ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ

ഷിനിത്ത് പാട്യം

യാത്ര തുടരുകയാണ് …

കാഴ്ചകളുടെ പുതിയ പറുദീസകൾ തേടികൊണ്ട്… ഓരോ യാത്രയും അവനവനിലേക്കുളള മടക്കം തന്നെയാണ്.ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യ കുലത്തിന്റെ യാത്രകളൊക്കെ തന്നെയും ആന്തരികമായ അന്വേഷണമാണ്. യാത്രകൾ ജീവിതാനുഭവങ്ങൾക്ക് നിറം പകരുകയും വിവിധ സംസ്കാരങ്ങളുടെ ഉൾചേരലുകൾക്ക് സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. യാത്രകളോടുളള മോഹം എന്നിൽ വളർത്തിയ പ്രിയ കൂട്ടുകാരൻ  ഷിജിൻ പറമ്പത്തിനെ ഓരോ യാത്രയിലും  ഞാൻ ഓർക്കാറുണ്ട്.

ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ബദാമി, പട്ടടയ്ക്കൽ, ഐഹോൾ എന്നിവിടങ്ങളിലേക്കായിരുന്നു ഞങ്ങളുടെ യാത്ര.. ഇതിനിടയിൽ മറ്റ് യാത്രകൾ നടത്തിയിരുന്നെങ്കിലും ഒന്നിനെക്കുറിച്ചും കുറിപ്പ് എഴുതാൻ മെനക്കെട്ടിരുന്നില്ല. മംഗലാപുരത്ത് നിന്ന് രാത്രി എട്ട് മണിക്കുളള ഗണേഷ് ട്രാവൽസിന്റെ ബസിലാണ് ഞങ്ങൾ ബദാമിയിലേക്ക് പുറപെട്ടത്. നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ റോഡിൽ വലിയ തിരക്ക് അനുഭവപെട്ടു.  രാവിലെ എട്ട് മണിക്ക് ഞങ്ങൾ ബദാമി ബസ്സ് സ്റ്റാന്റിൽ ഇറങ്ങി. സാമാന്യം  വലിയ പട്ടണമായ ബദാമി  ഉണരുന്നതേയുളളു.

ബദാമി ബസ്സ് സ്റ്റാന്റ്

സ്വച്ഛ്‌ഭാരത് മിഷന്റെ പരസ്യങ്ങൾ നഗരത്തിലെങ്ങും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും  ബദാമിയിൽ പരിസര ശുചിത്വം വളരെ കുറവാണ്. റോഡിനിരുവശത്തുമുളള  മാലിന്യങ്ങൾ ഭക്ഷിക്കുന്നതിന് വേണ്ടി പന്നികൾ അലഞ്ഞുതിരിയുന്നുണ്ട്. നിരവധി  ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും ഇത് തന്നെയാണ്  അവസ്ഥ.

tripeat-shinith-pattiam
ഷിനിത്ത് പാട്യം

വലിയ തയ്യാറെടുപ്പുകളൊന്നുമില്ലാത്ത യാത്ര ആയതുകൊണ്ട് തന്നെ മുൻകൂട്ടി ഹോട്ടൽ ബുക്ക് ചെയ്തിരുന്നില്ല. ഹോട്ടൽ അന്വേഷിച്ച് ഞങ്ങൾ കുറേ നടന്നു. ഒടുവിൽ ഹോട്ടൽ റോയൽ ഡിലക്സിൽ തരക്കേടില്ലാത്ത ഒരു റൂം തരപ്പെടുത്തി. ഹോട്ടലിൽ നിന്നും  പെട്ടെന്ന് ഫ്രഷായി ഞങ്ങൾ പുറത്തിറങ്ങി. പ്രാതൽ കഴിക്കാൻ വേണ്ടി ബസ്സ് സ്റ്റാൻഡിന് മുൻവശത്തുളള മൂകാംബിക ഹോട്ടലിൽ കയറി അവിടെ  നിന്നും നല്ല ആവി പറക്കുന്ന ദോശ കഴിച്ചതിന് ശേഷം നേരെ ഓട്ടോറിക്ഷ സ്റ്റാന്റിലേക്ക്… ഹോട്ടൽ മാനേജർ ഭീംസേൻ പറഞ്ഞതനുസരിച്ച് ആദ്യം  ഐഹോളിലേക്ക് പോകാനാണ് ഞങ്ങൾ തീരുമാനിച്ചത്. ബദാമിയിൽ നിന്നും ഓട്ടോക്കാരനോട് വിലപേശി എണ്ണൂറ് രൂപയ്ക്ക് ഒരു ഫുൾഡേ യാത്ര തരപ്പെടുത്തി. ബദാമി സ്വദേശിയായ  ഹുസൈന്റെ  ഓട്ടോറിക്ഷയിൽ ശില്പകലയുടെ കളിത്തൊട്ടിലായ ഐഹോളിലേക്ക് യാത്ര പുറപ്പെട്ടു.

