ടോപ് സ്ലിപ്പിലെ ആനകൾ – പിന്നെ രാമശ്ശേരിഇഡ്ഡലിയും

suniltitto

സുനിൽ ടിറ്റോ:

അപരവൽക്കരണം ഇനിയുമെത്താത്ത കേരളത്തിന്റെ ഗ്രാമീണരുചികളും, ഗ്രാമവഴികളും ഭാരതപ്പുഴയുടെ തീരങ്ങളിലെ സായന്തനങ്ങളിൽ പാലക്കാടൻ പെരുമയായിൽ തിളങ്ങി നിൽക്കുന്നതിപ്പോഴും കാണാം. എണ്ണമറ്റാത്ത വയൽപ്പരപ്പുകളുടെ അവശേഷിപ്പും, സഹ്യപർവ്വതത്തിന്റെ ഇടനാഴിയിലൂടെ തമിഴ് അലയൊലികളിൽ ഒഴുകിയെത്തുന്ന പാലക്കാടൻ കാറ്റും, പിറകിൽ ജലഛായചിത്രം വരച്ചു വരിവെച്ചു തലയുയർത്തിനിൽക്കുന്ന മലനിരകളും പാലക്കാടിന്റെ മാത്രം സ്വന്തമാണ്.

പെട്ടെന്നുള്ള കുഞ്ഞുയാത്രയിൽ ഉൾക്കൊള്ളിക്കാവുന്ന ചേരുവകളെല്ലാം ചേർത്ത് പാലക്കാടൻ ഗ്രാമ ഭംഗികളിലൂടെ തനതുരുചിക്കൂട്ടുകളറിഞ്ഞു ഒടുവിൽ സഹ്യന്റെ നിബിഢതയിലെ കാനനരാത്രി. ഒറ്റവാക്കിൽ ഇക്കഴിഞ്ഞ ദിവസം നടത്തിയയാത്രാനുഭവം ഇങ്ങനെയൊക്കെയായിരുന്നു . കോഴിക്കോട്നിന്നും പാലക്കാട് വരെയുള്ള വിരസമായ ഹൈവേയാത്രക്കൊടുവിൽ പൊള്ളാച്ചി റോഡ് കയറി രാമശ്ശേരി, എലപ്പുള്ളി, പൊൽപ്പുള്ളി, ചിറ്റൂർവഴി ഭാരതപ്പുഴക്കൊരുകൈവഴിയിട്ട നറണികോസ്വേയും കടന്നു, മീനാക്ഷിപുരം ചെക്പോസ്റ്റിലൂടെ ടോപ്സ്ലിപ്പിലേക്കും പിന്നെ പറമ്പിക്കുളത്തേക്കും നീണ്ടയാത്ര.

