത്തി. കാഴ്ച്ചകൾ ആവർത്തിക്കുകയാണ്. ചായം പൂശിയ കൊച്ചു വീടുകൾ . മജന്ത ചുവരുകൾക്ക് മോഡി കൂട്ടാൻ മിന്നാമിന്നിപ്പച്ച അണിഞ്ഞ തൂണുകൾ. ചില വീടുകള്‍ക്ക് ഓറഞ്ച് നിറത്തോടൊപ്പം വീണ്ടും ഇതേ പച്ച. അങ്ങനെ, ആവർത്തിക്കുന്ന പച്ചകൾ.
ട്രെയിനിന്‍റെ ഈ കാഴ്ചാ വരമ്പത്ത് ജനവാസം കുറവാണ്. ഒരിടം കഴിഞ്ഞാല്‍ പിന്നെ അനന്തമായ പാടങ്ങളാണ്. അവയ്ക്കു നടുവിലൂടെ ടാറിട്ട പുത്തന്‍ റോഡുകളും. ചരക്കുവണ്ടികളാണ് അധികവും പായുന്നത്.

ദാ! വരണ്ട പാടങ്ങള്‍ക്ക് ഒരു വിരാമമെന്നോണം ജനനിബിഢമായ ഒരു ഗ്രാമം കാണാം. പൂക്കൾ കൊണ്ട് മുറ്റം നിറഞ്ഞിരിക്കുന്ന രണ്ടു നില വീട്. പൂക്കളെ വേർതിരിക്കുന്ന മനുഷ്യർ; പണ്ട് ബാലരമയിലെ കെട്ടുകഥകള്‍ മനസ്സില്‍ വരയ്ക്കുന്ന ചിത്രം പോലെ. അല്പം വിദൂരത്തായി വൈക്കോൽ കൊണ്ട് മേഞ്ഞ കുടിലുണ്ട്. മുറ്റത്താകട്ടെ, ഉണക്കാനിട്ടിരിക്കുന്ന വസ്ത്രങ്ങളും കാണാം .

ഇടയ്ക്കെപ്പോഴോ വന്നു പോകുന്ന ചെമന്ന പൂക്കൾ നിറഞ്ഞ മരങ്ങളാണ് കാഴ്ച്ചയുടെ പുതുമ നിലനിര്‍ത്തുന്നത്. അല്ലെങ്കില്‍ വരണ്ട പാടങ്ങളാണ് ചുറ്റും. ഇപ്പോഴിതാ, മലനിരകളാണ്‌ ചുറ്റും നിറഞ്ഞിരിക്കുന്നത്. മലകൾക്ക് കീഴെയായി നിശ്ചലമായ ഒരു തടാകം. അതിന്‍റെ, ഓരത്തായി, നിറങ്ങളിൽ മുങ്ങിയ ഒരു വഞ്ചിയും. ഹാ! ഒരു ചിത്രം പോലെ മനോഹരം.

ഈ തീവണ്ടിയുടെ ജനല്‍ കമ്പികള്‍ക്കപ്പുറം ജീവിക്കുന്ന മനുഷ്യർക്കും ഇതേ മനോഹാരിത അനുഭവപ്പെടുന്നുണ്ടോ എന്ന് സംശയമാണ്. അനുഭവങ്ങളുടെ പച്ചപ്പ്‌ കാഴ്ച്ചകള്‍ക്ക് വിധിച്ചിട്ടില്ലല്ലോ!

ഇടയ്ക്കിടയ്ക്കിങ്ങനെ തല വര പോലെ, വരമ്പു മുറിച്ചൊഴുകുന്ന അരുവികളും ഇവിടെ കാണാം. തടങ്ങളിലെ മണ്ണോട് ചേർന്നു നിൽക്കുന്ന പച്ച ‘കുട്ടി’ക്കാടുകൾ. ഓരോ ദേശത്തേയും ഓരോ തരം ഭൂപ്രകൃതി വിസ്മയിപ്പിക്കുന്നത് തന്നെ.

തീവണ്ടി ഇപ്പോള്‍ ആപ്ത സ്റ്റേഷനും കടന്നു മുന്നോട്ട് നീങ്ങുകയാണ്. Panvel എത്തി. വട പാവിന്‍റെ നാട്. ഇവിടെ, ട്രെയിനിന് സമാന്തരമായി ട്രാമും പോകുന്നുണ്ട്.

