സുനിൽ മാധവ്
കോവിഡ് മഹാമാരി മറ്റു രാജ്യങ്ങളിൽ പടർന്നു പിടിച്ചപ്പോൾ , മനുഷ്യർ കൂട്ടമായി മരിച്ചു വീണപ്പോൾ ശവശരീരങ്ങൾ ഒന്നിച്ചു കൂട്ടി ദഹിപ്പിച്ചപ്പോൾ ഞാനടക്കം എല്ലാവരും ആശ്വസിച്ചു , അതൊന്നും നടക്കുന്നത് ഇവിടെയല്ലല്ലോ എന്ന്.
എന്നാൽ അതേ അവസ്ഥ ഇന്ത്യയിലും, ആരോഗ്യ സേവന രംഗത്ത് വികസിതരാജ്യങ്ങളോടൊപ്പമുള്ള കേരളത്തിലും സംഭവിച്ചു. ഏറ്റവും അടുത്ത ആളുകൾ , ബന്ധുക്കൾ എന്നിവരെല്ലാം മരിച്ചു വീഴുമ്പോൾ നാം നിസ്സഹായരാവുന്നു. ജീവവായുവിനു വേണ്ടി നെട്ടോട്ടം ഓടുന്ന ഒരവസ്ഥ നമ്മളാരും ചിന്തിച്ചിട്ടു പോലുമുണ്ടാവില്ല.
വായുവും ജലവുമാണ് ഭൂമിയിൽ എല്ലാ ജീവജാലങ്ങളുടേയും നിലനിൽപ്പിന്നാധാരം. പണം കൊടുത്ത് ശുദ്ധജലം വാങ്ങുന്ന ഒരവസ്ഥയിലെത്തിയ നമ്മൾ , പ്രാണവായുവിലകൊടുത്താൽ പോലും കിട്ടാനില്ല എന്ന അവസ്ഥ പോലും കണ്ടു.
ഇനി പണം കൊടുത്താൽ പോലും ശുദ്ധജലം കിട്ടില്ല എന്ന അവസ്ഥ വന്നാലോ?
നമ്മൾ ദിനംപ്രതി എത്ര വെള്ളമാണ് അനാവശ്യമായി ചിലവാക്കുന്നത്?. മാലിന്യമാക്കുന്നത്?
ഒരു തുള്ളി വെള്ളത്തിനായി ആഗ്രഹിച്ച ഒരനുഭവം ആണ് പറയാൻ പോകുന്നത്.
രണ്ടായിരത്തി പതിനെട്ടിലെ ജൂണിലാണ്, യൂത്ത് ഹോസ്റ്റൽ അസോസിയേഷന്റെ ഹിമാലയ ട്രക്കിംഗിനായി ഡാർജിലിംഗിലെത്തുന്നത്. കേരളത്തിൽ നിന്നുള്ള സുഹൃത്തുക്കളെ കൂടാതെ ഇന്ത്യയുടെ പല ഭാഗത്തു നിന്നും നാൽപതോളം പേർ ഈ ട്രക്കിംഗ് നായി എത്തിയിട്ടുണ്ടായിരുന്നു. ഏഴു ദിവസത്തെ ആട്രക്കിംഗിന്റെ പ്രത്യേകത, സാന്താകപു എന്ന സ്ഥലത്തു വച്ച് എവറസ്റ്റ് കൊടുമുടിയും , കാഞ്ചൻ ജംഗയും കാണാം എന്നതായിരുന്നു.
ആദ്യ ദിവസം ഡാർജിലിംഗിലെ യൂത്ത് ഹോസറ്റലിൽ വിശ്രമമായിരുന്നു. അടുത്ത ദിവസം ട്രക്കിംഗിനെപ്പറ്റിയുള്ള ക്ലാസ്സുകളും . വ്യായാമ പരിശീലനവുമായിരുന്നു. അന്നു തന്നെ ഡാർജിലിംഗിന്റെ കാഴ്ചകളും കാണാനിറങ്ങി. പുകതുപ്പി പായുന്ന പൈതൃക തീവണ്ടി എടുത്തു പറയേണ്ട കാഴ്ചയാണ്.

