സുർജിത്ത് സുരേന്ദ്രൻ
കുറേ പാറയും പിന്നൊരു പള്ളിയും കടലും അസ്തമയ സൂര്യനും പിന്നെന്തൊക്കയോ ഇസ്‌ലാമിക് ചരിത്രങ്ങളും ഖബറും, ഇത്രയൊക്കെയായിരുന്നു പാറപ്പള്ളിയിൽ നിന്നും വെറും പതിമൂന്ന് കിലോമീറ്റർ മാത്രം ദൂരത്ത് വീടുള്ള ഞാൻ മനസ്സിലാക്കി വെച്ചിരുന്നത്. അതിനപ്പുറം പാറപ്പള്ളിക്കും ആ പ്രദേശത്തിനും ചരിത്രത്തിലുള്ള പ്രാധാന്യം നമ്മൾക്കൊക്കെ ഊഹിക്കാൻ( വെറുതെ ഊഹിച്ചു നോക്കണ്ട, കിട്ടൂല) പറ്റുന്നതിലും വളരെ വലുതാണ്.
വെറുതെ ഒന്ന് പോയി കാറ്റ് കൊള്ളാം എന്ന് വിചാരിച്ച് പോയതായിരുന്നു. മുൻപ് പോയിട്ടുണ്ടെലും പെട്ടന്ന് തന്നെ തിരിച്ചു വന്നിരുന്നു. കൊയിലാണ്ടിയിൽ നിന്ന് കണ്ണൂർ പോവുന്ന വഴിക്ക് കൊല്ലം എന്ന സ്ഥലത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ചെറിയ റോഡിൽ കയറി കുറച്ചു മുന്നോട്ട് പോയാൽ പാറപ്പള്ളി എത്താം. പാറപ്പള്ളി മഖാമിലേക്ക് കയറുന്ന കവാടത്തിനടുത്ത് വണ്ടി പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്.
ചെറിയ ഒന്നു രണ്ട് പെട്ടിക്കടകൾ രണ്ടു ഭാഗത്തുമായി ഉള്ള ഒരു വലിയ കവാടം കടന്ന് മുകളിലോട്ട് കയറിയാൽ പള്ളിയും താഴെ വലതു ഭാഗത്തായി കടലിനോട് ചേർന്ന് ഒരു ചെറിയ ഓപ്പൺ സ്റ്റേജും ഉണ്ട്. കണ്ടിട്ട് പ്രഭാഷണം നടത്താൻ വേണ്ടി ഉണ്ടാക്കിയതാണെന്ന് തോന്നുമെങ്കിലും തിരിച്ചു വരുമ്പോൾ നല്ല ഒരു സൂഫി ഡാൻസിന്റെ വിഷ്വൽസ് ആണ് മനസ്സിലേക്ക് വന്നത്. അത്രക്ക് മനോഹരമായിരുന്നു ആ സമയത്തെ അവിടുത്തെ കാഴ്ച. ഏതോ ഒരു സിനിമയിൽ നമ്മളെ കോഴിക്കോട്ടെ കടൽപാലത്തിന്റെ മുകളിൽ വെച്ച് ഷൂട്ട് ചെയ്ത ആ രംഗം. എന്റെ മൊബൈലിൽ അത്രക്കങ്ങോട്ട് സുന്ദരമായി പതിപ്പിക്കാൻ പറ്റിയില്ലെന്നുള്ളത് ഒരു സങ്കടായിപ്പോയി.
താഴെ കടലിലേക്ക് ചിതറിക്കിടക്കുന്ന ചെറുതും വലുതുമായ പാറക്കൂട്ടങ്ങളും അതിനഭിമുഖമായി നിക്കുന്ന വലിയ കുന്നും ചെറുതും വലുതുമായ മരങ്ങളും കുറ്റിക്കാടുകളും എല്ലാം കൂടെ കൊയിലാണ്ടി തന്നെ ആണോ ഇതെന്ന് തോന്നി പോകുന്ന രീതിയിലുള്ള ഭൂപ്രകൃതി. സാധാരണരീതിയിൽ കടലിനടുത്തുള്ള ഇത്തരം ഉയർന്ന പ്രദേശങ്ങളെയാണ് പണ്ട് വിദേശികൾ ശത്രുകളെ വീക്ഷിക്കാനും മറ്റുമുള്ള കോട്ടകളാക്കി മാറ്റിയിരുന്നത്. പള്ളിയുടെ സാന്നിധ്യമായിരിക്കും അവരെ ചിലപ്പോൾ ഇതിൽ നിന്നും പിൻ തിരിപ്പിച്ചത്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രവും വിശ്വാസങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന ഇവിടം ഒരു പ്രധാനപ്പെട്ട മുസ്‌ലീം തീർത്ഥാടന കേന്ദ്രമാണ്. ചേരമാന്‍ പെരുമാളിന്റെ രാജലിഖിതവുമായി അറേബ്യയില്‍നിന്നു വന്ന മാലിക് ദീനാറും സംഘവും അന്നത്തെ പ്രസിദ്ധ തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ ഇറങ്ങി ഇന്ത്യയിലെ ഒന്നാമത്തെ മുസ്ലിം പള്ളി അവിടെ നിര്‍മ്മിച്ചു. പിന്നീട് തെക്കന്‍ കൊല്ലം ജില്ലയില്‍ പോവുകയും കോലത്തിരിയുടെ സഹായത്തോടെ രണ്ടാമത്തെ പള്ളി അവിടെ നിര്‍മിക്കുകയും ചെയ്തുവെന്നാണ് കേരളചരിത്രമെഴുതിയ ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായം. എന്നാല്‍ ഒരു കയ്യെഴുത്ത് രേഖയനുസരിച്ച് രണ്ടാമത്തെ പള്ളി പന്തലായിനി കൊല്ലത്തെ പാറപ്പളിക്കുന്നില്‍ സ്ഥാപിച്ചുവെന്ന് വില്യം ലോഗന്‍ തന്റെ മലബാര്‍ മാന്വലില്‍ പറയുന്നു. ‘മയ്യത്ത്കുന്ന്’ എന്നാണ് ഔദ്യോഗിക രേഖകളില്‍ ഈ സ്ഥലത്തെപ്പറ്റി പറയുന്നത്. എ.ഡി.664 ൽ മാലിക് ബ്‌നു ഹബീബ് ആയിരുന്നു ഈ പള്ളി പണിതത്.
ചേരമാന്‍ പെരുമാളും സംഘവും മക്കയിലേക്ക് പുറപ്പെട്ടത് ഇവിടെനിന്നാണ്. പണ്ട് അറേബ്യയില്‍ നിന്നും പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്നും വരുന്ന കപ്പലുകള്‍ നങ്കൂരമിട്ടിരുന്നതും മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ ഓടങ്ങളില്‍ പുറപ്പെട്ടിരുന്നതും തിരിച്ചെത്തിയിരുന്നതും ബ്രിട്ടീഷുകാരുടെ മോണിംഗ് സ്റ്റാര്‍ എന്ന കപ്പല്‍ തകര്‍ന്നതും എല്ലാം ഈ ചരിത്രപ്രധാനമായ പാറപ്പള്ളിയിൽ നിന്നുമായിരുന്നു. ഇവിടെ എത്തുന്ന ചൈനീസ് മുസ്ലീങ്ങൾക്ക് പ്രത്യേകം പള്ളികൾ ഉണ്ടായിരുന്നു. പില്‍ക്കാലത്ത് ചീനംപള്ളി എന്ന പേരിലാണ് അവ അറിയപ്പെട്ടിരുന്നത്. കാപ്പാട് കപ്പലിറങ്ങിയ ഗാമ കാലവര്‍ഷത്തില്‍ നിന്നും രക്ഷനേടാന്‍ കപ്പല്‍ ഇവിടേക്ക് മാറ്റിനിര്‍ത്തിയിരുന്നതായി ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവിടുത്തെ ആദം നബിയുടെ കാലടയാളം ബദ്റിങ്ങളുടെ മഖ്ബറ, ഔലിയ കിണർ, ഔലിയ വെള്ളം,മാലിക് ദിനാറും കൂട്ടരും വിശ്രമിച്ച സ്ഥലം ഇവയെല്ലാം വിശ്വാസികളെ കൂടുതൽ പാറപ്പള്ളിയിലേക്ക് അടുപ്പിക്കുന്നു. പള്ളിയിലേക്ക് വിശ്വാസികൾക്ക് മാത്രമേ പ്രവേശനം ഉള്ളു എങ്കിലും പള്ളിപ്പറമ്പിലും ഖബർ സ്ഥലത്തുമെല്ലാം എല്ലാവർക്കും നടന്നു കാണാം.
അങ്ങനെ പറഞ്ഞലോടുങ്ങാത്ത ചരിത്ര നിമിഷങ്ങൾക്ക് സാക്ഷിയായ ഒരു സുന്ദരമായ കടലോരമാണ് പാറപ്പള്ളി. ഒഴിവുള്ള ദിവസങ്ങളിൽ പാറപ്പള്ളിയിലോട്ട് പോര്. വൈകുന്നേരങ്ങളിൽ സൂര്യസ്തമയവും കണ്ട് നമുക്കവിടെയിരിക്കാം.
…
ട്രിപ്പീറ്റിലേക്ക് നിങ്ങൾക്കും യാത്രാനുഭവങ്ങളും ഭക്ഷണ വിശേഷങ്ങളും അയക്കാം.. അയക്കേണ്ട വിലാസം : tripeat.in@gmail.com