III

വണ്ടി ഗുജറാത്തിലേക്ക് കയറിയിരിക്കുന്നു. Kosad. ഇപ്പോള്‍, സൂറത്ത് കഴിഞ്ഞിരിക്കുന്നു; പുരാതന നഗരം. ‘കണ്ടു’ കഴിഞ്ഞതിൽ വെച്ചു, ഏറ്റവുമധികം ആളുകളെ കണ്ട നഗരം ഇതാണ്. അട്ടിയട്ടിയായി നിലകൊള്ളുന്ന ഫ്ലാറ്റുകളും ഷീറ്റു മേഞ്ഞ പുരകളും കാഴ്ച്ചയെ വല്ലാതെ വീര്‍പുമുട്ടിക്കുന്ന ഒന്നാണ്. മതിലുകൾക്കിടമില്ലാതെ ഒട്ടിനിൽക്കുന്ന കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വേലിയായും ഭിത്തിയായും നിറഞ്ഞു നില്‍ക്കുന്നത് നിറം മങ്ങിയ ഷീറ്റുകളാണ്.

കെട്ടിടങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട്, ചുറ്റും പാടങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. എന്തൊക്കെയോ കൃഷികൾ. അരണ മരങ്ങളെ പ്പോലെ ആടിയുലയുന്ന നീളൻ മരങ്ങൾ. റെയിലിന് അപ്പുറമുള്ള വരമ്പുകളെ കയ്യിലൊതുക്കി ബുൾ ഡോസറും ജെ സി ബി യും ഞങ്ങളോടൊപ്പം നീങ്ങുന്നുണ്ട്. ഓരത്തായി അനേകം വഞ്ചികളുള്ള ഒരു നദിയെ കണ്ടു. വിടർത്തിയിട്ട മുടിയിഴകൾ പോലെ കുട്ടിച്ചെടികൾ നിറഞ്ഞ, വെളുത്ത മണ്ണുള്ള നദീ തടം.

ഒരു നഗരത്തിന്‍റെ വരമ്പത്തൂടെ, ഒരു പാലത്തിനടിയിലൂടെയാണ് ഇപ്പോള്‍ യാത്ര. പാലത്തിന്‍റെ മുകളിലൂടെ വണ്ടികള്‍ പോകുന്നുണ്ടാകാം. ആ ഓരോ വണ്ടിയിലും നമ്മളെ പോലെയുള്ള അനേകം മനുഷ്യന്മാരും. ഇവിടെ പാലത്തിനടിയിലും ചിലരുണ്ട്. ആടുജീവിതത്തിലെ നജീബിനെ പ്പോലെ, പാലത്തിന്‍റെ നിഴലിൽ അഭയം പ്രാപിച്ച മനുഷ്യസമൂഹങ്ങൾ.

ജനലിനപ്പുറമുള്ള കാഴ്ചകളുടെ പരിമിതി വീണ്ടും വീണ്ടും ഓര്‍ത്തു പോവുകയാണ്. നാം കണ്ട ലോകത്തിന്‍റെ വലിപ്പ-ചെറുപ്പ ആപേക്ഷികതകളുടെ അതിര്‍വരമ്പുകള്‍ മറികടന്നുള്ള യാത്ര സാധ്യമാണോ? ഒരുപക്ഷെ, യാതൊരു അളവു കൊലുമില്ലാതെ യാത്രയ്ക്കിറങ്ങുക എന്നതായിരിക്കാം പരമം.
സൈഡിലെ മുകൾ ബെർത്തിൽ നിന്നും, കുറേ നേരം മുന്നേ വന്ന അമ്മയുടെയും കുട്ടിയുടെയും അപരിചിതമായൊരു ഭാഷയിലുള്ള സംസാരം കേൾക്കാം. വന്ന നേരം, മുൻപിലെ സ്ക്രീനില്‍ എന്തോ കണ്ടു കൊണ്ട്, ഒറ്റയ്ക്ക് ഉറക്കെ കിലു കിലാ ചിരിക്കുന്നുണ്ടായിരുന്നു. അത് കണ്ട് ഊറി വന്ന എന്‍റെ ചിരി, ഇപ്പൊ എങ്ങോ മയങ്ങുന്നുമുണ്ട്.
ടോട്ടോചാനെ ഓര്‍മ്മിപ്പിക്കുന്ന കുസൃതി ചിരിയാണ് മുഖം നിറയെ. ഇപ്പോഴിതാ, ഒരു ഷോള്‍ എടുത്ത് മുകളിലെ രണ്ടു ബെർത്തുകൾക്കിടയിൽ കെട്ടി കൊണ്ട്, ടാർസനെ പ്പോലെ അങ്ങട്ടും ഇങ്ങട്ടും ചാടി കളിക്കുന്നുണ്ട്.