bharathapuzha - narani causeway

അതിരാവിലെ പാലക്കാട് പിന്നിട്ടപ്പോൾ തന്നെ, രാമശ്ശേരിയായിരുന്നു ആദ്യലക്ഷ്യം. പാലക്കാട് നഗരത്തിനോട് ചേർന്ന്കിടക്കുന്ന, എലപ്പുള്ളി പഞ്ചായത്തിലെ മനോഹരമായഗ്രാമം. എന്നാൽ രാമശ്ശേരി എന്ന പേര് ജിയോടാഗ് ചെയ്തുപ്രസിദ്ധമായ രാമശ്ശേരി ഇഡ്ഡലിയാണിവിടെ താരം. രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുന്നത് പ്രത്യേക തരത്തിലാണ്. പ്രത്യേക ഇഡ്ഡലിമാവിന്റെ കൂട്ട്, നൂലുകൾ വലിച്ചുകെട്ടിയ ചട്ടിക്കുമുകളിൽ വിരിച്ചതുണിയിലേക്ക് ഒഴിക്കും. താഴെ തിളപ്പിച്ച പാത്രത്തിൽ നിന്നുമുള്ള ആവിയിൽ മുഴുവനായി മൂടിവെച്ചശേഷം, മൂന്നുമിനുട്ടോളം ആവിയിൽ വെന്തുവരുന്ന വിഭവമാണ് രാമശ്ശേരി സ്പെഷ്യൽ ഇഡ്ഡലി. ഇഡ്ഡലിയുടെയും ദോശയുടെയും ഇഴചേർന്നരുചി, അവിടുത്തെതന്ന സ്പെഷ്യൽ കുരുമുളക് ചമ്മന്തിപ്പൊടിയും, സാമ്പാറും, മുളക്ചട്ണിയും ചേർത്ത് ചൂടൻ ചായയുമൊത്തുള്ള പ്രഭാതഭക്ഷണം. പാലക്കാടൻ നാട്ടുവഴിയിലെ ആ കുഞ്ഞുകടയിൽ ഇപ്പോഴുമെത്തിചേരുന്ന നാട്ടുകാരുടെ കൂട്ടായ്മയുടെ മോമ്പൊടിയും ചേർത്ത്കഴിക്കണം കാഞ്ചിപുരത്തുനിന്നും കുടിയേറിവന്ന മുതലിയാർ കുടുംബം തലമുറകൾ കൈമാറിവന്ന രഹസ്യമാവിന്റെ കൂട്ടിനൊപ്പം ഇതെല്ലാം ഒത്തുചേരുന്ന നാടിന്റെ ചേരുവകൂടി പകരുമ്പോളാണ് രാമശ്ശേരി ഇഡ്ഡലിയുടെ യഥാർത്ഥ രുചി പെരുമ നാവിന്റെ രസമുകുളങ്ങളിലെത്തുക.
മനസ്സും വയറുംനിറച്ചു, ഗ്രാമവഴികളിലൂടെ വീണ്ടും മുന്നോട്ട്.

ചിറ്റൂരും പിന്നിട്ടു ഭാരതപുഴക്കു കുറുകെ നറണികോസ്വേ വഴി മീനാക്ഷിപുരത്തേക്കുള്ള വഴി. മണലൂറ്റി വറ്റി വരണ്ടഒറ്റപ്പാലം -ഷൊർണൂർ ഭാഗങ്ങളിലെ കാഴ്ചയെയല്ല ഭാരതപ്പുഴക്കിവിടെ. ആനമലമലനിരകളിൽ നിന്നുത്ഭവിച്ചു അധികം ദൂരെയല്ലാതെ പാറകളിൽതട്ടി പരന്നൊഴുകുന്ന പുഴയുടെ വേറൊരു സുന്ദരരൂപം. പിന്നെയും ദൂരം പിന്നിട്ടാൽ മീനാക്ഷിപുരം ചെക്പോസ്റ്റായി. കേരള – തമിഴ്നാട് അതിർത്തി കടന്നാൽ പിന്നെ ദൂരങ്ങളോളം റോഡിനിരുവശവും കമാനം വിരിച്ചുനിൽക്കുന്ന മരങ്ങൾ. പൊള്ളാച്ചിറോഡിൽ നിന്ന് ആനമലയിലേക്കുള്ള വഴിയിലേക്കും ഈകവാടങ്ങൾ നീളുന്നു. ഇത്രയും ഭംഗിയിൽ മരങ്ങൾ കവാടം തീർക്കുന്ന റോഡുകൾ ഇന്ത്യയിൽ എവിടെയെങ്കിലും ഉണ്ടോ ? സംശയമാണ്. മുപ്പത്തിരണ്ട് കിലോമീറ്ററോളം വീതിയുള്ള പശ്ചിമഘട്ടത്തിലെ പ്രധാന ഇടനാഴിയായ പാലക്കാടൻ ഗ്യാപ്തുടങ്ങുന്നത് ഏതാണ്ട് ആനമലമലനിരകളുടെ അടിവാരത്തിലാണ്. ദക്ഷിണേന്ത്യൻ കാലാവസ്ഥ, ചരിത്രം, സംസ്കാരം എന്നിവ നിർണയിക്കുന്നതിൽ പാലക്കാടൻ ഇടനാഴിക്ക് അതിപ്രധാനമായ സ്ഥാനമുണ്ട്. കൃഷിയിടങ്ങൾ നീണ്ടു കാടിലേക്കെത്തിനിൽക്കുന്ന ഭൂപ്രകൃതിയാണിനിയങ്ങോട്ട്. സമതലങ്ങളിൽ നിന്നും മുന്നോട്ടുള്ളയാത്ര, ആനമലമലനിരകളുടെ ചുരത്തോളം നീണ്ട് നിബിഡവനത്തിലേക്ക് അലിഞ്ഞുചേരുന്നു.