പിറ്റേദിവസമായിരുന്നു ട്രക്കിംഗ് തുടങ്ങുന്നത്. ഡാർജിലിംഗിൽ നിന്നും അതിരാവിലെ ദോത്രേ എന്ന സ്ഥലത്തേക്ക് എല്ലാവരേയും ജീപ്പിൽ കൊണ്ടുപോയി. ദോത്രേയിൽ നിന്നും ശരിക്കുള്ള ട്രക്കിംഗ് ആരംഭിച്ചു. ഏഴുകിലോമീറ്ററോളം നടന്ന് ടംലിംഗ് എന്ന സ്ഥലത്തെത്തി. ഓരോ ദിവസവും നാലു മണിക്കുള്ളിൽ നേരത്തേ നിശ്ചയിച്ച ക്യാമ്പുകളിലെത്തും വിധമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി ഭക്ഷണവും , താമസവും ക്യാമ്പുകളിലായിരിക്കും. രാവിലെ പ്രഭാത ഭക്ഷണവും കഴിച്ച് ഉച്ചഭക്ഷണവും കരുതിയായിരിക്കും അടുത്ത ദിവസത്തെ യാത്ര.
അടുത്ത ദിവസം പതിമൂന്നു കിലോമീറ്റർ നടന്ന് കയറി കാലി പോംഗ് എന്ന സ്ഥലത്തെ ക്യാമ്പിലെത്തണം. 10196 അടിയാണ് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം. രാവിലെ ഭക്ഷണവും കഴിഞ്ഞ് ടംലിംഗിൽ നിന്നും ഞങ്ങൾ പുറപ്പെട്ടു. (ഈ യാത്രയിലെ ഏറ്റവും ദുർഗടമായ യാത്രയാണ് ഇത് എന്ന് ഞങ്ങളെ നേരത്തേ അറിയിച്ചിരുന്നു.)
ഇടയ്ക്ക് ഒരിടത്ത് ഉച്ച ഭക്ഷണത്തിനായി കുറച്ചു സമയം തങ്ങി.
പലരും ക്ഷീണിച്ച് അവശരായിട്ടുണ്ടായിരുന്നു. ഈ യാത്രയുടെ പ്രത്യേകത ചിലപ്പോൾ നേപ്പാളിലെ ഗ്രാമങ്ങളിലൂടേയും, ചിലപ്പോൾ ഇന്ത്യയിലൂടെയുമാണ് നടക്കേണ്ടത് എന്നതാണ്. പശ്ചിമ ബംഗാളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളും, നേപ്പാളിലെ ചില ഗ്രാമങ്ങളും കാഴ്ചകളായി. ചില സമയങ്ങളിൽ യാത്ര വനത്തിലൂടെയായിരുന്നു. ഇന്ത്യ നേപ്പാൾ അതൃത്തിയായതിനാൽ ഒന്നുരണ്ടു മിലിറ്ററി ക്യാമ്പുകൾ കാണുകയുണ്ടായി. ഞങ്ങൾക്ക് ചെറുപ്പക്കാരായ രണ്ട് ഗൈഡുകൾ ഉണ്ടായിരുന്നു. നടക്കാൻ പ്രയാസപ്പെടുന്നവരെ സഹായിച്ചും, ചിലരുടെ ബാഗുകൾ ഏറ്റെടുത്തും അവർ സഹായിക്കുന്നുണ്ടായിരുന്നു.
ട്രക്കിംഗ് പാതയിലൂടെ അല്ലാതെ കുറുക്കുവഴികൾ ഉപയോഗിക്കരുതെന്ന് ഞങ്ങളോട് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ മലയാളികളായ ഞങ്ങൾ പലപ്പോഴും കുറുക്കുവഴികളിലൂടെ നടന്ന് ഏറെ മുന്നിലെത്തി.
ക്യാമ്പിലെത്താൻ ഇനിയും ഏകദേശം ഏഴു കിലോമീറ്റർ ശേഷിക്കുന്നു. യാത്ര തുടരുന്നതിനിടയിൽ ഞങ്ങളുടെ ഒരു സുഹൃത്ത് ട്രക്കിംഗ് പാത വിട്ട് കുറുക്കുവഴിയാണെന്നു കരുതി മറ്റൊരു വഴിയിലൂടെ താഴേക്കിറങ്ങി. ഇനി കുറുക്കുവഴികൾ ഉപയോഗിക്കില്ലെന്ന് കുറച്ച് മുമ്പ് ഞങ്ങൾ തീരുമാനിച്ചതായിരുന്നു.
