നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം

ശബാബ് കാരുണ്യം

അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം.

സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ് ദൂരെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമായ സാക്ഷാൽ ഹിമാലയത്തിൻ്റെ ഭാഗമായ ഹിമാചൽ പർവത നിരകളിലാണ്. 2023 മാർച്ച് മൂന്നിന് ഇഫ്ലുവിലെ ബഷീർ ഹോസ്റ്റലിൽ നിന്നും പുറപ്പെട്ട എന്റെ ഊരു തെണ്ടൽ ഹൈദരാബാദും കേരളവും പോണ്ടിച്ചേരിയും തമിഴ്‌നാടും ദില്ലിയും പിന്നിട്ട് എട്ടാം ദിവസം എത്തി നില്കുന്നത് അങ്ങ് ഹിമാചൽ പ്രദേശിൽ. ബസ്സിലും ട്രെയിനിലും വീട്ടിലും ഹോസ്റ്റലുകളിലുമായി കഴിഞ്ഞ ഏഴു ദിവസങ്ങളിലും കിടന്നുറങ്ങിയത് ഏഴ് വ്യത്യസ്‌തമായ സ്ഥലങ്ങളിൽ. യാത്രാ ക്ഷീണമെല്ലാം പാകത്തിനുണ്ട്. പോട്ടെ സാരമില്ല, വരൂ നമുക്ക് ഹിമാചലിൻ്റെ ശൈത്യകാല തലസ്ഥാനമായ ധർമ്മശാലയിലേക്ക് പ്രവേശിക്കാം…!

ഹിമാലയൻ മലനിരകളുടെ ഓരംചേർന്നുകൊണ്ടുള്ള ഹിമാചലിലെ ധർമ്മശാല എന്ന ഭംഗിയുള്ള കൊച്ചുപട്ടണം. അതിനും മുകളിലേക്ക് പോകുമ്പോൾ പ്രസന്നരായ ഒരുപാട് സാധാരണ മനുഷ്യർ ജീവിക്കുന്ന മക്ലോഡ്ഗഞ്ച് എന്ന ശാന്തസുന്ദരമായ ഗ്രാമം. പ്രത്യേക സുഖമുള്ള തണുത്ത കാറ്റ് വീശുന്ന കാലാവസ്ഥ. ബുദ്ധദർശനത്തിന്റെ അപ്പോസ്തലനായ സാക്ഷാൽ ദലൈലാമയുടെ വസതിയും മൊണാസ്ട്രി( ബുദ്ധമതക്കാരുടെ ആരാധനാലയം)കളുമെല്ലാം ഉള്ളതിനാൽ ഇവിടെ ആകമാനം ഒരു ആത്മീയത മുറ്റി നിൽക്കുന്ന അന്തരീക്ഷമാണ്. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും പ്രായ-ലിംഗഭേദങ്ങളില്ലാതെ ചുവന്ന വസ്ത്രം ധരിച്ചു കൊണ്ട് ലാമമാർ വിഹരിക്കുന്നത് കാണാം.

