കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം

ഷംന. എം

”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ എന്നുവരെ അറിയില്ലായിരുന്നു. അധികം ദൂരം ഒന്നും അച്ഛൻ ഞങ്ങളെ കൊണ്ടുവോപാറില്ല അതുകൊണ്ട് തന്നെ ആ സ്ഥലം ജീവിതത്തിൽ കാണാൻ പറ്റുമോ എന്നുറപ്പില്ലായിരുന്നു. പക്ഷേ നമ്മുടെ ആഗ്രഹങ്ങൾ അതിശക്തമാണെങ്കിൽ എന്നെങ്കിലും ഒരുനാൾ സഫലീകരിക്കും എന്ന കാര്യം വീണ്ടും എന്റെ ജീവിതത്തിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. അത് പറയാൻ കാരണം, ഞാനും പോയി കുടജാദ്രിയിൽ.

നവരാത്രി ഉത്സവം അല്ലേ അപ്പോൾ ഞാനും ഫാമിലിയും മൂകാംബികയിൽ പോവാൻ പ്ലാൻ ചെയ്തു. പക്ഷേ എന്റെ മനസ്സിൽ കുടജാദ്രിയും സൗപർണികനദിയുമാണ്. ആരും കളിയാക്കുകയില്ലെങ്കിൽ ഒരുകാര്യം പറയട്ടെ… ‘ഞാൻ ആദ്യമായിട്ട് മൂകാംബികയിൽ പോയത് കഴിഞ്ഞ വർഷമായിരുന്നു. അവിടെയെത്തിയപ്പോഴാണ് എന്റെ ആഗ്രഹത്തിലെ കുടജാദ്രിയും സൗപർണികയും അവിടെയാണ് എന്നു തന്നെ അറിയുന്നത്…. എന്താലേ… ഹാ.. അതൊക്കെപോട്ടെ…..’ ഇപ്രാവിശ്യം കുടജാദ്രി അത് ഞാനുറപ്പിച്ചു. പ്ലാൻ ചെയ്തതുപോലെ യാത്ര തുടങ്ങി. ഞാനും അമ്മായിയമ്മയും പിന്നെ അമ്മന്റെ ചേച്ചിയും ഒക്കെയായി ഞങ്ങൾ അഞ്ച് പേർ. കോഴിക്കോട് നിന്ന് മംഗലാപുരം പിന്നെ അവിടെ നിന്ന് ബൈദൂർ. മൂകാംബികയിലേക്ക് ട്രെയിനിൽ പോകുമ്പോൾ ഇറങ്ങേണ്ട റെയിൽവേസ്‌റ്റേഷനാണ് ബൈദൂർ. കോഴിക്കോട് റെയിൽവേസ്‌റ്റേഷനിൽ നിന്ന് നേരിട്ട് ബൈദൂരിലേക്ക് ടിക്കറ്റ് എടുത്തു. രാവിലെ 6.10 നാണ് ട്രെയിൻ. തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ്സ് ആണ് ട്രെയിൻ പിന്നെ ഇത് മംഗലാപുരത്ത് നിന്ന് പേര് മാറ്റി മത്സ്യഗന്ധ എക്‌സ്പ്രസ്സ് എന്നാക്കി ലോകമാന്യതിലകിലേക്ക് പോവുന്നു. ഒരാൾക്ക് ടിക്കറ്റ് ചാർജ്ജ് വരുന്നത് 150 രൂപയാണ്.

