ഇന്നലെ ഞാനൊരു യാത്ര പോയെന്നേ…
ഒരു ചെറിയ, വലിയ യാത്ര.
ഞാന്‍ വലിയ യാത്രികയൊന്നുമല്ലാ, പക്ഷേ യാത്രയെ സ്‌നേഹിക്കുന്ന, ചെറിയ യാത്രയെ അതിമനോഹരമാക്കാന്‍ ആഗ്രഹിക്കുന്ന യാത്രിക.
ഇനി ഇന്നലെ യാത്ര പോയത് അധികം എല്ലാവരും പോവുന്നതും പോവാന്‍ ഇഷ്ടപ്പെടുന്നതുമായ വയനാട്ടിലേക്കാണ്. അപ്പോ നിങ്ങളൊക്കെ വിചാരിക്കും ഇതിപ്പോ എന്താ ഇത്രമാത്രം എന്നൊക്കെ. ആ… അതാണ്.
എന്താണെന്നു വെച്ചാ..
എന്റെ ഇന്നലത്തെ യാത്രക്ക് ഒരു ചെറിയ പ്രത്യേകതയുണ്ട്. വയനാട് ജില്ലയില്‍ ഹര്‍ത്താലായിരുന്നു. ഒന്നും പറയണ്ട. ശശിയായില്ലേ…
ഒരു മാസം മുമ്പേ പ്ലാനിട്ട യാത്രയായിരുന്നു.
വര്‍ക്കിംഗ് വുമണും അമ്മയുമായ ഞാന്‍ ഒറ്റയ്ക്ക് പോവാനാ ആഗ്രഹിച്ചത്. പക്ഷേ അവിടേയും ട്വിസ്റ്റ്. എന്റെ അനിയത്തിക്കും കൂടെ പോരണം. അങ്ങനെ അവളേയും കൂട്ടി പ്ലാനിട്ടു. ഒറ്റ ദിവസയാത്ര. പണ്ട് +2 വില്‍ പഠിക്കുമ്പോ ടൂര്‍ പോയത് അവിടെയാ വയനാട്. അന്ന് കയറികൂടിയ മോഹമായിരുന്നു ആ ചുരം. അതേന്നേ നമ്മുടെ താമരശ്ശേരി ചുരം ഒന്ന് നടന്ന് കാണണം എന്ന്. പക്ഷേ പ്ലാനെല്ലാം അനിയത്തി പൊളിച്ചുകളഞ്ഞു.
അവളേയും കൂട്ടി വീട്ടില്‍ നിന്ന് രാവിലെ 6 മണിക്ക് ഇറങ്ങി. എന്റെ വീട് കോഴിക്കോട് നടക്കാവ് ആണ്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്ന് 6.20 ന് പുറപ്പെടുന്ന മാനന്തവാടി ബസ്സില്‍ കയറി. കാഴ്ച കണ്ടാസ്വദിക്കാന്‍ പറ്റണ സീറ്റായിരുന്നില്ല കിട്ടിയത്. ഒന്നും പറയണ്ട, നല്ല സങ്കടം വന്നു. അങ്ങനെ കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മുമ്പില്‍ ഡ്രൈവറിന്റെ അടുത്ത് രണ്ടാള്‍ക്ക് ഇരിക്കാന്‍ പറ്റണ സീറ്റ് ഒഴിഞ്ഞത് കണ്ടു. പഴം കണ്ട കുരങ്ങനെപ്പോലെ ഒറ്റ ഓട്ടം എന്നിട്ട് ആ സീറ്റിലിരുന്നു. ശ്ശോ അപ്പോഴുണ്ടായ സന്തോഷമുണ്ടല്ലോ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. ഒരു സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥ. ചുരം എന്തായാലും കയറാന്‍ പറ്റിയില്ല. ബസ്സിലിരുന്നിട്ടെങ്കിലും ആസ്വക്കേണ്ടേ? വേണ്ടേ? അങ്ങനെ യാത്ര തുടങ്ങി. ചുരം കയറാന്‍ പോവാണേ… ഏകദേശം 20 മിനുട്ട് ഒരു സ്വര്‍ഗ്ഗത്തില്‍ തന്നെയായിരുന്നു. കോടയും തണുപ്പും.. പിന്നെ കാടും ആകാശ കാഴ്ചകളും മലകളും കുന്നും. രാവിലെ എത്തിയതുകൊണ്ടാണോന്നറിയില്ല ആകാശത്തിലെ മേഘങ്ങള്‍ കടലുപോലെ പരന്നുകിടക്കുകയായിരുന്നു. അതിമനോഹരമായ കാഴ്ച്ച. ഞങ്ങള്‍ വയനാട് കവാടത്തിന്റെ അവിടെ ബസ്സിറങ്ങി വ്യു പോയന്റിലേക്ക് നടന്നു. അവിടെ നിന്ന് നമ്മുടെ കോഴിക്കോടിനെ കാണാന്‍ അതി സുന്ദരിയെപോലെയുണ്ട്. കണ്ണെടുക്കാനേ തോന്നുന്നില്ല. ഈ കാഴ്ച്ച ആസ്വദിക്കാന്‍ ഒത്തിരി ആളുകള്‍ ഉണ്ടായിരുന്നു. ഇവിടുത്തെ കാഴ്ച്ചകള്‍ കണ്ടാസ്വദിച്ച് ഞങ്ങള്‍ തിരിച്ച് വയനാട് കവാടത്തിന്റവിടേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന പോലീസുകാരോട് പൂക്കോട് ലെയ്ക്കിലേക്കുള്ള വഴി ചോദിച്ചു. അപ്പോഴാണ് അവര്‍ പറഞ്ഞത്, ഇന്ന് ജില്ലയില്‍ ഹര്‍ത്താലാണെന്ന്. എനിക്കും അനിയത്തിക്കും ഇടുത്തീവീണപോലെയായി. അയ്യടാ ഇനി എന്തു ചെയ്യും. ഞങ്ങള്‍ക്ക് മുന്നോട്ടേക്ക് യാത്ര ചെയ്യണമെങ്കില്‍ അവിടുത്തെ ലോക്കല്‍ ബസ്സ് വേണം. അതും പോരാത്തതിന് അവിടുത്തെ ടൂറിസ്റ്റ് സ്ഥലങ്ങള്‍ ഒക്കെ ക്ലോസ് ആണ്. എന്നാലും ഞങ്ങള്‍ ആ ദിവസം ഹര്‍ത്താലിന് വിട്ടുകൊടുത്തില്ലാട്ടോ… ഗവണ്‍മെന്റിന്റെ പുതിയ ഒരു ടൂറിസം പ്രോഗ്രാമുണ്ട് ”എന്‍ ഊര്” അവിടെ ചിലപ്പോള്‍ ഓപ്പണ്‍ ആയിരിക്കും. ഇവിടുന്ന് ഒരു 4.5 കിലോമീറ്റര്‍ ഉണ്ടാവും, പോയി നോക്ക് എന്ന് പറഞ്ഞു.