ആ സുഹൃത്ത് ഇറങ്ങിയ വഴിയിലൂടെ ഞാനും ഇറങ്ങി നടന്നു. കുത്തനെയുള്ള ഇറക്കം. അടുത്തെങ്ങും ആ വഴിയേ ആരും യാത്ര ചെയ്തിട്ടില്ല. മാത്രമല്ല നിബിഢ വനവും. കുറേ നടന്നിറങ്ങിയിട്ടും മുമ്പേ പോയ സുഹൃത്തിനെ കാണുന്നില്ല. ഇടയ്ക്കിടെ ഊർന്നിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച മറയ്ക്കുന്നുണ്ടായിരുന്നു. വന്യമൃഗങ്ങൾ ഉഴുതു മറിച്ചിട്ട ചതുപ്പുനിലങ്ങൾ കുറച്ചു കൂടി മുന്നോട്ടു നടന്നപ്പോൾ മുമ്പേ പോയ സുഹൃത്തിന്റെ തോർത്ത് താഴെ വീണു കിടക്കുന്നതുകണ്ടു. അൽപം ആശങ്ക തോന്നിയെങ്കിലും പിന്നീട് സമാധാനിച്ചു. ആൾ ഈ വഴി തന്നെ നടന്നിട്ടുണ്ട്. കുത്തനെയുള്ള ഇറക്കമാണ്. കൈയിൽ ഒരു ബോട്ടിൽ വെള്ളമുണ്ട്. എന്തായാലും മറ്റുള്ളവരേക്കാൾ മുമ്പേ ക്യാമ്പിൽ എത്തുമല്ലോ എന്നു വിചാരിച്ച് വെള്ളം കുടിച്ചു. മഞ്ഞ് അൽപമൊന്ന് നീങ്ങിയപ്പോൾ , അങ്ങു ദൂരെ സുഹൃത്തിന്റെ രൂപം തെളിഞ്ഞു കണ്ടു. ശബ്ദമുണ്ടാക്കി വിളിച്ചു. ആൾ കേൾക്കുന്നില്ല. കുറച്ച് വേഗത്തിൽ നടന്ന് ആളുടെ ഒപ്പമെത്തി. സുഹൃത്ത് നന്നായി ക്ഷീണിച്ചിട്ടുണ്ടായിരുന്നു എന്നാലും ക്യാമ്പ് അടുത്തെത്തി എന്ന ഉറച്ച വിശ്വാസത്തിൽ നടക്കുകയായിരുന്നു. വഴി തെറ്റിയാണ് നമ്മൾ പോകുന്നതെന്ന എന്റെ സംശയം പറഞ്ഞപ്പോഴും സുഹൃത്തിന് ആത്മവിശ്വാസമായിരുന്നു.
ഞങ്ങൾ നടത്തം തുടർന്നു. കുറേ നടന്നപ്പോൾ എന്റെ ആശങ്ക കൂടി . എത്തേണ്ട സ്ഥലത്തിന്റെ യാതൊരു സൂചനയും കാണുന്നില്ല. നല്ലതണുപ്പ്, ഇടക്കിടയ്ക്ക് മൂടൽമഞ്ഞ് വന്ന് ചുറ്റുമുള്ളതിനെയെല്ലാം മറയ്ക്കുന്നു. സുഹൃത്ത് എന്നെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു. കാട് കൂടുതൽ കൂടുതൽ ഇരുണ്ടു വന്നു കൊണ്ടിരിക്കുന്നു.
ഞങ്ങൾ രണ്ടു പേരും ക്ഷീണിച്ചവശരായി. രണ്ടുപേരുടെ പക്കലുമുണ്ടായിരുന്ന വെള്ളവും തീർന്നു.