ഈ വഴിയിലെ അവസ്സാനത്തെ കൊച്ചു ടൗൺ ആയ സേത്തുമടകഴിഞ്ഞാൽ പിന്നെ കാടായി. ഇനിയങ്ങോട്ട് നമ്മുടെ ഹോമോസാപ്പിയൻസിന്റെ ഭാഷയിൽ, തമിഴ്നാട്ഭാഗം ചേർന്ന് ആനമല ടൈഗർ റിസേർവും, അതിനോട് ചേർന്ന് കേരളാ സൈഡിൽ പറമ്പിക്കുളം ടൈഗർ റിസെർവുമാണ്. ആനക്കും കടുവക്കും കേരളവും തമിഴ്നാടുമൊന്നും ബാധകമല്ലല്ലോ. പക്ഷെ കേരളത്തിലെ മുതലമട പഞ്ചായത്തിന്റെ ഭാഗമായ പറമ്പികുളത്തെത്തണമെങ്കിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കേരളത്തിലൂടെ നേരിട്ട് വഴികളൊന്നുമില്ല. പറമ്പിക്കുളത്തെ ലോകവുമായി ബന്ധിപ്പിക്കുന്ന ഒരേഒരു പ്രവേശനകവാടം ആനമല വഴി മാത്രമാണ്.
സേത്തുമട ഫോറസ്റ്റ് ചെക്പോസ്റ്റിനപ്പുറത്തേക്കു രാവിലെ ഏഴുമണിക്കുശേഷവും വൈകിട്ട് നാലുമണിക്കു മുൻപും മാത്രമേ പ്രവേശനാനുമതിയുള്ളൂ. പതിനാറു വർഷങ്ങൾക്ക് മുൻപ്, യാത്രാസൗകര്യങ്ങളൊക്ക വളരെ പരിമിതമായിരുന്ന സമയത്തു പറമ്പിക്കുളത്തേക്ക് നടത്തിയ യാത്രഗൃഹാതുരത പേറിമനസ്സിലേക്കെത്തി. രാവിലെ ആറരക്ക് പൊള്ളാച്ചിനിന്നും പറമ്പിക്കുളത്തേക്കു പുറപ്പെടുന്ന ഒരേയൊരു ബസ്സർവീസ് ആണ് ആകെ യാത്രക്കായുള്ള ആശ്രയം. ഫോറസ്റ്റ് എൻട്രി ടിക്കറ്റുകൾ അന്ന് ആനപ്പാടിക്കും ആറുകിലോമീറ്ററുകൾക്കു ശേഷം തൂണക്കടവ് ഡാമിനടുത്തായിരുന്നു എന്നാണു ഓർമ്മ. പാലക്കാട് നിന്നും അതിരാവിലെ പൊള്ളാച്ചിയിൽ നിന്നും ബസ്സിൽ രാവിലെ എട്ടരയോടെ തൂണക്കടവിലെത്തി, ഏപ്രിലിലെ കൊടും ചൂടിൽ ആറു കിലോമീറ്ററുകളോളം ട്രെക്ക് ചെയ്തു വൈകിട്ട് നാല്മണിക്ക് തിരിച്ചു ഏക ആശ്രയമായ, അതെ ബസ്സിൽ തന്നെ തിരിച്ചു പൊള്ളച്ചിക്കും വന്ന ഏകദിന സന്ദർശനം നല്ലൊരു ഓർമ്മയായി ഇന്നുമുണ്ട് . പോകുന്ന വഴിയേ ടോപ്സ്ലിപ്പിൽ കാടിന്നടുവിലെ ട്രീടോപ്ഹട്ടും, ഫോറസ്റ്റ് ഗസ്റ്റ്ഹൗസും തൂണക്കടവിലെ ഡാമിനോട് ചേർന്ന ട്രീഹൗസുമൊക്കെ എന്നെങ്കിലുമൊരുനാൾ ഇവിടെവന്നു രാപ്പാർക്കണമെന്നു മനസ്സിൽ കുറിച്ചിട്ടിരുന്നു .
ചുരം കയറിയെത്തി ചേരുക, ആനമലയുടെ ഇക്കോടൂറിസം കവാടമായ ടോപ്സ്ലിപ്പിലാണ്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററുകളോളം മുന്നോട്ടു പോയാൽ വീണ്ടും കേരളത്തിൽ, ആനപ്പാടിയായി.
ടോപ്സ്ലിപ്പിലും പറമ്പിക്കുളത്തും തൂണക്കടവിലുമൊക്കെ നേരത്തെ പറഞ്ഞ വനംവകുപ്പിന്റെ കീഴിലുള്ള അതിമനോഹരമായ താമസ സൗകര്യങ്ങളുണ്ട്. വന്യജീവികളെ കാണാനുള്ള സാധ്യത കൂടിയ പ്രദേശമായതിനാലും, പറമ്പിക്കുളത്തെ അപേക്ഷിച്ചു താമസചെലവിന് നല്ല വത്യാസമുള്ളതുകൊണ്ടും തന്നെ ഞാൻ ടോപ് സ്ലിപ്മെയിൻ റോഡിൽ നിന്നും മൂന്നു കിലോമീറ്ററുകൾ മാറിഉള്ളിലായുള്ള “അമ്പുലി ഗസ്റ്റ്ഹൗസ്” ആണ് തെരഞ്ഞെടുത്തത്.