വയനാട് കവാടത്തിന്റെ അവിടുന്നു ഒരു 4.5 കിലോമീറ്ററുണ്ട് പൂക്കോട് വെറ്റിനറി കോളേജിലേക്ക്. ഞങ്ങള്‍ അങ്ങോട്ടേക്ക് നടക്കാന്‍ തീരുമാനിച്ചു. അപ്പോഴാ മനസിലായേ അവള്‍ ഇല്ലായിരുന്നെങ്കില്‍ ഈ യാത്ര പൊളിഞ്ഞേനേ. പോവുന്ന വഴിക്ക് വയനാട് ചുരത്തിന്റെ കാവല്‍ക്കാരന്‍ കരിന്തണ്ടന്റെ ചങ്ങലമരം കണ്ടു. അവിടുന്ന് കരിന്തണ്ടന്റെ അനുഗ്രഹവും വാങ്ങി നടക്കാന്‍ തുടങ്ങി. ഈ നടത്തത്തിന്റെ ഇടയില്‍ ഞങ്ങള്‍ ബ്രേക്ക്ഫാസ്റ്റ് കഴിച്ചൂ. കോഴിക്കോട്ടുകാര്‍ എവിടെപോയാലും വിട്ടു കൊടുക്കാത്ത പൊറോട്ടയായിരുന്നു ബ്രേക്ക്ഫാസ്റ്റ്. അങ്ങനെ ഏകദേശം ഒന്നര മണിക്കൂര്‍ യാത്ര വെറ്റിനറി കോളേജിന്റെ അവിടെ എത്തി. ഇനി എന്‍ ഊരിലേക്കുള്ള പ്രധാന വഴി വെറ്റിനറി കോളേജിന്റെ അവിടുന്നുള്ള മലകയറ്റമാണ്. മുകളിലേക്ക് പ്രൈവറ്റ് വാഹനങ്ങള്‍ കടത്തിവിടാറില്ല. അവരുടെ തന്നെ ജീപ്പുണ്ട്. ജീപ്പില്‍ പോവാന്‍ ഒരാള്‍ 20 രൂപ അവിടുന്ന് തന്നെ ടിക്കറ്റ് എടുക്കാം. അങ്ങോട്ടേക്കും തിരിച്ചും ജീപ്പ് യാത്രക്ക് ഈ 20 രൂപ ടിക്കറ്റ് മതി. ഞങ്ങള്‍ ടിക്കറ്റും എടുത്ത് കാത്ത് നിന്നു. ഹര്‍ത്താല്‍ ആയത്‌കൊണ്ട് രണ്ട് ജീപ്പേ ഉണ്ടായിരുന്നു. ഞങ്ങളുടെ ഊഴം എത്താന്‍ നേരം വൈകും എന്ന് തോന്നി. നടക്കാനുള്ള ദൂരമേയുള്ളൂ നടന്നോളു എന്നും വാച്ച്മാന്‍ പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. ഒരു ഫാമിലി നടക്കാന്നും പറഞ്ഞു മുമ്പില്‍ പോയി. അവരുടെ പിറകെ പിന്നെ ഞങ്ങളും നടത്തം തുടങ്ങി. വെറ്റിനറി കോളേജിന്റെ അവിടെ നിന്ന് എന്‍ ഊരിലേക്ക് 2.5 കിലോമീറ്ററേള്ളൂ. അങ്ങോട്ട് പോവുന്ന വഴിയിലാണ് പട്ടികവര്‍ഗ്ഗ വികസന ബോര്‍ഡിന്റെ ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍. പിന്നെ അവിടെ നിന്ന് മുന്നോട്ടേക്ക് കയറ്റമാണ്. അത് കയറി പോവുമ്പോള്‍ ചുരം നടന്നു കയറണ ഫീല്‍ തന്നെയാ. മരങ്ങളും കുന്നും മലയും ഇടയ്ക്കിടയ്ക്ക് ആദിവാസികളുടെ കുടിലുകളും അവരേയുമൊക്കെ കാണാം. ജീപ്പിലാണ് പോയതെങ്കില്‍ ഈ മനോഹരമായ കാഴ്ച്ചയൊന്നും ആസ്വദിക്കാന്‍ പറ്റില്ലായിരുന്നു. അങ്ങനെ കുറച്ച് നേരത്തെ നടത്തം കഴിഞ്ഞ് ഞങ്ങള്‍ മുകളിലെത്തി. ശ്ശോ… അത് വേറെ ലെവല്‍ പൊളി വൈബ് തന്നെയാ. 