തീവണ്ടി വീണ്ടും ദൂരങ്ങൾ താണ്ടുകയാണ്. അപ്പുറമുള്ള ട്രാക്കിലൂടെ ബാഗുകൾ ചുമലിലേറ്റി നടന്നു നീങ്ങുന്ന രണ്ടു പെൺകുട്ടികൾ. ദൂരെ, ആരിവേപ്പിനോട്‌, സാദൃശ്യമുള്ള ചെടി. വീണ്ടും പാടങ്ങള്‍. ഇത്തവണ കൊയ്ത്ത് കഴിഞ്ഞ് മെതിച്ചിട്ടിരിക്കുന്നവയാണ് ചുറ്റും. ഇപ്പോഴിതാ, ഒരു ഗ്രാമവരമ്പത്തൂടെയാണ് തീവണ്ടി പോകുന്നത്. ജനലിനപ്പുറം, ചെറിയ അനുജനെ കസേരയിൽ ഇരുത്തി, മാങ്ങകൾ വിൽക്കുന്ന കുഞ്ഞി പെൺകുട്ടി. സിമന്റ് വീടിനു മുന്നിലിരിക്കുന്ന ചുവന്ന സാരിയുടുത്ത സ്ത്രീ. പാശ്ചാത്യർ എടുക്കുന്ന തനി പൗരസ്ത്യ ദേശ ചിത്രം!

IV

tripeat-nilofer-samantharam-01

വഡോദര. ശിവ സേനയുടെ കൊടി ഉയർന്നു പാറുന്നുണ്ട് . കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം, ട്രെയിൻ ഗോധ്ര സ്റ്റേഷനിൽ എത്തി. രാത്രി അതിവേഗമാണ് നടന്നെത്തിയത്.

ഉറങ്ങാന്‍ കിടക്കും നേരം, ഛത്തീസ്ഗർഹിലേക്ക് മൊബൈൽ നെറ്റ്വർക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. പുലര്‍ച്ചെ ഉണർന്നപ്പോൾ, രാജസ്ഥാനിലേക്കും. ഇപ്പൊഴിതാ, ഉത്തർ പ്രദേശിലേക്കും. രാജസ്ഥാനിലെ Kota കഴിഞ്ഞത്, വെളിപ്പിന് മൂന്ന് മണിക്കായിരിക്കണമെന്ന് ഇവിടെ പറയുന്നുണ്ട്. കോട്ടയുടെ പരാമര്‍ശം, വല്ലാത്തൊരു അസ്വസ്ഥതയെ ഉണര്‍ത്തുന്നതായിരുന്നു. ഉറങ്ങി കൊണ്ട്, നാം കടന്നു പോയ കഴിഞ്ഞ രാത്രിയില്‍ ഉണര്‍ന്നിരുന്നു പഠിച്ചിരുന്ന എത്രയെത്ര കുട്ടികള്‍ അവിടെയുണ്ടായിട്ടുണ്ടാകാം? അവര്‍ക്കിടയില്‍ ഒരാളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്ത ആ അനുജത്തിയും! പരസ്പരമറിയാതെ, കണ്ടുമുട്ടാതെ, സമാന്തരമായി, എത്രയെത്ര വഴികളിലൂടെയാണ്‌ നമ്മളിങ്ങനെ യാത്ര ചെയ്യുന്നത്. ഒരുപക്ഷെ, ഈ നിസ്സഹായതയായിരിക്കാം നമ്മെ മനുഷ്യരാക്കുന്നതും!

പശുവിന്റെ നിശ്ചലമായ ജഡത്തെ ഭക്ഷിക്കാൻ ശ്രമിക്കുന്ന നായയെയും, കറുത്തിരുണ്ട പന്നികളേയും കടന്ന് തീവണ്ടി ബല്ലഗ്ബറില്‍ എത്തി. ഇവിടെയും പാടങ്ങള്‍ക്ക് കുറവില്ല. ഒരു മരത്തിനു ചുറ്റുമായി ടാർപോളിൻ ഷീറ്റു കൊണ്ട് മേഞ്ഞ അനേകം കുടിലുകളെ കണ്ടു. അരുന്ധതിറോയുടെ The ministry of utmost happiness ഇലെ ഏതോ ഇടത്തെ ഓർമിപ്പിക്കുന്നത് പോലെ.