ടോപ് സ്ലിപ്പിലെ സഫാരിക്കായി പോകുന്ന കാട്ടുവഴിയിലൂടെയുള്ള യാത്രക്കിടയിൽ അലസമായി നടന്നു നീങ്ങുന്ന കാട്ടുപോത്തും, മാൻകൂട്ടങ്ങളും, തെല്ലകലെ ഒരാനയുമൊക്കെ കടന്നു എത്തിച്ചേർന്നത് ചെറിയ ഒരു കുന്നിനുമുകളിലായുള്ള താമസസ്ഥലത്താണ്. ഇവിടെ നിന്ന് നോക്കിയാൽ ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവനായി കാണാം. ദൂരെ മലയ്ക്ക് താഴെയായി സേത്തുമടഗ്രാമം, ആനമല നഗരത്തിന്റെ വിദൂരകാഴ്ച്ച. “അമ്പുലിഇല്ലം” എന്ന് വിളിക്കുന്ന ഗസ്റ്റ്ഹൗസിന്റെ തൊട്ടരികിൽ കൂടെ കാട്ടുപോത്തിൻ കൂട്ടങ്ങളും, ആനകളും മാനുകളുമെല്ലാം സ്വൈര്യവിഹാരം നടത്തുന്നു. നയനമനോഹരമായ പച്ചപ്പിൽ, കാട്ടിലെ കൂട്ടുകാരോടൊപ്പം മൊബൈൽ നെറ്റ് വർക്കിന്റെ പൊല്ലാപ്പൊന്നുമില്ലാതെ എത്രനേരം വേണമെങ്കിലും അവയെ അവരുടെ വാസസ്ഥലത്ത് ശല്യങ്ങളൊന്നുമുണ്ടാക്കാതെ നോക്കിനിന്നാസ്വാദിക്കാം. വനവാസി സുഹൃത്തുക്കളായ കമലവും അവരുടെ മകൻശരവണനും എന്താവശ്യത്തിനും ഒപ്പമുണ്ടാകും. കൊറോണ കാലത്തു പുറത്തുനിന്നുള്ള പ്രവേശനം പൂർണമായും നിർത്തിയിരുന്ന സമയത്ത്, ഗസ്റ്റ്ഹൗസിനോട് ചേർന്നുള്ള അവരുടെ താമസസ്ഥലത്തുവന്ന് ഒരു കൊമ്പൻ കൊമ്പിന്റെ ബലം നോക്കിയ പാടുകളും, കുന്നിനു തൊട്ടുതാഴെ കാണുന്ന ഞങ്ങൾ വന്നവഴിയിൽ സഫാരിവാഹനങ്ങയൊക്കെ ഒഴിഞ്ഞു വിജനമായവഴിയിൽ രണ്ടുകടുവകൾ വന്നൊരുപാട് നേരം ഉല്ലസിച്ചു പോയ കഥകളുമൊക്കെ ആവേശം പകർന്നു.

