അനന്ദകൃഷ്ണൻ
രാവിലെ 8 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുമാണ് യാത്രയുടെ തുടക്കം. 10 മണി ആവുമ്പോഴേക്കും ബാംഗ്ലൂർ എയർപോർട്ടിൽ എത്തി. ഇനി ഒരു ദിവസം അവിടെ സ്റ്റേ ചെയ്യണം. എയർപോർട്ടിന്റെ കുറച്ചടുത്തായിട്ടുള്ള ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിച്ചു. കൊറോണക്കാലമായതിനാൽ ബാംഗ്ലൂരിൽ കറങ്ങാനൊന്നും കഴിഞ്ഞില്ല. ഭക്ഷണം പോലും സ്വിഗി വഴി ഓഡർ ചെയ്താണ് കഴിച്ചത്. പിറ്റേന്ന് ഒരു ഊബർ വിളിച്ച് എയർപോർട്ടിലേക്കും അവിടുന്നു നേരെ ഡെറാഡൂണിലേക്കും പറന്നു. 3 മണി ആവുമ്പോഴേക്കും സ്ഥലമെത്തി.
നാട്ടിൽ നിന്നും RTPCR എടുത്തതുകൊണ്ട് കാര്യങ്ങളൊക്കെ എളുപ്പമായി. ഒരു ടാക്സി പിടിച്ച് നേരെ ചോക്ക്ടയിലേക്ക്. ഹൈവേയിലൂടെയാണ് യാത്രയെങ്കിലും രണ്ടു വശങ്ങളിലും കാടാണ്. 300 കിലോമീറ്ററോളം ഉള്ള ഈ യാത്രയുടെ ഭംഗി പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. മരങ്ങളും കുന്നുകളും പാറക്കെട്ടുകളും നദികളും നിറഞ്ഞ, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന അനുഭവം തരുന്ന യാത്ര.
ഒന്നര മണിക്കൂർ കൊണ്ട് ഋഷികേശിൽ എത്തിച്ചേർന്നു. ഫുഡ് കഴിച്ചു യാത്ര തുടർന്നു. വഴിയിൽ പ്രധാനപ്പെട്ട നാല് നദികളുടെ സംഘമസ്ഥലങ്ങൾ മുറിച്ചു കടന്നുവേണം പോകാൻ. രണ്ടെണ്ണം ദേവപ്രയാഗിൽ ആണ്. രണ്ടു നദികൾ യോജിക്കുന്ന സ്ഥലമാണ് ഇവിടം. അളകനന്ദയും ഭഗീരതിയും. അളകാപുരി നദിയുടെയും മന്ദാകിനി നദിയുടേയും സംഘമസ്ഥലമാണ് രുദ്രപ്രയാഗ് ജില്ല. രുദ്രപ്രയാഗിന്റെ ഒരു പ്രത്യേകത എന്തെന്നാൽ മുകളിൽ നിന്നു നോക്കിയാൽ കുന്നിന്റെ മുകളിൽ തട്ടുതട്ടായി വീടുകൾ വെച്ചിരിക്കുന്ന നയന മനോഹരമായ ദൃശ്യം കാണാം. ആ ദൃശ്യഭംഗി ആസ്വദിച്ചുകൊണ്ടിരിക്കെ സമയം പോയതറിഞ്ഞില്ല. സമയം 6 കഴിഞ്ഞിരുന്നു. വഴിയിൽ ഇരുട്ട് വീണു തുടങ്ങി. റോഡിന്റെ വീതി കുറഞ്ഞുവരുന്നുണ്ട്. കാട്ടിലൂടെയുള്ളെ കയറ്റമാണ്. പോകുന്നവഴിക്ക് കാട്ടുതീ കണ്ട് ഭയന്നെങ്കിലും അതവിടെ സ്ഥിരമാണെന്നു പറയുന്നത് കേട്ട് അത്ഭുതപ്പെട്ടുപോയി. ആദ്യമൊക്കെ ആളുകൾ തീ കെടുത്താൻ ശ്രമിച്ചിരുന്നു എങ്കിലും പിന്നെ പിന്നെ ആരും അതിനെ ഗൗനിക്കാതായിപോലും. കുറച്ചു ഫോട്ടോയൊക്കെ എടുത്ത് അവിടെ നിന്നും യാത്ര തുടർന്നു.
9 മണി ആവുമ്പോഴേക്കും ചോക്ഡ എത്തി. നല്ല തണുപ്പ്. താമസിക്കാൻ അനുയോജ്യമായ കുറച്ച് സ്ഥലങ്ങൾ മാത്രമേ അവിടുള്ളൂ, തമസയോഗ്യമായ ടെന്റുകളുണ്ട് അതിൽ വേണം കിടക്കാൻ. രണ്ട് ബെഡ്ഡും ഒരു കൊച്ചു ബാത്റൂമും ഉണ്ട്. ഭക്ഷണത്തിനായ് അവരുടെതു തന്നെ ഒരു ഹോട്ടലുണ്ട് പുറത്ത്. ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു, കുറച്ചു നേരം വിശ്രമിച്ചു. പിന്നീട് ലെഗേജുകളൊക്കെ എടുത്ത് സുരക്ഷിതമായി അകത്തേക്ക് വെച്ചു. രാത്രി കനക്കുന്നതനുസ്സരിച്ച് തണുപ്പിന്റെ കാഠിന്യവും കൂടിക്കൊണ്ടിരുന്നു. സമയം പോകുന്നതറിയാൻ തണുപ്പിന്റെ കാഠിന്യം കൂടുന്നത് നോക്കിയാൽ മതി. 8 ഡിഗ്രിയിലേക്ക് കുറഞ്ഞിരിക്കുന്നു. “മകരമാസകുളിരിലെ മരം കോച്ചുന്ന തണുപ്പ്” എന്നൊക്കെ നാട്ടിലെ തണുപ്പിനെ വർണ്ണിക്കുന്ന എനിക്ക്, യഥാർത്ഥ “മരം കോച്ചൽ” എന്താണെന്ന് ഇപ്പൊ മനസ്സിലായി തുടങ്ങി. എടുത്താൽ പൊങ്ങാത്ത ഒരു കമ്പിളിയുടെ ചൂടിനകത്തേക്ക് ഞാനഭയം പ്രാപിച്ചു. പിറ്റേ ദിവസത്തെ യാത്ര ആലോചിച്ചിട്ട് ഉറക്കം വന്നില്ല എന്നുള്ളത് വേറൊരു സത്യം. 10 കിലോമീറ്ററോളം നടക്കാൻ ഉണ്ട്. അതും 4000 മീറ്റർ മുകളിലേക്ക്. ജീവിതത്തിൽ അത്രയും ദൂരമൊന്നും മുകളിലേക്ക് നടക്കേണ്ടി വന്നിട്ടില്ല. മാത്രമല്ല ഉയരം കൂടുന്തോറും ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാവും എന്നൊക്കെ കേട്ടിട്ടുണ്ട്. അതൊക്കെ ആലോചിച്ചിട്ട് ടെൻഷനും ഉണ്ട്. തണുപ്പ് കൂടുന്നു. മൈനസ് ഒന്നിലേക്ക് എത്തി. കമ്പിളിയുടെ ചൂടിൽ തണുപ്പിനെ പ്രതിരോധിച്ചുകൊണ്ട് ഉറക്കത്തിലേക്ക്.
രാവിലെ 7 മണി ആവുമ്പോഴേക്ക് തന്നെ എണീറ്റ് ക്യാമറയുമായി പുറത്തിറങ്ങി. മഞ്ഞുമൂടുന്ന സമയമായത് കൊണ്ട് കുറേ ഏറെ കാഴ്ചകൾക്ക് സാധ്യതയുണ്ട്.
ചോക്ഡ വാലിയിൽ 120 ഓളം സ്പീഷിസിലുള്ള പക്ഷികളുണ്ട്. അവയെ എന്റെ ഫ്രെയ്മിൽ ആക്കണം, അതാണ് ലക്ഷ്യം. കുറച്ച് മുന്നോട്ട് നടക്കുമ്പോഴേക്കും തന്നെ പല പക്ഷികളുടെയും പടങ്ങളൊക്കെ എടുക്കാൻ സാധിച്ചു.