നിറങ്ങളുള്ള പേടകളുമായി ആഗ്രവാല വന്നിട്ടുണ്ട്. നമ്മുടെ പണ്ടത്തെ ‘കുമ്പളങ്ങ പേട’യുമുണ്ട്. വലിയ കഷ്ണങ്ങളായി മുറിച്ച കുമ്പളങ്ങയുടെ മേല്‍ മഞ്ഞ് തൂവിയത് പോലെ ഇരിക്കുന്ന ഈ ആഗ്രാ പേടയെ ‘കുമ്പളങ്ങാ പേട’ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്? യഥാര്‍ത്ഥത്തില്‍, കുമ്പളങ്ങ വെച്ച് തന്നെയാണ് ഇവ തയ്യാറാക്കുന്നത് എന്ന് ഇന്നാണ് അറിയുന്നത്.

tripeat-nilofer-samantharam-poster-4

ആവശ്യമുള്ള സാധനങ്ങൾ

കുമ്പളങ്ങ – അരക്കിലോ
പഞ്ചസാര– 400 ഗ്രാം
ചുണ്ണാമ്പ് –1/2 ടീസ്പൂൺ
ഏലക്കായ് –3 എണ്ണം…

കുമ്പളങ്ങ തൊലി കളഞ്ഞ് വലുപ്പത്തിൽ മുറിച്ചെടുക്കുക. പച്ചനിറം അശേഷം ബാക്കിയുണ്ടാവരുത്. മുറിച്ചു വച്ച കുമ്പള കഷണത്തിൽ ഫോർക്ക് കൊണ്ട് ചെറിയ ദ്വാരങ്ങൾ ഉണ്ടാക്കുക. അരലിറ്റർ വെള്ളത്തിൽ ചുണ്ണാമ്പു കലക്കി 12 മണിക്കൂർ കുമ്പളം മുക്കി വയ്ക്കണം.  ചുണ്ണാമ്പുവെള്ളത്തിൽ കിടന്ന കുമ്പളത്തിന് കൂടുതൽ വെള്ളനിറം വരികയും ഉറപ്പു കൂടുകയും ചെയ്യും. പിന്നീട് ഈ കഷണങ്ങൾ പച്ചവെള്ളത്തിൽ നന്നായി കഴുകി ചുണ്ണാമ്പു കളഞ്ഞതിനു ശേഷം അരലിറ്റർ വെള്ളത്തിൽ നന്നായി വേവിക്കുക. വെന്ത് മൃദുവായ കുമ്പളക്കഷണങ്ങൾ പഞ്ചസാരപ്പാനിയിലിട്ടു വയ്ക്കാം. പഞ്ചസാരപ്പാനിയുണ്ടാക്കുമ്പോൾത്തന്നെ ഏലക്കാ ചേർത്തുകൊടുക്കണം. പേഡയ്ക്കു നിറം വേണമെങ്കിൽ കുങ്കുമപ്പൂവോ അംഗീകൃത ഫുഡ് കളറോ ഉപയോഗിക്കാം…. മൂന്നോ നാലോ മണിക്കൂർ പഞ്ചസാരപ്പാനിയിൽ മുക്കിവച്ച കുമ്പളക്കഷണങ്ങൾ പുറത്തെടുത്തു വച്ച് കട്ടിയായ ശേഷം ഉപയോഗിക്കാം.

V

ഹസ്രത് നിസാമുദ്ധീൻ എത്തി. ആശ്വാസം! ഇന്നെന്തോ യാത്രയുടെ ദൈർഘ്യം വല്ലാതെ കൂടിയത് പോലെ. അപ്പുറത്തെ ബോഗിയിൽ നിന്നും, ലുധിയാനയിൽ മഴ ഉണ്ടെന്നൊക്കെ പറയുന്നത് കേൾക്കാം. കസൻസാക്കിസിന്റെ ‘സോർബ’ യെ പ്പോലൊരാള്‍ അപ്പുറത്തെ ബോഗിയിലുണ്ട്. മഴയാണ് മഴയാണെന്നു പറഞ്ഞു കൊണ്ട് അയാള്‍ പലരെയും വട്ടം കറപ്പിക്കുന്നുണ്ട്.