ആനപ്പാടി മുതലങ്ങോട്ടു പറമ്പിക്കുളം ഫോറസ്റ്റ് വാർഡന്റെ അധികാരപരിധിയിലായാണ്. അതിനപ്പുറം, പറമ്പിക്കുളത്തു രാത്രിതാമസത്തിനുവന്നവർക്കല്ലാതെ, മറ്റു സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനമില്ല. പശ്ചിമഘട്ടത്തിലെ കാട്ടിലേക്കുള്ള യാത്രകളിൽ സഫാരികൾ എന്നത് എന്നെ സംബന്ധിച്ച് അനുബന്ധപരിപാടി മാത്രമാണ്. അതിൽ കൂടുതലും അനുഭവങ്ങൾ കാട്ടിനുള്ളിലുള്ള താമസത്തിൽ നമുക്കുണ്ടാകും. ഫോറസ്റ്റ് വാഹനത്തിൽ മൂന്നുമണിക്കൂർ നീളുന്ന പറമ്പിക്കുളം സഫാരിയിൽ, തൂണക്കടവ്ഡാം, കന്നിമര തെക്ക് പിന്നെ പറമ്പിക്കുളം ഡാമും സന്ദർശിച്ചു തിരിച്ചു വരാനായി ഇറങ്ങി. ഈ യാത്രയിലെ ഹൈലൈറ്റ് കന്നിമരതേക്കിന്റെ കാഴ്ചയാണ്. തൂണക്കടവിൽ നിന്നും കാട്ടുവഴിയിലൂടെ പുൽമേടുകളും കുഞ്ഞരുവികളും പിന്നിട്ടുള്ളയാത്ര. ലോകത്തിലെതന്നെ ഏറ്റവും വലിയ തേക്കുകളിലൊന്നായ കന്നിമരതേക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മരങ്ങളിൽ ഒന്നാണ്. 465 വർഷം പഴക്കമുള്ള ഈതേക്ക് മുത്തശ്ശിക്ക് 8മീറ്ററോളം വ്യാസവും 45 മീറ്ററുകളോളം ഉയരവുമുണ്ട്. ഈ വൃക്ഷ ഭീമൻ ശിഖരങ്ങൾ പടർത്തി പന്തലിച്ചു നിൽക്കുന്ന ഗാംഭീര്യം കാണേണ്ട കാഴ്ചതന്നെ.