ഓട്ടോ ഡ്രൈവറും ഗൈഡുമായ ഹുസൈൻക്കയുടെ കൂടെ..

ബദാമിയിൽ നിന്നും ഐഹോളിലേക്കുളള യാത്ര മനോഹരമാണ്. റോഡിനിരുവശത്തും കണ്ണെത്താദൂരം വരെ പരന്നു കിടക്കുന്ന കൃഷിയിടങ്ങൾ!!. ചോളവും കരിമ്പും പരുത്തിയും ആണ് പ്രധാന വിളകൾ. ഈ കാഴ്ചകൾ കർണ്ണാടകത്തിന്റെ കാർഷിക സംസ്കാരത്തിനെ അടയാളപ്പെടുത്തുന്നു. ചോളവും ഉളളിയും റോഡിൽ ഉണക്കാനിട്ട കാഴ്ച കൗതുകകരമാണ്. റോഡിന്റെ ഒരു ഭാഗം മുഴുവൻ കിലോമീറ്ററുകളോളം  കൈയ്യേറിയാണ് കർഷകർ തങ്ങളുടെ  വിളകൾ ഉണക്കാനിട്ടിരിക്കുന്നത്!!.

tripeat-badami-aihole-pattadakkal-shinith-pattiam-003
ഐഹോൾ-പട്ടടയ്ക്കൽ റോഡിൽ പലതരം വിളകൾ ഉണക്കാനിട്ടിരിക്കുന്നു.

മുപ്പത്തി നാല് കിലോമീറ്റർ പിന്നിട്ട ശേഷം ഞങ്ങൾ ചരിത്രമുറങ്ങുന്ന ഐഹോളിലെത്തി. ചില ചരിത്ര സ്മാരകങ്ങൾ ഗ്രാമീണരുടെ വീടുകളായി മാറിയതിന്റെ  അടയാളങ്ങൾ കാണാനുണ്ട്. ഐഹോളിലേക്ക് പ്രവേശിക്കുന്ന റോഡിൽ നിറയെ ചെളിയാണ്. ചില ചരിത്ര സ്മാരകങ്ങൾ ആർക്കും വേണ്ടാത്ത പോലെ റോഡിന്റെ ഇരുവശത്തുമുണ്ട്..!!

ഉത്തര കർണ്ണാടകത്തിലെ ബഗാൻകോട്ട് ജില്ലയിൽ മലപ്രഭാ നദീതീരത്ത്  സ്ഥിതിചെയ്യുന്ന ഗ്രാമമായ ഐഹോളിന്റെ യഥാർത്ഥ പേര് ‘അയ്യാഹോളെ’ എന്നായിരുന്നു.

ഐഹോളിന്റെ പേരിന് പിന്നിലുളള ഐതിഹ്യം രസകരമാണ്.

കാര്‍ത്യവീരാര്‍ജുനനെയും മക്കളെയും വധിച്ചിട്ടും കോപം അടങ്ങാതെ പരശുരാമന്‍ ഇരുപത്തൊന്നു തലമുറകളിലെ ക്ഷത്രിയരെ ഒന്നടങ്കം ഇല്ലാതാക്കിയ ശേഷം രക്തത്തില്‍ കുതിര്‍ന്ന തന്റെ മഴു കഴുകി വൃത്തിയാക്കാന്‍ വേണ്ടി മലപ്രഭ നദിയിൽ ഇറങ്ങുകയും നിമിഷ നേരം കൊണ്ട് രക്ത വര്‍ണ്ണമായ നദി കണ്ട് ജനങ്ങൾ  “അയ്യാ ഹൊളേ” എന്ന് വിലപിച്ചതും നദീതടത്തിലെ കര്‍ഷക ഗ്രാമം പിന്നീട് “ഐഹോളെ” എന്നറിയപ്പെട്ടതിനെ കുറിച്ചും ഒരു ചരിത്രകാരനെ പോലെ ഓട്ടോ ഡ്രൈവർ ഹുസൈൻ ഞങ്ങളോട് പറഞ്ഞു.