എട്ട് മണിയോടെ പ്രഭാത ഭക്ഷണമായ ചപ്പാത്തിയും ആലു പത്തലുമൊക്കെ കഴിച്ച് അവിടുന്നിറങ്ങി. നോൺ വെജ് ഒന്നും കഴിച്ചില്ല. കയറ്റം കയറുമ്പോൾ നോൺ വെജ് കഴിച്ചാൽ ബുദ്ധിമുട്ടുണ്ടാവും എന്നൊക്കെ പറയുന്നത് കേട്ടു. അതുകൊണ്ട് തന്നെ ആയിരിക്കും അവിടെ നോൺ കിട്ടുന്നത് വളരെ കുറവാണ്.
ചന്ദ്രശില ലക്ഷ്യം വെച്ചുള്ള നടത്തമാണ്. 10 കിലോമീറ്ററോളം ഉണ്ട്. പോകുന്ന വഴിയിൽ രണ്ടു ഭാഗത്തായിട്ട് ചുവന്ന പൂക്കൾ കാണാം. ഇത് ജ്യൂസടിച്ച് എനർജി ഡ്രിങ്ക് ആയി ഉപയോഗിക്കാറുണ്ടെന്നു പറഞ്ഞു കേട്ടു. മലയുടെ രണ്ടു സൈഡിലും ഈ പൂക്കളാണ്. ഒരു പ്രത്യേക ഭംഗിയുണ്ട്. മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് പോലെ.
ചന്ദ്രശില ട്രക്കിങ് ഒരു അനുഭവമാണ്. 11000 അടിക്ക് മുകളിലേക്കൊക്കെ എനിക്ക് കയറാൻ പറ്റുമോ എന്ന് തന്നെ അറിയില്ലായിരുന്നു. വളരെ പതുക്കെ, കുറച്ച് വിശ്രമിച്ച്, കുറച്ച് നടന്നും കയറിതുടങ്ങി. ഷോട്ട് കട്ടുകളൊക്കെ ഉണ്ടെങ്കിലും അതിലെ ഒന്നും പോകരുതെന്നും, പെട്ടന്നു തളരും എന്നും ഗൈഡ് പറഞ്ഞു തരുന്നുണ്ടായിരുന്നു.
ഓഫ് സീസണിൽ ആയതുകൊണ്ട് മഞ്ഞ് കുറവായിരുന്നു. അതുകൊണ്ട് നടത്തം കുറച്ച് എളുപ്പമായി. വഴിയിൽ കുറച്ച് പക്ഷികളുടെ കൂടി ഫോട്ടോ എടുക്കാൻ സാധിച്ചു. 3500 മീറ്റർ എത്തുമ്പോഴേക്കും 1000 വർഷത്തോളം പഴക്കമുണ്ടെന്നു പറയപ്പെടുന്ന തുംഗനാഥ് ക്ഷേത്രം കാണാൻ സാധിച്ചു. വളരെ ചെറിയ ക്ഷേത്രമാണ്. മുകളിലോട്ട് പോകുംതോറും ഇത്തരം കുഞ്ഞു കുഞ്ഞു ക്ഷേത്രങ്ങളാണ്. അവിടെ കയറി പ്രാർത്ഥിച്ച് യാത്ര തുടർന്നു. പിന്നീടങ്ങോട്ട് യാത്ര കഠിനമായിരുന്നു. നല്ല വഴികളില്ല, ശ്രദ്ധ ഒന്നു തെറ്റിയാൽ ഉരുണ്ട് മറിഞ്ഞ് താഴെ കൊക്കയിൽ എത്തും.
