തയ്യാറാക്കിയത് : രാഹുൽ കെ ആർ
പാർലെ ജി ബിസ്കറ്റുകൾക്ക് ഒരുപാട് കഥ പറയാനില്ലേ? ആ മഞ്ഞ പാക്കറ്റിലെ മധുര ബിസ്കറ്റുകൾ! എന്താണ് പാർലെ ജി യിലെ ജി? ‘പാർലെ ജി’യിലെ ‘ജി’ ഗ്ലൂക്കോസിലെ ജി ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗ്ലുക്കോസ് ബിസ്കറ്റുകൾ എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെട്ട പാർലെ ജി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ബിസ്കറ്റുകളിൽ ഒന്നാണ്. ഒരു കാലത്തെ ട്രെൻഡിങ് ഇന്ത്യൻ സൂപ്പർ ഹീറോ ശക്തിമാൻ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന് ആലോചിക്കുമ്പോൾ നമുക്ക് മനസിലാകും പാർലെ ജിയുടെ ജനപ്രീതി. പിന്നീടിറങ്ങിയ പരസ്യങ്ങളിൽ ‘ജി’ ജീനിയസ്സിന്റെ ‘ജി’ ആയി. ‘പാർലെജി – ജി ഫോർ ജീനിയസ്’ എന്ന ടാഗ് ലൈൻ നമ്മുടെ മനസിലൂടെ എത്ര കാലം ഓടിക്കളിച്ചു?!
ബിസ്കറ്റ് അനുഭവങ്ങൾ പങ്കുവെക്കുന്ന കൂട്ടുകാർക്ക് വേണ്ടി തന്റെ പഴയ ഇഷ്ട ബിസ്കറ്റ് ആയ പാർലെജി യുടെ പരസ്യം പോസ്റ്റ് ചെയ്താണ് സിമി കടയ്ക്കൽ തന്റെ നൊസ്റ്റാൾജിയ പങ്കുവെച്ചത്. എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവർക്ക് ഇതിലും കൂടുതൽ നൊസ്റ്റാൾജിയ സമ്മാനിക്കുന്ന മറ്റൊരു ബിസ്കറ്റ് ഉണ്ടോ? ഇപ്പോൾ കഴിച്ചാലും നമ്മളെ ഓർമകളുടെ രുചിയിടങ്ങളിലേക്ക് കൊണ്ടുപോകുന്ന പാർലെജി!
ചായയിൽ മുക്കി പാർലെ ജി കഴിക്കാൻ വേണ്ടി സ്‌കൂൾ വിട്ട് പെട്ടന്ന് ഓടിവന്ന ഓർമ്മകൾ നമുക്കുണ്ടാകും. പക്ഷെ വടകരയിലെ അൻസാബിന് തന്റെ വയറു നിറച്ച പാർലെജി കഥയാണ് പറയാനുള്ളത്.
“കുറെ പാർലെ ജി ഫാമിലി പാക്ക് ബിസ്ക്കറ്റും കുപ്പീൽ പച്ച വെള്ളവും നിറച്ച് കുറച്ച് പിള്ളേർ പൂനെയിൽ നിന്ന് ലവാസ സിറ്റി കാണാൻ സൈക്കിളും വാടകക്കെടുത്ത് പോയ കഥയുണ്ട്??. 120 km ദൂരത്തുള്ള ആ സ്വപ്നനഗരിയിലേക്ക് (City of dreams) മൂന്നര മണിക്കൂർ കൊണ്ട് സൈക്കിൾ ചവിട്ടിപ്പോയ സായിപ്പിന്റെ വാക്കും കേട്ട് പുലർച്ചെ മൂന്നര മണിക്ക് തന്നെ സൈക്കിളും എടുത്ത് ഇറങ്ങിയ ഞങ്ങൾക്ക് വിധി കാത്തുവച്ചത് ചെറിയ പണിയൊന്നുമായിരുന്നില്ല?. മലയായ മലകളും കുന്നായ കുന്നുകളും സൈക്കിൾ തള്ളിയും ചവിട്ടിയും ചാകാറായ ഞങ്ങൾക്ക് ജീവൻ തിരിച്ച് തന്നതിന്റെ ക്രഡിറ്റ് പാർലെ ജിക്ക് സ്വന്തം. മറക്കില്ല ഞ്യാൻ”
പാർലെജി കഴിച്ചവരാരും അതിന്റെ പാക്കറ്റ് മറന്നുപോകാനിടയില്ല, പാക്കറ്റിലെ കുട്ടിയേയും. ബിസ്കറ്റ് പാക്കറ്റിലെ മോഡൽ ആയ കുട്ടിയെ പറ്റി കഥകൾ സോഷ്യൽ മീഡിയയിൽ പാറി നടന്നിരുന്നു. പാക്കറ്റിലെ മോഡൽ ഇതിപ്പോൾ ഇങ്ങനെയാണ് എന്ന് പറഞ്ഞ് ഒരു മുതിർന്ന സ്ത്രീയുടെ ചിത്രം പ്രചരിച്ചിരുന്നു. പാർലെയുടെ ചിത്രത്തിലെ കുട്ടിയുടേത് അറുപതുകളിൽ വരച്ചെടുത്ത ചിത്രമാണെന്ന് പാർലെയിൽ പ്രോഡക്റ്റ് മാനേജരായ മായങ്ക് ഷാ പറഞ്ഞതായി ഇക്കണോമിക് ടൈംസ് 2013 ഒക്ടോബർ 30 നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നൽകിയിട്ടുണ്ട്. പാർലെജി യുടെ ബിസ്ക്കറ്റ് പായ്ക്കറ്റിലെ കുട്ടിയുടെ ഇപ്പോഴത്തെ ചിത്രം എന്ന പേരിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ഇന്‍ഫോസിസ് അധ്യക്ഷ സുധാ നാരായണ മൂർത്തിയുടേതാണ്. ചിത്രത്തിലെ കുട്ടിയുടെ പേരുകളും ഭാവനകളാണ്. നീരു ദേശ്പാണ്ഡെ എന്ന പേര് സാങ്കല്പികമാണ്. ഓരോരുത്തർ അവരവരുടെ ഭാവന അനുസരിച്ച് സൃഷ്ടിച്ചെടുക്കുന്ന കഥകളാണെന്ന് അദ്ദേഹം വ്യക്തമാക്കിയതായി ലേഖനത്തിലുണ്ട്.