മക്ലോഡ്‌ഗഞ്ചിൽ ഞാനും റാഫിദും ട്രക്കിങിനായി തിരഞ്ഞെടുത്തത് ത്രിയുന്ത് എന്ന മലയാണ്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 9300 അടി ഉയരം. തണുപ്പ് കാലങ്ങളിൽ താപനില മൈനസിൽ എത്തി മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഹിമാലയൻ താഴ്വരയും പുൽമേടുകളും. പക്ഷെ ഇവിടെയിപ്പോൾ അതിശൈത്യം കഴിഞ്ഞ് വസന്തകാലം തുടങ്ങുകയാണ്. ഫെബ്രവരി അവസാനത്തോട് കൂടി തന്നെ പല നിറങ്ങളിലുമുള്ള പൂക്കൾ താഴ്വരകളെ വർണാഭമാക്കിയിരിക്കുന്നു. മല കയറും തോറും നമ്മൾ പൂവരശെന്ന് പറയാറുള്ള ചുവപ്പും റോസുമെല്ലാം നിറത്തിലുള്ള റൊഡോഡെൻഡ്രോൺ പുഷ്പങ്ങൾ പൂത്തു നിൽക്കുന്നു. കൂടിക്കൂടി വരുന്ന തണുപ്പും മുകളിലെ തെളിഞ്ഞ ആകാശവും നമ്മെ ആനന്ദത്തോടെ വരവേൽക്കുന്നു. ലാലേട്ടൻ പരസ്യത്തിൽ പറഞ്ഞ പോലെ ഉയരം കൂടുംതോറും ഇവിടെ ചായയുടെ മധുരം മാത്രമല്ല കൂടുന്നത്. വിലയും ഇരട്ടിയോ അതിനും മുകളിലോ ഒക്കെ ആവുന്നുണ്ട്. പക്ഷെ അതിനും മുകളിലാണ് ഇവിടെ പ്രകൃതി തന്നെ ഒരുക്കി വച്ചിരിക്കുന്ന ഭംഗിയുള്ള കാഴ്ചകളുടെ മൂല്യം എന്ന് നിസ്സംശയം പറയാം.

മക്ലോഡ്ഗഞ്ചിൽ വാഹനമെത്തുന്ന അവസാന പോയന്റിൽ നിന്നും ഏതാണ്ട് നാലര കി.മി കുത്തനെയുള്ള കുന്ന് കയറണം ത്രിയുന്തിന്റെ ഏറ്റവും മുകളിലെത്താൻ. വേഗത്തിലാണെങ്കിൽ ശരാശരി മൂന്ന് മണിക്കൂർ മല കയറ്റം. ഞങ്ങളുടെ ലോകൽ ഗൈഡും ഗ്രൂപ്പിലുള്ള മറ്റ് അംഗങ്ങളും രാവിലെ 11 മണിക്ക് തന്നെ മല കയറാൻ തുടങ്ങിയെങ്കിലും വെള്ളിയാഴ്ച ജുമാ നമസ്കാരമുളളതുകൊണ്ടും റാഫിദിന്റെ ഒരു ബന്ധുവിനെ കാണാനുള്ളതുകൊണ്ടും ഞങ്ങൾ വൈകീട്ട് മലമുകളിൽ നേരിട്ട് എത്താമെന്നാണ് ഏറ്റിരുന്നത്.