ഉച്ച ആവുമ്പോഴേക്കും മുകളിൽ എത്തി. അങ്ങ് ദൂരെ ഒരു 180 ഡിഗ്രി ചരിഞ്ഞ്, ചെറിയതോതിൽ മഞ്ഞുമൂടിക്കിടക്കുന്ന, സൂര്യ രശ്മി പ്രതിഫലിക്കുന്ന ഹിമാലയത്തിനെ കാണാൻ കഴിയും. യാത്രയുടെ പൂർണ്ണതയിലേക്ക് എത്തി എന്ന തോന്നൽ. വല്ലാത്ത ഒരു സമാധാനവും ആശ്വാസവും. കുറച്ചു നേരം ഹിമവാനെയും നോക്കി അങ്ങനെയിരുന്നു. ജീവിതത്തിൽ ഇങ്ങനെയും ചിലത് സംഭവിച്ചിട്ടില്ലെങ്കിൽ പിന്നെ ജീവിതത്തിനെന്തർത്ഥം എന്ന് തോന്നിപ്പോകും. അത്രയേറെ മനോഹരമായിരുന്നു അവിടെ ഞാൻ കണ്ട കാഴ്ചകളെകാളും അപ്പോഴെന്റെ മനസ്സിനുണ്ടായ ആനന്ദം. തിരിച്ചിറങ്ങാൻ മനസ്സനുവദിക്കാത്ത രീതിയിൽ ഞാൻ ആ ‘അവസ്ഥ’യെ ആസ്വദിച്ചിരുന്നുപോയി. അവിടുന്നുള്ള കാഴ്ചകളൊക്കെ കണ്ട് ഇറങ്ങാൻ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്. ‘മഞ്ഞു വീഴ്ച.’ ഓഫ് സീസണിൽ മഞ്ഞു വീഴ്ച ലഭിക്കുന്നത് അപൂർവ്വമാണ്. സന്തോഷം കൊണ്ട് മതിമറന്ന നിമിഷം. ആ കാഴ്ച കൺകുളിർക്കെ കണ്ടുനിന്നു. ഇവിടവരെ വന്നിട്ട് മഞ്ഞു പെയ്യുന്നത് കാണാതെ പോവുന്നതെങ്ങനെയാ.
ഹിമാലയത്തിന്റെ പ്രത്യേകത എന്തെന്ന് വെച്ചാൽ അവിടെ എപ്പോഴും നമ്മുടെ കൂടെ പട്ടികളുണ്ടാവും. ഭക്ഷണം കൊടുത്താൽ ഭയങ്കര സ്നേഹമായിരിക്കും. നമ്മുടെ കൂടെ താഴെ വരെ വരും. ഒരു നല്ല ഗൈഡ് ഡോഗുകളായി കൂട്ടാം ഇവറ്റകളെ. പോവുന്ന വഴിക്ക് ഒരു ഹിമാലയൻ മൊണാലിനെ കണ്ടു. ഫ്രയ്മൊക്കെ സെറ്റാക്കി വരുമ്പോൾ ഫോട്ടോ എടുക്കാൻ ഈ പട്ടി സമ്മതിച്ചില്ല. ചാടിവീണ് ആ പക്ഷിയെ ഓടിച്ചു. അതുകൊണ്ട് മൊണാലിന്റെ ഒരു ഫ്‌ളൈറ്റ് മാത്രം കിട്ടി. അവിടുന്ന് പതുക്കെ പതുക്കെ ഇറങ്ങി താഴെ എത്തുമ്പോഴേക്കും സമയം 6 ആയി. തിരിച്ചിറങ്ങി തെഴെ ടെന്റിലേക്ക് പോകാൻ കാറുണ്ടായിരുന്നു. 10 കിലോമീറ്റർ ഓടി ടെന്റിൽ എത്തിച്ചേർന്നു. അന്നേ ദിവസം ഭക്ഷണമൊക്കെ കഴിച്ച് അവിടെ കിടന്നുറങ്ങി. രാവിലെ എണീറ്റ് അടുത്ത യാത്രക്കും അനുഭവങ്ങൾക്കുമായി ഹൗലി ലോഹജങ്ക് ലക്ഷ്യമാക്കി യാത്ര തുടർന്നു.
തയ്യാറാക്കിയത് : സുർജിത്ത് സുരേന്ദ്രൻ
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) [email protected] , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.