വി പി ആബിദ്
ഞങ്ങളുടെ ബസ് ഡാമിന് മുകളിലൂടെ യാത്ര തുടർന്ന് കൊണ്ടിരിക്കുന്നു . വളഞ്ഞും പുളഞ്ഞും റോഡ് , ഇരു വശങ്ങളിലും ഇരുട്ട് മാത്രം. കോശി നദിയിലെ ഈ ഡാം ഒരുപാട് നാളുകളായി കാണണം എന്ന് മനസ്സിൽ വിചാരിച്ചിരുന്നു. രാത്രിയുടെ നിലാവിലും റോഡിന് ഇരു വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകളിലെ പ്രകാശം കൊണ്ടും ഡാം കണ്ടു. ഈ ഡാം നിർബന്ധമായും കാണണം എന്ന് മനസ്സിൽ കുറിച്ചിടാൻ കാരണം ഉണ്ട്., ബീഹാറിലെ സീമാഞ്ചൽ പ്രവിശ്യയിലാകെ എല്ലാ വർഷവും സംഭവിക്കുന്ന പ്രളയം. ഈ ഡാം ഒരു മുന്നറിയിപ്പുമില്ലാതെ തുറന്ന് വിടുന്നതു കൊണ്ടാണ് . നേപ്പാളിൽ അതി ശക്തമായ മഴ പെയ്താൽ ഡാം തുറന്ന് വിടൽ അല്ലാതെ മറ്റൊരു പോംവഴിയും ഇല്ല . കോശി നദിയിലൂടെ വെള്ളം ഗംഗയിൽ എത്തുന്നു. അങ്ങനെ വെള്ളത്തിന്റെ സാന്ദ്രത വർദ്ധിക്കുന്നത് മൂലം ബീഹാറിലും ബംഗാളിലും പ്രളയം സംഭവിക്കുന്നു. ഇത് എല്ലാ വർഷവും സമയാനുസൃതമായി സംഭവിക്കുന്ന ഒരു പ്രക്രിയയാണ്. ചില സമയങ്ങളിൽ അതിന്റെ ആഗാതം വളരെ വലുതുമായിരിക്കും. നിരവധി ആളുകളുടെ ചോള കൃഷിയും നെല്ലുമെല്ലാം വെള്ളത്തിനടിയിലായി കോടികളുടെ നഷ്ടം സംഭവിക്കാറുണ്ട് കാർഷിക മേഖലക്ക്.
ഡാമിനെയും ബീഹാറിലെ കാർഷിക മേഖലയെയും സംബന്ധിച്ചുള്ള ആലോചനയിൽ മുഴുകി ഉറങ്ങി പോയത് അറിഞ്ഞിരുന്നില്ല.
പെട്ടന്ന് കണ്ണ് തുറന്നപ്പോൾ നേരം വെളുത്ത് കൊണ്ടിരിക്കുന്നു. സമയം 4:30 , ബസ് നേപ്പാളിലെ മറ്റൊരു പട്ടണമായ ബീർഗഞ്ചിന്റെ പ്രാന്ത പ്രദേശങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു. നേപ്പാളിന്റെ സാമ്പത്തിക തലസ്ഥാന നഗരമാണ് ബീർഗഞ്ച്.
ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ എല്ലാം പുലർത്തുന്നത് ഈ നഗരം മുഖേനയാണ്. ഒരു മെട്രോ പോളിറ്റൻ സിറ്റിയാണ് ബീർഗഞ്ച്. ഗേറ്റ് വേ ഓഫ് നേപ്പാൾ എന്നാണ് ഈ നഗരത്തെ വിശേഷിപ്പിക്കുന്നത്. നേപാളിന്റെ സാധന സാമഗ്രികളുടെ കയറ്റുമതി ഇറക്കുമതിയും പട്നയുമായും കൊൽകത്തയുമായി നല്ല വ്യാപാര ബന്ധം പുലർത്തുന്ന സിറ്റിയാണ് ഇത്. നേപ്പാൾ ഗവൺമെന്റ് ഏറ്റവും വലിയ റവന്യൂ കണ്ടത്തുന്നതും ഈ സിറ്റിയിൽ നിന്നാണ്.
മറ്റൊരു പ്രത്യേകത നേപ്പാളിലെ എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ഉള്ള ഗതാഗത സംവിധാനം ഉള്ള ഏക നേപ്പാളിയൻ പട്ടണമാണ് ഇത്. ബസ് നീങ്ങി കൊണ്ടിരിക്കെ തന്നെ എതിർ ദിശയിൽ വരുന്ന ഒരു ബസിന് ഡ്രൈവർ കൈ കാണിക്കുകയും ഞങ്ങളോട് ആ ബസിൽ കയറാനും ,ആ ബസ് പൊക്രയിലേക്കുള്ളതാണന്നും പറഞ്ഞു.
