ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 09
അജീഷ് അജയൻ:
സസ്പെൻസ് താങ്ങാനാവാത്തതിനാലാണെന്നു തോന്നുന്നു, അന്നു ആദ്യം എണീച്ചത് ഞാനായിരുന്നു. ജിഷിലും എണീറ്റു വന്നു, താഴെപ്പോയി നല്ലൊരു ഇഞ്ചിച്ഛായ കുടിച്ചു. പ്രാതൽ ഓയോ വഴി കോംപ്ലിമെന്ററി ആയിരുന്നു.
8.30 ഓടെ ഞങ്ങൾ വണ്ടിയെടുത്തു. മരുഭൂമിയിലെന്ന പോലെ ഉള്ള മണൽ, പക്ഷെ കുറച്ചു പച്ചപ്പൊക്കെ റോഡരികിൽ കാണാൻ കഴിഞ്ഞു. നല്ല ചൂട് ആയിരുന്നു. കുറച്ചു കൂടെ നേരത്തെ ഇറങ്ങിയിരുന്നെങ്കിൽ നന്നായേനെ എന്നു തോന്നി. നല്ല പോലെ പൊടിക്കാറ്റുണ്ടായിരുന്നതിനാൽ വണ്ടി ഓടിക്കാൻ ഒത്തിരി ബുദ്ധിമുട്ടി.
ഗുർഗാവോണ് അതിർത്തി എത്തിയപ്പോഴേക്കും നല്ല പോലെ തിരക്കുണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള പ്രദേശങ്ങളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരുന്നത്, നല്ല ട്രാഫിക്കും.
വണ്ടിയിൽ കെട്ടിയിരുന്ന ഫ്ളെക്സുകൾ കീറി വായിക്കാൻ പറ്റാത്ത വിധമായിരുന്നു. ഒരു ഫ്ളക്സ് പ്രിന്റ് ചെയ്യുന്ന സ്ഥലം അന്വേഷിച്ചു കണ്ടെത്തി. വലിയ ഒരു പ്രിന്റിങ് കേന്ദ്രം, ഒരുപാടുപേർ ജോലി ചെയ്യുന്നുണ്ട്. മാനേജർ എന്നു തോന്നിക്കുന്ന ഒരാൾ വന്നു, കാര്യം പറഞ്ഞു. കുറെയേറെ പ്രിന്റിങ് പോയിക്കൊണ്ടിരിക്കുകയാണ്, ബുദ്ധിമുട്ടാകും എന്നായിരുന്നു മറുപടി. ഞങ്ങളുടെ യാത്രാ ഉദ്ദേശവും മറ്റും പറഞ്ഞപ്പോൾ മുതലാളിയോട് സംസാരിച്ചിട്ടു വരാം എന്ന് പറഞ്ഞു അദ്ദേഹം അകത്തേക്കു പോയി.
തിരിച്ചിറങ്ങി വന്നത് അവരുടെ മുതലാളി ആയിരുന്നു. ചെയ്തു തരാം, അകത്തേക്കിരുന്നോളൂ എന്നു പറഞ്ഞു. സാരമില്ല, ഞങ്ങൾ ഭക്ഷണം കഴിച്ചു വരാം , അടുത്തു നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. ഭക്ഷണം ശരിയാക്കാം നിങ്ങൾ അകത്തേക്കു വരൂ എന്നു പറഞ്ഞു, ഞങ്ങളെ ഉള്ളിലേക്ക് ക്ഷണിച്ചു.
എ സി ഉള്ള ഒരു മുറിയിലേക്കിരുത്തി. കേരളത്തിലെ സ്ഥിതിയും യാത്രയെക്കുറിച്ചുമൊക്കെ ചോദിച്ചു മനസ്സിലാക്കി. അതിനിടെ അദ്ദേഹത്തിന്റെ ഒരു തൊഴിലാളിയെ വിട്ടു ഭക്ഷണം കൊണ്ടു വന്നു. അദ്ദേഹം തന്നെ പായ വിരിച്ച് ഇരുത്തി ഞങ്ങൾക്ക് ഭക്ഷണം വിളമ്പി തന്നു. എന്തു പറയണം എന്നറിയാതെ ഞങ്ങൾ കുഴങ്ങി. അവരുടെ പരമ്പരാഗത താലിയിലെ ഓരോ വിഭവങ്ങളും വിശദീകരിച്ചു കഴിപ്പിച്ചു.