പുരാതനക്ഷേത്രസമുച്ചയങ്ങൾ ചിതറിക്കിടക്കുന്ന ഐഹോളിൽ ജൈന- ബുദ്ധ-ഹൈന്ദവ സംസ്കൃതികൾ സഹവസിച്ചിരുന്നുവെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചാലൂക്യരാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു ഐഹോളെ. പുലികേശന്‍ ഒന്നാമന്റെ കാലത്താണ് ഐഹോളയില്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. ഏകദേശം ആറാം നൂറ്റാണ്ടിലാണ് ക്ഷേത്രനിര്‍മ്മിതികള്‍ നടന്നതെന്ന് കരുതുന്നു. ഇവിടെ ഏകദേശം 125 -ഓളം ക്ഷേത്രങ്ങള്‍ ഉണ്ട്. ക്ഷേത്ര സമുച്ചയങ്ങൾ കാണാൻ  ടിക്കറ്റ് എടുത്ത് അകത്തു കടക്കുമ്പോള്‍ ആദ്യം കാണുന്നത് പ്രൗഢഗംഭീരമായ ‘ദുര്‍ഗ്ഗ’ ക്ഷേത്രമാണ്. ഓവല്‍ രൂപത്തിലുള്ള  ക്ഷേത്രമാണ് ദുർഗ. ക്ഷേത്രത്തിന്റെ പേര്  ദുർഗയെന്നാണെങ്കിലും ഇത് സൂര്യ ക്ഷേത്രമാണ്. ദുർഗ ക്ഷേത്രത്തിന്റെ പുറം ചുമരുകളിൽ നരസിംഹന്റെയും വിഷ്ണുവിന്റെയും രൂപങ്ങൾ ഭംഗിയായി കൊത്തിവച്ചിട്ടുണ്ട്.ക് ഷേത്രത്തിന്റെ വലതുവശത്ത് പ്രത്യേക രീതിയിൽ തയ്യാറാക്കിയിട്ടുളള കുളവും കാണാം.

tripeat-badami-aihole-pattadakkal-shinith-pattiam-004
ഐഹോൾ ക്ഷേത്ര സമുച്ചയത്തിലെ ദുർഗ ക്ഷേത്രം.

അടുത്തതായി ഞങ്ങൾ ‘ലാഡ്‌ ഖാന്‍’ ക്ഷേത്രത്തിലേയ്ക്കാണ് പോയത്. ദുർഗ ക്ഷത്രത്തിൽ നിന്നും അമ്പത് മീറ്റർ അകലെയായാണ് ലാഡ്ഖാൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. AD 450-ല്‍ ചാലൂക്യ കാലഘട്ടത്തിനും മുന്‍പേയാണ് ഈ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്ന് കരുതുന്നു. വലിയ മരക്കഷ്ണങ്ങള്‍ പോലെ തോന്നിക്കുന്ന കല്‍പ്പാളികള്‍ പാകിയ മേല്‍ക്കൂര ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്ര നിര്‍മാണ രീതികളെക്കുറിച് മുന്‍പരിചയം ഒന്നുമില്ലാതിരുന്ന അന്നത്തെ ശില്‍പികള്‍ രണ്ടു നിലകളിലായാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ലാഡ്ഖാൻ എന്ന മുസ്ലീം സന്യാസി ഇവിടെ താമസിച്ചിരുന്നത് കൊണ്ടാണ് ഈ ക്ഷേത്രം ഈ പേരിൽ അറിയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇതൊരു വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിന്റെ സ്വഭാവവും ലാഡ്ഖാനുണ്ട്. ലാഡ്ഖാൻ  ക്ഷേത്രത്തിന്റെ അകത്ത് നല്ല ഇരുട്ടാണെങ്കിലും പുറത്ത്  ശക്തമായ  വെയിലാണ്. ഗൗദ്രഗുഡി,ചക്രഗുഡി, സൂര്യനാരായൺഗുഡി, ബാദിഗർഗുഡി എന്നീ ക്ഷേത്രങ്ങളും ഈ ക്ഷേത്രസമുച്ചയത്തിന്റെ ഭാഗമാണ്.

