അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക്
സുൽത്താൻ റിഫായി
“മഞ്ഞപ്പൂക്കളും ചുറ്റും മലകളും”പൂക്കളുടെ താഴ് വരയെക്കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് നീലകാശം പച്ചകടല്‍ ചുവന്ന ഭൂമി എന്ന സിനിമയില്‍ സണ്ണിവെയ്ന് പറഞ്ഞ ഈ ഡയലോഗാണ്. മഞ്ഞ നിറത്തില്‍ മാത്രമല്ല പല നിറങ്ങളിലുള്ള അപൂര്‍വയിനം സസ്യജാലകങ്ങളുണ്ട് പൂക്കളുടെ താഴ്വരയില്.
ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് പൂക്കളെ കൊണ്ട് സമ്യദ്ധമായ വാലി ഓഫ് ഫ്ളവേഴ്സ് അഥവാ പൂക്കളുടെ താഴ് വര സ്ഥിതി ചെയ്യുന്നത്. 1931ല്‍ പര്‍വതാരോഹകനായ ഫ്രങ്ക് എസ് സ്മിത്ത് ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ പൂക്കളുടെ താഴ് വര ഇന്ത്യയുടെ ദേശീയ ഉദ്യാനവും യുനസ്ക്കോ ലോക പൈത്യക സൈറ്റുമാണ്.
ജൂലൈ മാസവസാനമായിരുന്നു കോഴിക്കോട് നിന്നും ഡെല്‍ഹി, ഹരിദ്വാര്‍, ശ്രീനഗര്‍ ജോഷിമഠ് വഴി ഗോവിന്ദ്ഘട്ടിലെത്തിയത് .
പൂക്കളുടെ താഴ് വരയിലേക്കും സിഖ്ക്കാരുടെ തീര്‍ത്ഥാടന കേന്ദ്രമായ ഹേമ്കുണ്ഡ് സാഹിബിലേക്കുമുള്ള യാത്രയുടെ പ്രാരംഭകേന്ദ്രം ഗോവിന്ദ്ഘട്ടാണെങ്കിലും യാത്രയുടെ ബേസ് ക്യാമ്പ് പതിനാറ് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗാംഗ്രിയ എന്ന കൊച്ചുഗ്രാമത്തിലാണ്.
ഗോവിന്ദ്ഘട്ടില്‍ നിന്നും ഗാംഗ്രിയയിലെത്തിപ്പെടാന് മൂന്ന് മാര്‍ഗ്ഗങ്ങളാണുള്ളത്. നിശ്ചിത പണമടച്ച് ഹെലികോപ്റ്ററില്‍ യാത്രചെയ്യാം. അതല്ലെങ്കില്‍ തൊട്ടടുത്ത ഗ്രാമമായ പുല്‍ന വരെ ജീപ്പില്‍ സഞ്ചരിച്ച് അവിടെ നിന്നും കുതിരപ്പുറത്ത് കയറിയോ ട്രെക്ക് ചെയ്തോ ചൂരല്‍ കുട്ടയിലിരുത്തി ചുമന്ന് കൊണ്ട് പോകുന്ന മനുഷ്യരുടെ പിറകില്‍ കയറിയോ ഗാംഗ്രിയയിലെത്താം. മൂന്നാം മാര്‍ഗ്ഗം അല്‍പ്പം കാഠിന്യമേറിയതാണ് ഗോവിന്ദ്ഘട്ട് മുതല്‍ ഗാംഗ്രിയ വരെ പതിനാറ് കിലോമീറ്റര്‍ ട്രെക്കിങ്ങ് ഞങ്ങള്‍ തിരഞ്ഞെടുത്തതും ഇതു തന്നെ. യാത്ര കൂടുതല്‍ ആസ്വാദ്യമാക്കാനും പോക്കറ്റ് കാലിയാകാതിരിക്കാനുമുള്ള ഒരു കാരണം കൂടി ഇതിനുണ്ട്.