ക്യാംപിങ് സൈറ്റിന്റെ സ്ഥലം എവിടെയാണെന്ന് കൃത്യമായ ഒരു ധാരണയുമില്ല. മുകളിൽ കയറിയിട്ട് ‘ക്യാംപ് കർത്താനി’ എന്ന സൈറ്റിൻറെ പേരോ ഗൈഡിന്റെ പേരോ പറഞ്ഞാൽ മതി എന്നാണ് കിട്ടിയ നിർദേശം. മലയുടെ മുകളിൽ ഒരു സിമ്മിനും റേഞ്ചില്ലാത്തതുകൊണ്ട് ഫോൺ നമ്പർ കിട്ടിയിട്ട് വലിയ കാര്യവുമില്ല. ഏതായാലും ഞങ്ങൾ വൈകീട്ട് നാലരയ്ക്ക് മല കയറാൻ തുടങ്ങിയപ്പോൾ തന്നെ ആളുകളൊക്കെ തിരിച്ച് ഇറങ്ങുന്നതാണ് കണ്ടത്. ഈ സമയത്ത് മല കയറാൻ തുടങ്ങുന്ന ഞങ്ങളെ കണ്ട് ചില നാട്ടുകാരൊക്കെ അന്തം വിട്ട് നോക്കി നിന്നു. അന്തം വിടാത്ത ചിലർ ‘വേഗം കയറിക്കോളൂ, നേരം വൈകിയിട്ടുണ്ട്’ എന്ന് ഓർമ്മിപ്പിച്ചു. സംഗതി ശരിയാണ്. സൂര്യനാണെങ്കിൽ മൂപ്പരുടെ അസ്തമിക്കാനുള്ള തയ്യാറെടുപ്പുകൾക്ക് വട്ടം കൂട്ടുകയാണ്. പോരാത്തതിന് പാറക്കല്ലുകൾ നിറഞ്ഞ മലമ്പാത ഓരോ പടി കയറുമ്പോഴും തണുപ്പും ഇരുട്ടും കൂടി വരികയും ശരീരത്തിലെ ഊർജം കുറഞ്ഞ് വരികയും ചെയ്യുന്നു. ഇടയ്ക്ക് ഇരുന്നും വിശ്രമിച്ചും ഞങ്ങൾ മെല്ലെ മെല്ലെ കയറ്റം തുടരുന്നു. മണി അഞ്ച്… അഞ്ചര…ആറ്… ഏഴ്… സംഭരിച്ച് വച്ചിരുന്ന കാലിയാവാനായ ഒരു വെള്ളക്കുപ്പിയും ഇടയ്ക്ക് വച്ച് വഴിയോരത്ത് നിന്ന് വാങ്ങിയ ചോക്ലേറ്റും സായാഹ്നസൂര്യൻറെ വെയിൽ തട്ടി തിളങ്ങുന്ന ഹിമാലയത്തിൻറെ കാഴ്ചയും പക്ഷെ ഞങ്ങളെ പ്രചോദിപ്പിച്ചു കൊണ്ടേയിരുന്നു.

