സി.ഗണേഷ്
ആസാമീസ് ഭാഷയില്‍ ബീല്‍ എന്നാല്‍ തടാകം എന്നര്‍ത്ഥം. ഗുവാഹത്തിയില്‍നിന്നും ബ്രഹ്മപുത്രനദിയുടെ പഴയ വഴിയെന്ന് കരുതുന്ന കാമരൂപ് ജില്ലയിലെ ശാന്തിപൂരിലാണ് ദേശാടനപ്പക്ഷികളുടെ കുടിയേറ്റകേന്ദ്രം കൂടിയായ ദീപോര്‍ ബീല്‍ എന്ന മനോഹരപക്ഷിസങ്കേതം. ഗുവാഹത്തി വിമാനത്താവളത്തില്‍ നിന്ന് അഞ്ച് കിമീ ദൂരം മാത്രം. ആസാം സര്‍ക്കാരിന്‍റെ കീഴിലാണെങ്കിലും ഇന്ന് പക്ഷിസങ്കേതം കാത്തുസൂക്ഷിക്കുന്നത് ആരെന്ന് ചോദിച്ചാല്‍ ഉത്തം കൊലീത്ത എന്ന അമ്പത്താറുകാരനാണെന്നുവേണം പറയാന്‍. ഉത്തം കൊലീത്ത കൃഷ്ണമണിപോലെ നോക്കിയില്ലെങ്കില്‍ പക്ഷികളെ കാണുവാനോ പടംപിടിക്കുവാനോ കഴിയാതെവരും.
സീസണ്‍ സമയത്ത് പക്ഷികളെ കാണാന്‍ എല്ലാവരും വരും. സായിപ്പന്‍മാര്‍ വലിയ നീളന്‍ ക്യാമറയുമായി വരും. മണിക്കൂറുകളോളമോ ദിവസങ്ങളോളമോ കാത്തിരിക്കും നല്ല പടം കിട്ടാന്‍. വൈവിദ്ധ്യമാര്‍ന്ന കൊക്കുകളുടെ ഇടമായാണ് ദീപോര്‍ ബീല്‍ അറിയപ്പെടുന്നത്. ശിശിരകാലം കഴിഞ്ഞാല്‍, അവസാനത്തെ പക്ഷിയും പറന്നുപോയിക്കഴിഞ്ഞാല്‍ പിന്നെയാര്‍ക്കും ദീപോറിനെ വേണ്ട. ഇവിടത്തെ ചുറ്റുഗോവണി കയറി നിന്നാലാണ് ഏറ്റവും നല്ല പടം പിടിക്കാന്‍ സാധിക്കുക. എന്നാല്‍ ഇവിടം വൃത്തിയായി സൂക്ഷിക്കുവാന്‍ ആരുണ്ട്? കാടുപിടിച്ച് കിടന്നാല്‍ ആര്‍ക്കെങ്കിലും ഇങ്ങോട്ടേക്ക് വരാന്‍ സാധിക്കുമോ?
തടാകത്തിനടുത്തായി ചെറിയൊരു ഉദ്യാനമുണ്ട്. കുട്ടികള്‍ക്ക് കളിക്കാനായി ഒന്നുരണ്ട് ഉപകരണങ്ങള്‍. ഒരു കുഴല്‍ക്കിണര്‍. പക്ഷിനിരീക്ഷണത്തിനും ഫോട്ടോയെടുക്കാനുമായി കെട്ടിയുയര്‍ത്തിയ ചുറ്റുഗോവണിയും കോണ്‍ക്രീറ്റ് മട്ടുപ്പാവും. വാച്ച് ടവര്‍ എന്നു പേര്. ജനുവരി-ഫെബ്രു മാസത്തില്‍ വന്നാല്‍ അകത്തേക്ക് കടക്കാനാവുകയില്ല. അത്രയധികം ആളുകള്‍ നിരന്നിട്ടുണ്ടാവും. വാച്ച് ടവറില്‍ കയറാന്‍ നേരത്തേ ബുക്കുചെയ്യേണ്ടി വരും. സൈബീരിയായില്‍ നിന്നുള്ള ദേശാടനപ്പക്ഷികള്‍ കൂട്ടത്തോടെ വരുന്നത് കാഴ്ച തന്നെയാണ്. മാര്‍ച്ച് കഴിയുന്നതോടെ പക്ഷികള്‍ സ്ഥലം വിടും. അതോടെ കാണികളും അരങ്ങൊഴിയും. ക്യാമറകള്‍ തൂക്കി അവസാനത്തെ സഞ്ചാരിയും പോയിക്കഴിഞ്ഞാലുള്ള ആറുമാസക്കാലമാണ് ഉത്തംകൊലീത്തയുടെ യഥാര്‍ത്ഥ ജോലി ആരംഭിക്കുന്നത്.