അദ്ദേഹത്തിന് ഞങ്ങളെ എങ്ങനെ സൽക്കരിച്ചാലും മതിയാവാത്തതു പോലെ. ഭക്ഷണ ശേഷം വലിയൊരു ബോക്സ് നിറയെ രസഗുല കൊണ്ടു വന്നു. ഈ പ്രായത്തിൽ യാത്ര ചെയ്യുന്നത് മനസ്സിലാക്കാം, പക്ഷെ മറ്റുള്ളവരോടുള്ള പ്രതിബദ്ധത കാണുന്നത് വളരെ വിരളമാണ് എന്നദ്ദേഹം പറഞ്ഞു.
ഫ്ളക്സ് പ്രിന്റ് ചെയ്തു തന്നു, ഒരു രൂപ പോലും വാങ്ങാൻ കൂട്ടാക്കിയില്ല. ഞങ്ങളുടെ നോട്ടീസ് കുറെയേറെ വാങ്ങി കയ്യിൽ വച്ചു, മറ്റുള്ളവർക്കും കൊടുക്കാം, അദ്ദേഹത്തിന് കഴിയുന്ന പോലെ മറ്റുള്ളവരെക്കൊണ്ടും സഹായങ്ങൾ ചെയ്യിപ്പിക്കാം എന്നു പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പറഞ്ഞാൽ വിശ്വസിക്കാത്ത ഒരു തുക അദ്ദേഹം സംഭാവനയായി അയച്ചു. അവരുടെ മതവിശ്വാസ പ്രകാരം, പലിശ ഉപയോഗിക്കില്ല, പകരം അത് നല്ല കാര്യങ്ങൾക്കു വേണ്ടി ചിലവഴിക്കും എന്നു പറഞ്ഞപ്പോൾ, എല്ലാവരുടെയും കണ്ണു നിറഞ്ഞു.
ഞങ്ങളുടെ യാത്ര സഫലമായതു പോലെ, അദ്ദേഹത്തിന്റെ പേരോ, അല്ലങ്കിൽ സഹായിച്ച തുകയോ, ഒരാളോടും പറയരുത് എന്നദ്ദേഹം പറഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞു ഇറങ്ങിയെങ്കിലും, ഇന്നും മനസ്സ് അവിടെ തന്നെയാണ്. ഇങ്ങനെയും മനുഷ്യർ ലോകത്തുണ്ട്, മനുഷ്യത്വം മരിച്ചിട്ടില്ല എപ്പോഴും ഓർക്കും. 3 വർഷത്തിന് ശേഷം ഇന്നും ഈ യാത്ര ഓർമിക്കുമ്പോൾ ആദ്യം ഓടിവരുന്നതും ആ മുഖമാണ്. പ്രശസ്തിക്കു വേണ്ടി ഓടുന്നവർക്കിടയിൽ, ഒളിഞ്ഞിരിക്കുന്ന അത്തരം മനുഷ്യരാണ് ഇന്നും ഈ ലോകം നില നിൽക്കുന്നതിനു കാരണം എന്നു തോന്നും.
