മലയാളിയുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നാണ് വൈവിധ്യമാർന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണം അന്വർത്ഥമാക്കുന്ന, ഒരുപിടി മനോഹര ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേരളത്തിലുണ്ട്. ഊഷ്മളമായ കാലാവസ്ഥയും, കാഴ്ച്ചകളിലെ വ്യത്യസ്‍തതയും കേരളത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു. എന്നിരുന്നാലും, ലോക ടൂറിസം ഭൂപടവുമായി വെച്ചുനോക്കുമ്പോൾ കേരളത്തിന് ചെറുതല്ലാത്തൊരു ന്യൂനതയുണ്ട്. കായികലോകത്തെ ടൂറിസവുമായി കോർത്തിണക്കുന്ന, “സ്‌പോർട്സ് ടൂറിസ”മെന്ന പുത്തനാശയം കേരളത്തിൽ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണത്. ഈ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്, പുതിയൊരു പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് വയനാട്ടിലെ നമ്പർ വൺ റിസോർട്ട് ഗ്രൂപ്പായ മോറിക്കാപ്പ്
കേരള ക്രിക്കറ്റ് അസോസിയേഷന്റെയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് സ്പോർട്സ് ടൂറിസമെന്ന ആശയം മോറിക്കാപ്പ് മുന്നോട്ടുവെച്ചത്. പരിപാടിയുടെ ഭാഗമായി, സിംബാംബ്‌വേയിൽ നിന്നുള്ള ക്രിക്കറ്റ് സംഘം കേരളത്തിലെത്തി. മുൻ സിംബാംബ്‌വിയൻ ദേശീയ താരം എൽട്ടൻ ചിഗുംബുരയുടെ പരിശീലനത്തിലിറങ്ങിയ സംഘം, കേരളാ ഇലവനെതിരെ മൂന്ന് ടി20 മത്സരങ്ങൾ കളിക്കുകയും ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള, കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയമാണ് ഈ മത്സരങ്ങൾക്ക് ആതിഥ്യമരുളിയത്. സിംബാംബ്‌വിയൻ സംഘത്തിന്റെ താമസം അടക്കമുള്ള കാര്യങ്ങൾ സജ്ജീകരിച്ചത് മോറിക്കാപ്പ് റിസോർട്ടിലായിരുന്നു. കോവിഡാനന്തരകാലത്ത് ടൂറിസം മേഖല കൈവരിച്ച പുരോഗതി സമാനതകളില്ലാത്തതാണെന്നും, ക്രിക്കറ്റ് ടൂറിസമെന്ന ഈ പുത്തനാശയം, കേരളാ ക്രിക്കറ്റിനും ടൂറിസത്തിനും ഏറെ നേട്ടങ്ങളുണ്ടാക്കുമെന്നും മോറിക്കാപ്പ് റിസോർട്ട് ചെയർമാൻ നിഷിൻ തസ്ലീം അഭിപ്രായപ്പെട്ടു. കൃഷ്ണഗിരി സ്റ്റേഡിയത്തിന്റെ സവിശേഷതകളിലും, ആധുനിക നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും സിംബാംബ്‌വിയൻ സംഘം പൂർണതൃപ്തി പ്രകടിപ്പിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച്, വൈസ് പ്രസിഡന്റ് ജാഫർ സേട്ട് പരിപാടിയിൽ പങ്കെടുത്തു.
കൃഷ്ണഗിരി സ്റ്റേഡിയത്തെ മുൻനിർത്തി, കേരളത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ് മോറിക്കാപ്പ്. ഇതിന്റെ ഭാഗമായി, സ്റ്റേഡിയത്തിനോട് ചേർന്ന് ലോർഡ്‌സ് 83 എന്ന പേരിൽ റിസോർട്ട് സമുച്ചയത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണെന്ന് മോറിക്കാപ്പ് അധികൃതർ അറിയിച്ചു. ഭാവിയിൽ, ബിസിസിഐ – കെസിഎ വൃത്തങ്ങളോട് സഹകരിച്ച് കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് കൃഷ്ണഗിരി സ്റ്റേഡിയത്തെ വേദിയാക്കാൻ പരിശ്രമിക്കുമെന്നും മോറിക്കാപ്പ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ തന്നെ ഏറ്റവും സവിശേഷമായ ഈ സ്റ്റേഡിയത്തിൽ കൂടുതൽ കളികൾ വിരുന്നെത്തുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ.