ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 12
…
അജീഷ് അജയൻ:
നൂൽ മഴയും, തണുപ്പുമാണ് രാവിലെ എതിരേറ്റത്. ടെന്റ് തുറന്നു പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത് മനോഹരമായ കാഴ്ചകളായിരുന്നു. വളരെ ശ്രദ്ധയോടെ ഒരു താഴ്‌വരയിൽ പടിപടിയായി ചെയ്തിട്ടുള്ള മനോഹരമായ ഒരു ക്യാമ്പ് സൈറ്റ്. പൂന്തോട്ടവും പാർക്കിങ്ങും വഴിയുമെല്ലാം അതിമനോഹരം. കുറച്ചകലെ ബിയാസ് നദി. എപ്പോഴും എരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു തന്തൂരി അടുപ്പിൽ ചൂടുള്ള കാവ തയ്യാറായിരുന്നു. കാവ, നമ്മുടെ ചായ പോലുള്ള എന്നാൽ പച്ചിലകളും, കുങ്കുമം മുതലായവയും ചേർത്തുണ്ടാക്കുന്ന ഒരു പാനീയമാണ്.
ഒരു കപ്പ് കാവയുമെടുത്ത് ബിയാസ് നദിയുടെ അടുത്തേക്ക് ഞാനും ഷെമീലിക്കയും ജിഷിലും രാഹുലും നടന്നു. നല്ല തണുപ്പുണ്ടായിരുന്നു. കുറച്ചു നേരം കാഴ്ചകൾ കണ്ടു തിരിച്ചു ക്യാമ്പിലേക്ക് വന്നു. മാർട്ടിനും അതുലും മോഗ്ലിയുമൊക്കെ സ്പിറ്റി വാലി കാണാനായി ഇറങ്ങുകയായിരുന്നു. ഇനിയൊരിക്കൽ റോഡിൽ വച്ചു കണ്ടുമുട്ടാം എന്ന് പറഞ്ഞ് അവരോടു യാത്ര പറഞ്ഞു. മുകേഷേട്ടനും അഖില ചേച്ചിയും അഖിലും കൂടെ റോഹ്താങ് പാസ്സ് കടക്കാനുള്ള പെർമിഷൻ എടുക്കാനായി പോയി. ഞങ്ങൾ വണ്ടികൾ ചെക്ക് ചെയ്യാനും പോയി.
മണാലിയിലെ മാൾ റോഡും മാർക്കറ്റും ഒക്കെ നടന്നു കണ്ടു. പെർമിഷൻ കിട്ടാൻ വൈകിയത് കൊണ്ട് അവിടെ നിന്നും ഇറങ്ങാൻ 12 മണി ആയി. ഭക്ഷണം കഴിച്ചു, കാനുകളിൽ പെട്രോൾ നിറച്ചു, പെർമിഷൻ പ്രിന്റ് എടുത്തു, എല്ലാം കഴിഞ്ഞപ്പോളേക്കും ഏകദേശം മണി 2.30. ആൽറ്റിട്യൂഡ് സിക്ക്നെസ് വരാതിരിക്കാനുള്ള ഗുളിക വാങ്ങി, അന്നത്തേക്കുള്ളതു കഴിച്ചു.
പോകുന്ന വഴി സോളാങ് വാലി കയറണം എന്നുള്ള പ്ലാൻ ഉപേക്ഷിക്കേണ്ടി വന്നു. 5 മണിക്ക് ശേഷം ചെക്ക്പോസ്റ്റിൽ നിന്നും റോഹ്താങ് പാസ്സ് കടത്തി വിടില്ല. കീലോങ് എന്ന സ്ഥലത്ത് എത്തണം എന്നായിരുന്നു പദ്ധതി. വഴി മോശമാണ് എന്നു ഹൈദർ ഇക്കയും സുമിതും മുന്നറിയിപ്പു തന്നിരുന്നു. മണാലിയിൽ മലയാളികളെയും കേരള റെജിസ്ട്രേഷൻ വണ്ടികളും തട്ടി തടഞ്ഞു നടക്കാൻ പറ്റാത്ത അവസ്ഥ.
ഞങ്ങൾ റോഹ്താങ് പാസ്സ് ലക്ഷ്യമാക്കി നീങ്ങി. ചെറിയ കയറ്റങ്ങളും കുറച്ചധികം വളവുകളും. പിന്നിട്ട് പൈൻ മരങ്ങൾ നിറഞ്ഞ വീതി കുറഞ്ഞ ഒരു റോഡിലേക്ക് കയറി. കയറുന്ന വഴിയിൽ ട്രാഫിക് താരതമ്യേന കുറവായിരുന്നു. കുത്തനെയുള്ള കയറ്റങ്ങൾ എല്ലാവരെയും നന്നായി കുഴക്കി. ആദ്യ ചെക്ക്പോസ്റ്റിൽ എത്തി, പട്ടാളക്കാരായിരുന്നു അധികവും. പാസുകൾ കാണിച്ച് ആ ചെക്ക്പോസ്റ്റ് കടന്നു. അവിടെയുള്ള ഒരു മലയാളി ഓഫീസർ വന്നു കുശലം പറഞ്ഞു, റോഹ്താങ് കടന്നു മുന്നോട്ടുള്ള വഴി വളരെ മോശമാണെന്ന് അദ്ദേഹവും മുന്നറിയിപ്പു തന്നു.
അധികം പോകും മുന്നേ തന്നെ റോഹ്താങ് പാസ്സിലെത്തി. ഒരുപാടുപേർ അവിടെ കുതിര സവാരിയും, മഞ്ഞിൽ കളിക്കുന്നുമുണ്ടായിരുന്നു. മുൻപു വന്നിട്ടുള്ളതിനാലും ഇരുട്ടായാൽ യാത്ര തടസപ്പെടും എന്നുള്ളതിനാലും ഒന്നു രണ്ടു ഫോട്ടോ എടുത്തു മുന്നോട്ടു പോയി.
ആ അടൽ ടണലിന്റെ പണികൾ നടക്കുന്നതേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ ആ വഴി ഓപ്പൺ അല്ലായിരുന്നു.
പതിയെ വെളിച്ചം കുറഞ്ഞു വന്നു, ചെറിയ മഴയും തുടങ്ങി. കുറച്ചു ദൂരം മുന്നോട്ടു പോയതും കേരളം മാത്രമല്ല ഹിമാചൽ പ്രദേശും മഴയിൽ തകർന്നിരുന്നു എന്നു മനസ്സിലായി. റോഡിന്റെ ഒരു വശം മലയിടിച്ചിലിൽ അടർന്നു താഴെപ്പോയിരിക്കുന്നു, അവിടെ ഒരു ലോറി ആക്സിൽ ഒടിഞ്ഞു റോഡും ബ്ലോക്ക്. ഇടത്തോട്ടു ഒരു താൽക്കാലിക വഴി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഒരു വലിയ നിര ലോറികളും മറ്റു വലിയ വാഹനങ്ങളും. 4 വീൽ ഡ്രൈവുള്ള വാഹനങ്ങളും ബൈക്കുകളെയും മാത്രമാണ് കടത്തി വിടുന്നത്. പതിയെ ആ ഇറക്കം ഇറങ്ങിത്തുടങ്ങി. വഴുക്കലുള്ള, നല്ല ചളിയുള്ള ആ റോഡിലൂടെ നല്ലപോലെ ബുദ്ധിമുട്ടി താഴേക്കിറങ്ങി, വീണ്ടും റോഡിലെത്തി. വെളിച്ചം നന്നായി കുറഞ്ഞിരുന്നു.