മൂന്നു മണിക്കാണ് കാലിപോഗ്രി ക്യാമ്പിലെത്തേണ്ടത്. കൂടുതൽ ഉയരമുള്ള സ്ഥലമായതിനാൽ നേരത്തേ തന്നെ മഞ്ഞുമൂടി ഇരുട്ടാകും.
ഞങ്ങൾ സമയം നോക്കി. മൂന്നു മണിയാവാറായി.
പെട്ടു പോയി എന്ന് ഞങ്ങൾക്ക് മനസ്സിലായി. ഇറങ്ങി വന്ന വഴിയും ദൂരവും ഓർത്തപ്പോൾ മടങ്ങി പോകുന്നതിനെപ്പറ്റി ആലോചിക്കാനേ വയ്യഎന്നാലും ഏതെങ്കിലും ഒരു ഗ്രാമത്തിൽ എത്തിപ്പെടാം എന്ന ഒരു ചിന്തയിൽ നടന്നു.
ദൂരെ നിന്ന് ഇല്ലി മുള ഒടിക്കുന്ന ഒരു ശബ്ദം കേട്ടു. വല്ല വന്യമൃഗങ്ങളുമായിരിക്കുമെന്നാണ് കരുതിയത്. അൽപം കഴിഞ്ഞപ്പോൾ പുറംഭാഗത്ത് ഇല്ലിക്കെട്ടുകൾ കെട്ടിവച്ച് നടന്നു വരുന്ന രണ്ടുപേരെ കണ്ടു. സമാധാനമായി. പക്ഷേ അവർ ഞങ്ങളെ ഒന്നു നോക്കിയതല്ലാതെ സംസാരിക്കാൻ നിന്നില്ല. അവർ നേപ്പാളികളാണെന്നു മനസ്സിലായി. എനിക്ക് ഹിന്ദി സംസാരിക്കാനറിയില്ല. ഞാൻ സുഹൃത്തിനോടു പറഞ്ഞു ഞങ്ങളുടെ അവസ്ഥ അവരോട് പറയാൻ . സുഹൃത്താകട്ടെ സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. എങ്കിലും ഒരു വിധത്തിൽ അവരോട് കാര്യം അവതരിപ്പിച്ചു. അവർക്കാകട്ടെ ഹിന്ദി അത്ര വശമില്ല താനും. സുഹൃത്ത് പറഞ്ഞത് അവരോടൊപ്പം പോയി താമസിക്കാം എന്നായിരുന്നു. പക്ഷേ അവർ പറഞ്ഞത് ഉടൻ വന്ന വഴിക്ക് നടക്കാനാണ്. ഞങ്ങളുടെ സ്ഥിതി അൽപം മോശമാണെന്നും അവർ സൂചിപ്പിച്ചു. ഞാൻ പറഞ്ഞു തിരിച്ചു നടക്കാം കാരണം കൂടെയുള്ളവരൊക്കെ ഇപ്പോൾ ക്യാമ്പിൽ എത്തിക്കാണും . അവരെല്ലാം ഞങ്ങളെ കാണാതെ ഭയപ്പെട്ടിരിക്കുകയായിരിക്കും. ഞങ്ങൾ തിരിച്ചുകയറാൻ തുടങ്ങി. ഇറങ്ങി വന്ന കാര്യം ആലോചിച്ചാൽ തിരിച്ച വിടെ എത്തുമോ എന്ന സംശയം. ഞങ്ങൾ എത്തിയത് നേപ്പാളിലെ ടം ലിംഗ് എന്ന ഒരു ചെറിയ ഗ്രാമത്തിലെ ഒറ്റപ്പെട്ട ഒരിടത്താണ്. പതിനഞ്ചു പേർ മാത്രമുള്ള ഒരു ഗ്രാമം ചുറ്റുപാടും മലനിരകൾ കൊടുംകാട്. ഞങ്ങൾ കണ്ട ആളുകൾ ഖുർഖാ വിഭാഗത്തിൽപ്പെട്ട ഗുരുംഗ് എന്ന ആദിവാസികളാണ്. നേപ്പാളിലെ ഒരു പുരാതനവംശമാണിത്.