ആസാമിലെ അപൂര്‍വം ശുദ്ധജലതടാകങ്ങളിലൊന്നാണിത്. ചുറ്റുമുള്ള പതിനാല് ഗ്രാമങ്ങളുടെ ആശ്രയം. കുടിവെള്ളവും മത്സ്യവും ഇഷ്ടംപോലെ നല്‍കുന്ന പൂര്‍വികപുണ്യം. ഗുവാഹത്തി എന്‍ എച്ച് 31-ല്‍ നിന്നും വടക്കുപടിഞ്ഞാറ് ജലുക്ബാരി ഖാനപാര ബൈപാസില്‍ 13 കിമീ മാറിയാണ് ദീപോര്‍ ബീല്‍. മഴക്കാലത്ത് തടാകത്തിന് 40 ചകിമീ വിസ്തൃതിയുണ്ട്. അതില്‍ 414 ഹെക്ടര്‍ പ്രദേശമാണ് പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെട്ടത്. റിമോട്ട് സെന്‍സിങ് ഉപയോഗിച്ച് തണ്ണീര്‍ത്തടങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ 1990നും 2002നും ഇടയ്ക്ക് 14% വിസ്തൃതി കുറഞ്ഞതായും കാണുന്നു. മീന്‍ പിടിത്തത്തിനും കുടിവെള്ളത്തിനും, ദേശീയപാതയിലേക്കുള്ള പ്രവേശനകവാടമായും, തടാകത്തെ ഉപയോഗപ്പെടുത്തുന്നവരാണ് സമീപത്തെ ഗ്രാമവാസികള്‍. തടാകത്തില്‍ നിന്ന് നോക്കിയാല്‍ റാണി-ഗര്‍ഭന്‍ഗ മലകള്‍ സുന്ദരമായ കാഴ്ച സമ്മാനിക്കുന്നു.
ബീല്‍പ്രദേശത്ത് 219 വിഭാഗത്തില്‍പ്പെട്ട പക്ഷികളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. എഴുപതിലധികം ദേശാടനസ്പീഷിസുകള്‍. സീസണില്‍ ഒരു ദിവസം ഇരുപതിനായിരം പക്ഷികളെ കണ്ടെത്താവുന്ന ഇടം. പക്ഷിസ്നേഹികള്‍ക്ക് അത്യപൂര്‍വമായവയെ കാണാനും വിജ്ഞാനപ്രദമായ പലതും നിരീക്ഷിക്കാനും അവസരം നല്‍കുന്നു ദീപോര്‍ ബീല്‍. പെലിക്കണ്‍, ലെപ്റ്റോപ്റ്റിലോസ്, ഐത്യബേരി, കടല്‍ക്കഴുകന്‍, സൈബീരിയന്‍ കൊക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന ദേശവിദേശ പക്ഷികളെ ഇവിടെകാണാം. തണ്ണീര്‍ത്തട പക്ഷികളുടെ വലിയ തദ്ദേശീയനിര തന്നെയുണ്ട്. അന്തര്‍ദേശീയ തലത്തില്‍ സംരക്ഷിക്കേണ്ടുന്ന പക്ഷിസങ്കേതമായി ശ്രദ്ധ നേടിയിട്ടുണ്ട്.
