സൂരജ് കല്ലേരി
Photograph by : രാഹുൽ ബി.ജെ
കലൂരെത്തിയേ ഉള്ളൂവെന്ന് അമൽ പറഞ്ഞവസാനിപ്പിച്ചു.ഞാനപ്പോൾ സ്റ്റേഷനിലെത്തിയിട്ടില്ല ട്രെയിൻ പുറപ്പെടാൻ പതിനഞ്ച് മിനുട്ടോളം ബാക്കിയുണ്ട്.ഓടിക്കിതച്ച് ഒരു ബോഗിയിൽ കയറിപ്പറ്റി.അവനപ്പോഴേക്ക് എവിടെയോ കയറിയിരുന്നു.കുറച്ച് കഴിഞ്ഞപ്പോൾ അവൻ വിളിച്ചു തൊട്ടടുത്ത ബോഗിയിലേക്ക് എങ്ങനെയോ അവൻ ഓടിയെത്തി. വാതിലിനപ്പുറത്തേക്ക് തലയിട്ട് ഞങ്ങളാ ഓട്ടത്തിന്റെ സാഹസത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ധനുഷ്കോടിയിലേക്കുള്ള യാത്രയക്ക് വന്നു ചേർന്ന ഈ ചടുലമായ തുടക്കത്തിൽ ഞങ്ങളാകെ എക്സൈറ്റഡായിരുന്നു.
തൃശ്ശൂരിൽ നിന്ന് രാഹുൽ കയറുമ്പോഴേക്ക് തിരക്കെല്ലാമൊഴിഞ്ഞ് ബോഗിയിലൊരു പ്രത്യേക അന്തരീക്ഷം രൂപം കൊണ്ടു. തീവണ്ടിയുടെ താളങ്ങളെ പശ്ചാത്തലത്തിൽ വെറുതെ നിർത്തി അപ്പുറത്തൊരു കുടുംബമിരുന്ന് കഥപറയാൻ തുടങ്ങി.
രാമേശ്വരത്തേക്കടുക്കുമ്പോഴേക്ക് കടലൊരു വല്ലാത്ത സാന്നിധ്യമായി തീരുന്നു. തീവണ്ടി അപ്പോൾ പാമ്പൻപാലം ഓടിത്തീർക്കുകയായിരുന്നു. പുറത്ത് കടലിരമ്പത്തിന്റെ അവസാനിക്കാത്ത താളം. വാതിലിനുപുറത്തേക്ക് തലയെറിഞ്ഞ് കടലാരവത്തെ സ്വന്തമാക്കാനുള്ള ആവേശം ഏറി വന്നു.
രാമേശ്വരം സ്റ്റേഷനിൽ ഇറങ്ങി. പാലക്കാടും നിലമ്പൂരുമൊക്കെ അനുഭവിക്കാൻ കഴിയുന്ന ആളൊഴിഞ്ഞ സ്റ്റേഷന്റെ അതേ ഭാവമാണതിനും. തിരക്കൊഴിഞ്ഞ ചെറിയ സ്റ്റേഷനുകളുടെ വിഷാദ ഭാവത്തോളം പ്രിയപ്പെട്ടതായി മറ്റൊന്നുമെനിക്കില്ലെന്ന് ഭാവിയിൽ ഞാനെഴുതാനിരിക്കുന്ന ചെറുകഥയിലെ ഒരു കഥാപാത്രം പറയാൻസാധ്യതയുണ്ടെന്ന് അമലിനോട് പറയണമെന്നുണ്ടായി. പക്ഷേ പല്ല് തേപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കും പുതിയ ചില സങ്കല്പങ്ങളിലും ഓർമ്മയിലും പെട്ടത് മറന്നു. അബ്ദുൾ കലാം കുട്ടികാലത്ത് ഇതുവഴിയൊക്കെ കടന്നുപോയിട്ടുണ്ടാവുമെന്ന തോന്നൽ വല്ലാത്ത സന്തോഷം തരുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രം ആലേഘനം ചെയ്ത ചുമരിനുമുൻപിൽ ഏറെ പ്രിയപ്പെട്ട ഒരാളെ നോക്കി നിൽക്കുന്ന പോലെ അൽപ്പനേരമവിടെ നിന്നുപോയി. മുൻപിൽ കാണുന്ന ചെറിയൊരാൾക്കൂട്ടത്തിലേക്ക് ഞങ്ങളിറങ്ങി. നേരെ പോയത് രാമേശ്വരത്തെ പ്രധാന ക്ഷേത്രത്തിലേക്കാണ്. അന്ന് ശിവരാത്രിയായതിനാൽ പ്രത്യേക ചടങ്ങുകൾക്കെല്ലാമായി നല്ല ആൾത്തിരക്കുണ്ട്. ആ അമ്പലത്തിന്റെ നടപ്പാതമുഴുവൻ ഒരു നനവുണ്ടായിരുന്നു. ആൾക്കൂട്ടം ദർശനത്തിനായി തിരക്കിന്റെ മൂർധന്യത്തിൽ നിൽക്കുന്നു. ഞങ്ങളവിടുത്തെ കൽത്തൂണുകളിൽ നിന്ന് ഐതിഹ്യം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. എത്രയോ കാലങ്ങൾക്ക് മുൻപുള്ള ഒരു കലാകാരന് കൊടുക്കാവുന്ന വലിയ ആദരവായിരിക്കുമത് അയാളുടെ സൃഷടിയോട് കാണിക്കുന്ന ശ്രദ്ധ. പിന്നീട് അബ്ദുൾ കലാമിന്റെ വീട്ടിലേക്കാണ് പോയത്. കലാമിനെ കേൾക്കാനും വായിക്കാനും അയാളെ പിന്തുടരാനും ശ്രമിക്കുന്നതിൽ ഒരു യുവാവിന് എത്തിച്ചേരാൻ കഴിയുന്ന ഉയർന്ന ശാസ്ത്രാവബോധം ഉണ്ടെന്ന് എനിക്ക് തോന്നി.