തിരിച്ചു നടത്തം തുടങ്ങിയതോടെ ക്ഷീണം കൂടി – ഇനി കയറ്റമാണ്. വല്ലാത്ത ദാഹം ഞങ്ങളുടെ രണ്ടു പേരുടെ കൈയിലുള്ള വെള്ളവും തീർന്നിരുന്നു. വെള്ളമില്ലെന്നറിയാമായിരുന്നിട്ടും രണ്ടു ബോട്ടിലുകളിലേയും അവസാനതുള്ളി വരെ വായിലേക്കുറ്റിച്ചു. വീണ്ടും വീണ്ടും ബോട്ടിലുകൾ ഉയർത്തി ഒരു തുള്ളി വെള്ളത്തിനായി കൊതിച്ചു. മൂടൽമഞ്ഞ് പരന്നു. തണുപ്പ് കൂടി കൂടി വന്നു. എനിക്ക് ഛർദിക്കാൻ വന്നു. പേശീ പിടുത്തവും തുടങ്ങി. തൊണ്ട വരണ്ട് ശ്വാസം മുട്ടുന്നതു പോലെ തോന്നി. ഒരിറ്റു വെള്ളം കിട്ടിയിരുന്നെങ്കിൽ ?. രണ്ടു കാലിലും നടക്കാൻ പറ്റാത്തതു കൊണ്ട് ഞങ്ങൾ കൈയും കാലും കുത്തി കയറാൻ ശ്രമിച്ചു കൊണ്ടിരുന്നു. വന്യമൃഗങ്ങൾ ഉഴുതു മറിച്ചിട്ട ചളിയിൽ ഊറിക്കിടക്കുന്ന ഇത്തിരി വെള്ളം പോലും കുടിക്കാൻ ശ്രമിച്ചു ഞാൻ. ഞാൻ ഇവിടെ എത്തുന്നതിനുമുമ്പു വരെ ദുർവ്യയം ചെയ്ത വെള്ളത്തെ ഓർത്തു. ആ കാട്ടിൽ കിടന്നാലും വേണ്ടില്ല. ഒരിത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ .. എന്റെ സുഹൃത്ത് എന്നേക്കാൾ അവശനായി. ചിലപ്പോഴൊക്കെ മലർന്നു കിടന്നു ശ്വാസം വലിക്കുന്നുണ്ടായിരുന്നു. ഏകദേശം ഏഴു കിലോമീറ്ററോളം ഇറങ്ങിയിട്ടുണ്ടാവും അത്രത്തോളം കയറണം. പല പ്രാവശ്യവും മരണം മുന്നിലെത്തിയ പോലെ തോന്നി എനിക്ക്. ഒന്നുകിൽ വെള്ളം കിട്ടാതെ അവശനായി ആ കാട്ടിൽ കൊടും തണുപ്പിൽ കിടന്നു മരിക്കും. അല്ലെങ്കിൽ വല്ല മൃഗങ്ങൾക്കും ഭക്ഷണമാകും എന്നു ഞാനുറപ്പിച്ചു.
ഒടുവിൽ എങ്ങിനേയോ ഞങ്ങൾ വഴി തെറ്റിയിറങ്ങിയ ആ പാതയിലെത്തി. അതുവരെ റേഞ്ച് ഇല്ലാതിരുന്ന എന്റെ മൊബൈൽ ഫോൺ ശബദിച്ചു ഞാൻ ആശ്വാസത്തോടെ ഫോണെടുത്തു നാട്ടിലെ ഒരു ബാങ്കിൽ നിന്നുമാണ്. എനിക്ക് ലോണ് വേണോന്ന്. ശബ്ദിക്കാനുള്ള ശക്തിയില്ലാത്തതു കൊണ്ട് മറുപടി പറയാതെ ഫോൺ കട്ട് ചെയ്തു. ഞങ്ങൾ ആ പാതയിലൂടെ മുന്നോട്ടു നടക്കാൻ തുടങ്ങി. കയറ്റമല്ലാഞ്ഞിട്ടു പോലും കാലുകൾ ചലിക്കുന്നില്ല. സുഹൃത്തിന് ഒരടി മുന്നോട്ടുവയ്ക്കുവാൻ പറ്റുന്നില്ല. കൂടാതെ ഛർദിച്ച് അവശനായിട്ടുണ്ട്. അവിടെ നിന്നും ഏഴു കിലോമീറ്റർ നടന്നാലേ ഞങ്ങൾക്ക് എത്തേണ്ട ക്യാമ്പിൽ എത്തുകയുള്ളൂ.
