ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 11
…
അജീഷ് അജയൻ
കഷ്ടിച്ചുറങ്ങി എന്നു പറയാം, അതിരാവിലെ തന്നെ എല്ലാവരും തയ്യാറായി. 287 കിലോമീറ്റർ ദൂരം കടന്നു പോകാൻ ഗൂഗിൾ പറയുന്ന സമയം 9 മണിക്കൂർ, 1 മണിക്കൂറിൽ 30 കിലോമീറ്റർ, മലകയറ്റം അതി കഠിനമായിരിക്കും എന്നുറപ്പാണ്. മഴ ഹിമാചൽ പ്രദേശിലെ റോഡുകളെല്ലാം തകർത്തിരുന്നു എന്നറിയാൻ കഴിഞ്ഞു.
ബഡി വരെ റോഡ് ആളൊഴിഞ്ഞതായിരുന്നു, കുറച്ചു ലോറികളും, വിരലിലെണ്ണാവുന്ന കടകളും മാത്രമേ തുറന്നിരുന്നുള്ളൂ. ബഡിയിൽ നിന്നും ഒരു ചായ കുടിച്ചു ബിലാസ്പൂർ ലക്ഷ്യമാക്കി നീങ്ങി. കോയമ്പത്തൂർ കോതഗിരി റോഡിനെ അനുസ്മരിപ്പിക്കുന്ന വളഞ്ഞു പുളഞ്ഞ വീതി കുറഞ്ഞ എന്നാൽ നല്ല റോഡായിരുന്നു കുറച്ചു ദൂരം. ചമ്പ പരിസരങ്ങൾ മുതൽ റോഡ് മോശമായിത്തുടങ്ങി. ഇത്തിരി കൂടെ പോയപ്പോഴേക്കും റോഡിൽ ടാർ കാണാതെയായി, മുഴുവനും കുഴികളും ചളിയും.
കൂനിന്മേൽ കുരു എന്നു പറഞ്ഞ പോലെ ബ്ലോക്കു തുടങ്ങി, വഴിയിൽ കണ്ട തിരിച്ചിറങ്ങുന്ന ഒരു ബൈക്കു യാത്രക്കാരൻ പറഞ്ഞപ്പോളാണ് മലയിടിച്ചിൽ ഉണ്ടെന്നും ബൈക്കിനു പോകാവുന്ന മറ്റൊരു റോഡുണ്ടെന്നും അറിഞ്ഞത്. ഒരു നാട്ടുകാരനോടും ചോദിച്ചു യാത്രാ യോഗ്യമാണെന്നു ഉറപ്പിച്ചു ആ വഴിയേ തിരിഞ്ഞു. വളരെ മോശം റോഡ്, ചെറിയ മഴയും തുടങ്ങി, ഇതൊന്നും പോരാത്തതിന് തലേന്നു മാറ്റിയ കോണ്സെറ്റ് ലൂസ് ആയിത്തുടങ്ങി, വണ്ടി അതിന്റെ പാട്ടിനു പോകുന്ന പോലെ. ഒരു വിധേന ഷിംലക്കു തിരിയുന്ന കോത്തി പുര എന്ന സ്ഥലത്തിനടുത്തു ചെന്നു കയറി. അവിടെയും താഴേക്കിറങ്ങുന്ന ഭാഗത്ത് നല്ല തിരക്കായിരുന്നു. ബ്ലോക്ക് അത്രയും ദൂരത്തോളം എത്തിയിരുന്നു.
ഒരു വിധേന ബിലാസ്പുർ എത്തിപ്പെട്ടു. റോഡരുകിൽ വച്ചു തന്നെ വീണ്ടും പാവം ജിഷിൽ കോണ്സെറ്റ് ഊരി, ഞാനും രാഹുലും കൂടെ മുന്നിലെ ഫോർക്കും താങ്ങി നിന്നു. ഒരു വിധേന പണി തീർത്തു വണ്ടി എടുത്തു. റോഡിലിരുന്നു ചെയ്തതാണെങ്കിലും കോണ്സെറ് നന്നായി അടിച്ചിരുന്നതിനാൽ വണ്ടി സുഖമായി ഓടിക്കാൻ പറ്റി. മോശം റോഡുകളിൽ ഫൂട്ട് പെഗ്ഗിൽ നിന്നു ഓടിക്കുന്നതാണ് കൂടുതൽ സൗകര്യം, കൂടുതൽ ബാലൻസും, ഭാരം നടുവിലേക്കു കേന്ദ്രീകരിക്കാനും എളുപ്പമാണ്.