അങ്ങനെ യാത്ര തുടങ്ങി. ഇപ്രാവിശ്യം മനസ്സിന് വളരെ സന്തോഷവും ആകെ എക്‌സൈറ്റ്‌മെന്റും ഒക്കെ ഉണ്ട് കേട്ടോ…. ട്രെയിനിൽ ആളുകൾ കുറവായതിനാൽ ഞാൻ ഒരു റീൽസ് അങ്ങ് ചെയ്തു. ഇക്കാലത്ത് റീൽസ് കാണാത്തവരും ചെയ്യാത്തവരും ആരാ ഉള്ളത് അല്ലേ….. ഏകദേശം ഉച്ച 12 മണി ആയപ്പോൾ ട്രെയിൻ മംഗലാപുരം സ്റ്റേഷനിൽ എത്തി. പിന്നെ ട്രെയിൻ ക്ലീൻ ചെയ്യാൻ അവിടെ കുറച്ച് നേരം നിർത്തിയിടും. ആ സമയത്ത് ഞങ്ങൾ അവിടുന്ന് ഉച്ചഭക്ഷണം കഴിച്ചു. വീണ്ടും ട്രെയിൻ കയറി. കുറച്ച് കഴിഞ്ഞപ്പോൾ ട്രെയിൻ സ്റ്റാർട്ട് ആയി. ഞാൻ ഒരു ഉറക്കം അങ്ങ് പാസ്സാക്കി. ഏകദേശം 4 മണി ആയപ്പോൾ ബൈദൂരിൽ എത്തി. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് മൂകാംബികവരെ ടാക്‌സി സർവ്വീസ് ഉണ്ട് അതുപോലെ തന്നെ കുറച്ച് നടന്നാൽ ബസ്സ് സ്റ്റാന്റും ഉണ്ട്. എന്റമ്മോ ടാക്‌സികാർക്കൊക്കെ എന്ത് ചാർജാണെന്നോ… എന്തായാലും വിലപേശി ടാക്‌സി കയറി. 500 രൂപയാണ് അവിടെ നിന്ന് മൂകാംബിക വരെയുള്ള ടാക്‌സി ചാർജ്ജ്. മൂകാംബികയിലേക്കുള്ള ടാക്‌സി യാത്രയിൽ നമ്മുടെ സഹ്യന്റെ ഭംഗി… സഹ്യനാരാണെന്നെല്ലേ…. അതേ അത് നമ്മുടെ സഹ്യർവ്വതങ്ങൾ…. സഹ്യവർവ്വതനിരകളുടെ ഭംഗി നല്ലതുപോലെ ആസ്വദിച്ചു. വല്ല്യ മതിലെന്നപോലെ നീണ്ടു നിരന്നു നിൽക്കുന്ന മലനിരകൾ. എന്റെ കണ്ണിന് അതിമനോഹരമായ കാഴ്ച തന്നെയായിരുന്നു. അത് നേരിട്ടനുഭവിച്ചറിയുക തന്നെവേണം.

മുന്നോട്ടേക്ക് പോവുംതോറും ഇടക്ക് റോഡിന്റെ ഇരു വശങ്ങളിലും വലിയ വലിയ കാടുകളാണ്. ഏകദേശം ബൈദുർ സ്‌റ്റേഷനിൽ നിന്ന് മൂകാംബികയിലേക്ക് 1 മണിക്കൂർ ദൂരമുണ്ട്. ഈ യാത്രയ്ക്കിടക്ക് ഞാൻ വീണ്ടും ഒന്നുറങ്ങി.. എന്തുചെയ്യാനാ നല്ല ക്ഷീണമുണ്ടാർന്നു. പിന്നെ എണീറ്റപ്പോൾ കാണുന്നത് മൂകാംബിക റോഡിലേക്കുള്ള വല്യ കവാടമാണ്. അവിടെ നിന്ന് കുറച്ച് മുന്നോട്ടേക്ക് പോയാൽ റോഡിന്റെ വലത് സൈഡ് വനരാജാവിന്റെ ക്ഷേത്രം കാണാം. ചുറ്റും മണികളും ചെറിയ ആട്ടുതൊട്ടിലുകളും ഒക്കെ തൂക്കിയിട്ട് കാട്ടിൽ ഒരമ്പലം. അതൊക്കെ കണ്ട് ഞങ്ങൾ മൂകാംബിക ബസ്സ്‌സ്റ്റോപ്പിലെത്തി.

