സുൽത്താൻ റിഫായി
കടല്‍ പോലെ പരന്ന് കിടക്കുന്ന താര്‍ മരുഭൂമിയിലൂടെ ചുട്ട് പൊള്ളുന്ന ചൂടും ആസ്വദിച്ച്. ജയ്സല്‍മീറിലേക്കുള്ള മടക്കയാത്രയിലായിരുന്നു കുൽധാര സന്ദര്‍ശിക്കാനിടയായത്. രാജസ്ഥാനിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇന്ന് കുൽധരയെങ്കിലും സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഇവിടേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. ഒരു കാലത്ത് 83 ഗ്രാമങ്ങളുടെ കേന്ദ്ര ബിന്ദുവായ കുൽധാര ഇന്നൊരു പ്രേതഗ്രാമമായാണ് അറിയപ്പെടുന്നത് ഇവിടം നിറഞ്ഞ് നില്‍ക്കുന്ന നിഗൂഢമായ കഥകളും അദ്ധവിശ്വാസങ്ങളും തന്നെ കാരണം…
സമ്പത്തിനെക്കാള്‍ വലുതാണ് അഭിമാനമെന്ന് തെളിയിച്ച ബ്രാഹ്മണസമുദായത്തിലെ പാലിവാല്‍ വിഭാഗക്കാര്‍ പടുത്തുയര്‍ത്തിയതായിരുന്നു കുൽധാര. ഒരു കാലത്ത് പ്രഢിയോടെ നിലനിന്നിരുന്ന കുൽധാരയില്‍ ഇന്നൊരാള്‍ പോലും താമസിക്കുന്നില്ലെന്നത് ഈ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നു.. ഒട്ടും ഉചിതമല്ലാത്ത സമയത്തായിരുന്നു കുൽധരയിലെത്തിയത് തലയ്ക്ക് മീതെ കത്തിനില്‍ക്കുന്ന സൂര്യനും അസഹ്യമായ ചൂടും പൊടിപടലവും താങ്ങി ചരിത്രം ഉറങ്ങുന്ന കുൽധാരയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ എങ്ങും വിചിത്രമായ ഒരു നിശബ്ദത മാത്രം.
നിശ്ചിത പണമടച്ചാല്‍ മാത്രമെ ഗ്രാമത്തിലേക്ക് പ്രവേശനം സാധ്യമാവുകയുള്ളു. ആദ്യകാഴ്ച്ചയില്‍ തന്നെ ഇതൊരു ചരിത്രാവശേഷിപ്പാണെന്ന് നിസംശയം മനസ്സിലാകും.. തകര്‍ന്നതും ഭാഗികമായി തകര്‍ന്നതും മേല്‍ക്കൂരയില്ലാത്തതുമായ കെട്ടിടങ്ങള്‍. പലതും തനിമ വറ്റാതെ തന്നെ പുനര്‍നിര്‍മ്മിച്ചിട്ടുമുണ്ട്…
ആളൊഴിഞ്ഞ പ്രദേശത്ത് പൊതുവെ മറ്റുള്ളവര്‍ കുടിയേറി താമസിക്കേണ്ടതാണ് എന്നാല്‍ ബ്രാഹ്മണ ശാപമേറ്റ പ്രദേശം, ഈ ഗ്രാമത്തില്‍ അന്തിയുറങ്ങുന്നവരുടെ കുടുംബാംഗങ്ങള്‍ അകാലത്തില്‍ മരിക്കും എനിങ്ങനെയുള്ള വിശ്വാസങ്ങള്‍ നിലകൊള്ളുന്നതിനാല്‍ ആരും അതിന് ധൈര്യപ്പെടുന്നില്ല എന്ന് മാത്രം.
