ലോകത്തിലെ പ്രണയ സ്മാരകങ്ങളിൽ ഏറ്റവും മുൻപിൽ ആണല്ലോ താജ് മഹലിന്റെ സ്ഥാനം. തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ ഓർമയ്ക്ക് മുഗൾ ചക്രവർത്തി ഷാജഹാൻ നിർമിച്ച താജ്മഹൽ, അദ്ദേഹത്തിന്റെ വിരഹത്തിന്റെ സ്മാരകമാണ്. മുംതാസിന്റെ മരണ ശേഷം അദ്ദേഹം പിന്നെ അത്തറുകൾ ഉപയോഗിച്ചിട്ടില്ല എന്നാണ് അറിവ്. അവർക്കുവേണ്ടി അത്തറുകൾ ഉണ്ടാക്കിയിരുന്നത് ഉത്തർപ്രദേശിലെ കന്നൗജ് എന്ന ഗ്രാമത്തിൽനിന്നാണ്.

Photos : Divya Dugar
അന്നും ഇന്നും കന്നൗജ് മുന്തിയ ഇനം അത്തറുകളുടെ ഉദ്പാദന കേന്ദ്രമാണ്. മനുഷ്യർ എന്നാണ് സുഗന്ധ തൈലങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയതെന്ന് ഉറപ്പില്ല. സിന്ധു നദീതട സംസ്കാര നഗരങ്ങളിൽ സുഗന്ധ ദ്രവ്യങ്ങൾ വാറ്റിയെടുക്കുന്ന പുരാതന കളിമൺ കാലങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. കന്നൗജിലെ ഓരോരുത്തരുടെയും ജീവിതം സുഗന്ധ തൈലവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നത് അദ്ഭുദമല്ലേ? പക്ഷെ അതിലും അദ്‌ഭുതമായ മറ്റൊന്നുണ്ട് പറയാൻ ; പുരാതനകാലം മുതലേ അവർക്ക് മഴയുടെ സുഗന്ധം കൊണ്ട് തൈലം ഉണ്ടാക്കാൻ കഴിയും!
നമ്മൾ ‘petrichor’ എന്ന് വിളിക്കുന്ന മഴയുടെ സുഗന്ധം, മനസിനെ ശാന്തമാകും, ആത്മാവിനെ പുതുക്കും, ഒരുപക്ഷെ നിങ്ങളുടെ കഴിഞ്ഞ കുട്ടിക്കാലത്തെ ഓർമപ്പെടുത്തും. രാവിലെ എഴുന്നേൽക്കാൻ മടിച്ച് കട്ടിലിൽ പുതച്ച് കിടന്നതും, സ്‌കൂൾ വിട്ടു വന്ന് മഴയത്ത് ഓടിക്കളിച്ചതും എല്ലാം. മിട്ടി അത്തർ എന്ന് വിളിക്കുന്ന കുപ്പിക്കകത്തെ മഴയുടെ സുഗന്ധം നിങ്ങൾക്ക് വാങ്ങിക്കാം, ഇന്ത്യയുടെ സ്വന്തം സുഗന്ധദ്രവ്യ നഗരത്തിൽനിന്ന്. ഈ അത്തർ മാത്രം അല്ല, നമ്മളുടെ മനം മയക്കുന്ന ഒരുപാടു സുഗന്ധങ്ങൾ അവിടെ കിട്ടും. ഇനി ആ വഴിക്കൊക്കെ പോകുമ്പോൾ കന്നൗജ് കാണാൻ മറക്കണ്ട!