tripeat-badami-aihole-pattadakkal-shinith-pattiam-005
ലാഡ്‌ ഖാന്‍ ക്ഷേത്രം

ദുർഗാ ക്ഷേത്ര കോംപ്ലക്സിന് പുറത്ത് വഴിവാണിഭകാരുടെ സാമാന്യം ചെറിയ തിരക്കുണ്ട്. സ്കൂൾ വിദ്യാർത്ഥിനികളായ  പെൺകുട്ടികൾ ഇളനീരുകൾ വില്പന നടത്തുന്നുണ്ട്. ഇളനീര് കുടിച്ച് ദാഹമകറ്റിയശേഷം ഞങ്ങൾ ദുർഗാ ക്ഷേത്ര കോംപ്ലക്സിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയുളള ‘ഹുച്ചിമല്ലിഗുഡി’ എന്ന് പേരുള്ള മറ്റൊരു ക്ഷേത്രത്തിലേക്ക് നീങ്ങി. ഹുച്ചിമല്ലിഗുഡിയിൽ  ടൂറിസ്റ്റുകളായിട്ട് ഞങ്ങൾ മാത്രമെ ഉണ്ടായിരുന്നുളളൂ. നല്ല തണുത്ത കാറ്റ് വെയിലിന്റെ തീവ്രത കുറച്ചു. ചാലൂക്യ കാലഘട്ടത്തിലെ ലക്ഷണമൊത്ത ഒരു ക്ഷേത്രമാണിത്.

ഹുച്ചിമല്ലിഗുഡി ക്ഷേത്രം

കുറച്ച് ഫോട്ടോകൾ എടുത്തതിന് ശേഷം ഹുച്ചിമല്ലി ക്ഷേത്രത്തിൽ നിന്നും ഞങ്ങൾ നേരേ പോയത് “രാവൺഫാടി” എന്ന് വിളിപ്പേരുള്ള ഒരു ഗുഹാക്ഷേത്ര ത്തിലേക്കാണ്. ഒരു പക്ഷെ ഇന്ത്യയിലെ തന്നെ അതിപ്രസിദ്ധമായ  ശിൽപങ്ങൾ ഈ ചെറിയ ഗുഹാക്ഷേത്രത്തിനുളളിൽ ഉണ്ട്. ഗുഹാക്ഷേത്രത്തിന്റെ ഒരു ചുവരിൽ കൊത്തിവച്ചിരിക്കുന്ന രൂപം അതിമനോഹരമാണ്. ഇരു വശങ്ങളിലും അഞ്ചു കൈകൾ വീതമുള്ള, ഉഗ്ര വിഷമുള്ള മൂർഖനെ കൈയിലേന്തി, ചടുലനൃത്തം ചെയ്യുന്ന ശിവൻ. ചുറ്റും പാർവതിയും സപ്തമാതാക്കളും. കാൽക്കൽ ഗണപതിയും സുബ്രഹ്മണ്യനും. എത്ര നോക്കി നിന്നാലും കൊതി തീരാത്ത ഒരു ശില്പമാണത്. ആയിരത്തി അഞ്ഞൂറ് വർഷത്തെ പഴക്കം കണക്കാക്കുന്ന ഈ ഗുഹാക്ഷേത്രത്തിന്റെ മാതൃകയിലാണ് ചാലൂക്യശിൽപികൾ ബദാമിയിലെ ഗുഹാക്ഷേത്രങ്ങൾ നിർമ്മിച്ചത്.

tripeat-badami-aihole-pattadakkal-shinith-pattiam-007
രാവൺഫാടി ഗുഹാക്ഷേത്രം.

അടുത്തതായി ഞങ്ങൾ മല്ലികാർജുനൻ ക്ഷേത്രസമുച്ചയത്തിൽ പ്രവേശിച്ചു. അഞ്ച് ക്ഷേത്രങ്ങൾ ഉൾപെടുന്നതാണ് മല്ലികാർജ്ജുനൻ ക്ഷേത്രം. ക്ഷേത്രം ചുറ്റി കണ്ടുകൊണ്ടിരിക്കുമ്പോൾ പുറകിൽ നിന്നും  ‘സാർ ഗൈഡ്’  എന്ന് പറഞ്ഞ് ഒരു കുട്ടി അടുത്തു വന്നു. ‘ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ് പുസ്തകങ്ങൾ വാങ്ങാൻ അമ്പത് രൂപ തന്നാൽ ബുദ്ധിസ്റ്റ് ചൈത്യഗൃഹവും  മെഗുത്തി ക്ഷേത്രവും കാണിച്ചുതരാമെന്നവൻ’ പറഞ്ഞു. സച്ചിൻ അതായിരുന്നു അവന്റെ പേര്.മുറിയൻ ഇംഗ്ലീഷിൽ കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് അവൻ ഞങ്ങളെയും കൂട്ടി മെഗുത്തി മലയടിവാരത്തിലേക്ക് നടന്നു. കനത്ത  വെയിലിനെ വകവെക്കാതെ മെഗുത്തി മലയിലേക്ക് ഞങ്ങൾ നീങ്ങി.