പറമ്പിക്കുളത്തെ കുറിച്ചെഴുതുമ്പോൾ ചരിത്ര പ്രാധാന്യമുള്ള പറമ്പിക്കുളം -കൊച്ചി ട്രാം വേയെപറ്റിപരാമർശിക്കാതെ പൂർത്തിയാകാൻ സാധ്യമല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പറമ്പിക്കുളത്തെ തേക്കുകളുടെ ശേഖരം കണ്ടു കണ്ണ് മഞ്ഞളിച്ച ബ്രിട്ടീഷുകാർ, മരങ്ങൾക്കു ക്ഷാമമുണ്ടായിരുന്ന ബ്രിട്ടനിലേക്കും, പിന്നെ തിരു-കൊച്ചി പ്രദേശങ്ങളിലേക്കുമുള്ള നിർമാണത്തിനായി മരം മുറിച്ചു കടത്താനുണ്ടാക്കിയ വഴിയാണ് പറമ്പിക്കുളം -കൊച്ചിട്രാം വേ. പറമ്പിക്കുളത്തു നിന്നും ചിന്നാർ – ചാലക്കുടി വഴി കൊച്ചിയിലേക്ക്, വൻ തേക്കുമരങ്ങൾ മുറിച്ചു, മീറ്റർ ഗേജ് വഴി കൊച്ചിയിലേക്കെത്തിച്ചു ചേർത്തിരുന്നു. 1914ൽ പണിതീർത്ത ഈ പാത ആകാലത്തെ എഞ്ചിനീയറിംഗ് അത്ഭുതമായിരുന്നു. പരിധിയില്ലാത്ത പ്രകൃതി ചൂഷണത്തിലൂടെ പശ്ചിമഘട്ടത്തെ ദുഷ്കരമായ പാതകളിലൂടെ ഇടതൂർന്ന വനസമ്പത്തിനെ വകഞ്ഞുമാറ്റിയുണ്ടാക്കിയ ഈ പാത, കാലക്രമത്തിൽ പൂർണമായും ഇല്ലാതായി. നഷ്ടത്തിലേക്ക് മാറുകയും പിന്നീട് വനസംരക്ഷണ പരിധിയിൽ പെടുകയും ചെയ്തതോടെ ഈപാത ചരിത്രമായി. പറമ്പിക്കുളം കടുവാസങ്കേതമായി പ്രഖ്യാപിച്ചതിനുശേഷം, ഈ പ്രദേശങ്ങളിലെ മിക്കവാറും ഭാഗങ്ങളും കോർസോൺ ആകുകയും , പിന്നീട് മനുഷ്യ സ്പർശം ഒട്ടുമില്ലാതാക്കാനായി ടൂറിസം കർശനമായി നിരോധിക്കുകയും ചെയ്തു. ഇക്കോടൂറിസം പ്രോഗ്രാമുകളുടെ ഭാഗമായി 2013 വരെ രണ്ടുദിവസം നീളുന്ന ട്രെക്കിങ്ങ്, വനംവകുപ്പ് അനുവദിച്ചിരുന്നു. ഈ വഴികടന്നുപോയിരുന്ന പാലങ്ങളും, മീറ്റർഗേജ്ട്രാക്കുകളും, വിശ്രമകേന്ദ്രങ്ങളുടെ അവശേഷിപ്പുകലുമെല്ലാം അവിടെബാക്കിയായിട്ടുണ്ട്.