ഇനി ലക്ഷ്യം റൂം എടുക്കുക എന്നതാണ്. നവരാത്രി സമയം ആയതുകൊണ്ട് തന്നെ റൂം കിട്ടുക എന്നത് ഒരു സാഹസം തന്നെയാണ്. നമ്മുടെ ബജറ്റിനൊത്ത റൂം കിട്ടേണ്ടേ…അങ്ങനെ കുറച്ച് സമയത്തെ അലച്ചിലിനു ശേഷം സൗപർണികയുടെ അടുത്തു തന്നെ ഒരു റൂം ശരിയായി. അങ്ങനെ റൂമിലെത്തി കുറച്ചു നേരം വിശ്രമിച്ചു. ഇനിയാണ് എന്റെ ആഗ്രഹസഫലീകരണത്തിന്റെ ആദ്യപടി. എന്താണന്നല്ലേ… സൗപർണിക… ശ്ശോ… ആ സന്തോഷമുണ്ടല്ലോ പറഞ്ഞറിയിക്കാൻ പറ്റില്ല. കഴിഞ്ഞ തവണ വന്നപ്പോൾ ഒന്ന് നല്ലതുപോലെ ആസ്വദിക്കാൻ പറ്റാത്ത സങ്കടം ഇപ്രാവിശ്യം അങ്ങ് തീർത്തൂന്നു തന്നെ പറയാം. ഞങ്ങൾ 2 ദിവസം മൂകാംബികയിൽ നിന്നിരുന്നു. ഈ രണ്ട് ദിവസവും മൂന്നു നേരവും ഞാൻ സൗപർണികയുടെ സൗന്ദര്യവും തണുപ്പും ആസ്വദിച്ചു. മൂന്നാമത്തെ ദിവസമാണ് എന്റെ ആഗ്രഹസാഫല്യത്തിന്റെ അടുത്തഘട്ടം കുടജാദ്രി. കുടജാദ്രിയിലേക്ക് ജീപ്പിലാണ് പോവുക. കൊല്ലൂർ പോലീസ് സ്‌റ്റേഷന്റെ മുന്നിൽ നിന്ന് രാവിലെ 5 മണി മുതൽ ജീപ്പ് സർവ്വീസ് ആരംഭിക്കും. ഷെയറിംഗ് ജീപ്പാണ്. ഒന്നിൽ എട്ട് പേർ കയറിയാലേ അവര് യാത്ര തുടങ്ങുകയുള്ളൂ. ഒരാൾക്ക് 470 രൂപയാണ് ചാർജ്ജ്. ഞങ്ങൾ പോയത് 6 മണിക്കാണ് ഭാഗ്യത്തിന് പെട്ടെന്നു തന്നെ 8 പേർ ആയി. ഞങ്ങൾ 5 പേരും പിന്നെ 3 പേർ വേറെയും അതിൽ 2 പേര് കൊച്ചിയിൽ നിന്നാണ്. മറ്റേ ആളേ പറ്റി അന്വേഷിക്കാൻ ഞാൻ പോയില്ല. അവര് ആകെ മസിലും പിടിച്ചിരിക്കായായിരുന്നു. ഏകദേശം 2 മണിക്കൂറോളം ഉണ്ട് കുടജാദ്രിയിലേക്കുള്ള യാത്ര. യാത്ര തുടങ്ങി. കുറേ ദൂരം സാധാരണ ടാറിട്ട റോഡിലൂടെയായിരുന്നു യാത്ര. ചെറിയ ചെറിയ ഗ്രാമങ്ങളും ഗ്രാമീണ കാഴ്ച്ചകളും ഒക്കെയായി അങ്ങനെപോയി. പിന്നെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ കാടിനകത്തൂകൂടെയായി യാത്ര. മൂകാംബിക വനസങ്കേതമാണ് റോഡിനിരുവശത്തും. നമ്മുടെ വയനാട് ചുരം കയറുന്നതുപോലെ കുറേ വളവുകളും റോഡിന്റെ ഒരു വശത്ത് വലിയ കാടും മറുവശത്ത് വലിയ കൊക്കയും . ആ കാടു കയറാൻ തുടങ്ങിയപ്പോൾ നല്ലതുപോലെ തണുക്കാൻ തുടങ്ങി. ഫുൾ കോടയിറങ്ങുകയായിരുന്നു. ജീപ്പിന്റെ പുറകുവശത്ത് ഡോറിന്റെ അടുത്തായിരുന്നു എന്റെ സ്ഥാനം അതുകൊണ്ട് തന്നെ പുറകെ വരുന്ന മറ്റു യാത്രക്കാരേയും ജീപ്പുകളുടെ മത്സരവും ഒക്കെ കാണാമായിരുന്നു. നമ്മൾ മുന്നോട്ട് പോവുംതോറും കോടമഞ്ഞ് ഞങ്ങളെ പിന്തുടരുന്നതുപോലെ തോന്നി. വല്ലാത്തൊരു വൈബ് തന്നെയായിരുന്നു. അവസാനം ഞങ്ങളുടെ ജീപ് കോടമഞ്ഞിന് തോറ്റുകൊടുത്തു. മഞ്ഞ് വന്ന് വാരിപുണർന്നു. നല്ല തണുപ്പായിരുന്നു. പിന്നെ കുറച്ച് നേരത്തേക്ക് പുറകിലുള്ള കാഴ്ച്ചകൾ ഒന്നും എനിക്ക് കാണാൻ പറ്റിയില്ല. കുറച്ചു ദൂരം പിന്നെയും കഴിഞ്ഞപ്പോൾ വീണ്ടും ചെറിയ ചെറിയ ഗ്രാമങ്ങൾ കാണുകയുണ്ടായി. അവിടെ കുറച്ചു നേരം വണ്ടി നിർത്തി വെള്ളം ഒക്കെ കുടിച്ച് വീണ്ടും യാത്ര തുടർന്നു. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുടജാദ്രിയിലേക്കുള്ള ചെക്ക്‌പോസ്റ്റ് കണ്ടു. അവിടെ എൻട്രി ഫീ പിന്നെ ജീപ്പിലുള്ളവരുടെ ഡീറ്റെയിൽ എല്ലാം നൽകണം എന്നാലേ കടത്തിവിടൂ. ഒരാൾക്ക് 70 രൂപയാണ് ചാർജ്ജ്.