അദ്ദേഹത്തിന്റെ പ്രഭാവം ആ വീട്ടിൽ മാത്രമല്ല ഇന്ത്യ മുഴുവൻ നിറഞ്ഞിരിക്കുന്നുണ്ടെന്നതാണ് സത്യം.
ഉച്ചയ്ക്ക് ശേഷം രാമേശ്വരത്ത് നിന്നും ബസ്സിൽ ഒരുമണിക്കൂറോളം യാത്ര ചെയ്ത് ധനുഷ്കോടിയിലെത്തി. യാത്രക്കിടെ കടൽത്തീരത്ത് ഒരു തകർന്ന ഗ്രാമം കാണാം. പണ്ടെപ്പോഴോ ചുഴലിക്കാറ്റിൽ തകർന്നതാണ് ആ ഗ്രാമം. ഇങ്ങനെ ചിലയിടങ്ങൾ യാത്രക്കിടയിൽ നമുക്ക് നഷ്ടമാകും. എല്ലായിടത്തും ഓടിയെത്താൻ സമ്മതിക്കാത്ത ജീവിതത്തിന്റെ കളി തുടർന്നു കൊണ്ടേയിരിക്കും. ധനുഷ്കോടി തോന്നലുകളുടേയും സ്വപ്നങ്ങളുടേയുമൊക്കെ ഒരു ദേശമാണ്. രണ്ട് കടലുകൾ ഉടൽ കോർത്ത് കിടക്കുന്നിടം. ബംഗാൾ ഉൾക്കടൽ വളരെ ശാന്തയാണ്, തിരകളില്ലാത്ത മുഖമാണതിന്. ഇന്ത്യൻ മഹാസമുദ്രം എപ്പോഴും ആർത്തുവിളിച്ചുകൊണ്ടേയിരിക്കുന്നു. ജീവിതത്തിന്റെ രൂപഭാവങ്ങൾ ഒരാർട്ട് ഇൻസ്ററലേഷൻപോലെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. രണ്ട് കടലുകൾ കൈകോർത്ത് നടക്കുന്ന വിശാലഭൂമിക.
എനിക്കവിടെ നിന്നും അനങ്ങാതെ കിടക്കുന്ന കടലിനെ എടുത്ത് പോരാൻ തോന്നി. ഉപ്പുവെള്ളത്തിന്റെ മൗനം പൊതിഞ്ഞെടുത്ത് ആർക്കോ കൊടുക്കാൻ തോന്നി.
രാത്രി രാമേശ്വരത്തെ അമ്പലത്തിൽ അഭയം തേടി. എപ്പോഴും തണുത്ത കാറ്റ് വീശുന്ന ഒരു കൽമണ്ഡപത്തിൽ കിടന്നുറങ്ങി. പുറത്ത് തോക്കും കൊണ്ടൊരു മനുഷ്യനും പിന്നെ ചെറിയൊരു ചാറ്റൽ മഴയും കാവലിരിപ്പുണ്ടായിരുന്നു. പിറ്റേന്ന് പുലർച്ചെ മധുരയ്ക്ക് വണ്ടി കയറി. മധുരമീനാക്ഷിയെ കണ്ടു. എന്തൊരു ശിൽപ്പഭംഗിയാണതിന് കൽത്തൂണുകളിൽ നിന്ന് അസംഘ്യം കഥകളിറങ്ങി വരുന്നു. നമ്മെ കീഴ്പ്പെടുത്തുന്ന സൗന്ദര്യത്തിന്റെ ഒരെടുപ്പ്. പുറത്ത് അൽപ്പനേരം കാറ്റു കൊണ്ടിരുന്നു. പ്രാവുകൾ പൊങ്ങിയാർക്കുന്നതിൽ ഒരമ്പലം തെളിഞ്ഞു വരുന്നുണ്ടെന്ന് എനിക്ക് തോന്നി. അവിടെ നിന്നും പോരാനേ തോന്നിയില്ല. ചില യാത്രകൾ അവസാനിപ്പിക്കാൻ കഴിയാതെ സഞ്ചാരികൾ പകച്ചു നിൽക്കാറുണ്ടാകാം. ജീവിതവും അവസാനിപ്പിക്കാൻ കഴിയാത്ത കഴിഞ്ഞ യാത്രപോലെയാവണമേയെന്ന് ഒരു കൊതി തോന്നുന്നു.