ആനപ്പടിയിൽനിന്നും പറമ്പിക്കുളത്തേക്ക് ഏതാണ്ട് ഇരുപതു കിലോമീറ്ററുകൾ ദൂരമുണ്ട്. യാത്രയും റോഡും, പറമ്പിക്കുളം ഡാമിൽ തീരുന്നു. ട്രൈബൽ സെറ്റിൽമെന്റും, ഇറിഗേഷൻ ജീവനക്കാർക്കും വനപാലകർക്കുമുള്ള അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ചെറിയ ഒരുഗ്രാമമാണ് പറമ്പിക്കുളം. ഇവിടെ നിന്നും ആനപ്പടി ചെക്പോസ്റ്റിൽ സഫാരി വാഹനം തിരിച്ചെത്തിക്കുന്നതോടെ മൂന്നുമണിക്കൂറോളം നീളുന്ന സഫാരി അവസാനിക്കുന്നു.
വൈകിട്ട് അഞ്ചുമണിയോടെ ആനപ്പടിയിലെത്തി, അവിടെ പാർക്ക്ചെയ്ത എന്റെ വണ്ടിയിൽ തിരിച്ചു ടോപ്സ്ലിപ്പിലേക്കും പിന്നെ അമ്പുലിഗസ്റ്റ്ഹൗസിലേക്കും. പോകുന്ന വഴിയിൽ ഇരുട്ട് പരന്നു തുടങ്ങിയിരിക്കുന്നു. വന്യജീവിസാന്നിധ്യം ഏറ്റവുമധികം അനുഭവിക്കാൻ കഴിയുന്നസമയം. ഇടുങ്ങിയ കാട്ടുവഴി പിന്നിട്ടപ്പോൾ, പുഴക്കരയിൽ കൊമ്പുകളോടിച്ചു ആസ്വദിച്ചു ഭക്ഷിക്കുന്ന ഒരാനകുട്ടൻ. പതുക്കെ നടന്നു പിറകിലൂടെ ഞങ്ങളുടെവഴി കടന്നുപോയി. ദൂരെ കാട്ടുപോത്തിൻ കൂട്ടങ്ങൾ വീണ്ടും മേയാനിറങ്ങിയിരിക്കുന്നു. സമയം വൈകാതെ ഗസ്റ്റ്ഹൗസിലെത്തി. കമലേച്ചിയുണ്ടാക്കിയ കട്ടൻചായയും കുടിച്ച് ടെറസ്സിന്റെ മുകളിലെ തണുത്ത സായന്തനകാറ്റിൽ, സൂര്യൻമറയുന്ന വർണകാഴ്ചകൾ. തൂണക്കടവ് ഡാമിന്റെയോ അതോപറമ്പിക്കുളം ഡാമിന്റെയോ വിദൂരകാഴ്ച. വന്നവഴിയിൽ കടന്നുപോയ കുട്ടിക്കൊമ്പൻ പതുക്കെ താഴേക്കിറങ്ങിക്കൊണ്ടേയിരിക്കുന്നു. ഇരുട്ട് പരക്കുമ്പോഴേക്കും കാട്ടുപോത്തുകൾ മരങ്ങൾക്കിടയിലേക്ക് നടന്നുമറഞ്ഞു. ഇരുട്ടിലെക്ക് നീട്ടിയടിച്ച ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ ചെറിയമുരൾച്ചയോടെ ഓടിമറഞ്ഞ തിളങ്ങുന്ന കണ്ണുകൾ പുലിയാണോ അതോ കാട്ടുനായോ എന്നസംശയത്തോടെ കാടിന്റെ സംഗീത്തിലേക്ക് അലിഞ്ഞു ചേർന്നു ഞാൻ.

മറ്റുവിവരങ്ങൾ :
ടോപ്സ്ലിപ്പിൽ നിന്നും സഫാരി ലഭ്യമാണ്. കോളിക്കമുത്തി എലിഫന്റ് ക്യാമ്പ് വരെ സന്ദർശിച്ചു സഫാരിനടത്താം. ടോപ്സ്ലിപ്പിലെ സഫാരിയാണ് പറമ്പിക്കുളത്തെക്കാളും മികച്ച വന്യജീവി കാഴ്ചകൾ സമ്മാനിക്കുന്നത്. കാടിന്റെ ഭംഗിക്കായി, പറമ്പിക്കുളം സഫാരിനടത്താം
പറമ്പിക്കുളം സഫാരി – ഒരാൾക്ക് 300 രൂപ. (മിനിബസ് മാത്രം)
ടോപ്സ്ലിപ് സഫാരി -3000 രൂപ (പരമാവധി ആറുപേർ ടാറ്റസഫാരി )മിനിബസ് -300 രൂപ ഒരാൾക്ക്
താമസം ബുക്കിങ്ങുകൾക്ക് –
ടോപ്സ്ലിപ് – https://www.atrpollachi.com
പറമ്പിക്കുളം – https://www.parambikulam.org/

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top