രേഖ എസ് സോമരാജ്
പൊറോട്ട സുന്ദരനാണെങ്കിലും മെരുങ്ങാത്തവനാണെന്നും തട്ടു കടേലും ഹോട്ടലിലുമൊക്കെ വാരിയലക്കു വാങ്ങിയിട്ടും അടുക്കളയിൽ വീട്ടമ്മമാരോടവനു പുച്ഛമാണെന്നുമൊക്കെ ഞാനും കേട്ടിട്ടുണ്ട്… എന്തായാലും അരക്കൈ നോക്കീട്ടു തന്നെ കാര്യം. എന്റെ കെട്ടിയോന്റെ ബാല്യകാല സുഹൃത്ത് പോറ്റീടെ നേതൃത്വത്തിൽ ഞങ്ങളിന്ന് ആ ഭീകരനെക്കുറിച്ച് ഒന്നു പഠിക്കാൻ തന്നെ തീരുമാനിച്ചു.
അവൻ നമ്മളെ വെള്ളം കുടിപ്പിക്കുമെങ്കിലും മൂപ്പർക്കത്ര വെള്ളം ഇഷ്ടമല്ല ! മൈദയിൽ രണ്ടു മുട്ട (അതവൻ വിഴുങ്ങും) വെള്ളത്തിലേക്ക് ചേർത്ത് അല്പം പഞ്ചാര, ഒരു നുള്ള് സോഡാപ്പൊടി ആവശ്യത്തിനുപ്പ് ചേർത്ത് അവന്റെ ബോഡി തയ്യാറാക്കി. മൈദ ലേശം എണ്ണയും ചേർത്ത് നന്നായി, നാടൻ ഭാഷയിൽ പറഞ്ഞാൽ തേച്ചെടുത്തു.
എത്ര തേച്ചിട്ടും പാവം ഒതുങ്ങിയിരിക്കുന്നതു കണ്ടപ്പോൾ തന്നെ ഇവൻ നുമ്മ കരുതിയ ആളല്ലാന്നു മനസ്സിലായി. മെല്ലെ ലവനെ അടുക്കളയുടെ ഗ്രാനൈറ്റ് ടോപ്പിൽ വച്ച് നനഞ്ഞ തുണി കൊണ്ട് മൂടിയിട്ടു. എന്റെ അടുക്കള അവന് ഇഷ്ടായിന്നു തോന്നുന്നു. പാവം ഒതുങ്ങിയിരുന്നു! എനിക്ക് കൗതുകം തോന്നി.
തട്ടു കടേല് നീ ഉരുണ്ടിരിക്കുമ്പോ ഞാനെത്ര തവണ നിന്നോട് മനസ്സുകൊണ്ട് ചോദിച്ചു. നിന്നെ ഞങ്ങളു വീട്ടമ്മമാര് വിളിച്ചാലും ഞങ്ങടെ കൊച്ചുങ്ങടെ കൊതി മാറ്റാനേലും നീ ഒന്ന് വന്നൂടെന്ന്. നീ അന്ന് ഞെളിഞ്ഞിരുന്ന്. ദാ ഇപ്പോ എന്റെ കൈക്കൊത്തു കിട്ടി നിന്നെ. എന്നിലെ ഭദ്രകാളി പുറത്തെത്തി. മെല്ലെ ഉരുണ്ട തലേന്ന് കുറച്ചെടുത്ത് അവനെ ചെറിയ ഉരുളകളാക്കി നിരത്തി. അതോടെ അവന്റെ വല്യ ഭാവം ഒക്കെ മാറി. എന്തോ ഒരു മ്ളാനത.
ഞാൻ വീണ്ടും നനച്ചു പുതപ്പിച്ചു. കുറച്ചു നേരം അങ്ങനെയിരുന്നാ അവനു നെഗളം കൂടുമെന്ന് തോന്നിയപ്പോ ഞാൻ വീണ്ടും ഉരുണ്ട ചെറിയ തലയെടുത്ത് വെളിച്ചെണ്ണ തേച്ച ഗ്രാനൈറ്റിൽ ഒന്നു പരത്തി നോക്കി. ങും ഇവൻ കൈയ്യുടെ താളത്തിനൊത്ത് ഡാൻസു കളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനുമൊന്ന് പരീക്ഷിക്കട്ടെ ….
ആദ്യമത്ര വശമായില്ലെങ്കിലും മെല്ലെ മെല്ലെ അവൻ ഒരു തൂവാല പോലെ വിടർന്നെന്നെ നോക്കി! ഞാൻ ചിരിയോടെ തൂവാല ചുരുട്ടി മടക്കി വച്ചു. പുതിയ ഡിസൈൻ: വയറ്റിലെത്തും മുൻപ് എത്ര അവതാരങ്ങളെടുത്താണ് പൊന്നു പൊറോട്ടക്കുട്ടാ നീ… ചുമ്മാതല്ല നീ എല്ലാർക്കും പ്രിയപ്പെട്ടവനായത്. കല്ല് ചൂടായീന്ന് മനസ്സു പറയും മുൻപ് ഗോവിന്ദിന്റെ കൊതി തിരക്കുകൂട്ടി…പിന്നെ ഒന്നും നോക്കിയില്ല വെറുതെ ഉള്ളംകൈ കൊണ്ട് അവന്റെ മുഖം ഫേഷ്യലു ചെയ്ത് രണ്ടും കല്പിച്ച് കല്ലുമ്മേലാക്കി! പെറോട്ട ഫളാറ്റ്!
…
പാചകവിശേഷങ്ങൾ അയക്കൂ… : tripeat.in@gmail.com