ഗോവിന്ദ്ഘട്ടിലെ എന്‍ട്രിപോയിന്റില്‍ പേര് വിവരങ്ങള്‍ സമര്‍പ്പിച്ച ശേഷം യാത്ര ആരംഭിച്ചു. വളഞ്ഞ് പുളഞ്ഞ റോഡിലൂടെ കാഴ്ച്ചകളും കണ്ട് അഞ്ച് കിലോമീറ്റര്‍ പിന്നിട്ട് യാത്രയുടെ ആദ്യപോയിന്റായ പുല്നാഗ്രാമത്തിലേക്ക്. പുല്നയിലെത്തിയതും കുറെ പേര് ഞങ്ങളെ സമീപിച്ചു വിവരങ്ങള്‍ ആരാഞ്ഞു എങ്ങനെയെങ്കിലും തങ്ങളുടെ കുതിരപ്പുറത്ത് ഞങ്ങളെ കയറ്റിയിരുത്താന്‍ വേണ്ടിയായിരുന്നു ഈ വിവര ശേഖരണം. എന്നാല്‍ ഇതിനൊന്നും ചെവി കൊടുക്കാതെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.
പുല്‍നയില്‍ തീരുന്നു റോഡ് മാര്‍ഗ്ഗമുള്ള യാത്ര. ഇനിയങ്ങോട്ട് പതിനൊന്ന് കിലോമീറ്റര്‍ കല്ലുവിരിച്ച പാതയിലൂടെയുള്ള മലകയറ്റമാണ് ഗാംഗ്രിയയിലേക്ക് യാത്ര തിരിച്ചതില്‍ ഭൂരിഭാഗവും ഹേമ്കുണ്ഡ് സാഹിബിലേക്കുള്ള തീര്തഥാടകരായിരുന്നു ഇതില്‍ കൂടുതല്‍ പേരും കുതിരപ്പുറത്താണ് യാത്ര ചെയ്തിരുന്നത്.
പല നിറങ്ങളിലുള്ള തലപ്പാവും, നീളന്‍ താടിയും, ബെല്റ്റിനകത്തെ കത്തിയും കാഴ്ച്ചയില്‍ തന്നെ ഗൗരവമുള്ള മുഖക്കാരായിരുന്നു സിഖുക്കാര്‍. എന്നാല്‍ ഇവരുടെ മനസ്സില്‍ ഈ ഗൗരവമൊന്നും ഉണ്ടായിരുന്നില്ല കുതിരപ്പുറത്തിരുന്ന് കൈ വീശി ചിരിച്ചും അടുത്ത് വന്ന് പരിചയപ്പെട്ടും അവര്‍ സൗഹ്യദം പങ്കിട്ടു. ഇതിനിടയില്‍ മലയിറങ്ങി വന്ന തീര്‍ത്ഥാടകരില്‍ ഒരാള്‍ അടുത്ത് വന്നു കുറെയധികം മിഠായികള്‍ സമ്മാനിച്ചു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല. തിരിഞ്ഞു നോക്കിയപ്പോള്‍ പുറകെ വരുന്ന എല്ലാവര്ക്കും അദ്ദേഹം മിഠായി നല്ക്കുന്നുണ്ട്. തന്റെ തീര്‍ത്ഥയാത്ര പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാവണം മിഠായികള്‍ നല്‍കിയതെന്ന് മനസ്സില്‍ കരുതി ഞാന്‍ യാത്ര തുടര്‍ന്നു.
നിശ്ചിത ഇടവേളകളില്‍ വിശ്രമിച്ചും ശരീരത്തിന് വേണ്ട ഇന്ധനവും കയറ്റിയായിരുന്നു യാത്ര. ഓരോ വിശ്രമവേളയിലും പുതിയ സൗഹ്യദങ്ങള്‍ കൂട്ടിനുണ്ടായിരുന്നു. അറിയാവുന്ന ഭാഷയില്‍ അവരോട് സംസാരിക്കും. കൂടുതല്‍ വഷളായാല്‍ എന്തെങ്കിലും പറഞ്ഞ് തടിയൂരും.. അങ്ങനെ സന്തോഷവും തോളിലെ ഭാരവുമെല്ലാമായി പതിനൊന്ന് മണിക്കൂര്‍ പിന്നിട്ട്, രാത്രി ഏഴ് മണിയോടെ ബേസ് ക്യാമ്പായ ഗാംഗ്രിയയിലെത്തി.