മല കയറ്റം തുടങ്ങി ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞ് ഞങ്ങൾ അവസാനം കുന്നിൻ മുകളിലെത്തി. വലിയൊരു വിജയത്തിന്റെ നിർവൃതിയും സന്തോഷവും ഉള്ളിൽ അറിയാതെ പതഞ്ഞുപൊങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇനി എതാനും ചുവടുകൾ മാത്രം… ക്ഷീണിച്ച ശരീരവും കാലിയായ വയറും എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്താൻ തിടുക്കം കാട്ടി. ആനന്ദം…ആവേശം… !
പിന്നിൽ നടന്ന് വന്നിരുന്ന ആ മഞ്ഞ്നാട്ടുകാരൻ ഭയ്യയോട് ഞങ്ങൾ ആവേശത്തോടെ ചോദിച്ചു: “ഭയ്യാ… യെ ക്യാമ്പ് കർത്താനി കിധർ ഹേ ?” പക്ഷെ ഭയ്യയുടെ ഉത്തരം കേട്ട സമയത്താണ് ശരിക്കും ഉള്ളിൽ ആകെ ഉണ്ടായിരുന്ന കിളിയും കൂടി പാറിപ്പോയത്. ”അച്ചാ… ആപ് ലോഗോം കോ ക്യാംപ് കർത്താനി ജാനാ ഹേ ? ആപ് ഗലത് രാസ്തെ പെ ചൽ രഹെ ഹെ. യഹാം സെ വഹാം തക് മിനിമം ദോ ഘണ്ടേ കാ ദൂർ ഹേ!!”
(അത് ശരി… നിങ്ങൾക്ക് ക്യാമ്പ് കർത്താനിയിലേയ്ക്കാണോ പോവാനുള്ളത്? നിങ്ങൾക്ക് വഴി തെറ്റിപ്പോയിട്ടുണ്ട് മക്കളേ… ഇവിടുന്ന് അവിടം വരെ ഇനി മിനിമം രണ്ട് മണിക്കൂർ കൂടി നടക്കാൻ ഉണ്ട്.)
“പക്ഷെ ഈ ഇരുട്ടത്ത് നിങ്ങൾ എങ്ങനെ അവിടെ എത്തും? കൃത്യമായ ഒരു വഴി പോലുമില്ലാതെ.. ഉള്ള വഴി തന്നെ അറിയാതെ…?” ഇങ്ങനെ ചോദിച്ചു കൊണ്ട് സഹ മലകേറികളിൽ അവസാനത്തെ ആളും ദൂരേയ്ക്ക് മാഞ്ഞു. ഇരുട്ട് കനക്കുന്നു… തണുപ്പ് കൂടുന്നു…സ്ഥലത്ത് ഞാനും റാഫിദും മാത്രം അവശേഷിക്കുന്നു…!
കഹാനി അബി ഭി ബാക്കി ഹേ ഭായ്…!