ഞങ്ങൾ പൊക്രയിലേക്കുള്ള ബസിൽ കയറി. പൊക്ര വരെ യുള്ള ബസ് ചാർജ് 1500 നേപ്പാളി രൂപ ആദ്യം തന്നെ ബിരാട് നഗറിൽ നിന്ന് കൊടുത്തതായിരുന്നു. ബസുകൾ രണ്ടും എതിർ ദിശയിൽ സഞ്ചരിച്ച് തുടങ്ങി. ഏകദേശം രണ്ട് മണിക്കൂർ യാത്ര തുടർന്ന് ഒരു മല അടിവാരത്തുള്ള ചെറിയ ടൗണിൽ നിർത്തി. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനും പ്രഭാത കാര്യങ്ങൾ ചെയ്യുന്നതിനും വേണ്ടിയാണ് വണ്ടി നിർത്തിയത്. മുന്നിൽ കൊക്കകോളയുടെ പരസ്യത്തിൽ ചുവന്ന ഭിത്തികളുള്ള ഒരു ഡസൻ ചായ കടകൾ, ഒരു ചായക്ക് 20 നേപ്പാളി രൂപയാണ് ഇന്ത്യൻ 12.50 രൂപ കൊടുക്കണം. അങ്ങനെ ഒരോ ചായയും അതിന്റെ കൂടെ അവർ ജിലേബി പോലുള്ള മറ്റൊരു വിഭവവും ഉണ്ടാക്കുന്നത് കണ്ടു. അതും കഴിച്ച് ബസിൽ തന്നെ തിരിച്ച് കയറി .
ബസ് ഒരു മല കയറാൻ തുടങ്ങി , വളഞ്ഞും പുളഞ്ഞുമെല്ലാം ഉള്ള ചുരത്തിലൂടെ മല കയറി ഇറങ്ങിയയപ്പോൾ ഒരുപാട് നീളത്തിൽ താഴ്‌വര , അങ്ങ് അകലെയായി ഒരുപാട് വലിയ പർവതങ്ങൾ വീണ്ടും കാണുന്നു. താഴ്‌വരയിലെ ഗ്രാമങ്ങളിൽ ഗ്രാമവാസികൾ കൃഷി ചെയ്യുന്നു. തണുപ്പായിരുന്നിട്ട് കൂടി ആളുകൾ അതിരാവിലെ എണീറ്റ് അവരുടെ കൃഷി ഭൂമിക ളിൽ ഓരോ ജോലികളിൽ ഏർപെട്ടിരിക്കുന്നു. ഒരു വളവ് എല്ലാം തിരിഞ്ഞ് കഴിഞ്ഞപ്പോൾ രണ്ട് സൈഡിലും മലകൾ, നീണ്ട് നിവർന്ന് കിടക്കുന്ന ഹൈവെ , മലയോട് ചേർന്ന് ഒഴുകുന്ന കോശി നദി, ആ കാഴ്ചകൾ ബസിന്റെ ജനവാതിലിലൂടെ കണ്ട് ഉറങ്ങാതെ കണ്ണ് മിഴിച്ച് യാത്ര തുടർന്ന് കൊണ്ടേയിരുന്നു. .
അങ്ങനെ മലകളും ചെറിയ കുന്നുകളും താഴ്‌വരകളും മഞ് മൂടി കിടക്കുന്ന മലമ്പാതകളുമായി യാത്ര തുടർന്ന് കൊണ്ടേയിരുന്നു. യാത്രയിലുടനീളം കൊക്കകോളയുടെയും NCELL നെറ്റ് വർക്കിന്റെയും മദ്യ കമ്പനികളുടെയും പരസ്യമാണ് കൂടുതലായും കണാൻ സാധിച്ചത്. മദ്യത്തിന് അത്രയെറെ പ്രധാന്യമുണ്ട്. വളരെ സുലഭമായ ലഭിക്കുന്ന വിഭവമാണ്. തണുപ്പ് ആയത് കൊണ്ടാകാം. ചെറിയ ചെറിയ പ്രായത്തിലുള്ള കൗമാരക്കാർ വരെ മദ്യം വളരെ വലിയ തോതിൽ ഉപയോഗിക്കുന്നു.
നേപ്പാളിന്റെ മലയോര ഗ്രാമക്കാഴ്ചകൾ കണ്ടാലും കണ്ടാലും മതി വരില്ല. എനിക്ക് യാത്രയിലുടനീളം തോന്നിയതാണ് ഇവിടെ ഇറങ്ങി ഏതേലും ഗ്രാമത്തിൽ ഒരു 10 ദിവസം താമസിച്ചാലോ എന്നല്ലാം. എന്തായാലും ഇത്തവണ അതിന് പറ്റില്ല , അടുത്ത തവണ തീർച്ചയായും അങ്ങനെയുള്ള ചില പ്ലാനിങ്ങുകൾ ആയി തന്നെ വരണം.
