ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 08
അജീഷ് അജയൻ:
രാവിലെ എഴുന്നേറ്റപ്പോളാണ് തലേന്നുറങ്ങിയ ഹോട്ടൽ ഒരു കൊച്ചു കൊട്ടാരം തന്നെ ആയിരുന്നു എന്നു മനസ്സിലായത്. രാജ ദർബാറിനെ ഓർമിപ്പിക്കുന്ന തരം ഇരിപ്പിടങ്ങൾ, വിശാലമായ മുറികൾ, കല്ലിൽ തീർത്ത കൊത്തു പണികൾ, ഓട്ടു പാത്രങ്ങൾ, ചെമ്പു തളികകൾ.
കാലത്തേ തന്നെ റൈഡ് ഫോർ ബ്രദർഹുഡിലെ രവി സോണി ഭായി കാണാൻ വന്നു. കുശാലന്വേഷണങ്ങൾക്കു ശേഷം യാത്രാമംഗളങ്ങൾ നേർന്നു അദ്ദേഹം യാത്രയായി.
മഴ പെയ്യുന്നുണ്ടായിരുന്നു, നീണ്ട ഹൈവേയിലൂടെ ഞങ്ങൾ മുന്നോട്ടു കുതിച്ചു. അജ്‌മീർ ദർഗ, ജയ്പൂർ പാലസ് ഒക്കെയാണ് ലക്ഷ്യം. ഓരോരുത്തർക്കും ഓരോ യാത്രാ രീതികൾ ഉണ്ട്. ചിലവു കുറക്കുന്നതിന്റെ ഭാഗമായി ടെന്റ് ഒക്കെ വച്ചു യാത്ര ചെയ്തിട്ടുണ്ടെങ്കിലും 2 ദിവസത്തിൽ കൂടുതലാകുമ്പോൾ വല്ലാതെ ക്ഷീണം വരാറുണ്ട്. ഓയോ റൂംസ് അല്ലെങ്കിൽ ഒരു സ്റ്റാൻഡേർഡ് ഹോട്ടലിൽ റൂമെടുക്കുമ്പോൾ കിട്ടുന്ന ഉറക്കം അല്ലെങ്കിൽ ചൂടു വെള്ളത്തിലെ കുളി അടുത്ത ദിവസം തരുന്ന ഉന്മേഷം വേറെ തന്നെയാണ്.
സാധാരണ ബൈക്കു യാത്രയിൽ 80 കിലോമീറ്ററൊക്കെയാണ് ഒറ്റയടിക്ക് ഓടിക്കാറുള്ളത്. അതു നമുക്കും വണ്ടിക്കും കൂടുതൽ വിശ്രമം തരാറുണ്ട്. പക്ഷെ നഷ്ടമായ സമയം തിരിച്ചു പിടിക്കാനായി 140, 150 കിലോമീറ്റർ ഒക്കെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. അതു പലർക്കും നല്ല വിഷമം ഉണ്ടാക്കുന്നു എന്നെനിക്കു തോന്നി.
ഏതാണ്ട് 5 മണിക്കൂർ കൊണ്ട് 270 കിലോമീറ്ററോളം താണ്ടി ഞങ്ങൾ അജ്‌മീർ എത്തി. നല്ല തിരക്കുള്ള വീഥികൾ, വീടുകളും ഹോട്ടലുകളും ഇടതൂർന്ന തെരുവുകൾ, സൈക്കിൾ റിക്ഷകളും, വഴിയോര കച്ചവടക്കാരും തിങ്ങിനിറഞ്ഞ കുറെയേറെ വഴികൾ താണ്ടി ദർഗയുടെ പരിസരങ്ങളിൽ എത്തി. വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം വളരെ കുറവ്, ഉള്ള പെയ്ഡ് പാർക്കിങ് എല്ലാം തിങ്ങി നിറഞ്ഞു കിടക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷം. പാകം ചെയ്ത ഭക്ഷണങ്ങളുടെ ബാക്കിയും പ്ലാസ്റ്റിക്കും വല്ലാതെ മുഷിപ്പിച്ചു.