മലനിരകള്‍ക്കിടയിലുള്ള കൊച്ചുഗ്രാമമാണ് ഗാംഗ്രിയ. ഒരുപാട് സഞ്ചാരികള്‍ മലകയറിയെത്തുന്ന മാസമായത് കൊണ്ട് ഹോട്ടലുകളും, കടകളും, ലോഡ്ജുകളുമെല്ലാം ഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. ടൂറിസത്തെ ഇവിടുത്തെ ജനങ്ങള്‍ നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. പലരുടെയും ഉപജീവന മാര്‍ഗ്ഗം കൂടിയാണിത്. കാഴ്ച്ചയില്‍ കൊച്ചുഗ്രാമമാണെങ്കിലും ഗാംഗ്രിയ അത്രയ്ക്കും ശാന്തമല്ല. കുതിരകളുടെ ശബ്ദം ആദ്യം ചെവിയെ ഒന്ന് ബുദ്ധിമുട്ടിച്ചെങ്കിലും പിന്നീട് അതിനോട് പൊരുത്തപ്പെട്ടു. അങ്ങനെ യാത്ര ക്ഷീണമെല്ലാം ഹോട്ടല്‍ മുറിയില്‍ ഇറക്കി വെച്ച്. ഇനിയങ്ങോട്ടുള്ള യാത്രയുടെ തയ്യാറെടുപ്പ് തുടങ്ങി. ആദ്യദിനം ഹേമ്കുണ്ഡ് സാഹിബിലേക്കും രണ്ടാം ദിനം പൂക്കളുടെ താഴ്വരയിലേക്കും പോകാം എന്നതായിരുന്നു പ്ലാന്‍.

ഹേമ്കുണ്ഡ് സാഹിബിന് മറ്റൊരു സവിശേഷത കൂടിയുണ്ട് ലോകത്തിലെ ഉയരങ്ങളില്‍ സ്ഥിതി ചെയ്യുന്ന തടാകങ്ങളിലൊന്ന് ഇവിടെയാണ് നില കൊള്ളുന്നത്.
അങ്ങനെ തടാക ദര്‍ശനത്തിനായി ആദ്യദിനം ഹേമ്കുണ്ഡ് സാഹിബിലേക്ക് യാത്ര തിരിച്ചു. ആറ് കിലോമീറ്റര്‍ ട്രെക്ക് ചെയ്തു വേണം തടാകത്തിനരികിലെത്താന്. എന്നാല്‍ പ്രതീക്ഷകള്‍ക്കെല്ലാം മങ്ങലേല്‍പ്പിച്ച് കൊണ്ട് മൂടല്‍ മഞ്ഞ് വില്ലനായി വന്നു. മുന്പോട്ടുള്ള യാത്ര അപകടം പിടിച്ചതാണെന്ന് മനസ്സിന് ഉത്തമ ബോധ്യമുണ്ടായത് കൊണ്ട് പ്രക്യതിയുടെ ഈ വെല്ലുവിളിയെ സ്വീകരിക്കാന്‍ തയ്യാറാകാതെ യാത്ര പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. സങ്കടങ്ങളെല്ലാം ഒരു കട്ടന്‍ ചായയിലൊതുക്കി മടക്കയാത്രക്ക് തയ്യാറെടുത്തു തിരിച്ച് ഗാംഗ്രിയയിലേക്ക്.
രണ്ടാം ദിനം അതിരാവിലെ പൂക്കളുടെ താഴ് വരയിലേക്കുള്ള യാത്ര ആരംഭിച്ചു മുന്‍ദിവസത്തെ പോലെ കാലവസ്ത്ഥ പ്രതിക്കൂലമാവുമോ എന്ന ആശങ്കയും മനസ്സിലുണ്ടായിരുന്നു. പൂക്കളുടെ താഴ് വര വെറുമൊരു ദേശീയോദ്യാനമല്ല പുരാണത്തില്‍ ഭീമന് ദൗപ്രതിക്ക് കല്ല്യാണസൗഗന്ധികം അന്വേഷിച്ച് വന്ന താഴ് വര, ഇന്ദ്രന്റെ പൂന്തോട്ടം എന്നിങ്ങനെ ഒരുപാട് കഥകളും പൂക്കളുടെ താഴ് വരക്ക് പിന്നിലുണ്ട്. ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് താഴ് വര പൂക്കളെ കൊണ്ട് സമ്യദ്ധമാക്കുക.