എല്ലാവർക്കും പാർലെജി ഒരുപോലെ ഇഷ്ടം ആവണം എന്നില്ല. പക്ഷെ യാത്രയ്ക്കിടയിലെ വിശപ്പകറ്റാൻ ഇതിലും രസമുള്ള വേറേത് ബിസ്കറ്റുണ്ടാകും? അപ്പോഴുള്ള രുചി പിന്നെ അനുഭവിക്കാൻ ആകുമോ? അജയ് ജിഷ്ണു യാത്രയ്ക്കിടയിലെ പാർലെജി അനുഭവം ഓർത്തു.
“സാധാരണ ഗതിയിൽ പാർലേജി നോട് ഒരു പ്രത്ത്യേക ഇഷ്ടക്കുറവുണ്ട് ? പക്ഷെ ജീവിതത്തില് ഏറ്റോം രുചിയോടെ പാർലെജി കഴിച്ച സംഭവ ബഹുലമായ ഒരു ഓർമയുണ്ട്, ഞങ്ങള് നാല് സുഹൃത്തുക്കൾ ചേർന്ന് കുടജാദ്രി കയറിയ കഥ, ജീപ്പ് വിളിക്കാതെ കാട്ടിലൂടെ കിലോമീറ്ററുകൾ നടന്ന് സർവജ്ഞ പീഠമെത്തി, നടന്നത് കൊണ്ട് സമയം വൈകി തിരിച്ചു പോരാൻ നിർവാഹമില്ലാതെ സർവജ്ഞ പീഠത്തിനു താഴെ കാട്ടിലെ ചിത്രമൂല ഗുഹയിൽ അഭയം തേടിയ ആ രാത്രി, അത് വരെ ഇല്ലാത്ത പറഞ്ഞാലും തീരാത്ത അനുഭവങ്ങളു തന്ന ആ രാത്രി, വിശപ്പിനെ അതിജീവിക്കാൻ കയ്യിൽ കരുതിയത് സർവജ്ഞ പീഠത്തിനും താഴെ മൂലസ്ഥാനത്ത് നിന്ന് വാങ്ങിയ ഒരു പാക്ക് പാർലെ ജി ആയിരുന്നു. അരമണിക്കൂർ ഇടവിട്ട് ചിത്രമൂല യുടെ പാറയിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ മുക്കി ഈരണ്ടു പാർലെജി വീതം ഓരോരുത്തരും കഴിച്ച് കൊണ്ടേ ഇരുന്നു, വെള്ളവും കുടിച്, അന്ന് വിശപ്പറഞ്ഞിട്ടില്ല, പാക്കിൽ ബിസ്കറ്റ് പിന്നേം ബാക്കിയായിരുന്നു. നാലുപേരുടെയും വയറും നിറച്ചു,
വല്ലാത്തൊരു റ്റെയിസ്റ്റായിരുന്നു, അതിനു മുമ്പോ ശേഷമോ രുചിച്ചിട്ടില്ലാത്തൊരു അതിജീവനത്തിന്റെ രുചി.”
ഇപ്പോഴും, ഈ ലോക്ക്ഡൗണിനിടയിലും പാർലെജി നമ്മുടെ പ്രിയപ്പെട്ട ബിസ്കറ്റ് തന്നെ. മാർച്ച് മുതൽ മെയ് മാസം വരെയുള്ള വില്പനകണക്കുകൾ അനുസരിച്ച് 80 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തിലാദ്യമായി ഇത്രയും പാക്കറ്റ് ബിസ്‌കറ്റുകള്‍ വിറ്റഴിച്ചതെന്ന് പാര്‍ലെ പ്രൊഡക്ട്‌സ് സാക്ഷ്യപ്പെടുത്തുന്നു. പാർലെ ജി അഞ്ചു രൂപ വില വരുന്ന മിനി പാക്കറ്റുകൾ നാട്ടിലേക്ക് നടന്നുനീങ്ങിയ അതിഥി തൊഴിലാളികളുടെ കൈകളിലും ക്യാമ്പുകളിലും നമ്മുടെ ഓരോരുത്തരുടെയും വീടുകളിലും ഈ കഴിഞ്ഞ ലോക്ക്ഡൗണിൽ സ്ഥാനം പിടിച്ചു.
പാർലെ ജി രുചി അനുഭവങ്ങൾ ധാരാളമുണ്ടാകും, നിങ്ങളുടെ നാവിൽ പാർലെ ജിയുടെ രുചി അറിയുന്നുമുണ്ടാവും. നിങ്ങളും ഇപ്പോൾ ഓർക്കുന്നുണ്ടാകും, നിങ്ങളുടെ ബിസ്കറ്റ് കഥകൾ! ഇന്ന് വൈകുന്നേരത്തേക്ക് മഴയത് ആവിപറക്കുന്ന ചായയുടെ കൂടെ ഒരു ബിസ്കറ്റുകൂടെ ആകാം, അല്ലെ?
നിങ്ങളുടെ ബിസ്കറ്റ് അനുഭവങ്ങൾ ഞങ്ങൾക്ക് എഴുതാം: [email protected]