ജിജോ വൽസൻ
നമ്മുടെ കെഎസ്ആർടിസി എന്ന ആനവണ്ടി ഓടാൻ തുടങ്ങിയിട്ട് ഇന്നേക്ക് എൺപത്തതിരണ്ട് വർഷം തികഞ്ഞിരിക്കുന്നു. സത്യം പറഞ്ഞാൽ ഒരുപാടുപേരുടെ നൊസ്റ്റാൾജികിലേക്കു തിരിച്ചുകൊണ്ടുപോകാൻ ആനവണ്ടിയുടെ ഡബിൾ ബെല്ലിനു കഴിയും. കാടും മലയും വയലുമെല്ലാം താണ്ടി ചുവന്ന നിറത്തിൽ പെയിൻറ് അടിച്ച് അവൻ വരുമ്പോൾ രാജകീയ സ്വീകരണമാണ്. പേരിനെ പോലെതന്നെ ആനയുടെ വലിപ്പമുള്ള വണ്ടി നിയന്ത്രിക്കാൻ ആകെ രണ്ടു പേർ മാത്രം എന്നത് അതിശയം തന്നെയായിരുന്നു. ഇന്നത്തെ പോലെ ബൈക്കുകളുടെ കോലാഹലങ്ങൾ ഇല്ലാതിരുന്ന കാലത്ത് സാധാരണക്കാരുടെ ദിനചര്യയുടെ ഭാഗമായിരുന്നു കെഎസ്ആർടിസി ബസുകൾ.
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് എന്ന പേരിൽ തിരുവിതാംകൂറിലെ അവസാനത്തെ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ആണ് KSRTC സ്ഥാപിച്ചത്. രാജ്യത്തിന്റെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം. ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ടായിരുന്ന ഇ.ജി. സാൾട്ടർ 1937 സെപ്റ്റംബർ 20-നു ഗതാഗതവകുപ്പിന്റെ സൂപ്രണ്ടായി നിയമിതനായി. തിരുവനന്തപുരം – കന്യാകുമാരി, പാലക്കാട് – കോയമ്പത്തൂർ തുടങ്ങിയ പ്രധാന അന്തർ സംസ്ഥാന പാതകൾ ദേശസാൽക്കരിച്ചതോടെ കെ.എസ്.ആർ.ടി.സി. വളർന്നു.
ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത, കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ച 60 ബസ്സുകളായിരുന്നു ആദ്യത്തെ ബസ്സുകളുടെ ശ്രേണി. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ തന്നെയായിരുന്നു ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. തിരുവനന്തപുരം – കന്യാകുമാരി പാത ദേശസാൽക്കരിച്ചതിനാൽ സ്വകാര്യ ഗതാഗത സ്ഥാപനങ്ങളിൽ നിന്ന് ജോലി നഷ്ടപ്പെടാൻ സാദ്ധ്യതയുള്ളവർക്ക് കെ.എസ്.ആർ.ടി.സിയിൽ അന്ന് നിയമനത്തിന് മുൻഗണന നൽകി. അന്ന് ജീവനക്കാരെ തിരഞ്ഞെടുത്ത രീതി ഇന്നും കെ.എസ്.ആർ.ടി.സിയിൽ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് പിന്തുടരുന്നു. നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയമായിരുന്നു സർക്കാർ വകയിലെ ബസ് സർവീസ്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഈ ബസ്സും മറ്റ് 33 ബസ്സുകളും കവടിയാർ നഗരത്തിലൂടെ ഘോഷയാത്രയായി ഓടിയത് അന്ന് ആകർഷകമായ കാഴ്ചയായിരുന്നു.