ചരിത്രതാളുകള്‍ മറിക്കുമ്പോള്‍ കുള്‍ദരയുടെ ചരിത്രം തികച്ചും വ്യത്യസ്തമാണ്
ജയ്സല്‍മീര്‍ രാജാവിന്റെ ദിവാനായിരുന്ന സലാംസിങ്ങ് മേത്ത ഒരു ദിവസം കുൽധാര സന്ദര്‍ശിക്കുകയും ഗ്രാമത്തിലൂടെയുള്ള യാത്രക്കിടയില്‍ സര്‍പഞ്ചിന്റെ (ഗ്രാമതലവന്‍) അതിസുന്ദരിയായ മകളെ കാണാനിടയാവുകയും അവളെ തന്റെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ദിവാന്‍ തന്റെ ഇഷ്ട്ടം സേവകര്‍ മുഖാന്തരം സര്‍പഞ്ചില്‍ എത്തിച്ചു… എന്നാല്‍ അമ്പതുകാരനും അഞ്ചു ഭാര്യമാരുള്ളവനുമായസലാം സിങ്ങ് മേത്തക്ക് തന്റെ പതിനാറുകാരിയായ മകളെ നല്‍കാന്‍ സര്‍പഞ്ച് തയ്യാറായിരുന്നില്ല..
തങ്ങളുടെ എതിര്‍പ്പ് ദിവാനെ അറിയിക്കുകയും മകളോടുള്ള ആഗ്രഹം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷെ ദിവാന്‍ ഈ ആവശ്യത്തെ എതിര്‍ത്തു. മകളെ തനിക്ക് നല്‍കിയില്ലെങ്കിൽ സൈന്യത്തെ അയച്ച് മകളെ ബലമായി കൊണ്ടുപോകുമെന്ന താക്കീതും നല്‍കി. ദിവാന്റെ താക്കീത് നടപ്പാവുമെന്നതില്‍ ഉത്തമബോധ്യമുള്ളതിനാള്‍ അവരുടെ മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളെ ഉണ്ടായിരുന്നുള്ളു. ദിവാന്റെ സൈന്യവുമായി ഏറ്റുമുട്ടി മരിക്കുക. അല്ലെങ്കില്‍ തന്റെ പൊന്നോമന പുത്രിയെ ദിവാന് വിവാഹം ചെയ്ത് നല്‍കുക. എന്നാല്‍ ഈ മാര്‍ഗങ്ങളെയെല്ലാം അവഗണിച്ച് ഗ്രാമത്തിലെ സര്‍പഞ്ചുമ്മാര്‍ (ഗ്രാമതലവന്മാര്‍) കൂടിയിരുന്നെടുത്ത തീരുമാനം മറ്റൊന്നായിരുന്നു..
“ഒറ്റരാത്രികൊണ്ട് 84 ഗ്രാമങ്ങളിലെ ജനങ്ങളെയും കൊണ്ട് ഈ ഗ്രാമം വിട്ട് പോകുക ”
ഒരു പെണ്‍കുട്ടിക്ക് വേണ്ടി ഇരുപതിനായിരത്തോളം വരുന്ന ജനങ്ങള്‍ എങ്ങോട്ട് അപ്രത്യക്ഷമായി എന്നതില്‍ ഇന്നും ഒരു വ്യക്തത വന്നിട്ടില്ല.. തകര്‍ന്ന് കിടക്കുന്ന വീടുകള്‍ക്കിടയിലൂടെ നടന്ന് കുൽധാരരയെ ഫ്രെയിമില്ലാക്കുമ്പോള്‍ തങ്ങളുടെ വീടും സമ്പാദ്യവും ഉപേക്ഷിച്ച്, സ്വന്തം നാടുവിട്ട് പോകാന്‍ നിര്‍ബന്ധിതരായ ഒരു ജനതയുടെ വികാരം ഇന്നും അവിടുത്തെ നിശബ്ദതയില്‍ അലയടിക്കുന്നുണ്ട്….
…
പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ അയയ്ക്കാൻ…
Email : tripeat.in@gmail.com
WhatsApp : +919995352248