രാവിലെ ആറുമണിക്കുതന്നെ ഉത്തംകൊലീത്ത ഉദ്യാനത്തിലെത്തും. അവിടത്തെ ചെടികള്‍ നനക്കും. വാച്ച്ടവര്‍ ദിവസേന തൂവി വൃത്തിയാക്കും. ചപ്പുചവറുകള്‍ എടുത്ത് കളയും. ദീപാര്‍തടാകത്തില്‍ പുതിയ പറവകള്‍ വന്നിട്ടുണ്ടോ എന്ന് വെറുതെ നോക്കും. ഇല്ല വരാറായിട്ടില്ല. ദേശപ്പക്ഷികള്‍ തടാകത്തിലെ മത്സ്യങ്ങള്‍ കൊത്താനായി പറന്നിറങ്ങുന്നതു കാണും. വെകുന്നേരവും അനുഷ്ഠാനം പോലെ കൊലീത്ത ഉദ്യാനത്തിലെത്തി, കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുത്ത് നനക്കുകയും ശുചീകരണം നടത്തുകയും ചെയ്യുന്നു. ഉദ്യാനം വൃത്തിയാക്കി വച്ചിട്ടുണ്ട് കൊലീത്ത, സ്വന്തം വീടുപോലെ!
മെയ്മാസത്തിലെ ഒരുച്ചയിലാണ് ഉത്തംകൊലീത്തയെ കണ്ടുമുട്ടിയത്. കളിക്കാന്‍ വന്ന കുട്ടികളും വിശ്രമിക്കാന്‍ വന്ന ഒരു കുടുംബവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരെയും ശ്രദ്ധിക്കാതെ ഉത്തം കൊലീത്ത കുഴല്‍ക്കിണറില്‍നിന്ന് കുറച്ചുവെള്ളമെടുത്ത് പോയി. ചോദിച്ചപ്പോള്‍ പറഞ്ഞു, ‘ചിലവ ഇടയ്ക്കിടെ നനയ്ക്കണം, ചൂടിനെ അതിജീവിക്കണ്ടേ?’ എത്രവര്‍ഷമായി പൂന്തോട്ടം സൂക്ഷിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ചിരിച്ചു. മുപ്പതുവര്‍ഷത്തിലധികമായെന്ന് ആലോചിച്ച് പറഞ്ഞു, പിന്നെ നാല്‍പ്പതായിട്ടുണ്ടാവുമെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

വാച്ച്ടവറില്‍ നിന്നും കീഴോട്ടിറങ്ങിയാല്‍ ഫോട്ടോഗ്രഫി പോയിന്‍റുകള്‍ കാണാം. പക്ഷികള്‍ പറന്നുവരുന്നതും തടാകത്തില്‍നിന്ന് ഇരതേടുന്നതും കൃത്യമായി ഒപ്പിയെടുക്കാനുള്ള സ്ഥലങ്ങള്‍ ഉത്തമിന് നന്നായറിയാം. ഇദ്ദേഹത്തിന്‍റെ സഹായത്താലാണ് വലിയ ഫോട്ടോഗ്രാഫര്‍മാര്‍ അനുയോജ്യ സ്ഥലങ്ങളില്‍ ഇരിപ്പുറപ്പിക്കുക.