രാത്രി ഏഴരയോടടുക്കുന്നു. തണുപ്പ് 5’Cയിൽ നിന്ന് 4′ ലേക്ക് പോവുന്നു. വിശക്കുന്ന വയറും വിറയ്ക്കുന്ന ശരീരവും മുന്നിൽ തലയുയർത്തി നിൽക്കുന്ന പടുകൂറ്റൻ ഹിമാലയവും. രണ്ടു പേരുടെ കയ്യിൽ റേഞ്ചില്ലാത്ത, ചാർജ് തീരാനായ ഓരോ മൊബൈൽഫോണുകളും പരിഹാരമാവാത്ത ഏതാനും വേവലാതികളും. തണുപ്പും മഞ്ഞുമൊക്കെ നേരിട്ട അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര അരക്ഷിതമായൊരു സാഹചര്യം ഒരു പക്ഷെ ആദ്യമായിരിക്കും. ഇരുട്ടാണ് എന്നത് മാത്രമല്ല, ലക്ഷ്യസ്ഥാനത്തെത്താൻ കൃത്യമായൊരു വഴിയേ കാണുന്നില്ല എന്നതാണ് സത്യം. ആ മൊട്ടക്കുന്നിൻമുകളിൽ നിന്നും ഒരു വഴിപോക്കൻ വിരൽ ചൂണ്ടി കാണിച്ചു തന്നൊരു വലിയ ഉറപ്പില്ലാത്ത ഒരു ദിശ മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ള ലക്‌ഷ്യം. ഈയൊരു സൂചനയിൽ നിന്നും ദൂരെ കാണുന്ന വെളിച്ചത്തിന്റെ ഓരോ ബിന്ദുക്കളും നോക്കി ഊഹിച്ച് വഴികൾ തയ്യാറാക്കുക, കണ്ടു പിടിച്ചവഴി തെറ്റിയെന്ന് ബോധ്യപ്പെടുമ്പോൾ നിസ്സഹായരായി വീണ്ടും പുതിയൊരു വഴി തേടുക എന്ന അത്ര വലിയ രസമൊന്നുമില്ലാത്ത ഒരു ഗെയിം. ഒരു പക്ഷെ പൊരുതി ജയിക്കാം. അല്ലെങ്കിൽ ? ഇല്ല… അല്ലെങ്കിൽ എന്ന മറ്റൊരു ചോയ്‌സ് പോലും ഇവിടെ അവശേഷിക്കുന്നില്ല.
പക്ഷെ യതൊരു ഗ്യാരണ്ടിയും കൂടാതെ വെളിച്ചമില്ലാത്ത മഞ്ഞുവഴികളിൽ ഇനിയും ഒന്നര മണിക്കൂർ കൂടി നടക്കാൻ ശരീരം വിസമ്മതിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഇനി എത്ര ദൂരെയാണെങ്കിലും ക്യാമ്പിലെത്തിയേ പറ്റൂ. കാരണം കുറച്ച് സമയം കൂടി അവിടെത്തന്നെ കുടുങ്ങിയാൽ ആ തണുപ്പിനെ അതിജീവിക്കാൻ ഞങ്ങൾക്ക് പറ്റണമെന്നില്ല. ഞാൻ റാഫിദിനോട് പറഞ്ഞു. “റാഫിദേ… ഈ ലോകത്ത് ഇപ്പോൾ എനിക്ക് നീയും നിനക്ക് ഞാനും നമുക്ക് രണ്ട് പേർക്കും പടച്ചോനും മാത്രമേയുള്ളൂ.” പടച്ചവനേ ഞങ്ങളെ നീ എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്തിക്കണേ എന്ന് പ്രാർത്ഥിച്ചു. ദിവസം കുറഞ്ഞത് പതിനേഴ് തവണയെങ്കിലും ഉരുവിടാറുള്ള ‘ഇഹ്ദിന സ്വിറാത്വൽ മുസ്തഖീം ‘(പടച്ചവനേ നീ ഞങ്ങളെ നേരായ പാതയിൽ നയിക്കേണമേ) എന്ന വിശുദ്ധവചനം ഞങ്ങൾക്ക് അപ്പോഴും ഓർമ്മ വന്നു. “നിനക്ക് ബേജാറായിത്തുടങ്ങിയോ?” റാഫിദ് ചോദിച്ചു. ഇമ്മാതിരി ഒരു അവസ്ഥയിൽ പെട്ടിട്ടും എന്താണ് നമ്മൾ ആ ടെൻഷനറിയാത്തത് എന്നാലോചിച്ചിട്ട് ലേശം ഒരു അങ്കലാപ്പുണ്ടെന്നും അത് പടച്ചോൻ നമ്മളെ അങ്ങനെ പെരുവഴിയിലാക്കില്ലെന്ന ഒടുക്കത്തെ വിശ്വാസം കൊണ്ടാവുമെന്നും ഞാൻ പറഞ്ഞു.