സമയം ഇപ്പോള്‍ മൂന്ന് മണി കഴിയുന്നു. പുസ്തകത്തിൽ നിന്ന് അറിയാതെ കണ്ണെടുത്തപ്പോളാണ്, ചുറ്റും മഞ്ഞ പുതച്ചതറിഞ്ഞത്. കണ്ണെത്താ ദൂരത്തോളം നീളുന്ന കടുകിൻ പാടങ്ങൾ. വണ്ടി Chandigarh വഴി, തിരിച്ചു വിട്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താണ്ടിയ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാണ് Chandigarh. വീടുകളും ഫ്ലാറ്റുകളുമാണ് എങ്ങും. സിമന്റ്റ് തേക്കാത്ത ഇഷ്ടിക കൊണ്ട് നിർമ്മിച്ച വീടുകളുടെ മുകളിലായി വലിയ വാട്ടർ ടാങ്കുകൾ. ചുറ്റും മാളുകൾ. പിന്നെ കാടും. വണ്ടി ഇപ്പോള്‍ കറടില്‍ എത്തിയിട്ടുണ്ട്. ഇംഗ്ലീഷിൽ വായിക്കുകയാണെങ്കില്‍ കറാർ.

tripeat-nilofer-samantharam-03

ഇന്ന്, പുറത്താകെ നല്ല കാറ്റ് വീശുന്നുണ്ട്. അന്തരീക്ഷം ആകെ മൂടിക്കെട്ടിയിരിക്കുകയാണ്. കൊങ്കണ്‍ വഴി തീവണ്ടി പോകുന്ന പ്രതീതിയാണിപ്പോള്‍. അകം മൊത്തം ഇരുട്ടി, അന്യോന്യമുള്ള സംസാരങ്ങളുടെ ശബ്ദം ഇരട്ടിച്ച്, തീവണ്ടി ഇങ്ങനെ മുന്നോട്ട് പോവുകയാണ്.

ലുധിയാനയിൽ ഇതു വരെ എത്തിയിട്ടില്ല. ഇനിയുമുണ്ട് ഏറെ ദൂരം. Where is my train ആപ്പ്, ഞങ്ങളെ അംബാലയിൽ ഉപേക്ഷിച്ച മട്ടാണ്. ഛത്തീസ്ഘഡിലൂടെ വഴി മാറി വന്നത് കൊണ്ടായിരിക്കാം വായുവിലെന്ന പോലെ ഞങ്ങളെ നിര്‍ത്തിയിരിക്കുന്നത്. ലുധിയാനയിലേക്ക് ഇനി എത്ര ദൂരം ഉണ്ടാകുമോ ആവോ? ഗൂഗിൾ മാപ്പ് എടുത്ത്, ലുധിയാനയെ പരതി നോക്കി. ഇനിയുള്ള ദൂരവും, ദൂരം താണ്ടുവാനുള്ള സമയവും കണ്ടതിന്‍റെ ആശ്വാസത്തില്‍, വെറുതെ, മാപ്പിലൂടെ കൈവിരലുകള്‍ ഓടിക്കുവാന്‍ തുടങ്ങി. ലെൻസിന്‍റെ ഫോക്കസ് കുറച്ചു വന്നതോടെ, ബട്ടാലയും ഗുരുദാസ്പൂരുമൊക്കെ ദൃശ്യമായി. ഇംഗ്ലീഷ് ഭാഷയ്ക്കടിയിൽ പഞ്ചാബിയിൽ എഴുതിയ സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി, താഴെ ഉറുദുവില്‍ എഴുതിയവ കണ്ണിൽ പെട്ടു. നാരോവാൾ, സിയാൽകോട്ട് എന്നിങ്ങനെ. യാഥാർഥ്യം മൂടൽ മഞ്ഞു കണക്കെ വന്നിറങ്ങി. വെറും താഴെ എഴുതപ്പെട്ട ഭാഷയുടെ മാത്രം വ്യത്യാസമായിരുന്നില്ല; രണ്ട് രാജ്യങ്ങളുടേതായിരുന്നു; ഇന്ത്യയും പാക്കിസ്ഥാനും. ഒരേ സമയം എത്ര അടുത്തും വിദൂരത്തുമാണല്ലേ, പുസ്തകങ്ങളിൽ വായിച്ചു സഞ്ചരിച്ച നാടുകളൊക്കെയും!

VI

ട്രൈനിനെക്കാൾ സുന്ദരമാണ് കാറിലെ യാത്ര. നന്നേ ഇരുട്ടിയിരിക്കുന്നു. ടാറിട്ട ഊടു വഴികളിലൂടെ മിന്നല്‍ വേഗത്തിലാണ് വണ്ടി പായുന്നത്.