പൂന്തോട്ടം മാത്രമല്ല, തടാകത്തിന്‍റെ വാച്ച്ടവര്‍തീരം മുഴുവന്‍ നടന്ന് ശുചിയാക്കുകകൂടി ചെയ്യുന്നുണ്ട് ഉത്തം. പാഴ് വസ്തുക്കള്‍ എടുത്ത് കളയുന്നു. പ്ലാസ്റ്റിക് കത്തിച്ചുകളയുന്നു. പക്ഷികള്‍ക്ക് ഉപകാരപ്രദമായ സസ്യങ്ങള്‍ക്കുമേല്‍ കാട്ടുചെടികള്‍ വന്ന് മൂടാതിരിക്കാനും ശ്രദ്ധിക്കുന്നു. ആസാംസര്‍ക്കാരിന്‍റെ ടൂറിസംവകുപ്പിനാണ് വാച്ച്ടവര്‍ സംരക്ഷിക്കാനുള്ള ചുമതല. ‘സര്‍ക്കാരില്‍നിന്ന് ശമ്പളം കിട്ടുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ കൊലീത്ത കുഴങ്ങിപ്പോയി.വല്ലപ്പോഴും എന്തെങ്കിലും ഉദ്യോഗസ്ഥര്‍ തരുമെന്നാണ് കാഴ്ചകുറഞ്ഞുതുടങ്ങിയ കണ്ണു ഞരടിക്കൊണ്ട് അയാള്‍ പറഞ്ഞത്. അത്യപൂര്‍വമായ ഈ പക്ഷിസങ്കേതമേഖല സൂക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കുകയാണ് ഉത്തംകൊലീത്ത. ശമ്പളത്തിന് ജോലിചെയ്യുന്ന ആളല്ല, അയാള്‍. അയാളുടെ സേവനം ശമ്പളത്തിന് അതീതം. ‘പണം കിട്ടാതിരുന്നാല്‍ വിഷമമാവില്ലേ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ തിരിച്ചുചോദിച്ചു. ‘നമ്മുടെ വെള്ളവും നമ്മുടെ മണ്ണും നോക്കാന്‍ കൂലി ചോദിക്കാമോ?’ ആയിരക്കണക്കിന് ദേശാടനപ്പക്ഷികളുടെ ചിറകടിയൊച്ചയുണ്ടല്ലോ, ആ ചിറകടികള്‍ ഉത്തംകൊലീത്തയുടെ നന്ദിപ്രകടനമാണ്. അതിനപ്പുറം ഒന്നും ആവശ്യമില്ല. കൂടുതല്‍ സംസാരിക്കാന്‍ നില്‍ക്കാതെ അയാള്‍ നിറഞ്ഞ ബക്കറ്റുമായി ഉദ്യാനത്തിന്‍റെ ഓരത്തേക്ക് നടന്നു.

സംസാരത്തിനിടയില്‍ ഒരവകാശവാദം മാത്രമേ കൊലീത്ത ഉന്നയിച്ചുള്ളൂ. ‘ദീപോറില്‍ വരുന്ന ഏത് പക്ഷിയേയും ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞ് ഞാനതിന്‍റെ പേര് പറയും. കഴിഞ്ഞ വര്‍ഷം അതിവിടെ വന്നിട്ടുണ്ടോ എന്നും.”ഇതെങ്ങനെയാ സാധിക്കുന്നത്?’ സ്വന്തം കൈത്തണ്ടയിലെ നാഡിമിടിപ്പില്‍തൊട്ട് ഉത്തംകൊലീത്ത പറഞ്ഞു ‘പക്ഷികള്‍ക്കും മനുഷ്യര്‍ക്കും ഒരേ മിടിപ്പാ..’ ലോകം ഉറ്റുനോക്കുന്ന അന്തര്‍ദേശീയപ്രാധാന്യമുള്ള ദീപോര്‍ബീല്‍ പക്ഷിസങ്കേതം ജൈവസൂക്ഷ്മതയുള്ള ഈ മനുഷ്യന്‍റെ കൈകളില്‍ ഭദ്രമാണ്. ഞാൻ മനസ്സിൽ പറഞ്ഞു. ഇത്തരം മനുഷ്യരുള്ളതുകൊണ്ടാണ് ലോകം ജീവിക്കാൻ കൊള്ളാവുന്നതായിരിക്കുന്നത്. ഞാൻ മനസ്സിൽ പറഞ്ഞു.
സി ഗണേഷ്
മലയാള സര്‍വകലാശാല തിരൂര്‍ മലപ്പുറം ഫോ 9847789337
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.