“നമുക്ക് നിലാവെളിച്ചത്തിൽ ലക്‌ഷ്യം തേടി നടക്കാം. വൻ വൈബായിരിക്കും”. മിന്നി മായുന്ന ആശങ്കകൾക്കിടയിലും സൂപർ കൂൾ റഫീദ് പറഞ്ഞു

“ഇന്ന് ചന്ദ്രനുദിക്കുന്നത് രാത്രി ഒമ്പതേകാലിനാടോ, അത് വരെ നിനക്ക് എവിടെടാ നിലാവ് ?” ഞാൻ പ്രതികരിച്ചു. പെട്ടെന്നാണ്,”റാഫിദേ നീയൊന്ന് മുകളിലേക്ക് നോക്കിക്കേ…”

പെട്ടെന്ന് ഞാൻ വല്ലാത്തൊരു ശബ്ദത്തിൽ വിളിച്ചു.
പിന്നീടുള്ള ആ കാഴ്ച.. അത് വല്ലാത്തൊരു കാഴ്ച തന്നെയായിരുന്നു!

ഞങ്ങൾ ആകാശത്തിലേക്ക് നോക്കി. ഹൗ… എന്തൊരു കാഴ്ചയാണത്. ആയിരം നക്ഷത്രങ്ങൾ മിന്നി നിൽക്കുന്ന മാർച്ചിലെ ആകാശം !! തലങ്ങും വിലങ്ങും ഓരോ ലക്ഷ്യങ്ങളിലേക്ക് ചീറിപ്പായുന്ന ആകാശഗോളങ്ങളുടെ ഒരു ഒരു നിശ്ചലചിത്രം. ഏറ്റവും മനോഹരമായ, പരന്നു കിടക്കുന്ന നീലയും കറുപ്പും കലർന്ന കാൻവാസ്. അന്തരീക്ഷ മലിനീകരണം ഒട്ടുമില്ലാത്ത, സ്വപ്നക്കാഴ്ചകളെ കൺകെട്ടി മറയ്ക്കുന്ന മേഘക്കെട്ടുകളില്ലാത്ത തെളിഞ്ഞ ആകാശം. സൂക്ഷിച്ച് നോക്കുമ്പോൾ നക്ഷത്രങ്ങൾ പോലെ എന്തോ ചിലത് ഞൊടിയിട നേരം കൊണ്ട് ഓടി മറയുന്നു. സാറ്റലൈറ്റുകൾ! മുന്നിലും പിന്നിലും മഞ്ഞിൽ പൊതിഞ്ഞ് നെഞ്ചും വിരിച്ച് നിൽക്കുന്ന ഹിമാലയവും നേരെ മുകളിൽ അനന്തമായിരം നക്ഷത്രങ്ങളും ഗ്രഹങ്ങളും ഗാലക്സികളുമെല്ലാം പറന്നു നടക്കുന്ന മറ്റൊരു ലോകവും! അതിന്റെ വലുപ്പവും വിസ്താരവും മറ്റും കണക്കിലെടുക്കുമ്പോൾ ഒരു അണു എന്ന് വിളിക്കപ്പെടാൻ പോലും പറ്റാത്ത നമ്മൾ മനുഷ്യർ…വലിപ്പച്ചെറുപ്പമളക്കാൻ ഇനിയും വളർന്നിട്ടില്ലാത്ത മനുഷ്യൻറെ സ്വാഭാവികയുക്തി…! ദൈവമേ… ഞാൻ എന്തൊക്കെയാണ് ചിന്തിച്ച് കൂട്ടുന്നത്? ഇത്തരമൊരു കാഴ്ച ഞാനെന്റെ ജീവിതത്തിൽ ഇന്നേ വരെ കണ്ടിട്ടില്ലല്ലോ. ഒരു ലോകാത്ഭുതം കണ്ടതുപോലുള്ള നിർവൃതിയിലും ആശ്ചര്യത്തിലും ഞാൻ ആർപ്പു വിളിച്ചു. സന്തോഷം കൊണ്ട് വീർപ്പു മുട്ടി എനിക്ക് കരച്ചിൽ വന്നു. ഇത്രത്തന്നെയില്ലെങ്കിലും റാഫിദും ഏതാണ്ട് ഇതേ മൂഡിലൊക്കെത്തന്നെയാണ്. ഫോണിൽ ആകെക്കൂടി ബാക്കിയുണ്ടായിരുന്ന ചാർജ് വച്ച് അവൻ ആ ആകാശക്കാഴ്ചയുടെ ചിത്രം പകർത്തുകയായിരുന്നു. ഞാൻ റാഫിദിനോട് പറഞ്ഞു: “എന്താ ലേ.. കൊറച്ച് നേരം മുമ്പ് വഴി തെറ്റി ക്ഷീണിച്ച് തളർന്ന രണ്ട് മനുഷ്യന്മാരാണ് ഇപ്പോ ആകാശം നോക്കി വണ്ടറടിച്ചു രസം പിടിച്ച് നിൽക്കുന്നത്” – സംഗതി ശരിയാണ്. നേരമിത്രയായിട്ടും ഒരു വഴി തെളിഞ്ഞിട്ടില്ല. എന്നിരുന്നാലും ഞങ്ങൾ ആ ആകാശക്കാഴ്ചയുടെ രസം ഒട്ടും ആസ്വദിക്കാതിരുന്നില്ല…