കുടജാദ്രിയിലേക്ക് രണ്ട് വഴികളാണുള്ളത് ഒന്ന് ജീപ്പ് വഴി ഞങ്ങൾ പോവുന്നത്് പോലെ. മറ്റൊന്ന് വനപാതയാണ്. കാട്ടിലൂടെ നടന്ന് വരുന്നത്. അതിന്റെ സീസൺ ആവുമ്പോൾ കാട്ടിലൂടെ നടന്ന് കുടജാദ്രിയിലേക്ക് പോവുന്ന ഒത്തിരിപ്പേരുണ്ട്. കൊല്ലൂരിൽ നിന്ന് ഷിമോഗ എന്ന സ്ഥലത്തേക്കുള്ള ബസ്സിൽ കയറിയാൽ വനപാത തുടങ്ങുന്നതിനടുത്ത് ബസ്സ് നിർത്തിതരും. പിന്നെ അവിടെ നിന്ന് ഏകദേശം 6 മണിക്കൂർ നിങ്ങളുടെ നടത്തത്തിന്റെ സ്പീഡ് പോലെ കുടജാദ്രിയുടെ മുകളിൽ എത്താം. പിന്നേ ഒരു കാര്യം ഈ കാട്ടിൽ പുലിയും ആനയുമൊക്കെ ഉണ്ടെന്നാണ് എന്നെ പറഞ്ഞുപേടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് പോവുന്നവർ ഒന്ന് സൂക്ഷിച്ച് പോവുക. അങ്ങനെ യാത്ര തുടർന്നു. പിന്നീടുള്ള യാത്ര മൺപാതയിലൂടെയാണ്. ഡ്രൈവർ പറഞ്ഞു ഇനി സൂക്ഷിച്ചിരുന്നോളു ഏകദേശം 7 കിലോമീറ്ററോളം അതായത് 1 മണിക്കൂറോളം ഓഫ് റോഡ് ആണ് എന്ന്. കുണ്ടും കുഴിയും ഉയർച്ചയും താഴ്ച്ചയും ഉള്ള ചെമ്മൺ വഴിയിലൂടെയുള്ള ഓഫ് റോഡ് യാത്ര. യാത്ര തുടങ്ങി കുറച്ചു ദൂരം കഴിഞ്ഞതോടെ എന്റെ കൂടെയുള്ള അമ്മമാരുടെ ധൈര്യം കുറേശ്ശേ കുറയുന്നുണ്ടായിരുന്നു. എല്ലാവരും പിന്നെ കണ്ണടച്ച് ഇരിപ്പായിരുന്നു. എനിക്ക് പിന്നെ ഇതൊക്കെ വളരെ ഇഷ്ടമാണ് ഇതൊക്കെ എത്രകണ്ടതാ എന്നു പറഞ്ഞ് അവരുടെ ഇടയിൽ വല്ല്യ ആളായെങ്കിലും ഞാനും പേടിച്ചിരുന്നു. കാരണം നരകവും സ്വർഗവും ഒക്കെ ഈ വഴിയിൽ ഞാനും കണ്ടു. ഈ വളഞ്ഞും പുളഞ്ഞും ഉള്ള റോഡ് കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പച്ചവിരിച്ച ഒരു കുന്നിൻചെരുവിലെത്തി. ഒരു മൊട്ടക്കുന്ന്. ഇത്രയും വലിയ കാടൊക്കെ താണ്ടി നടന്ന് ഇവിടെ വന്നപ്പോൾ ഒരു മൊട്ടക്കുന്ന്. ആകെ സംശയായി. എന്താ ഇവിടെ ഇപ്പോ ഇങ്ങനെ? അന്വേഷിച്ചപ്പോൾ അറിഞ്ഞത് കാറ്റിന്റെ ശക്തികാരണം മരങ്ങൾ ഇവിടെ വളരില്ലത്രെ… ഇവിടുത്തെ കാഴ്ച്ച വളരെ മനോഹരമായിരുന്നു. ഭംഗിയുള്ള താഴ്‌വരകളും അവിടെ നിന്ന് ദൂരേക്ക് നോക്കെത്താ ദൂരത്ത് തലയുയർത്തി നിൽക്കുന്ന മലനിരകളുമൊക്കെ കാണുമ്പോൾ പ്രകൃതി അതിമനോഹരിയാണ്. പിന്നെയും കുണ്ടും കുഴിയുമുള്ള ചെങ്കുത്തായ റോഡിൽ കൂടെ വീണ്ടും യാത്ര. ഒരു ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ജീപ്പ് യാത്ര അവസാനിച്ചു. ഇനി നടന്നു കയറണം. ജീപ്പ് നിർത്തിയ സ്ഥലത്ത് ഒരമ്പലമുണ്ട്. അവിടെയാണ് മൂകാബിംകാദേവിയുടെ മൂലസ്ഥാനം. അവിടെ നിന്ന് പ്രാർത്ഥിച്ചു ഇനി മുകളിലേക്ക് കയറണം. കയറിച്ചെന്നാൽ അവിടെയും ഒരമ്പലവും ചെറിയ ഒരു കുളവുമുണ്ട്. അവിടെയും പ്രാർത്ഥിച്ചു. ഇനി പിന്നേയും മുകളിലേക്ക്. കല്ലുകളും മരങ്ങളും നിറഞ്ഞ കുത്തനെയുള്ള വഴിയാണ്. കല്ലുകൾ ചവിട്ടിയും പിടിച്ചും ഒരു കയറ്റം. കുറച്ചു ദൂരം ഇതേ കയറ്റമാണ്. ഈ കല്ലുകളിലും മണ്ണിലും ഇരുമ്പിന്റെ അംശമുണ്ടെന്ന് പണ്ടെങ്ങോ വായിച്ചിട്ടുണ്ട് അത് എനിക്ക് അവിടുന്നു മനസ്സിലായി കാരണം അവിടുന്ന് എന്റെ വാച്ച് ഒന്ന് താഴെവീണു.

