ഒരു ഹാൻഡിൽ ബാറിന് പുറകികെ ജീവിതം – ഭാഗം 10
…
അജീഷ് അജയൻ:
ഈ യാത്രയിലെ ഏറ്റവും മികച്ച ദിവസത്തിനു ശേഷം ഓയോ റൂമിനടുത്തെത്തിയ ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. പാർക്കിങ്ങ് ഇല്ല, കരോൾ ബാഗിലെ ഒരു തിരക്കേറിയ തെരുവ്, തൊട്ടടുത്തു വാഹന പൊളി മാർക്കറ്റ്. വണ്ടി പുറത്തു നിർത്തുന്നത് ഒട്ടു സുരക്ഷിതമല്ല എന്നുറപ്പാണ്, ആ ബുക്കിംഗ് ക്യാൻസൽ ചെയ്തു.
ഒരുപാടു തിരഞ്ഞു അവസാനം അടുത്ത ഹോട്ടൽ കിട്ടിയത് ദൂരെ ദില്ലി എയർപോർട്ടിനടുത്താണ്. കുറേയേറെ ദൂരം ആ രാത്രി അലയേണ്ടി വന്നു. അവിടെയെത്തിയപ്പോൾ, ഇടി വെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറഞ്ഞ പോലെ അവിടെയും റൂമില്ല. എന്തു ചെയ്യും എന്നാലോചിച്ച് നിൽക്കുമ്പോളാണ് കേരള വണ്ടി കണ്ടു ഒരുകൂട്ടം മലയാളികൾ വന്നത്. ഒരു കോളേജ് പ്രിൻസിപ്പാൾ ആയ മനോജ് സാറും കൂട്ടുകാരും. അവർ താമസിച്ചിരുന്ന ഓയോ ഹോട്ടലിൽ ഒഴിവുണ്ടോ എന്നു നോക്കാം എന്നു പറഞ്ഞു അദ്ദേഹം അങ്ങോട്ടു വിളിച്ചു. ഭാഗ്യത്തിനു അവിടെ റൂമുണ്ടായിരുന്നു, നല്ല പാർക്കിങ്ങും.
നല്ല ക്ഷീണമുണ്ടായിരുന്നതിനാൽ എല്ലാവരും പെട്ടെന്ന് തന്നെ കിടന്നു. ഉറക്കം വരാത്തതിനാൽ ഒന്നു നടന്നിട്ട് വരാം എന്നുകരുതി പുറത്തേക്കിറങ്ങി. ചായക്കട തിരഞ്ഞു നടക്കുമ്പോൾ വീണ്ടും മനോജ് സാറിനെ കണ്ടു. കഥകൾ പറഞ്ഞു ഞങ്ങൾ കുറെ ദൂരം നടന്നു. അദ്ദേഹത്തിനു ഡൽഹി നല്ല പരിചയമായിരുന്നു, അഡ്‌മിഷൻ അവശ്യങ്ങൾക്കായും മറ്റും ഇടക്കിടെ വരാറുണ്ടായിരുന്നു, നല്ലൊരു ചായക്കട കണ്ടു പിടിച്ചു.
12 മണിയായിട്ടും ഡൽഹിയും ഉണർന്നിരിക്കുകയായിരുന്നു. ഏതാണ്ട് ഒരു മണിയോടെ തിരിച്ചു ഹോട്ടലിൽ എത്തി, മനോജ് സാർ 2 ദിവസം ഉണ്ടെന്നും ചണ്ഡീഗഡ് പോകാൻ ഇവിടെ നിന്നും എളുപ്പമാണെന്നും പറഞ്ഞു, അടുത്ത ദിവസം കാണാം എന്ന ധാരണയിൽ പിരിഞ്ഞു.
രാവിലെ 8 മണിക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാൻ വരുന്നില്ലേ എന്നു ചോദിച്ചു ഹോട്ടൽ റിസപ്ഷനിൽ നിന്നും വിളിച്ചപ്പോൾ ജിഷിലാണ് ആദ്യം എണീറ്റത്. അവൻ എല്ലാവരെയും വിളിച്ചെഴുന്നേല്പിച്ചു. വെജ് സാൻഡ്‌വിച്ചും മുട്ടയും വെജിറ്റബിൾ സലാഡും കഴിച്ചു മീഡിയ വൺ ചാനലിന്റെ ഫോട്ടോ ഷൂട്ടിനായി ഇന്ത്യാഗേറ്റിലേക്ക് ഇറങ്ങി. ഇത്രയും മോശമായ ട്രാഫിക് മറ്റെവിടെയും കണ്ടിട്ടില്ല. 3 മണിക്കൂറോളം ഉന്തിത്തള്ളി ഷിതീഷേട്ടന്റെ അടുത്തെത്തി. ഞങ്ങൾ നോട്ടീസ് കൊടുക്കുന്നതും മറ്റും അവർ വീഡിയോ എടുത്തു. രാഹുലിന് വയറിനു നല്ല സുഗമില്ലാത്തതിനാൽ അവൻ വന്നിരുന്നില്ല. വീണ്ടും കേരള ഹൗസിൽ പോയി ഉച്ച ഭക്ഷണം കഴിച്ചു. കാസർഗോഡു നിന്നും കണ്ണൂരിൽ നിന്നുമുള്ള കുറച്ചു റൈഡേഴ്‌സ് അവിടെയുണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെട്ടു.