25 ഏക്കറില്‍ പരന്ന് കിടക്കുന്ന ഒരു ഹെറിറ്റേജ് വില്ലേജ്. അതിന്റ പണികള്‍ മുഴുവനും കഴിഞ്ഞിട്ടില്ല. ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഒരു ടൂറിസ്സം പ്രൊജക്ട്. അവിടെ പരമ്പരാഗത ഗോത്ര വിഭാഗം ഒരുക്കുന്ന കോഫിഷോപ്പും അവരുടെ വിപണിയുമൊക്കെ ഉണ്ട്. ആദിവാസി ഗോത്രവര്‍ഗക്കാരുടെ സംസ്‌കാരവും പൈതൃകവും എല്ലാവരിലും എത്തിക്കുക എന്നാണ് ഇതിന്റെ ലക്ഷ്യം. എന്‍ ഊര് എന്ന പദ്ധതി ഗവണ്‍മെന്റ് ആദിവാസി വിഭാഗത്തിനാണ് നിയന്ത്രിക്കാന്‍ കൊടുത്തത് എന്നൊക്കെയാണ് എനിക്ക് മനസ്സിലാക്കാന്‍ പറ്റിയത്. അതിന്റെ അകത്തേക്ക് പ്രവേശിക്കാന്‍ ഒരാള്‍ക്ക് 50 രൂപയാണ് ടിക്കറ്റ്. ഒരു അടിപൊളി ഫീല്‍ ആണ്. നിങ്ങളൊക്കെ വയനാട്ടിലേക്ക് പോവുമ്പോ അങ്ങോട്ടേക്കൊന്ന് പോവണം.(NB: കുട്ടികളേം കൊണ്ടു പോവുന്നവര്‍ നടന്ന് കയറരുത്. ജീപ്പ് ആശ്രയിക്കാം). അവിടുത്തെ കാഴ്ച്ചകളൊക്കെ കണ്ട് കഴിഞ്ഞ് ഞങ്ങള്‍ തിരിച്ചിറങ്ങി. ചെറിയ മഴയൊക്കെ കൊണ്ടും കുഞ്ഞു വെള്ളച്ചാട്ടമൊക്കെ കണ്ടും ഞങ്ങള്‍ മലയിറങ്ങി.
ഇനി എങ്ങോട്ട് പോവും? ദൂരെ എവിടേക്കെങ്കിലും പോവണമെങ്കില്‍ ബസ്സ് വേണം. അത് ഇല്ലല്ലോ. ഹര്‍ത്താല്‍ അല്ലേ. സത്യം പറഞ്ഞാല്‍ ഹര്‍ത്താല്‍ വെച്ചവരെ മനസ്സില്‍ നല്ലോണം ചീത്തപറഞ്ഞു.. ഞായറാഴ്ച്ച ആരേലും ഹര്‍ത്താല്‍ വെക്കോ. ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചു. അന്നേരം സമയം 12.30 ആയിട്ടോള്ളൂ. പക്ഷേ ആ പോക്കിനും ഒരു വലിയ വലിയ പ്രത്യേകത ഉണ്ടെന്നേ.. എന്താണെന്ന് അറേയേണ്ടേ…?
വെറ്റിനറി കോളജിന്റെ അവിടുന്ന് വ്യൂ പോയിന്റ് വരെ നടക്കാം, പിന്നെ… പിന്നെ ?
അവിടുന്ന് അടിവാരം വരെ.. എന്ത്? ചുരം നടന്നിറങ്ങാനോ….?
അതെ ഞങ്ങള്‍ ചുരം നടന്നിറങ്ങാന്‍ തീരുമാനിച്ചു. ഒരു 13 വര്‍ഷത്തെ ആഗ്രഹം സഫലമാകാന്‍ പോവാ.
ശ്ശോ… ഒരു പൊളി പൊളി വൈബ്.
ഒരു രക്ഷയും ഇല്ലാട്ടോ…
ഹര്‍ത്താല്‍ ഒരു അനുഗ്രഹമായ പോലെ തോന്നി.