.
നീണ്ട 16 മണിക്കൂറിന് ശേഷം ബസ് പൊക്രയിൽ എത്തി. ഇറങ്ങിയപ്പോൾ തന്നെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. തലക്ക് മുകളിലൂടെ 20 മിനുട്ട് വ്യത്യാസത്തിൽ ചെറിയ വിമാനങ്ങൾ പറന്ന് ഇങ്ങുന്നു. ഒരു കെട്ടിടത്തിന്റെ ഉയരത്തിൽ . റോഡിനേടും മാർക്കറ്റിനോടും ചേർന്ന് തന്നെയാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.
.
വണ്ടി ഇറങ്ങിയപ്പോൾ തന്നെ നിരവധി ടൂറിസ്റ്റ് ഗൈഡുകളും ലോഡ്ജ് ഉടമകളും നമ്മളെ സമീപിച്ച് വന്ന് കൊണ്ടിരുന്നു. .
ഫെവ ലേക്കിനോട് ചേർന്ന് തന്നെ ഒരു റൂം സങ്കടിപ്പിച്ചു. അതിന് ശേഷം ഭക്ഷണം കഴിക്കാനായി പുറത്ത് സ്ട്രീറ്റിലേക്ക് ഇറങ്ങി. അതി മനോഹരമായ സ്ട്രീറ്റ് . നിരവധി ഡാൻസ് ബാറുകളും വലിയ റെസ്റ്റോറന്റ് കളും പബുകളെല്ലാം ഉണ്ട്. .
ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. അവര് മൂവരും വീണ്ടും ചോറ് തന്നെയാണ് ഓർഡർ കൊടുത്തത്. ഞാൻ ഒരു പ്ലേറ്റ് ചിക്കൻ മാമൂസ് പറഞ്ഞു. അത് കഴിച്ച് കഴിഞ്ഞ് വീണ്ടും മറ്റൊരു വിഭവം ടേസ്റ്റ് ചെയ്യാമെന്ന് തോന്നി. അങ്ങനെ ചിക്കൻ മാമൂസ് ഫ്രൈ ചെയ്തത് ഉണ്ടായിരുന്നു. അതും ഒരു പ്ലേറ്റ് ഓർഡർ ചെയ്ത് കഴിച്ച് . ചോറിന് തന്നെയാണ് പൈസ കൂടുതൽ കാരണം ചോറ് നേപ്പാളി വിഭവമല്ല. .
.
ഭക്ഷണം കഴിച്ചതിന് ശേഷം സ്ട്രീറ്റിലൂടെ ഒന്ന് നടന്നു . നൈറ്റ് ലൈഫ് ആസ്വദിക്കുന്നവർക്ക് ഈ സ്ട്രീറ്റ് ഒരു അനുഭവം തന്നെയാണ്. രാത്രികൾ പകലുകളേക്കാൾ പ്രകാശപൂരിതമാണ്. രാത്രിയിൽ തെരുവിനെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. ആളുകൾ എല്ലാം തണുപ്പിൽ ബീറ് എല്ലാം കുടിച്ച് പുറത്ത് സ്ട്രീറ്റിൽ ഇരുന്ന് സംസാരിച്ച് കൊണ്ടിരിക്കുന്നു. ഞങ്ങൾ ആ സ്ട്രീറ്റ് ഒന്ന് കറങ്ങി. വൃത്തിയായി സൂക്ഷിക്കുന്ന ഒരു സ്ട്രീറ്റ് . ഒരു യൂറോപ്യൻ ടച്ച് അതിനുണ്ട്…….
ഫെവ തടാകത്തിന്റെ തീരത്തിലൂടെ നടത്തം , വല്ലാത്ത ഒരു അനൂപൂതി സൂര്യന്റെ അസ്ഥമയവും കാത്ത് നിൽക്കുന്ന തടാകം, ചുറ്റിലും ചെറുതും വലതുമായി മനസ്സിന് സന്തോഷം നൽകുന്ന തരത്തിൽ പർവ്വതങ്ങൾ, തടാകത്തിന് ചുറ്റിലും പച്ച വിരിപ്പിട്ട് നിൽക്കുന്നു. തടാകത്തിന് ഏകദേശം മധ്യത്തിലായി ഒരു ചെറിയ ദ്വീപ് . ആ ദ്വീപ് ആണ് ഞങ്ങളെ ബോട്ടിങ്ങിന് പ്രേരിപ്പിച്ചത്. അസ്ഥമയ സൂര്യന്റെ ചുവന്ന പ്രകാശത്തിൽ തടാകത്തിന് ആകെ ചുവന്ന നിറം വന്ന് കൊണ്ടിരിക്കുന്നു. ആ കുഞ്ഞു തോണിയിൽ തടാകത്തിലൂടെ ദ്വീപിലേക്ക് അടുക്കുന്തോറും അങ്ങകലയായി മഞ്ഞ് മൂടി കിടക്കുന്ന ഒരു വലിയ പർവ്വതം. പക്ഷെ ആ കാഴ്ച അധിക നേരം കാണാൻ കഴിഞ്ഞില്ല.