എന്‍ട്രിപോയിന്റില്‍ നിശ്ചിത പണമടച്ച ശേഷം യാത്ര തുടങ്ങി വൈകീട്ട് മൂന്ന് മണിക്ക് മുന്‍പ് തന്നെ തിരിച്ചിറങ്ങണമെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു നാല് കിലോമീറ്റര്‍ കുത്തനെയുള്ള മല കയറി വേണം പൂക്കളുടെ താഴ് വരയിലെത്താന്.
അരുവികളും വെള്ളച്ചാട്ടങ്ങളും കടന്ന് കോടമഞ്ഞില്‍ ചെറു ചാറ്റല്‍ മഴയും ആസ്വദിച്ച് ഉത്തരാഖണ്ഡിലെ സ്വര്‍ഗ്ഗത്തിലേക്ക് കിളികളുടെയും, കാറ്റിന്റെയും, അരുവികളുടെയും ശബ്ദവും ട്രെക്കിങ്ങ് ക്ഷീണമെല്ലാം കൂട്ടിനുണ്ടായിരുന്നു. അല്‍പ്പം അപകടം നിറഞ്ഞതായിരുന്നു യാത്ര. മുന്‍ ദിവസങ്ങളിലെ മഴയില്‍ വഴികളിലെ കല്ലും മണ്ണുമെല്ലാം ഒലിച്ചിറങ്ങിയതിനാല്‍ അടിതെറ്റിയാല്‍ തെന്നിവീഴുമെന്ന കാര്യം തീര്‍ച്ച. മൂടല്‍ മഞ്ഞ് കാരണം പലപ്പോഴും മലനിരകളുടെ സൗന്ദര്യം ആസ്വദിക്കാനായില്ല എന്നാല്‍ ഇതിനെല്ലാം പകരമായി പ്രക്യതി ഞങ്ങള്‍ക്ക് വേണ്ടി ഒരുക്കി വെച്ചതായിരുന്നു പൂക്കളുടെ താഴ് വര.
മാനം മുട്ടിനില്‍ക്കുന്ന ഹിമാലയന്‍ മലനിരകള്‍ക്ക് താഴെ പൂക്കളെകൊണ്ട് സമ്യദ്ധമായ പ്രദേശം. കണ്ണെത്താത്തിടത്തോളം പരന്നു കിടക്കുന്ന പൂക്കളുടെ താഴ് വര ചുരുങ്ങിയ സമയം കൊണ്ട് നടന്ന് കാണുക എന്നത് തീര്‍ത്തും അസാധ്യമായിരുന്നു. എന്നിരുന്നാലും തണുത്ത കാലവസ്ഥയില്‍ ചാറ്റല്‍ മഴയും നനഞ്ഞും പൂക്കള്‍ക്കിടയിലൂടെ നടന്നും പൂഞ്ചിരിച്ച് പൂവിട്ട് നില്ക്കുന്ന പൂക്കളെ ക്യാമറയില്‍ പകര്‍ത്തിയും പൂക്കളുടെ താഴ് വരയെ കുടുതല്‍ ആസ്വദിച്ചു.
ഒടുവില്‍ വിട പറയുബോള്‍ പൂക്കളുടെ താഴ് വരയെ ലോകത്തിന് മുന്നില്‍ പരിച്ചയപ്പെടുത്തിയ ഫ്രാങ്ക് എസ് സ്മ്മിത്ത് തന്റെ പുസ്തകത്തിലെഴുത്തിയ അതെ വരികള്‍ തന്നെയാണ് മനസ്സിലേക്കോടിയെതിയത്
“ഭൂമിയിലെ ഏറ്റവും ശ്രേഷ്ഠവും നിര്‍മ്മലവുമായ പര്‍വതങ്ങളില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മനോഹരമായ താഴ് വര ”
…
പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ tripeat.in@gmail.com എന്ന വിലാസത്തിൽ അയയ്ക്കുക.
1 thought on “പൂക്കളുടെ താഴ് വരയിലേക്ക് ഒരു സ്വപ്നയാത്ര”
????????