പാതയിൽ മഞ്ഞു വീണ് ദൂരക്കാഴ്ച മറഞ്ഞു തുടങ്ങിയിരുന്നു. ഞങ്ങൾ മുട്ടിലിഴഞ്ഞ് കുറേ മുന്നോട്ടു പോയി. വഴിയരികിൽ എന്നോ ഉപേക്ഷിച്ചു പോയ ഒരു ചെറിയ വീട്ടിലേക്ക് പോകുന്ന പ്ലാസ്റ്റിക് കുഴൽ കണ്ടു. (മലയിൽ നിന്നും വെള്ളം ശേഖരിക്കുന്ന കുഴൽ) ഞാൻ ആർത്തിയോടെ അതിനടുത്തെത്തി. അതിൽ നിന്നും വെള്ളം കിട്ടണമെങ്കിൽ അത് മുറിക്കണം. ഞാൻ കല്ലുകൾ വച്ച് അത് മുറിച്ചു. പണ്ടെങ്ങോ ഒഴുകി ബാക്കിയായ ഏതാനും തുളളി വെള്ളം ഞാനും സുഹൃത്തും അകത്താക്കി. വെള്ളം കണ്ടപ്പോൾ തന്നെ കുറേ ആശ്വാസം. പക്ഷേ വീണ്ടും വെള്ളം കിട്ടുമെന്ന പ്രതീക്ഷ തെറ്റി.
ഞങ്ങൾ വേച്ചുവേച്ച് കുറേകൂടി മുന്നോട്ടു പോയി. അപ്പോൾ വഴിയിൽ രണ്ട് പട്ടാളക്കാർ നിൽക്കുന്നത്കണ്ടു. അവർ ഞങ്ങളുടെ പേരുകൾ വിളിച്ചു. ട്രക്കിംഗിൽ കാണാതായ രണ്ടുപേരെ അവരും അന്വേഷിക്കുകയായിരുന്നു. ആദ്യം അൽപം ഗൗരവത്തോടെ പെരുമാറിയ അവർ എന്റെ സുഹൃത്ത്, ഞാൻ ദേശീയ അവാർഡ് നേടിയ ഒരു സിനിമാസംവിധായകനാണെന്ന് അവരോടു പറഞ്ഞപ്പോൾ വളരെ ബഹുമാനത്തോടേയും, സ്നേഹത്തോടേയുംപെരുമാറാൻ തുടങ്ങി.
അവരുടെ ക്യാമ്പിലേക്ക് കൊണ്ടുപോയി ഇരിപ്പിടം തന്ന് വിശ്രമിക്കാൻ പറഞ്ഞു. പിന്നീട് നല്ല ചൂടുള്ള പാൽ കാപ്പിയും കൊണ്ടുവന്നു തന്നു.
വീണ്ടും സാവകാശംനടന്ന് ഞങ്ങൾ ക്യാമ്പിലെത്തി. ഞങ്ങളുടെ കൂടെയുണ്ടായിരുന്നയാത്രികരെല്ലാം ഭയന്നിരിക്കുകയായിരുന്നു. ഇനി ഞങ്ങൾ തിരിച്ചു വരാൻ സാധ്യതയില്ല എന്ന് അവർ തീരുമാനിച്ചു കഴിഞ്ഞിരുന്നു. എല്ലാവരും വന്ന് ഞങ്ങളെ ആലിംഗനം ചെയ്തു. ഞങ്ങളെ തിരഞ്ഞു പോയ ഗൈഡും ഇതിനകം തിരിച്ചെത്തിയിരുന്നു.
കാടിനെപ്പറ്റി കുറേ അറിവും, അനുഭവങ്ങളും, മനോധൈര്യവുമാണ് , ഞങ്ങളെ രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്.
ഇന്നും ആ അനുഭവം മനസ്സിൽ ഭീതി ജനിപ്പിക്കുന്നു.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.