tripeat-badami-aihole-pattadakkal-shinith-pattiam-008
മെഗുത്തി ക്ഷേത്രത്തിലേക്കുളള വഴി

നൂറ് പടികൾ പിന്നിട്ടപ്പോൾ ഞങ്ങൾ  ഇരു നിലകളുളള ബുദ്ധിസ്റ്റ് ചൈത്യഗൃഹത്തിലെത്തി. AD 580 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം, ബുദ്ധിസവും, ജൈനിസവും, ഹിന്ദുത്വവും ഒരു പോലെ ആഘോഷിക്കപ്പെട്ട ഒരു സുവര്‍ണ കാലഘട്ടത്തിന്റെ ബാക്കിപത്രമാണ്‌. ഞങ്ങള്‍ മേഗുത്തി മലയിലേയ്ക്കുള്ള പടികള്‍ വേഗത്തിൽ കയറിത്തുടങ്ങി.

കുറച്ചു കൂടി പടികള്‍ കയറിയപ്പോള്‍ മേഗുത്തി മലയുടെ മുകളിലെത്തി. മേഗൂത്തി മലയുടെ മുകളിൽ  ചാലൂക്യവംശത്തിന്റെ മുഴുവൻ ചരിത്രവും അടയാളപെടുത്തുന്ന ഒരു ജൈനക്ഷേത്രമുണ്ട്. പുലകേശി രണ്ടാമന്റെ സഭയിലെ ജൈന കവിയായിരുന്ന രവികൃതി AD 634 നിർമിച്ച ഈ ക്ഷേത്രത്തിലാണ് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനമായൊരു ശിലാലേഖനമുള്ളത്. “ഐഹോളെ ഇൻസ്ക്രിപ്ഷൻ” എന്ന് പ്രസിദ്ധമായ ചരിത്ര രേഖയാണിത്.

tripeat-badami-aihole-pattadakkal-shinith-pattiam-009
ബുദ്ധിസ്റ്റ് ചൈത്യഗൃഹം
tripeat-badami-aihole-pattadakkal-shinith-pattiam-010
മേഗുത്തി മലയിലെ ജൈനക്ഷേത്രം

മേഗൂത്തി മലയുടെ മുകളിൽ നിന്നു കൊണ്ട് ഞാൻ ഐഹോൾ താഴ് വരയുടെ ഭംഗി ആസ്വദിച്ചു. ഇടയ്‌ക്കിടെ  നല്ല തണുത്ത കാറ്റ് ചൂളം വിളിച്ചുകൊണ്ട് മേഗൂത്തി മലയെ പുൽകികൊണ്ട് കടന്നുപോകുന്നുണ്ട്. നൂറ്റി ഇരുപത്തഞ്ചോളം മണ്ഡപങ്ങളിൽ ചിലത് മലമുകളിൽ നിന്നും കാണാൻ സാധിച്ചു.കുറച്ചകലെയായി മലപ്രഭാനദി ക്ഷത്രിയ ശാപം പേറി പതുക്കെ  ഒഴുകുന്നുണ്ട്..!!

tripeat-badami-aihole-pattadakkal-shinith-pattiam-011
മേഗൂത്തി മലയുടെ മുകളിൽ നിന്നുളള കാഴ്ച്ചകൾ.

