ഡോ. കെ. എസ് കൃഷ്ണകുമാർ
കുറെ നാളുകളായി വൈകുന്നേരങ്ങളിൽ ഗുരുവായൂർ നടന്നിട്ട്. പടിഞ്ഞാറെ നടയിൽ ബസ്സിറങ്ങി ഭഗവാനെ തൊഴുത്, തിരിച്ച് പടിഞ്ഞാറെ നടയിലെ സുഹൃത്തുക്കളെ കണ്ട്, കത്തി വച്ച്, വീണ്ടും ക്ഷേത്രം പ്രദക്ഷിണം ചെയ്‌ത് നടന്നെത്തുമ്പോഴേക്കും ദേവസ്വം ഗണപതിയുടെ രാത്രിപൂജയായിരിക്കും. പൂജ തൊഴുത് കിഴക്കെ നടയിലെ ബസ്സ്റ്റാന്റിലേക്ക് നടക്കുന്നതിനിടയിൽ ഇന്ത്യൻ കോഫി ഹൗസിൽ നിന്ന് കാപ്പി. ഇന്ന് കോഫി ഹൗസിൽ നല്ല തിരക്ക്. തൊടടുത്ത നന്ദിനിയിൽ കയറി. കൊഴുക്കട്ട എടുക്കട്ടെ സർ. പ്രമേഹരോഗിയാണെന്ന ഉള്ളവസ്ഥ മറച്ചുപിടിച്ച് തലയാട്ടിപ്പോയി. പഞ്ചസാരയുടെ അത്ര ശർക്കര കൊഴപ്പക്കാരനല്ലെന്ന ആശ്വാസത്തിലിരുന്നു.
ഒരു കൊഴുക്കട്ട കയ്യിൽ കൊണ്ടുതരും എന്ന് നിനച്ചിരിക്കെ ചട്ടിണി, മല്ലിയില ചമ്മന്തി, ഉള്ളി അരവ് സമേതനായി രാജകീയ രീതിയിൽ പ്ലെയിറ്റിൽ ഒരു കൊഴക്കൊട്ട എത്തി. മധുരവും എരിവുകളും നവകാല കോമ്പിനേഷനായി ഈ ഹോട്ടലിലും പരീക്ഷിക്കുന്നതാകുമെന്ന് കരുതി. ഇത് പക്ഷെ ലെവൽ വേറെയായിരുന്നു. എരുവുള്ള നല്ല തമിഴ്‌നാടൻ പൊങ്കൽ അരച്ച് കുഴച്ച് ഉണ്ടയാക്കി വേവിച്ചെടുത്തതാണു ഈ കൊഴുക്കട്ട. ചെറുതാണെങ്കിലും ഒന്ന് കൊണ്ട് തന്നെ വയർ നിറയും. നല്ല സ്വാദ്. മല്ലിയില-ഉള്ളി ചമന്തികൾ കൊഴുക്കട്ടയ്ക്ക് ജമന്തിയഴക് നൽകുന്നു. പൊട്ട്കടലയും കടുകും ഇഞ്ചിയും വേപ്പിലയുമെല്ലാം ചേർന്നരഞ്ഞ് ഗുരുവായൂരിലെ ഈ എരുവൻ കൊഴുക്കട്ടയെ വേറിട്ടതാക്കുന്നു. ഒരു നാൾ കഴിക്കണം. നാലുമണി പലഹാരമായി ഈ പിടിയൻ കൊഴുക്കട്ടയെ.