വാച്ച് മാഗ്നെറ്റിക്ക് പവർ ഉള്ളതാണ് വീണപാടെ ഫുൾ മണ്ണും എന്റെ വാച്ചിലങ്ങ് ഒട്ടിപിടിച്ചു. കാന്തത്തിലേക്ക് ഇരുമ്പ് പൊടി ഒട്ടിപിടിച്ചാൽ എങ്ങനെയോ അങ്ങനെ. ഞങ്ങൾ വീണ്ടും കയറാൻ തുടങ്ങി. ആ കയറ്റം കയറിചെന്നാൽ പച്ചവിരിച്ച കുന്നിൽ എത്തും. അവിടെ എത്തുമ്പോഴേക്കും ഞാൻ ആകെ കിതച്ചു അപ്പോൾ എന്റെ കൂടെയുള്ള അമ്മമാരുടെ അവസ്ഥ പറയണ്ടാലോ…. എന്നിരുന്നാലും അവരും കാഴ്ചകൾ ആസ്വദിച്ച് കഷ്ടപ്പെട്ട് കയറുന്നുണ്ട്. ഞാൻ അവിടുന്ന് ആകാശത്തിന്റേയും താഴ്‌വരയുടേയും മലനിരകളുടേയും ഭംഗി ആസ്വദിച്ച് കുറച്ചു നേരം വിശ്രമിച്ചു. ആകാശത്ത് മേഘങ്ങളെ കാണാൻ പഞ്ഞിക്കെട്ട് പോലെ ഉണ്ടായിരുന്നു. അവ അങ്ങനെ മലനിരകളെ വാരിപുണർന്ന് ഒഴുകിനടക്കുന്നുണ്ടായിരുന്നു. പിന്നെ നല്ലകാറ്റും നല്ല തണുപ്പും ആസ്വദിച്ചു ലക്ഷ്യസ്ഥാനത്തേക്ക്. വീണ്ടും നടത്തം തുടങ്ങി. കുറേ കയറ്റവും നടത്തവും എല്ലാംകൂടെ ഒരു മണിക്കൂർ. താഴെ നിന്ന് മുകളിലേക്ക് നോക്കിയപ്പോൾ അതാ കാണുന്നു ശങ്കരാചാര്യർ തപസിരുന്നു ജ്ഞാനം നേടിയ സർവജ്ഞപീഠം. ഇവിടെ താഴെ നിന്ന് അത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം വളരെ അധികമായിരുന്നു. പിന്നെ എന്റെ നടത്തത്തിന്റെ വേഗം കൂടി. എത്രയും പെട്ടെന്ന് അവിടുത്തേക്ക് എത്തണം എന്ന ചിന്തമാത്രം. ഈ യാത്രയിൽ എനിക്ക് ഒത്തിരിപ്പേരെ പരിചയപെടാൻപറ്റി. കുഞ്ഞു കുട്ടികൾ മുതൽ വയസ്സായവർവരെ. അവരെല്ലാവരും ഈ യാത്ര ആസ്വദിക്കുന്നുണ്ടായിരുന്നു. അങ്ങനെ കയറ്റവും നടത്തവും എല്ലാം താണ്ടി ഞാൻ എത്തിയിരിക്കുന്നു. സർവ്വജ്ഞപീഠത്തിനു മുമ്പിൽ സന്തോഷം മൂലം ഞാൻ എന്റെ മനസ്സിൽ തുള്ളിച്ചാടുകയായിരുന്നു.

