ആനത്താര – ഒന്നാം ഭാഗം
അശ്വിൻ ആരണ്യകം
എത്ര തവണ പോയാലും ചില വഴികളിൽ എനിക്ക് ഗൂഗിൾ മാപ്പ് ഓൺ ചെയ്തില്ലെങ്കിൽ വഴി തെറ്റിക്കാണുമോ എന്നൊരു സംശയമാണ്. കാടിനകത്ത് ജിപിഎസ് ഇല്ലാതെ മുൻപോട്ട് പോകലും സാധിക്കുമെന്നു തോന്നുന്നില്ല. ഇവയെല്ലാം വന്നിട്ട് ഏതാനും വർഷങ്ങളെ ആയിട്ടുള്ളു !!!
എന്നാൽ ഇവയൊക്കെ വരുന്നതിനു മുൻപ് ഭൂമിയിൽ അടയാളപ്പെടുത്തപ്പെട്ട വഴികളാണ് ‘ആനത്താരകൾ’ പൂർവികർ പോയ വഴികളിലൂടെ തലമുറകൾ കഴിഞ്ഞിട്ടും അവരെല്ലാവരും വഴി തെറ്റാതെ ഇന്നും സഞ്ചരിക്കുന്നു. ഒരിക്കൽ സഞ്ചരിച്ചു പോയാൽ പിന്നെ അവർ അതുവഴി തിരിച്ചു വരുന്നത് മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായിരിക്കും. പോയ വഴികളിൽ പുല്ലും ചെടികളും വളർന്നു വഴിത്താരകൾ നിറഞ്ഞാലും ആ വഴികൾ തെളിച്ചവർ നടന്നു വരും. ചെടികൾക്ക് പകരം മനുഷ്യൻ കയ്യടക്കി കൃഷി ഭൂമി ആക്കിയാലും വീടും റിസോർട്ടുകളും പണിതാലും അവരുടെ വഴികളിലെ തടസങ്ങൾ തട്ടി മാറ്റി ആ വഴികളിൽ തന്നെ കൂട്ടമായും ഒറ്റയ്ക്കും അവർ സഞ്ചരിച്ചിരിക്കും.
രേഖകളും പട്ടയ മേളകളും അരങ്ങു തകർക്കുന്ന ഈ വർത്തമാന കാലത്ത് നമ്മളതിനെ വന്യ ജീവി അക്രമണമെന്ന പേരിട്ടു വിളിക്കും വനപാലകർ ഇവരെ കാട്ടിൽ നിന്നും ഇറക്കി വിടുകയാണെന്നു പറഞ്ഞു സമരം ചെയ്യും എങ്കിലും അവർ ആർത്തുല്ലസിച്ച വഴികളും ഇടങ്ങളും തിരിച്ചു പിടിച്ചു ആ വഴി അവർ വരിക തന്നെ ചെയ്യും കാരണം ഈ വഴിത്താരകൾ അവരുടെയാണ് !!!
അവരുടെ തച്ചോറിലെഴുതപ്പെട്ട മായ്ക്കാൻ കഴിയാത്ത ‘ആനത്താരകളാണവ !!! ആ വഴികൾ അവരുടേത് മാത്രമാണെന്ന് അറിയാമെങ്കിലും അവയുടെ അരികുപറ്റി ക്യാമറയും പേനയുമായി ഞങ്ങളൊന്നും നടക്കുകയാണ് കേരളവും കർണാടകവും തമിഴ്‌നാടും പങ്കുവച്ച നീലഗിരി ജൈവമണ്ഡലത്തിന്റെ വനങ്ങളിലൂടെ…
വർഷങ്ങൾക്ക് മുൻപ് ഒരു യാത്രയിലാണ് അരിദ് ഏട്ടനെ കണ്ടു മുട്ടുന്നത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മാരിൽ കാടിനേയും, പ്രകൃതിയേയും ആത്മാർത്ഥമായി ഉള്ളിന്റെ ഉള്ളിൽ നിന്നും സ്നേഹിക്കുന്ന ഫോട്ടോഗ്രാഫർമാരിൽ അപൂർവ്വം ഒരാൾ. കാട്ടാനകളെ കൂടുതൽ ഇഷ്ട്ടപ്പെടുന്ന ഒരാളാണ് ആരിദേട്ടൻ. അത് മനസിലായ അന്നുമുതൽ മനസ്സിൽ കാട് സൂക്ഷിക്കുന്ന മനുഷ്യനൊപ്പം ഞങ്ങളൊരുപാട് നടന്നു… ഇന്നും നടന്നു കൊണ്ടിരിക്കുന്നു !!!
എഴുത്തിനൊപ്പം ആരിദ് ഇക്കയുടെ ചിത്രങ്ങൾ നിങ്ങളെ അവിടേക്ക് കൊണ്ടുപോകുമെന്നുറപ്പാണ്. കാടോളം ഭ്രമിപ്പിച്ചതോ കരിയോളം പ്രണയിച്ചതോ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഒരുപതിറ്റാണ്ടായി ഇവർക്കൊപ്പം നടക്കുന്നു, അവസരം കിട്ടുമ്പോളൊക്കെ അവർക്കരികിലേക് ഓടിയെത്താറുണ്ട്.
അന്നൊരു അവധി ദിവസമായിരുന്നു അതിനുമപ്പുറം ഒരു ഇടവപ്പാതി തിരിമുറിയാതെ പെയ്തു കൊണ്ടിരിക്കുന്നു കാട് കേറണമെന്നുണ്ടെങ്കിലും മഴ ഒരു വില്ലനായി നിൽക്കുകയാണ്. സമയം രാവിലെ പത്തുമണി കഴിഞ്ഞിരിക്കുന്നു. നിർത്തിയും പൂർവാധികം ശക്തി വീണ്ടെടുത്തും മഴ ആർത്തലച്ചു പെയ്യുകയാണ്. അതൊക്കെ യാത്രയെന്ന വികാരം കുഴികുത്തി മൂടി ഫോണിൽ കുത്തി ഇരിപ്പായി. വൈകീട്ടത്തെ കട്ടൻചായ കുടിക്കാനായി വരാന്തയിലേക്ക് വന്നപ്പോളേക്കും മഴ മാറിയിരിക്കുന്നു. കട്ടൻ പകുതിയാകുമ്പോളേക്കും യാത്ര തലയിൽ കേറിയിരുന്നു
യാത്രകൾ അങ്ങനെയാണ് ഒരുപാട് ഹോംവർക് ചെയ്തതൊന്നും ഉണ്ടാകാറില്ല. ബൈക്കിലെ വെള്ളം തുടച്ചു ഇറങ്ങുമ്പോൾ ക്ലോക്കിലേക്കൊന്നു നോക്കുമ്പോൾ സമയം മൂന്നര കഴിഞ്ഞിരിക്കുന്നു ക്യാമറ ചാർജ് ചെയ്യാൻ മറന്നിരിക്കുന്നു !! അടുത്ത മഴ തുടങ്ങുമ്പോളെക്കും ചുരം കേറി മേലെ എത്തണം കുറ്റിയാടി ചുരം കേറി വയനാട്ടിലേക്ക് പോകാൻ എനിക്ക് ഒന്നര മണിക്കൂറാണ് സമയം, അപ്പപ്പാറ എത്തുമ്പോളേക്കും ആറുമണി അവിടെ നിന്നും തിരുനെല്ലി വരെ കാടും നമ്മളും മാത്രമായി ഒരു മണിക്കൂർ. പ്രവൃത്തി ദിവസസമാണെങ്കിൽ സന്ധ്യ കഴിഞ്ഞാൽ വാഹനങ്ങൾ കുറവായിരിക്കും. ആ ഒരു മണിക്കൂർ നൽകുന്ന അനുഭവം ഒരു ദിവസത്തിന്റെയാവാം ..