ഞാനും ജിഷിലും രാഹുലിനുള്ള ഭക്ഷണവുമായി റൂമിലേക്ക് തിരിച്ചു. അഖിലിന്റെ ലഗ്ഗേജ് കാരിയർ പോയിരുന്നു. പുതിയ ഒരെണ്ണം വാങ്ങാനും കുറച്ചു സാധനങ്ങൾ വാങ്ങാനുമായി, അഖിലും മുകേഷേട്ടനും അഖില ചേച്ചിയും കൂടി അങ്ങോട്ടു പോയി. ഷമീലിക്ക കണ്ണടയുടെ ഫ്രെയിം മാറ്റാനും രാജ്ഘട്ട്, കുത്തബ് മിനാർ എന്നിവ കാണാനും പോയി. മുൻപ് പോയിട്ടുള്ളതായിരുന്നതിനാൽ അതൊരു നഷ്ടമായിരുന്നില്ല.
ഉച്ചയായതു കൊണ്ട് ട്രാഫിക് കുറവായിരുന്നു. രാഹുലിന് ഭക്ഷണവും മരുന്നും കൊടുത്തു അടുത്ത റോയൽ എൻഫീൽഡ് ഷോറൂം തിരഞ്ഞു ഞാനും ജിഷിലും പോയി. കോണ്സെറ്റ് കിട്ടിയില്ല എന്നുമാത്രമല്ല വളരെ മോശം അനുഭവമാണ് ലഭിച്ചത്. നാട്ടിലെ റോയൽ എൻഫീൽഡ് മേലധികാരികളെ വിളിച്ചു കാര്യം പറഞ്ഞു, ചണ്ഡീഗഡ് ഷോറൂമിൽ ചെന്നാൽ മതി അവിടെ പറഞ്ഞേൽപിക്കാം എന്നായിരുന്നു മറുപടി.
തിരിച്ചു റൂമിലെത്തി, മനോജ് സാറുടെ കൂടെ നടക്കാനിറങ്ങി. വ്യത്യസ്തമായ പല ഭക്ഷണങ്ങളും രുചിച്ചു. നല്ലൊരു വൈകുന്നേരത്തിന് ശേഷം നേരത്തേ തന്നെ മനോജ് സാറിനോട് യാത്ര പറഞ്ഞു ഞങ്ങൾ കിടന്നു. എല്ലാവരും 8 മണിയോടെ തന്നെ തിരിച്ചു ഹോട്ടലിൽ എത്തിയിരുന്നു. രാവിലെ നേരത്തെ പോകണം എന്നതായിരുന്നു പദ്ധതി. പതിയെ എ ആർ റഹ്മാൻ ഗാനത്തോടൊപ്പം ഉറക്കത്തിലേക്ക്.
എല്ലാവരും നേരത്തെ തന്നെ എണീറ്റു, ഡൽഹി ട്രാഫിക് തുടങ്ങും മുൻപേ പുറത്തു കടക്കണം എന്നുള്ളതായിരുന്നു ഉദ്ദേശം. ബ്രേക്ഫാസ്റ്റ് കഴിക്കാൻ പോലും നിന്നില്ല. പാനിപ്പറ്റ്, കർനാൽ, അംബാല വഴി ചണ്ഡീഗഡ്. ട്രാഫിക് തുടങ്ങും മുൻപേ തന്നെ സോണിപറ്റ് എത്തി. നല്ല ചൂടായിരുന്നു, എല്ലാവരും ജാക്കറ്റിനുള്ളിൽ വിയർത്തു കുളിച്ചു. ബ്രേക്ഫാസ്റ്റ് കഴിക്കാനായി വഴിയരികിലെ ഒരു ദാബയിൽ വണ്ടി നിർത്തി. റൊട്ടിയും, തൈരും മിക്സഡ് വെജിറ്റബിൾ മസാലയും കഴിച്ചു പുറത്തിറങ്ങി. ഒരു ഉത്തരാഖണ്ഡ് വണ്ടി ബൈക്ക് കണ്ടു നിർത്തി. അദ്ദേഹം ഒരു റിസോർട്ട് മുതലാളിയാണ്, ബി എൻ ടംടാ, യാത്രാ വിശേഷങ്ങൾ ചോദിച്ചു മനസിലാക്കി, പ്രളയത്തെക്കുറിച്ചും. ഉത്തരാഖണ്ഡ് വരുമ്പോൾ വിളിക്കണം എന്നു പറഞ്ഞു വിസിറ്റിംഗ് കാർഡും തന്നു.