ഏതായാലും തണുപ്പ് പിന്നെയും കൂടി വരുന്നു. മാനം നോക്കൽ മതിയാക്കി എങ്ങനേലും താവളം കണ്ടു പിടിച്ചില്ലെങ്കിൽ ശരിയാവില്ല എന്ന തിരിച്ചറിവ് ഞങ്ങൾക്ക് രണ്ട് പേർക്കുമുണ്ട്. തട്ടിയും തടഞ്ഞും വഴുക്കലുള്ള പുല്ലിലും മണ്ണിലും കല്ലിലും നടന്ന് ഞങ്ങൾ റാഫിദിൻറെ മൊബൈൽ ടോർച്ചിന്റെ ഇത്തിരി വെട്ടത്തിൽ വീണ്ടും ഏറെ ശ്രദ്ധിച്ച് മുന്നോട്ട് നീങ്ങി. എന്നിട്ടും വഴിയിൽ ഞാനൊന്ന് വീണെങ്കിലും പൊടിയും തട്ടി വീണ്ടും എണിറ്റു നടന്നു. ദൂരെ കാണുന്ന ചെറിയ വെളിച്ചപ്പൊട്ടുകൾ ലക്ഷ്യമാക്കിയുള്ള നടത്തം. ഇടയ്ക്കിടയ്ക്കുള്ള ആകാശനോട്ടങ്ങൾ. ഓരോ നിമിഷങ്ങളിലും പുതിയതെന്ന് തോന്നിപ്പോകുന്ന ആകാശക്കാഴ്ചകൾ. അതി വിദഗ്ധമായി നെയ്തെടുത്ത ഒരു ചിലന്തിവല പോലെ ഭൂമിയ്ക്ക് മേലിൽ സംവിധാനിക്കപ്പെട്ട നക്ഷത്രങ്ങളാൽ അലംകൃതമായ ഈ മേൽക്കൂരയെ എത്ര തവണ നോക്കിയാലാണ് മനുഷ്യന് മതി വരുക? വെളിച്ചം തേടിയുള്ള നടത്തവും വഴി തെറ്റലും അങ്ങനെ ഇടതടവില്ലാതെ പുരോഗമിച്ചു കൊണ്ടേയിരുന്നു. ഈ അലച്ചിൽ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ ആ അവസാന വെളിച്ചത്തിലെത്തി വീണ്ടും വഴി ചോദിക്കുന്നു. ഇതു തന്നെയാണ് നിങ്ങൾ അന്വേഷിക്കുന്ന ‘കർത്താനി’യെന്ന് മറുപടി ലഭിക്കുന്നു!! പിന്നെയൊരു വലിയ നെടുവീർപ്പായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു ഹിമാലയൻ നെടുവീർപ്പെന്ന് പറയുന്ന നെടുവീർപ്പ്! ആതിഥേയൻ നൽകിയ റൊട്ടിയും ചോറും പയറുകറിയും കഴിച്ചപ്പോൾ വയറിനോടൊപ്പം മനസ്സും നിറഞ്ഞു. ഒരു ഹിമാലയൻ ടാസ്ക് കഴിഞ്ഞ ഹാങോവറിൽ ഞങ്ങൾ കാലും നീട്ടി തീ കായാനിരുന്നു. അപ്പോഴാണ് അവിടെ മറ്റൊരു കാഴ്ച കാണുന്നത്. ദൂരെ കിഴക്ക് നിന്നും ഒരു കള്ളച്ചിരി ചിരിച്ച് നമ്മുടെ അമ്പിളിമാമൻ മെല്ലെ മല കയറി വരികയാണ്. “സോറി ഇച്ചിരി ലേറ്റായിപ്പോയി” എന്ന് മൂപ്പര് പറയുന്ന പോലെ ഒരു തോന്നൽ. ഏതായാലും നിലാവിന്റെ അഭാവത്തിൽ സാഹചര്യത്തെ തിരിച്ചറിഞ്ഞ് കൂട്ടായി നിന്ന് ഞങ്ങൾക്ക് ഇത്തിരിവെട്ടം നൽകി സഹകരിച്ച ആകാശത്തെ നക്ഷത്രങ്ങൾക്കും ഭൂമിയിൽ ഒരു പുതിയ വഴി വെട്ടിത്തെളിക്കാൻ കൂടെ വന്ന ഒരു മൊബൈൽ ടോർച്ചിനും സർവോപരി ഞങ്ങളുടെ എല്ലാ സാഹസങ്ങൾക്കും കണ്ണിമ വെട്ടാതെ കൂട്ട് നിന്ന പടച്ചോനും മനസ്സിൽ കൃതജ്ഞത രേഖപ്പെടുത്തി ഞങ്ങൾ മെല്ലെ ടെന്റിനുള്ളിലേക്ക് ചാഞ്ഞു…
അന്ന് ഉറക്കം വരുന്നതു വരെയും ഉറക്കം വന്നപ്പോൾ സ്വപ്നത്തിൽ പോലും മനസ്സിലുണ്ടായിരുന്നത് നക്ഷത്രങ്ങൾ വഴികാട്ടിയ ആ അതിമനോഹരമായ ഒരിക്കലും മറക്കാൻ പറ്റാത്ത ആ ഹിമാലയൻ രാത്രിയായിരുന്നു.

 

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top