ഇങ്ങനെ ഓരോന്ന് മനസ്സിൽ കണക്കു കൂട്ടി അക്ക്സിലറേറ്റർ കയ്യിൽ നിന്നും കറങ്ങിക്കൊണ്ടിരുന്നു. കുണ്ടും കുഴിയുമില്ലാത്ത റോഡിലൂടെ ബൈക്ക് കുതിച്ചു കൊണ്ടിരുന്നു കുറ്റിയാടി … തൊട്ടിൽപ്പാലം… ഇനി ഒരു പതിനഞ്ചു കിലോമീറ്റർ കൂടെ കഴിഞ്ഞാൽ ചുരം കഴിയും. ആശ്വസിച്ചു കൊണ്ട് തൊട്ടിൽപ്പാലം ടൗണിലേക്ക് പ്രവേശിച്ചതും ഒളിഞ്ഞിരുന്നു ഇരക്കുമേൽ സർവ ശക്തിയുമെടുത്ത് കുതിച്ചു ചാടുന്ന കടുവയെപ്പോലെ മഴ എന്നെ ആക്രമിച്ചതും ഒരുമിച്ചായിരുന്നു ..
കെ എസ് ആർ ടി സി ബസ് സ്റ്റാന്റിലേക്ക് ബൈക്ക് കയറ്റി ഷെൽട്ടറിനകത്തേക്ക് ഓടിക്കയറുമ്പോളേക്കും, മഴ എന്നെ കുളിപ്പിച്ച് കഴിഞ്ഞിരുന്നു. കാത്തിരിക്കാതെ വേറെ വഴിയില്ല. വാച്ചിൽ നോക്കിയപ്പോൾ നാലര കഴിഞ്ഞിരിക്കുന്നു. മഴ തോരാൻ സാധ്യതയില്ല. ഇനിയും വൈകിയാൽ പ്ലാനിംഗ് തെറ്റും. ക്യാന്റീനിൽ കയറിയൊരു പ്ലാസ്റ്റിക് സഞ്ചി വാങ്ങി ഫോണും, ബാഗും പൊതിഞ്ഞു ബൈക്ക് സ്റ്റാർട്ട് ചെയ്തു വീണ്ടും യാത്ര തുടർന്നു.
പക്രന്തളം ചുരം കേറാൻ തുടങ്ങിയപ്പോൾ ആർത്തലച്ചു പെയ്ത മഴ നൂൽമഴയായി മാറിയിരിക്കുന്നു. താമരശ്ശേരി ചുരത്തെ അപേക്ഷിച്ചു കാഴ്ചകളുടെ കാഴ്ചകളുടെ സമ്പന്നതയാണ് പക്രന്തളം ചുരത്തിന്. അഞ്ചാം ഹെയർ പിൻ കേറി കഴിഞ്ഞതും കോടമഞ്ഞു കാഴ്ചയെ മറച്ചു മുൻപിൽ നിറയാൻ തുടങ്ങി. വേഗത കുറച്ചു പോവുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ചുരവും നിറവിൽ പുഴയും പിന്നിട്ടു മാനന്തവാടി എത്തിയപ്പോൾ സമയം ആറുമണി. മഴ പൂർണമായും മാറിയിരിക്കുന്നു, നിർത്താതെ കാട്ടിക്കുളം വഴി തിരുനെല്ലി തിരിഞ്ഞതും മഴക്കാറും , ഇരുട്ടും, മുന്നിൽ പോകുന്ന ഒരു ട്രാവലറിന്റെ വൈദ്യത അലങ്കാരത്തിൽ റോഡ് പ്രകാശപൂരിതമായിരുന്നു.

തെറ്റുറോഡ് എത്തിയതും അവർ മൈസൂർ റോഡിലേക്ക് തിരിഞ്ഞു. തെറ്റ് റോഡെന്ന് പറഞ്ഞാൽ അധികമാർക്കും മനസിലാക്കണമെന്നില്ല. കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട, കാടിന് നടുവിലെ, വന്യജീവികളാൽ സമ്പന്നമായ ഒരിടത്തുള്ള ആ കട ഒരു സംഭവമാണ്, നാടെങ്ങും വന്യജീവി ആക്രമണങ്ങൾ പെരുകുമ്പോളും ആ കുഞ്ഞു പുല്ലുമേഞ്ഞ കട അവിടെ പോറല്പോലുമേല്ക്കാതെ നിൽക്കുന്നു. അവിടുന്നൊരു ചായ കുടിക്കാതെ ആ വഴി കടന്നു പോകാറുമില്ല, ആ കട അടച്ചിരിക്കുന്നു.