പോകുന്ന വഴിയിൽ കാഴ്ചകൾ കാര്യമായി ഇല്ലാത്തതിനാൽ തന്നെ കാര്യമായി നിർത്തിയില്ല. നല്ല തിരക്കുള്ള റോഡും ചൂടും എല്ലാം കൂടെ വല്ലാതെ മുഷിപ്പിച്ചു. ഇടക്ക് എവിടെയോ വച്ചു മുകേഷേട്ടന്റെ വണ്ടിയും അഖിലിന്റെ വണ്ടിയും വഴി തെറ്റി. വിളിച്ചു വഴി തെറ്റിയ കാര്യം പറഞ്ഞു, അവർ ഏതാണ്ട് 30 കിലോമീറ്റർ പുറകിലായിരുന്നു. സമയം 2 മണിയോട് അടുത്തായിരുന്നു. അംബാല പരിസരത്തു ഒരു ടയർ കടയിൽ വണ്ടി നിർത്തി. എന്റെയും രാഹുലിന്റെയും ടയർ മാറ്റാനുണ്ടായിരുന്നു. അവിടെ നിന്നും മുകേഷേട്ടനു ലൊക്കേഷൻ വാട്സാപ്പിൽ അയച്ചു കൊടുത്തു.
അവർക്ക് വീണ്ടും ഒരു വളവു മാറിപ്പോയി, അവർ നേരെ ചണ്ഡീഗഡ് റൂട്ടിലേക്കു പോയിരുന്നു. വിളിച്ചപ്പോൾ ഏതാണ്ട് 12 കിലോമീറ്ററോളം മുന്നോട്ടു പോയിരുന്നു. എങ്കിൽ ചണ്ഡീഗഡ് ഷോറൂമിൽ പോയി സ്പെയർ പാർട്സുകൾ വാങ്ങിച്ചു വക്കാൻ പറഞ്ഞു വിട്ടു. ടയറുകൾ മാറ്റി ഞങ്ങളും പുറകെ വിട്ടു. സ്പെയർ പാർട്സുകൾ വാങ്ങി ബുക് ചെയ്ത ഓയോ തിരഞ്ഞു പോയി.
നല്ല വൃത്തിയുള്ള പട്ടണം, ഒരുപാട് റൗണ്ട് അബൗട്ടുകൾ താണ്ടി ഗൂഗിൾ ഞങ്ങളെ ഹോട്ടലിൽ എത്തിച്ചു. ഒരു ചേരി താണ്ടി, കുറേയേറെ ചളി ഉള്ള വഴികളിലൂടെയൊക്കെ പോയെങ്കിലും നല്ല ഹോട്ടലായിരുന്നു. അവിടെ ലഗ്ഗേജ്‌സ് ഇറക്കി വച്ചു ഞാനും ജിഷിലും രാഹുലും കൂടെ എന്റെ വണ്ടിയുടെ കോണ്സെറ്റ് മാറ്റി, നല്ല ശ്രമകരമായ ജോലിയായിരുന്നു. അതു കഴിഞ്ഞു എല്ലാ വണ്ടികളുടെയും ചെയിൻ മുറുക്കി, വൃത്തിയാക്കി. നാളെ മുതൽ കടന്നു പോവാനുള്ളതു മോശം റോഡുകളും ഹിമാലയ പർവതവുമാണ്.
ഭക്ഷണം കഴിച്ചു, പോകാനുള്ള റൂട്ടും അടുത്ത ദിവസത്തെ പദ്ധതികളും ചർച്ച ചെയ്ത്, എല്ലാവരും നേരത്തെ കിടന്നുവെങ്കിലും, ആവേശം കാരണം ആരും ഉറങ്ങിയില്ല. ഞാനും ഷെമീലിക്കയും കുറെ സംസാരിച്ചു. ഇൻസ്റ്റാഗ്രാം വഴി മറ്റൊരു റൈഡർ എനിക്കു മെസ്സേജ് അയച്ചിരുന്നു. മണാലിയിലെ താമസം അവരുടെ ഓപ്പൺ റോഡ്‌സ് എന്ന ക്യാമ്പിംഗ് സൈറ്റിൽ ആക്കാമെന്നു. ഫോട്ടോ കണ്ടപ്പോൾ ശരിക്കും സ്വർഗ്ഗം തന്നെ. അവിടെ തന്നെയാക്കാം അടുത്ത ദിവസത്തെ താമസം എന്നു ജിഷിലും ഷമീലിക്കയും പറഞ്ഞു. നാളെ മുതലുള്ള കാഴ്ചകളും അനുഭവങ്ങളും ഓർത്തങ്ങനെ കിടന്നു, ഇടക്കെപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു.
തുടരും.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) [email protected] , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.