തോണി തടാകത്തിലെ ചെറിയ ദ്വീപിന്റെ കരക്കടുത്തു. ,സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഫെവ ലേക്ക് . ഇന്ത്യയുടെ നോർത്ത് ഈസ്റ്റ് ഭാഗത്തുള്ളവരും നോർത്ത് ഇന്ത്യക്കാരുമാണ് കൂടുതലായും ആ തടാകത്തിനോട് ബദ്ധപ്പെട്ട കാഴ്ചകൾ കണ്ട് നടക്കുന്ന യാത്രികർ. മനസ്സിന്റെ ഉൻമേഷത്തിന്റെ അളവ് കൂടുന്നു. ചുകന്ന് കൊണ്ടിരിക്കുന്ന സൂര്യനും അതിന്റെ വെളിച്ചത്തിൽ ചുവന്നിരിക്കുന്ന വെള്ളത്തിനും നിശബ്ദതയുടെ സംഗീതം മാത്രം. ചിലരെല്ലാം തടാകത്തിന് മറു വശത്തുള്ള അതി മനോഹരമായ പച്ചയായ ആ വനത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നു. സഞ്ചാരികൾക്ക് അങ്ങോട്ടേക്ക് ഇത് വഴി പ്രവേശനമില്ല. വനത്തിൽ ട്രെക്കിംങ് സൗകര്യം ഉണ്ട്. വളരെ അധികം ഇരുട്ട് നിറഞ്ഞ ചെറിയ മലകളിലായി നിറഞ്ഞ് കിടക്കുന്ന ദൂരെ നിന്ന് കാണുമ്പോൾ തന്നെ അതിനുള്ളിലേക്ക് പ്രവേശിക്കാനും ഒരു ദിവസം അവിടെ താമസിക്കലും ട്രെക്കിങ്ങിനോട് പ്രണയമുള്ളവരുടെ ഇഷ്ട്ട വിനോദമാണ്. തോണി ചെറിയ ദ്വീപിനോട് അടുത്തു . വിശാലമായ അതി മനോഹരമായ ഒരു തടാകത്തിന് നടുവിലായി ഒരു സുന്ദര ദ്വീപ്. അതിൽ ചെറിയ പൂന്തോട്ടവും ഒരു ക്ഷേത്രവും , സഞ്ചാരികൾക്ക് ഫോട്ടോകൾ എടുക്കാനും പ്രകൃതിയെ അതിന്റെ തനതായ സ്വരൂപത്തിൽ കാണിക്കുന്നതിനും ആ തടാകം ശ്രമിക്കുന്നുണ്ട്.
.
അകലത്തേക്ക് നോക്കിയാൽ മേഘങ്ങൾക്കിടയിലൂടെ മഞ്ഞ് കൊണ്ട് പുതപ്പണിഞ്ഞ അതി ഭീമാകാരനായ ഒരു പർവ്വതം , അതിന് താഴെ തടാകത്തിന്റെ വശങ്ങളിൽ നിന്ന് തുടങ്ങുന്ന ചെറിയ പുൽമേടുകളും ചെറിയ മലകൾ, അതിന് പിറകിൽ വലിയ മലകൾ അതിനും പിറകിലായി മഞ്ഞ് മൂടിയ പർവ്വത നിരകൾ.
.
തടാകം ശാന്തമായി പ്രകൃതിയുടെ സംഗീതം മാത്രം , നേരം ഇരുട്ട് വീണ് കൊണ്ടിരിക്കുന്നു. സൂര്യന്റെ ശോഭ കാരണം തടാകം മുഴുവനും സുവർണ നിറത്താൽ മെല്ലെ മൂടി ഒരു വശത്ത് നിന്ന് ഇരുട്ട് ആയി തുടങ്ങിയിരിക്കുന്നു. സഞ്ചാരികളിൽ ചിലർ ദൂരത്തെ മലമുകളിലേക്ക് ഇമവെട്ടാതെ നോക്കി കൊണ്ടിരിക്കുന്നു , മറ്റ് ചിലർ ക്ഷേത്രത്തിൽ പൂജകളും മറ്റും ചെയ്യുന്ന തിരക്കിൽ …
തുടരും ….