ഏഴുമണി ആകുമ്പോളേക്കും അവർ അടച്ചിരിക്കും, പ്രതീക്ഷിച്ച കാര്യങ്ങളൊക്കെ തകിടം മറഞ്ഞിരിക്കുന്നു, ഇനി തിരുനെല്ലി എത്തിയാൽ മാത്രമേ ഒരു മനുഷ്യനെ കാണു, അതോടെ തിരുനെല്ലി എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുമ്പോളാണ് അടുത്ത പണി എന്നെയും കാത്ത് ഇരുന്നത്.
ബൈക്കിലെ ഹെഡ്‍ലൈറ് പണി മുടക്കി തുടങ്ങിയിരിക്കുന്നു !!! കത്തിയും കെട്ടും കളിക്കുന്ന ഹെഡ് ലൈറ്റ് എന്റെ മനസ്സിൽ തീക്കൊടുത്തത് ഭയപ്പാടിന്റെ മാലപ്പടക്കത്തിനായിരുന്നു. കുറച്ചു ദൂരം ഓടും ലൈറ്റ് ഓഫ് ആകും. മീറ്റർ കൺസോളിൽ ആഞ്ഞടിച്ചാൽ വീണ്ടും ലൈറ്റ് തെളിയും. ഏഴു കിലോമീറ്ററോളം പിന്നിട്ട സ്ഥിതിക്ക് ഇനി തിരിച്ചുപോക്ക് ആലോചിച്ചിട്ടും കാര്യമില്ല, ഫോണിലെ ടോർച്ചു തെളിച്ചു ഷർട്ടിന്റെ പോക്കെറ്റിൽ വച്ച് വണ്ടി ഓടിക്കാൻ തുടങ്ങി. വെളിച്ചം പോകുന്നതും വരുന്നതുമായ ഇടവേളകളിൽ ഫോണിലെ വെളിച്ചം എനിക്ക് വഴികാട്ടിയായി. ഇടയ്ക്കിടെ എന്നെ പരിഹസിക്കാനെന്നവണ്ണം വന്നുപോകുന്ന മിന്നലിൽ മുൻവശം ഒരുപാട് ദൂരത്തിൽ കാണുമ്പോൾ മുൻപിൽ അവൻ മറഞ്ഞിരിപ്പില്ലെന്ന ധൈര്യത്തിൽ വേഗതയിൽ ഓടിച്ചു പൊയ്ക്കൊണ്ടിരുന്നു,
മിന്നലിന്റെ വെളിച്ചത്തിൽ പരിസരം മുഴുവൻ തെളിഞ്ഞപ്പോൾ വലതുവശം കാടും ഇടതു വശത്തു ഒരു കുഞ്ഞു കാർഷിക ഗ്രാമവുമാണ്. ചുറ്റും വൈദ്യുത വേലി ഓൺ ചെയ്തു അവരെല്ലാം വീടിനുള്ളിലേക്ക് ഒതുങ്ങിയിട്ടുണ്ടാകും, ഇനി തിരുനെല്ലിക്ക് അധിക ദൂരമില്ല, പകുതിയിലധികം പിന്നിട്ടിരിക്കുന്നു എന്ന ആശ്വാസത്തിൽ അല്പദൂരം പിന്നിട്ടപ്പോൾ വീണ്ടും വെളിച്ചമണഞ്ഞു ആ സമയത് മനസ്സിൽ ദേഷ്യമാണോ, സങ്കടമാണോ എന്നോർമയില്ല, ബൈക്ക് നിർത്തി ശത്രുക്കളെ മുഴുവൻ മനസ്സിൽ സ്മരിച്ചു കൊണ്ട് ആഞ്ഞടിച്ചതും എന്നെ പരിഹസിക്കാനെന്ന ഭാവത്തിൽ ഒന്ന് തെളിഞ്ഞു വീണ്ടും അണഞ്ഞുപോയി, ആ പോക്കിൽ ബൈക്കും ഓഫ് !!!!