ഒരു 3, 4 വളവുകൾ കഴിയും വരെ നല്ല റോഡായിരുന്നു. അതു കഴിഞ്ഞു റോഡില്ല, കാൽ മുട്ടുവരെ ചളി. 2 പേരുള്ള വണ്ടികളിൽ നിന്നും അഖില ചേച്ചിയും രാഹുലും ഇറങ്ങി നടന്നു. ഞാനും ഒരു വിധേന കുറച്ചു ദൂരം മുന്നോട്ടു പോയി, പുറകിൽ വരുന്നവരെ സഹായിക്കാനായി വണ്ടി ഒരു കല്ലിൽ ചാരി വച്ചു. താഴെ നിന്നും ഒരു ജിപിസിയുടെ ശബ്ദം കേട്ടു, ഇന്ത്യൻ റാലി ബോർഡുകളുള്ള ഒരു ജിപ്സി “ഇതൊക്കെ എന്ത്” എന്ന മട്ടിൽ നല്ല സ്പീഡിൽ കയറിപ്പോയി. ആ 1 കിലോമീറ്റർ ചളി കടക്കാൻ 1 മണിക്കൂറോളം എടുത്തു. അതിനിടയിൽ കൂടെയുള്ളവരും മറ്റു ബൈക്കു യാത്രക്കാരും പലതവണ വീഴാൻ പോകുന്നും വീഴുന്നുമുണ്ടായിരുന്നു.
മഴ കൂടി വന്നു, നല്ല ട്രാഫിക്കും, റെയ്ൻ കോട്ടിടാൻ പോലും സമയം കിട്ടിയില്ല. റോഡും വളരെ മോശം. ലോറികളിൽ നിന്നും മറ്റും തെറിക്കുന്ന ചളി വേറെയും. ഗ്രംഫു എത്തിയപ്പോഴേക്കും 7 കഴിഞ്ഞു. കാലിന്റെ അടിയിൽ നിന്നും സൂചി കുത്തിക്കയറുന്ന പോലത്തെ അവസ്ഥ. അഖിലിനും രാഹുലിനുമൊക്കെ മസിൽ പിടിക്കാനുമൊക്കെ തുടങ്ങി. കോക്‌സർ റൂമെടുക്കാം എന്നുറപ്പിച്ചു ചെക്ക്പോസ്റ്റിനടുത്തുള്ള ഹോംസ്റ്റേകളിലൊക്കെ പോയി, എവിടെയും റൂമില്ല. ചെക്ക്പോസ്റ്റിലെ ഒരു ഓഫീസർ മുന്നോട്ടു പോയി സിസ്സുവിൽ നോക്കാൻ പറഞ്ഞു.
അഖിലൊക്കെ ശരിക്കും ക്ഷീണിച്ചു, കാൽ നീട്ടി വച്ചൊക്കെയാണ് വണ്ടിയിൽ ഇരിക്കുന്നത്. ഒരു വിധേന ഞങ്ങൾ സിസ്സുവിൽ എത്തി, ആദ്യം കണ്ട ഹോട്ടലിൽ തന്നെ റൂം ചോദിച്ചു. ക്യാമ്പിങ് എടുക്കാനാവില്ല, കുളിക്കാൻ ചൂടുവെള്ളം ഇല്ലാതെ അന്നുറങ്ങാൻ പറ്റില്ല എന്നു മനസ്സിലായി. നല്ല വൃത്തിയുള്ള ഹോട്ടലായിരുന്നു. റൂമെടുത്തപ്പോഴേക്കും അഖിലിന് നിൽക്കാൻ വയ്യാത്ത അവസ്ഥയായിരുന്നു. ഒരു വിധം അവന്റെ മസിൽ ഉടച്ചു കൊടുത്തപ്പോഴേക്കും ഞങ്ങൾ ഓരോരുത്തർക്കായി മസിലു പിടിച്ചു തുടങ്ങി. പരസ്പരം സഹായിച്ച്, ചൂടുള്ള വെള്ളത്തിൽ ഒരു കുളിയും പാസ്സാക്കി.
അടുത്ത ദിവസത്തെ പ്ലാനൊന്നും തീരുമാനിക്കാൻ ആർക്കും വയ്യായിരുന്നു. പോരാത്തതിന് ഫോണിൽ റേഞ്ച് ഇല്ല. കാമറ, ഫോൺ, ഗോപ്രോ ഒക്കെ ചാർജിൽ വച്ചു റൂം ഹീറ്റർ ഓണാക്കി കിടന്നു.
തുടരും.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.