ഐഹോളിനോട് യാത്ര പറഞ്ഞ്കൊണ്ട് ഞങ്ങൾ പട്ടടയ്ക്കലിലേക്ക്  തിരിച്ചു. കർണാടകയിലെ വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഗ്രാമങ്ങളിൽ ഒന്നായ  പട്ടടക്കലിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഞങ്ങൾ എത്തിച്ചേർന്നു. ഐഹോളിനെ അപേക്ഷിച്ച് പട്ടടയ്ക്കലിൽ സഞ്ചാരികളുടെ നല്ല തിരക്കുണ്ട്. റോഡരികിലെ തട്ടുകടയിൽ നിന്നും ചപ്പാത്തിയും ഡാൽ കറിയും കഴിച്ച് ഞങ്ങൾ വിശപ്പകറ്റി. ഓരോ ദിവസവും ആയിരകണക്കിന് സഞ്ചാരികൾ വരുന്ന പട്ടടയ്ക്കലിൽ നല്ല ഒരു ഹോട്ടൽ ഇല്ലാത്തത് ഞങ്ങളെ അത്ഭുതപ്പെടുത്തി.

tripeat-badami-aihole-pattadakkal-shinith-pattiam-012
പട്ടടക്കലിലെ ഹോട്ടലുകൾ.

ഉച്ചസമയത്തുപോലും ടിക്കറ്റ് കൗണ്ടറിൽ നീണ്ട ക്യൂ ഉണ്ട്. ബാഗൽക്കോട്ട് ജില്ലയിൽ മലപ്രഭ നദിയോട് ചേർന്നാണ് ഈ പുരാതനഗ്രാമം സ്ഥിതി ചെയ്യുന്നത്. ഐഹോൾ-ബദാമി ഹൈവേയുടെ ഇടയിലായി ഐഹോളിൽ നിന്നും പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം. പുരാതന ക്ഷേത്ര സമുച്ചയത്തിന്റെ ദൂരക്കാഴ്ച്ച മനോഹരമാണ്.

ക്ഷേത്ര സമുച്ചയത്തിലേക്കുളള വഴിക്കിരുവശത്തും പുല്ല് പാകിയിട്ടുണ്ട്. ടെമ്പിൾ കോംപ്ലക്സിലുളള വിവരണ ബോർഡുകൾ ഞങ്ങൾക്ക്  പട്ടടയ്ക്കലിനെ കുറിച്ച് ധാരണ നൽകി. ചാലൂക്യസാമ്രാജ്യത്തിന്റെ  മൂന്നാമത്തെ തലസ്ഥാനനഗരി ആയിരുന്നു പട്ടടക്കൽ. ചാലൂക്യ സംസ്കാരത്തിന്റെ മഹത്വം വിളിച്ചോതുന്ന നിരവധി ക്ഷേത്രങ്ങളുടെ ഒരു സമുച്ചയം ആണ്  ഇവിടെ സ്ഥിതിചെയ്യുന്നത്. ക്ഷേത്രങ്ങളെല്ലാം തന്നെ ഏഴും എട്ടും നൂറ്റാണ്ടുകളിലായി പണികഴിപ്പിച്ചവയാണ്. ഇവ എല്ലാം ഇന്തോ-ആര്യൻ, ദ്രാവിഡസംസ്‌കാരം എന്നിവയുടെ വശ്യഭംഗി നിറഞ്ഞവയാണ്. വിരുപാക്ഷ ക്ഷേത്രത്തിൽ ഒഴികെ മറ്റൊന്നിലും ആരാധന നടന്നുവരുന്നില്ല. 1987 -ൽ യുനെസ്‌കോ പട്ടടക്കലിനെ ലോകപൈതൃക സ്വത്തായിട്ട് അംഗീകരിച്ചതിൽ അത്ഭുതമില്ല. പട്ടടയ്ക്കൽ ക്ഷേത്ര സമുച്ചയം ഞങ്ങളെ വിസ്മയിപ്പിച്ചു.

tripeat-badami-aihole-pattadakkal-shinith-pattiam-013
പട്ടടയ്ക്കൽ ക്ഷേത്ര സമുച്ചയം

പട്ടടയ്ക്കലിലെ വിരൂപാക്ഷ ക്ഷേത്രമാണ് അവിടെയുള്ള ക്ഷേത്രങ്ങളിൽ വെച്ച് വലുതും പഴക്കമുളളതും. കല്ലിൽ കൊത്തിയെടുത്ത രാമായണ-മഹാഭാരത രംഗങ്ങളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. മല്ലികാർജ്ജുന ക്ഷേത്രം, കാശിവിശ്വനാഥക്ഷേത്രം, പാപനാഥ ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ മറ്റുക്ഷേത്രങ്ങൾ. വിരുപാക്ഷ ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തുളള നന്തി മണ്ഡപത്തിൽ ഭക്തരുടെ ചെറിയ തിരക്കുണ്ട്. ദ്രവീഡിയൻ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച നിർമ്മിതിയായിട്ടാണ് വിരുപാക്ഷ ക്ഷേത്രം അറിയപ്പെടുന്നത്.