ഫോൺ ടോർച്ചു ചുറ്റും തെളിച്ചു നോക്കി എന്റെ ചുറ്റിലും ആരുമില്ലെന്ന് ഉറപ്പ് വരുത്തി, മുൻവശത്തെ ബോർഡിലെഴുതിയ വാക്കുകൾ നെഞ്ചിടിപ്പ് കൂട്ടാതെ ഇരുന്നില്ല, ”തിരുനെല്ലി – കുദ്രകോഡ് ആനത്താര” . അല്ലങ്കിലും കാടിനകത്തുള്ളവർ അങ്ങിനെയാണ് , അത്ര പെട്ടെന്നൊന്നും നമുക്ക് കാണാൻ മുൻപിലേക്ക് വരില്ല, പക്ഷെ നമ്മുടെ ഓരോ ചലനവും അവർ നിരീക്ഷിച്ചു കൊണ്ടിരിക്കും. അതിലുപരി മുമ്പോട്ടുള്ള വഴികളിൽ റോഡിന്റെ വശങ്ങളിൽ ആന ഉണ്ടാകുമെന്നത് ആ വഴി പോയ എല്ലാർക്കും അറിയാവുന്ന കാര്യമാണ്.
ഫോണിന്റെ വെളിച്ചത്തിൽ വൈസറിനുള്ളിലേക്ക് വിരല് കടത്തി കയ്യിൽ കിട്ടിയ വയറുകൾ മുഴുവൻ ഇളക്കി നോക്കി. കീ ഓൺ ചെയ്തു കിക്കറിൽ ആഞ്ഞടിച്ചപ്പോൾ തന്നെ ബൈക്ക് സ്റ്റാർട്ട് ആയി. പകുതി പ്രതീക്ഷയിൽ ഹെഡ്‍ലൈറ് ഓൺ. വെളിച്ചം കുറഞ്ഞെങ്കിലും അതങ്ങിനെ കത്തിനിന്നു. ഒന്നുകൂടെ ഓഫ് ചെയ്ത് ഓൺ ചെയ്‌തെങ്കിലും ലൈറ്റ് ഓഫ് ആകാത്തതിനാൽ വേഗത അല്പമൊന്നു കൂട്ടി.
ഇനി മുൻപിൽ കുറച്ചു വളവുകളാണ്. വെളിച്ചത്തോടൊപ്പം ധൈര്യവും വന്നത് പോലെ ഒന്നാമത്തെ വളവു കഴിഞ്ഞു. രണ്ടാമത്തെ വളവു ഇത്തിരി ആവേശത്തോടെ വളച്ചെടുത്തതും ഏതാനും മീറ്ററുകൾ മുൻപിൽ ഒരു മരം വീണു കിടക്കുന്നത് പോലെ. കാറ്റിൽ വീണതായിരിക്കണം. ചെറിയതാണ്, ബൈക്ക് ആയത് കൊണ്ട് അതിനു മേലെ കേറിയാൽ മറിഞ്ഞു വീണേക്കാം എന്നതിനാൽ വശത്തുകൂടെ പോകാമെന്നു കരുതി, ചെളിയുണ്ടോ എന്ന് നോക്കാനായി വശങ്ങളിൽ വെളിച്ചം കൂടുതൽ കിട്ടാനായി ആക്‌സിലേറ്ററിൽ ആഞ്ഞു തിരിച്ചെത്തും മരത്തിനൊപ്പം രണ്ടു മഞ്ഞ കൊമ്പുകൾ കൂടെ തെളിഞ്ഞു വന്നു. മരം പിഴുതെടുത്തു കൊമ്പിനും തുമ്പി കൈകൾക്കുമിടയിൽ വച്ച് മരത്തിന്റെ മറ്റേ വശമാണ് റോഡിൽ വീണുകിടക്കുന്നത്, മേലാകെ മണ്ണിൽ കുളിച്ചു അവനങ്ങനെ നിൽക്കുകയാണ്. മരണത്തിനും ജീവിതതിനുമിടയിലെ നൂൽപ്പാലം അത്രയെളുപ്പം കടക്കാൻ കഴിയില്ലെന്ന് മനസിലാക്കിയത് ആ സമയമായിരുന്നു. വിറയലുകൾക്കിടയിൽ ബൈക്കും ഓഫ് ആയിരിക്കുന്നു. പോക്കറ്റിൽ ഓഫ് ചെയ്യാൻ മറന്ന ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ അവന്റെ രൗദ്രത അനുനിമിഷം വർധിക്കുന്ന പോലെ !!!
അശ്വിൻ ആരണ്യകം
+919946121221
തുടരും…
….
പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ tripeat.in@gmail.com എന്ന വിലാസത്തിൽ അയയ്ക്കുക.