ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളുടെയും സാമ്പത്തികനിലയുടെ അടിത്തറകളിലൊന്നാണ് വിനോദസഞ്ചാരം. കോവിഡെന്ന മഹാമാരിയുടെ സംഹാരതാണ്ഡവത്താൽ, ഏതാണ്ട് രണ്ട് വർഷത്തോളം സ്തംഭിച്ചുപോയ ടൂറിസം മേഖല വീണ്ടും ചിറകുവിരിക്കുന്നതിനിടെ ഒരു ലോക ടൂറിസ ദിനം കൂടി കടന്നെത്തുകയാണ്. ഓരോ രാജ്യങ്ങളുടെയും, അന്താരാഷ്ട്ര സമൂഹങ്ങളുടെയും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളെ ടൂറിസം എത്രത്തോളം സ്വാധീനിക്കുന്നു എന്നതിന്റെ ബോധവത്കരണാർത്ഥമാണ് ടൂറിസം ദിനം ആചരിക്കുന്നത്.
യുണൈറ്റഡ് നേഷൻസ് അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷന്റെ ( UNWTO) പത്താം വാർഷിക ആഘോഷങ്ങൾക്ക് അനുബന്ധമായാണ്, 1980 മുതൽ സെപ്റ്റംബർ 27 ന് ലോക ടൂറിസം ദിനം ആഘോഷിക്കാൻ ആരംഭിച്ചത്. കോവിഡാനന്തര കാലത്തെ ടൂറിസം മേഖലയുടെ അതിജീവനം ആസ്പദമാക്കി, ‘rethinking tourism അഥവാ വിനോദസഞ്ചാരത്തിന്റെ പുനർവിചിന്തനം’ എന്നതാണ് ഈ വർഷത്തെ പ്രമേയം. ഇന്തോനേഷ്യയിലെ ‘ബാലി’യിലാണ് ഇത്തവണ അന്താരാഷ്ട്ര തലത്തിൽ ടൂറിസം ദിനം ആഘോഷിക്കുന്നത്. വർണ്ണാഭമായ നിരവധി പരിപാടികൾ നഗരത്തിൽ അരങ്ങേറും.