tripeat-badami-aihole-pattadakkal-shinith-pattiam-016
പട്ടടയ്ക്കലിലെ വിരുപാക്ഷ ക്ഷേത്രം.
tripeat-badami-aihole-pattadakkal-shinith-pattiam-014
പട്ടടയ്ക്കലിലെ ക്ഷേത്രസമുച്ചയത്തിൽ ചിതറികിടക്കുന്ന മണ്ഡപങ്ങൾ.

ചാലൂക്യരുടെ യുദ്ധവിജയത്തിന്റെയും ഭരണനേട്ടത്തിന്റെയും വിജയോഘോഷങ്ങളുടെ സ്മാരകങ്ങളാണ് ഓരോ ക്ഷേത്രവും. മലപ്രഭാ നദിക്ക് തൊട്ടരികിൽ ചിതറികിടക്കുന്ന  കുറേ മണ്ഡപങ്ങളും ശിവലിംഗങ്ങളും കണ്ടപ്പോൾ എനിക്ക് ഹംപിയാണ് ഓർമ്മ വന്നത്. പട്ടടയ്ക്കലിൽ നിന്നും ബദാമിയിൽ എത്തുന്നതിന് മുന്നേയുളള ബനശങ്കരി ക്ഷേത്രം, മഹാകൂട്ട് ക്ഷേത്രം, ശിവയോഗമന്ദിർ എന്നിവ സന്ദർശിച്ചതിന് ശേഷം വൈകിട്ടോടെ ഞങ്ങൾ ബദാമിയിലെ താമസസ്ഥലത്ത് തിരിച്ചെത്തി. ഫ്രൈഡ് റൈസും ചപ്പാത്തിയും കഴിച്ച്   ഞങ്ങൾ ബദാമി പട്ടണത്തിലെ രാത്രി കാഴ്ച്ച കാണാൻ ഇറങ്ങി. കഴിഞ്ഞ ആഴ്ച്ച ബദാമി യാത്രയെ കുറിച്ചുളള ചർച്ചയ്ക്കിടയിൽ പ്രിയ സുഹൃത്ത് തിരുവനന്തപുരംകാരൻ  തോമസ്  ബദാമിയിലെ മലയാളിയുടെ  ബേക്കറിയെ കുറിച്ച്  എന്നോട് സൂചിപ്പിച്ചിരുന്നു. ഞങ്ങൾ മലയാളിയുടെ കട അന്വേഷിച്ച് ബദാമിയിൽ കറങ്ങി നടന്നു. ഒടുവിൽ കട കണ്ടെത്തി ബദാമി ബസ് സ്റ്റേഷന് മുൻവശം ബാഗ്ലൂർ ബേക്കറി എന്ന പേരിലുളള മലപ്പുറത്തുകാരന്റെ കട. കാസർക്കോട് സ്വദേശി സർഫാസാണ് ബേക്കറിയിൽ ഉണ്ടായിരുന്നത്. അവിടെ നിന്ന് മധുരപലഹാരങ്ങൾ വാങ്ങി റൂമിലേക്ക് തിരിച്ചു.