ചുറ്റും, തീ പിടിച്ചിരിക്കുന്ന വയലുകളാണ്. കൊയ്ത്ത് കഴിയുമ്പോള്‍ പാടങ്ങള്‍ക്ക് തീ ഇടുന്ന പതിവ് ഇന്ത്യയില്‍ ഏറ്റവുമധികം പഞ്ചാബിലാണ് നടക്കുന്നത്. കാറ്റില്‍ തീ നന്നായി പടരുന്നുണ്ട്. പുക കൊണ്ട് അന്തരീക്ഷമാകെ മൂടി കെട്ടിയിരിക്കുകയാണ്. പതിയെ, കാറിന്‍റെ ജനലുകള്‍ മുകളിലേക്ക് അടച്ചു. തീ തുപ്പുന്ന പാടങ്ങൾക്ക് മുകളിലായി ചന്ദ്രൻ തിളങ്ങുന്നുമുണ്ട്. ഇന്ന് അമ്പിളിയാണ്.

പഞ്ചാബി ഗാനത്തിൽ കുടുങ്ങി പോകുന്ന ബസ്സിനു സമാന്തരമായാണ്‌ ഇപ്പോള്‍ യാത്ര. ബുട്ടാല എത്തിയിട്ടുണ്ട്. വഴിയരികിലെ ബോര്‍ഡുകള്‍ നോക്കിക്കൊണ്ടാണ് ഇരിപ്പ്. ഇംഗ്ലീഷ് ലിപി ബോര്‍ഡുകളില്‍ നിന്നും മറഞ്ഞു തുടങ്ങിയിരിക്കുന്നു; പതിയെ, എല്ലാം പഞ്ചാബിയായി കൊണ്ടിരിക്കുകയാണ്.

ഒരു പെട്രോൾ സ്റ്റേഷനും കടന്ന് വണ്ടി മുന്നോട്ടൊഞ്ഞപ്പോളാണ് ഈ വരവിലെ ആദ്യത്തെ സൈക്കിള്‍ റിക്ഷ കണ്ടത്. ചിലതൊക്കെ കാണുമ്പോള്‍, അവയോടൊപ്പം കുറേ ഓര്‍മ്മകള്‍ ചിരിച്ചുണരാറില്ലേ? ഈ റിക്ഷയും അത് പോലോന്നാണ്.

ഇപ്പോള്‍, Udhanwal എത്തിയിട്ടുണ്ട്. അപ്പുറവും ഇപ്പുറവും തീ തന്നെയാണ്. ഇരുപത് കിലോമീറ്റര്‍ കൂടി താണ്ടിയാല്‍, ഈ യാത്രയും അവസാനിക്കും.

യഥാര്‍ത്ഥത്തില്‍, യാത്രകള്‍ അവസാനിക്കുന്ന നിമിഷങ്ങളിലാണ് നാം എത്ര മേല്‍ മാറി പ്പോയി എന്ന് തിരിച്ചറിയുന്നത്. ഒരു കണ്ണാടി എന്ന പോലെ, അവ നമ്മെ സ്വയം വിചിന്തനം ചെയ്യുവാന്‍ പ്രേരിപിക്കുന്നു. നമ്മുടെ ഹൃദയത്തിന്‍റെ, അതിര്‍ത്തികളേയും വരമ്പുകളേയുമാണ്, ഓരോ യാത്രയും അളന്നു കൂട്ടുന്നത്. ചില യാത്രകളുടെ അന്ത്യത്തിലാകട്ടെ, പരന്നു കിടക്കുന്ന ഭൂമിയെയും വിശാലമായ ആകാശത്തെയുംയും ഉള്ളില്‍ പേറിക്കൊണ്ട്, നാം വീണ്ടും മനുഷ്യരായി മാറുന്നു.

ഇങ്ങനെയുള്ള നിമിഷങ്ങളിലാണ് സുഹൃത്തേ, ഒരു ഭൂഖണ്ഡത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുവാന്‍ പൂതി ഉണരുന്നത്. കാലത്തെ പിടിച്ചിട്ടു കൊണ്ട്, ഒരിക്കലും കൂട്ടി മുട്ടാത്ത സമാന്തര പാതകളിലൂടെ നാമരഹിതനായ ഒരുവനായി, മനുഷ്യരില്‍ ഒരാള്‍ മാത്രമായി കടന്നു പോകുവാന്‍ തോന്നുന്നത്.

ശുഭം!

 

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top