ഒരു വിധേന മണ്ടി എത്തിപ്പെട്ടു. രാവിലെ മുതൽ ബിസ്ക്കറ്റും ചായയും മാത്രമായിരുന്നു എല്ലാവരും കഴിച്ചിരുന്നത്. ഭക്ഷണം കഴിക്കാൻ വണ്ടി നിർത്തിയപ്പോൾ മറ്റൊരു മലയാളി റൈഡിങ് ടീമും വന്നു പരിചയപ്പെട്ടു. അവർ ശ്രീനഗർ വഴി കയറി തിരിച്ചു പോവുകയാണ്. അവിടെ നിന്നും ഇറങ്ങുമ്പോൾ 3 മണി കഴിഞ്ഞിരുന്നു. വെള്ളമുണ്ടായിരുന്നെങ്കിൽ പോലും, മുന്പോട്ടുള്ള റോഡ് താരതമ്യേന ഭേധമായിരുന്നു. ഒരു വശത്തുകൂടി ബിയാസ് നദി രൗദ്രരൂപം പൂണ്ട് ഒഴുകുന്നത് ഇത്തിരി ഭയപ്പെടുത്താതിരുന്നില്ല, മഴ നന്നായി കൂടി, വെളിച്ചം കുറഞ്ഞുവന്നു.
മണാലിയുടെ തുടക്കത്തിലെ ഗ്രീൻ ചെക്പോസ്റ്റ് എത്തിയപ്പോളേക്കും 7 മണിയായിരുന്നു. നികുതി അടച്ചു കഴിഞ്ഞു ഓപ്പൺ റോഡ് ക്യാമ്പിലെ ബോധിയെ വിളിച്ചു. അധികം ദൂരെയല്ലാതെ തന്നെ റോഡരുകിൽ പുള്ളി നിൽപ്പുണ്ടായിരുന്നു. ചെറിയൊരു ഓഫ്‌റോഡ് ഇറങ്ങി ഞങ്ങൾ ക്യാമ്പിലെത്തി.
ബോധിയും സമിക്ഷയും യാത്രയോടുള്ള സ്നേഹം കാരണം, കോർപറേറ്റ് ജോലികൾ ഉപേക്ഷിച്ചു മണാലിയിൽ ക്യാമ്പ് നടത്തുകയാണ്. അവരുടെ സ്വർഗത്തിലേക്ക് പ്രവേശിച്ചു. നല്ല വലുപ്പമേറിയ, ബാത്റൂം ഉൾപ്പടെയുള്ള ടെന്റായിരുന്നു. മഴ നനഞ്ഞു വന്നതിനാൽ അസഹനീയമായ തണുപ്പുണ്ടായിരുന്നു. അതു മനസ്സിലാക്കിയ സമിക്ഷ ഉടനെ ഒരു ക്യാമ്പ് ഫയർ ഉണ്ടാക്കി. ശരീരം ചൂടു പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പൂച്ചയും ഞങ്ങൾക്ക് കൂട്ടായി എത്തി. ഭക്ഷണത്തിനു ഓർഡർ എടുത്തു സമിക്ഷ താഴേക്കു പോയി.
മോഗ്ലി എന്ന ആ പൂച്ച, മാർട്ടിൻ എന്ന ഒരു ജർമ്മനിക്കാരന്റേതായിരുന്നു. അവർ രണ്ടു പേരും അദ്ദേഹത്തിന്റെ ബൈക്കിൽ ലോകം ചുറ്റിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാൻ വഴി, നമ്മുടെ വാഗാ ബോർഡർ കടന്നാണ് അവർ ഇന്ത്യയിൽ എത്തിയത്. മാർട്ടിനെ പരിചയപ്പെട്ടു, അദ്ദേഹം അടുത്ത ഒരു വർഷത്തോളം ഇന്ത്യ കറങ്ങാനാണ് പദ്ധതി(ഇതു 2018 സെപ്റ്റംബർ ആണ്, പിന്നീട് മാർട്ടിൻ നല്ലൊരു സുഹൃത്തായി, 2021 ലും അദ്ദേഹത്തിന് കോവിഡ് കാരണം ഇന്ത്യയിൽ നിന്നും പോകാനായിട്ടില്ല, കുറേക്കാലം കേരളത്തിൽ ഉണ്ടായിരുന്നു).
അടുത്ത ദിവസം മാർട്ടിനും മലയാളിയായ അതുൽ ബോസും മറ്റൊരു സുഹൃത്തും കൂടെ സ്പിറ്റി വാലി കാണാൻ പോവുകയാണ്. ഞങ്ങൾക്ക് രാവിലെ മണാലിയിൽ നിന്നും റോതാങ് പാസ്സ് കടന്നു “ലേ” പോകാനുള്ള പാസ്സ് എടുക്കണം. അതു കഴിഞ്ഞു സർച്ചു വരെ എത്തണം എന്നായിരുന്നു പദ്ധതി.
ചൂടു ഫ്രൈഡ് റൈസും ചിക്കൻ കറിയും എല്ലാവരും വയറു നിറയെ കഴിച്ചു. ഞാനും മാർട്ടിനും ഷെമീലിക്കയും കുറെ സംസാരിച്ചു, മാർട്ടിന്റെ യാത്രയെപ്പറ്റിയും, അദ്ദേഹം യാത്രാ ചിലവു കണ്ടെത്തുന്നതിനെപ്പറ്റിയുമൊക്കെ. അപ്പോഴും മഴക്കു പോകാൻ താൽപര്യമില്ലായിരുന്നു, നല്ല തണുപ്പും, പയ്യെ കട്ടിയേറിയ കമ്പിളിക്കകത്തേക്കു ഞാനും വലിഞ്ഞു കയറി.
തുടരും….
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.