അവസാനം ഒരു പാർക്കിങ് കണ്ടു പിടിച്ചെങ്കിലും, സുരക്ഷിതമല്ല. 2 ടീം ആയി പോകാൻ തീരുമാനിച്ചു. അഖിലും രാഹുലും ജിഷിലും ഷെമീലിക്കിയും ആദ്യം പോയി. അവർ തിരിച്ചു വരുന്ന വരെ അവിടെ നിൽക്കാൻ കുറെയേറെ ബുദ്ധിമുട്ടി. അവർ തിരിച്ചു വന്നതും ഞങ്ങൾ ദർഗ ലക്ഷ്യമാക്കി നടന്നു. വഴിയും പരിസരങ്ങളും വൃത്തിഹീനമാണെങ്കിലും ദർഗ നന്നായി പരിപാലിച്ചിരുന്നു. ഒട്ടേറെ തീർത്ഥാടകരെയും കണ്ടു. കൈകാലുകളും മുഖവും വൃത്തിയാക്കി ദർഗയിലേക്ക് പ്രവേശിച്ചു.
മറ്റൊരു ലോകം തന്നെയായിരുന്നു അത്. വൃത്തിയുള്ള നിലങ്ങളും ശാന്തമായ അന്തരീക്ഷവും. അവിടത്തെ രീതികളെക്കറിച്ചും ആചാരങ്ങളെക്കുറിച്ചും ഒരാൾ പറഞ്ഞു തന്നു. അവിടെ ജപിച്ച ഒരു മഞ്ഞയും ചുവപ്പും കലർന്ന നിറത്തിലുള്ള ചരടും തന്നു. കുറച്ചു ഫോട്ടോകൾ എടുത്ത് അവിടെ നിന്നും ഇറങ്ങി.
വഴി തെറ്റിയിരുന്നു. 2 കൂട്ടമായാണ് ഞങ്ങൾ ആ തിരക്കിൽ നിന്നും പുറത്തു കടന്നത്. വളരെ വൃത്തിഹീനമായ ഒരു റോഡിലൂടെയാണ് ഞങ്ങൾ പുറത്തിറങ്ങിയത്. മുകേഷേട്ടൻ അഖിൽ ഒക്കെ വേറെ വഴിക്കും. ഹൈവേ പിടിച്ചപ്പോഴേക്കും നേരം വൈകി. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും 4 കഴിഞ്ഞു.
പിന്നെ എവിടെയും നിർത്താതെ നേരെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്‌പൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ലോകത്തിലെ തന്നെ പാരമ്പര്യ പട്ടണങ്ങളുടെ എണ്ണത്തിൽ സ്ഥാനമുള്ള സിറ്റി. ആൽബർട്ട് ഹാൾ മ്യൂസിയം, ജാൽ മഹൽ, ജന്തർ മന്ദിർ ഒക്കെ കാണണം എന്നായിരുന്നു ഉദ്ദേശമെങ്കിലും സമയം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. ഒരു വിധേന ഓയോ കണ്ടു പിടിച്ചു എത്തിപ്പെട്ടു.
രാത്രി സാധനങ്ങൾ ഇറക്കി വച്ചു ഒന്നു കറങ്ങി, നല്ല തിരക്കുണ്ടായിരുന്നു. ജയ്‌പൂരിന്റെ നാടൻ രുചി നുകരാനും മറന്നില്ല. രാജസ്ഥാനി താലിയും പ്യാസ് കചോരിയും ഗോൾ ഗപ്പയും വയറു നിറയെ കഴിച്ചു. അടുത്ത ദിവസം ഉച്ചയോടെ ഡൽഹി പിടിക്കണം എന്നുറപ്പിച്ചു, മുകേഷേട്ടന്റെ സർപ്രൈസ് ഡല്ഹിയിലാണ്, അതെന്താണെന്നുള്ള ത്രില്ലിൽ ഉറക്കവും വന്നില്ല…
തുടരും…
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) [email protected] , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.