തിരക്കേറിയ ആ പട്ടണത്തിലൂടെ ദില്ലി അശോക റോഡ് ലക്ഷ്യമാക്കി പോവുമ്പോൾ മനസ്സു പറഞ്ഞറിയിക്കാനാവാത്ത കുറെയേറെ വികാരങ്ങളാൽ പ്രക്ഷുബ്ധമായിരുന്നു. 5 മണിയോടെ ഞങ്ങൾ മുകേഷേട്ടൻ പറഞ്ഞ സ്ഥലത്തു എത്തി. ഷിതീഷ് ലാൽ എന്ന മുകേഷേട്ടന്റെ ഒരു സുഹൃത്ത് കാണാൻ വന്നു, കേരള ഹൗസിൽ വച്ചു ഒരു സ്വീകരണം ഉണ്ടെന്നു പറഞ്ഞു. അതായിരുന്നു മുകേഷേട്ടൻ കരുതി വച്ച സർപ്രൈസ്. പുള്ളി ഇതു ഗോവ വച്ചു തന്നെ അറിഞ്ഞിരുന്നു. ഓരോ സംസ്ഥാനങ്ങള്ക്കും ഓരോ ഹൗസുകളുണ്ട് ഡൽഹിയിൽ. ജനപ്രതിനിധികൾ ദില്ലിയിൽ വരുമ്പോൾ അവർക്കുപയോഗിക്കാനായി പണി കഴിപ്പിച്ചതാണ് ഇതെല്ലാം. ജനസംസ്കൃതി എന്ന ദില്ലി മലയാളി കൂട്ടായ്മയാണ് ഇതിനു നേതൃത്വം കൊടുത്തത്.
അവിടെയെത്തിയ ഞങ്ങളെ സ്വീകരിക്കാൻ ഒട്ടേറെപ്പേർ നിൽപ്പുണ്ടായിരുന്നു. കേരള എം പി ശ്രീ ബിനോയ് വിശ്വം ആയിരുന്നു മുഖ്യാതിഥി. ഇതെല്ലാം സത്യമാണോ എന്ന് ഇടക്കൊന്നു നുള്ളി നോക്കാനും മറന്നില്ല. മനോരമ പത്രത്തിന്റെ ഒരു ഫോട്ടോഗ്രാഫർ വന്നു ഇന്ത്യാ ഗേറ്റിനരികിലേക്കു കൂട്ടിക്കൊണ്ടു പോയി. കുറേയേറെ ഫോട്ടോസ് എടുത്തു.
തിരിച്ചെത്തിയ ഞങ്ങൾ ശ്രീ ബിനോയ് വിശ്വത്തിനെ പരിചയപ്പെട്ടു. 7 മണിയോടെ കേരള ഹൗസിലെ ഓഡിറ്റോറിയത്തിൽ വച്ചു പരുപാടി ആരംഭിച്ചു. പേരെടുത്തു പറഞ്ഞു അഭിനന്ദിച്ചു പ്രാസംഗികർ ഓരോരുത്തരും അഭിനന്ദിച്ചു. മുകേഷേട്ടനും യാത്രാ ഉദ്ദേശങ്ങളേയും ലക്ഷ്യസ്ഥാനങ്ങളെയും പറ്റി സദസ്സിനോട്
വിശദീകരിച്ചു. വല്ലാതെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത്, ഒരുപക്ഷേ, ഈ യാത്രയിൽ പങ്കാളിയായില്ലെങ്കിൽ എനിക്കു നഷ്ട്ടപ്പെടുമായിരുന്ന അനുഭവങ്ങൾ വളരെ വലുതായിരുന്നു. അവിടത്തെ കാന്റീനിൽ പോയി നല്ല പൊറോട്ടയും ബീഫും കുറേ നാളുകൾക്കു ശേഷം കഴിച്ചു.
അടുത്ത ദിവസം ഒരു ഫോട്ടോ ഷൂട്ടിനും ന്യൂസ് സ്റ്റോറിക്കും വേണ്ടി ചെല്ലാൻ പറ്റുമോ എന്നു ചോദിച്ചു മീഡിയ വൺ ചാനലിൽ നിന്നും വിളിച്ചു. എങ്കിൽ പിന്നെ അടുത്ത ദിവസം ദില്ലിയിൽ താമസിക്കാം എന്നു തീരുമാനിച്ചു ഹോട്ടലിലേക്ക് ഇറങ്ങി.
തുടരും…
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) [email protected] , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.