വയനാടിനോട് ഹര്‍ത്താലില്ലാത്ത ഒരു ദിവസം വീണ്ടും വരാം എന്നും പറഞ്ഞ് കരിന്തണ്ടന്റെ വഴികളിലൂടെ അങ്ങ് അടിവാരം വരെ ഒരു നടത്തം. കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് വയനാടിന്റെ തണുപ്പടിക്കണില്ലേ?. ആ തണുപ്പൊന്ന് വരണമെങ്കില്‍ നിങ്ങളും ഒന്ന് വയനാട് ചുരം കേറണം. ഞങ്ങള്‍ ആകെ എക്‌സൈറ്റ്‌മെന്റിലാ. ചുരം നടന്നിറങ്ങാന്‍ തുടങ്ങീട്ടാ. അനിയത്തിക്ക് വൈബ് കേറി തുടങ്ങി. ‘ഒന്നാം മലകേറി പോവേണ്ടേ അവിടുന്ന് തലേം കുത്തി ചാടേണ്ടേ…” ചുരം ഇറങ്ങുന്ന കാഴ്ച്ചയില്‍ കുറേ കുരങ്ങന്മാര്‍ കുടുംബവുമായി ഇരിക്കുന്നു. അതില്‍ ഒരുത്തന് ഞങ്ങളെ തീരെ ഇഷ്ടപ്പെട്ടപോലെയില്ല. ഞങ്ങളെ നല്ലോണം ഒന്ന് ഓടിച്ചു. കുരങ്ങന്മാര്‍ കുട്ടികളുമായി മരം കയറുന്ന കാഴ്ച്ച എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ചുരത്തിന്റെ അരികിലൂടെയുള്ള കാഴ്ച്ച ശ്ശോ! എന്ത് ഭംഗിയാണെന്നറിയാവോ? ഒരു സൈഡ് പാറക്കെട്ടുകളും വലുതും ചെറുതുമായ മരങ്ങളും വെള്ളച്ചാട്ടങ്ങളും മറ്റേ സൈഡാണെങ്കില്‍ വയനാട്ടിലേക്ക് പോവുന്ന വണ്ടികളും. പിന്നെ പിന്നെ കുന്നും മലകളും മേഘങ്ങളും കോടയും ഒക്കെ എന്തു ഭംഗിയാണ്, പ്രകൃതി അതിസുന്ദരിയാണ്. ഞങ്ങള്‍ ചുരം നടന്നിറങ്ങുന്നത് കണ്ടിട്ട് വണ്ടിയില്‍ പോകുന്നവരെല്ലാം ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. അത് ഞങ്ങള്‍ക്ക് ക്ഷീണം അറിയാതെ നടക്കാനുള്ള ഒരു നല്ല പ്രചോദനമായിരുന്നു.
ഒരുവിധം യാത്രക്കാര്‍ എല്ലാവരും ചുരത്തിന്റെ ഭംഗി ആസ്വദിച്ച് വണ്ടികളും ഓടിച്ച് പോവുന്നുണ്ടായിരുന്നു. അതില്‍ ചുരുക്കം പേര്‍ ഉറങ്ങുകയായിരുന്നു. വളരെ അതിശയം തോന്നി ഇത്രയും മനോഹരമായ കാഴ്ച്ച കാണാതെ എങ്ങനെയാ ഉറങ്ങാന്‍ തോന്നുന്നത് എന്ന്. എട്ടാം വളവ് തീരാറായപ്പോ ഒരു ഓട്ടോ ഞങ്ങളുടെ അടുത്ത് നിര്‍ത്തി. ഞങ്ങള്‍ ഒന്ന് ഞെട്ടി. അവര്‍ അച്ഛനും അമ്മയും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു ഫാമിലി. അവര്‍ ചുരം കാണാന്‍ വേണ്ടി മാത്രം ഉള്ള്യേരിയില്‍ നിന്നും ഓട്ടോയും ഓടിച്ച് വന്നതാ. അതിശയത്തോടെ അവര് ഞങ്ങളോട് ചോദിച്ചു നിങ്ങളും മുകളില്‍ നിന്ന് നടന്നു വരുന്നതാണോ? ഞങ്ങള്‍ അതേന്നു പറഞ്ഞു. അത് കേട്ടപ്പോള്‍ അവര്‍ ഞങ്ങളേക്കാളും സന്തോഷം. ഞങ്ങള്‍ക്ക് അവരെ പരിചയപ്പെടുത്തി തന്നു. എന്തെങ്കിലും സഹായം വേണോന്ന് ചോദിച്ചു. ഞങ്ങളെ പ്രോത്സാഹിപ്പിച്ച് അവര്‍ ചുരത്തിന്റെ ഭംഗി ആസ്വദിക്കാന്‍ യാത്രയായി. ഞങ്ങള്‍ നടന്ന് 6-ാം വളവ് എത്തിയപ്പോഴേ നല്ല മഴപെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ മഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള കവചങ്ങള്‍ അണിഞ്ഞു. പിന്നെ നല്ല ഒരടിപൊളി മഴയും ആസ്വദിച്ച് നടക്കാന്‍ തുടങ്ങി. മഴപെയ്തപ്പോഴേക്കും ചുരത്തിന്റെ ഭാവം ആകെ മാറി ഇരുട്ട് പടര്‍ന്നു തുടങ്ങി. ഞങ്ങള്‍ ചുരം ഇറങ്ങാന്‍ തുടങ്ങിയത് ഉച്ചക്ക് 1.30 ആയിരുന്നു. മഴപ്പെയ്യാന്‍ തുടങ്ങിയത് ഒരു 3.15 ആയിക്കാണും ആ സമയം ഞങ്ങള്‍ രാത്രിയെപ്പോലെയാണ് ഫീല്‍ ചെയ്തത്. അങ്ങനെ നാലാം വളവില്‍ ചായക്കടയും കുറേ ആളുകളും ഉണ്ടായിരുന്നു. അവരൊക്കെ ഞങ്ങളെ അതിശയത്തോടെ നോക്കാന്‍ തുടങ്ങി. ചിലരൊക്കെ വിചാരിക്കും ഇവര്‍ക്കെന്താ വട്ടാണോന്ന്. ഇതും ഒരു വട്ടാ… യാത്രയോടുള്ള പ്രകൃതിയോടുള്ള ഒരു വട്ട്. ഈ വട്ടിന് കൂട്ടുനില്‍ക്കുന്നവരാ എന്റെ കൂടെ ഉള്ളതും.
അവിടുന്ന് ഒരു ചായകടയില്‍ കയറി നല്ല ചൂടു ചായയും കാടമുട്ട മുളകിട്ടതും ഗ്രീന്‍പീസ് മസാലയും.. ആഹാ അടിപൊളി..
മഴയൊന്ന് കുറയുന്നവരെ കാത്ത് നിന്നും. മഴകുറഞ്ഞപ്പോ ഞങ്ങള്‍ പിന്നേം നടത്തം തുടങ്ങി. ഞങ്ങളുടെ വീഡിയോ ആരെക്കെയോ എടുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അനിയത്തി പറഞ്ഞു… ചേച്ചീ വീഡിയോ എടുക്കുന്നുണ്ട്. എവിടെ എങ്കിലും ഫെയ്മസ് ആയാല്‍ അത് നമ്മളാണെന്ന് പറയണ്ടേ.. അപ്പോ നമുക്കൊരുമിച്ച് നിക്കണ ഫോട്ടോ എടുത്താലോന്ന്. അങ്ങനെ ഞങ്ങളുടെ ഫോട്ടോ അവിടുന്ന് ഒരാളെക്കൊണ്ട് എടുപ്പിച്ചു. എന്നിട്ട് വീണ്ടും നടത്തം തുടങ്ങി.
ഏകദേശം ചുരം ലക്കിഡി വ്യൂ പോയിന്റില്‍ നിന്നും അടിവാരം വരെ 10 കിലോമീറ്റര്‍ ഉണ്ടെന്നാണ് അറിവ്. ഞങ്ങള്‍ 1.30 ന് നടന്ന് അടിവാരം എത്തിയത് 5 മണിക്കാണ്. ഏകദേശം 3.5 മണിക്കൂര്‍ ഒരു പൊളി പൊളി വൈബ് ഒരു രക്ഷയും ഇല്ല.
വയനാട് ആസ്വദിക്കണമെങ്കില്‍…
ഒരു തവണയെങ്കിലും ആ ചുരത്തിലൂടെ…
അതേന്നെ, നമ്മുടെ താമരശ്ശേരി ചുരത്തിലൂടെ ഒന്ന് നടക്കണം…
4 thoughts on “താമരശ്ശേരി ചുരം, ഒരു ചെറ്യേ നടത്തം”
????????????
Adipowli… Well explained with experience. ????????????Good, Persist in..????
Nnaalum nte shamne Iyy ithokke ezhuthiyalloo…. ????????????????????????
yss
Feelgood🫶