ആദിശങ്കരാചാര്യർ ഇവിടെ തപസ്സു ചെയ്യുകയും ഭഗവതി പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ കൂടെ വരണമെന്നും താൻ ആഗ്രഹിക്കുന്ന സ്ഥലത്ത് ഭഗവതിയെ പ്രതിഷ്ഠിക്കാൻ അനുവാദം തരണമെന്നും പറഞ്ഞു. ആഗ്രഹം സമ്മതിച്ച ഭഗവതി ലക്ഷ്യസ്ഥാനത്ത് എത്തുന്നത് വരെ തന്നെ തിരിഞ്ഞുനോക്കരുതെന്നും, തിരിഞ്ഞുനോക്കിയാൽ താൻ അവിടെ പ്രതിഷ്ഠിതയാവുമെന്നും പറഞ്ഞു. കുറച്ചുദൂരം സഞ്ചരിച്ച് കൊല്ലൂരിലെത്തിയപ്പോൾ അനക്കം കേൾക്കാതെ സംശയിച്ച ശങ്കരാചാര്യർ തിരിഞ്ഞുനോക്കിയെന്നും ഭഗവതി അവിടെ പ്രതിഷ്ഠിതയായെന്നുമാണ് ഐതീഹ്യം. ഐതീഹ്യം എന്തുമാകട്ടെ ഈ സർവജ്ഞപീഠത്തിൽ എത്തി കുറച്ച് നേരം ഇരുന്നാൽ ഇത്രയും കഷ്ടപ്പെട്ട് നമ്മൾ എന്തിനാണ് മുകളിലേക്ക് വരുന്നതെന്ന സംശയം താനെ മറന്നുപോവും. വലിഞ്ഞു കയറിയതിന്റെ വേദനകളൊക്കെ പാടെ മറക്കും. മനസ്സിൽ സന്തോഷത്തിന്റെ തിരമാല അലയടിക്കുന്നുണ്ടാവും. നമ്മുടെ മനസ്സ് നല്ല ശാന്തതയോടെ ഉണ്ടാവും. ആ സുഖം ഒന്ന് നേരിട്ടനുഭവിക്കുക തന്നെ വേണം. എന്നാലെ ഞാൻ ഈ പറഞ്ഞതൊക്കെ മനസ്സിലാവൂ.. ഒരു തരത്തിൽ പറഞ്ഞാൽ ജീവിതവും ഇതുപോലെ ആണെന്ന് എനിക്ക് തോന്നിപ്പോയി. എത്രയോ കഷ്ടപ്പാടും ദുരിതവും സങ്കടവും വേദനയും സഹിച്ച് കഠിനമായ വഴികൾ താണ്ടി ഇനിയെങ്ങോട്ട് എന്ന പ്രതീക്ഷയില്ലാതെ മുന്നോട്ട് വന്ന് പല വഴികളിൽ നിന്ന് ശരിയായ വഴികൾ കണ്ടെത്തി നമ്മൾ ആഗ്രഹിച്ച ലക്ഷ്യസ്ഥാനത്ത് എത്തിയാൽ നമുക്ക് എത്രത്തോളം സന്തോഷവും സമാധാനവും കിട്ടുന്നുവോ അതേ പ്രതീതിയാണ് ഈ കല്ല് നിറഞ്ഞ കുത്തനെയുള്ള വഴികളൊക്കെ താണ്ടി ഇവിടെ ഈ സർവജ്ഞപീഠത്തിൽ കുറച്ച് നേരം കണ്ണടച്ചിരുന്നപ്പോൾ എനിക്ക് തോന്നിയത്. ഇവിടെ ഇരുന്നപ്പോൾ കിട്ടിയ സന്തോഷവും സമാധാനവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. അത് അനുഭവിച്ചറിയുക തന്നെ വേണം. അവിടെ അങ്ങനെ കുറച്ച് നേരം ആകാശകാഴ്ചകൾ ഒക്കെ കണ്ട് ഫോട്ടോസ് ഒക്കെ എടുത്ത് വീണ്ടും ആ സർവജ്ഞപീഠത്തിൽ കുറച്ച് നേരം ഇരുന്നു. ജീപ്പ് നമ്മളെ ഒന്നര മണിക്കൂർ വെയ്റ്റ് ചെയ്യുകയുള്ളൂ പിന്നെ വൈകിയാൽ വെയ്റ്റിംഗ് ചാർജ് വാങ്ങും എന്ന കാര്യം കാറ്റ് വന്ന് അടിച്ചപ്പോലെ എനിക്ക് ഓർമ വന്നത്. പക്ഷേ എനിക്ക് ഒരു സ്ഥലം കൂടെ കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയിട്ടാണ് ഞാൻ ആ കുന്നിറങ്ങിയത് ചിത്രമൂല. അന്ന് അവിടേക്ക് പോവാൻ അനുമതിയില്ലായിരുന്നു. ക്ലോസ് ആയിരുന്നു. എന്നെങ്കിലും ഒരിക്കൽ ഒന്ന് അവിടേയും പോവണം. സൗപർണിക നദിയുടെ ഉത്ഭവസ്ഥാനം അവിടെ നിന്നാണ്. അതുകാണാനുള്ള ഭാഗ്യം കൂടെ ഉണ്ടാവണേ എന്നും പ്രാർത്ഥിച്ച് അവിടെ നിന്ന് ജീപ്പിന്റെ അടുത്തേക്ക് തിരിച്ചു.

5 thoughts on “കുടജാദ്രി”

 1. ഷംന നന്നായി എഴുതി. നന്ദി!
  കുടജാദ്രി കാണണമെന്ന്
  ഇപ്പോൾ എനിക്കും ഒരാശ !
  എഴുത്ത് തുടരുക.
  അഭിനന്ദനങ്ങൾ

 2. Sangathi powolichu
  Orikkal avide pokanam enna aagraham onnukoode koodi
  Njan poyittu reply thara
  Enthayalum pwloi👍👍👍👍

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top