tripeat-badami-aihole-pattadakkal-shinith-pattiam-018
മലയാളിയുടെ ബേക്കറി

രാവിലെ എട്ട് മണിയോടെ ഞങ്ങൾ ബദാമി ഗുഹാക്ഷേത്രങ്ങൾ കാണാനിറങ്ങി. ബദാമി പട്ടണത്തിൽ നിന്നും നടക്കേണ്ട ദൂരം മാത്രമേ ബദാമി ഗുഹാക്ഷേത്രത്തിലേക്കുളളൂ. പക്ഷേ മകൾ സാഷ ഉളളതുകൊണ്ട് ഞങ്ങൾ ഇന്നും ഹുസൈന്റെ ഓട്ടോയിലാണ് ബദാമി ഗുഹാക്ഷേത്രത്തിലേക്ക് പുറപെട്ടത്. ഇടുങ്ങിയ റോഡിലൂടെ ഓട്ടോറിക്ഷ  ഞങ്ങളെയും വഹിച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. ചാലൂക്യ ഭരണകാലത്ത് വാതാപി  എന്ന പേരിലായിരുന്നു ബദാമി അറിയപ്പെട്ടിരുന്നത്. ബാഗൻകോട്ട് ജില്ലയിലെ ഏറ്റവും പ്രധാനപെട്ട സാംസ്കാരിക വാണിജ്യ കേന്ദ്രമായിരുന്നു ബദാമി. മഹാരാഷ്ട്രയിലെ എല്ലോറ ഗുഹകൾക്കു സമാനമാണ് ഇവിടുത്തെ ഗുഹകൾ. ചുവപ്പു നിറമുള്ള വലിയ  പാറക്കെട്ടുകൾ തുരന്നാണ് ബദാമിയിലെ ഗുഹാക്ഷേത്ര സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. ഒരു മലയുടെ പല തട്ടുകളിൽ ആയാണ് ഈ ഗുഹാ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

tripeat-badami-aihole-pattadakkal-shinith-pattiam-019
ബദാമി ഗുഹാക്ഷേത്രത്തിന്റെ ദൂരകാഴ്ച

നാല് ഗുഹാക്ഷേത്രങ്ങൾ ആണ് ഇവിടെ  ഉള്ളത്. ആദ്യത്തേത് ശിവ ക്ഷേത്രവും രണ്ടും മൂന്നും വിഷ്ണു ക്ഷേത്രങ്ങളും നാലാമത്തേത് ജൈന ക്ഷേത്രവും ആണ്. വലിയ ചുവപ്പ് പാറകെട്ടുകൾ കണ്ട് ഞങ്ങൾ ശരിക്കും അമ്പരന്നു.. ശരിക്കും പറഞ്ഞാൽ ബദാമിന്റെ നിറമുളള വലിയ പാറക്കെട്ടുകൾ!! ഏറ്റവും പഴക്കമേറിയ ഗുഹാക്ഷേത്രമായ ശിവക്ഷേത്രത്തിന്റെ അകത്തേക്ക് ഞങ്ങൾ പ്രവേശിച്ചു. ബദാമി ഗുഹയിൽ സഞ്ചാരികളുടെ  തിരക്കനുഭവപ്പെടാൻ തുടങ്ങി. നടരാജൻ, മഹിഷാസുര മർദ്ദിനി, അർദ്ധനാരിശ്വർ, ഹരിഹര എന്നീ രൂപങ്ങൾ ഒന്നാമത്തെ ഗുഹാക്ഷേത്രത്തിലെ ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്. തുടർന്ന് ഞങ്ങൾ രണ്ടാം ഗുഹാക്ഷേത്രത്തിലേക്ക് നടന്നു നീങ്ങി.രണ്ടാം ഗുഹാക്ഷേത്രം താരതമ്യേന ചെറുതാണ്. വിഷ്ണു ക്ഷേത്രമാണിത്. നേരത്തെ പറഞ്ഞത് പോലെ, ഗുഹാക്ഷേത്രത്തിന്റെ മുന്നിലെ ഇടനാഴിയുടെ രണ്ടു വശവും രണ്ടു മനോഹര ശില്പങ്ങൾ ഉണ്ട്. ഹിരണ്യാക്ഷൻ എന്ന രാക്ഷസൻ തട്ടിക്കൊണ്ടു പോയി പാതാളത്തിൽ ഒളിപ്പിച്ച ഭൂമിദേവിയെ പാതാളത്തിൽ നിന്നും രക്ഷിച്ചു കൊണ്ടു വരുന്ന വരാഹ മൂർത്തിയുടെ ശില്പമാണ് അതിൽ പ്രധാനപെട്ടത്.മൂന്നാം ഗുഹാ ക്ഷേത്രത്തിലേക്കുള്ള പടവുകൾ കയറിചെല്ലുന്നത് വിശാലമായ ഒരു മുറ്റത്തേക്കാണ്. ബദാമി ഗുഹാ ക്ഷേത്രങ്ങളിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ആണ് മൂന്നാം ക്ഷേത്രം.അവിടെ നിന്നും താഴോട്ടു നോക്കിയാൽ മനോഹരമായ കാഴ്ചയാണ്.തൊട്ടുതാഴെയായി അഗസ്ത്യ തടാകവും അതിന്റെ  കരയിലെ ഭൂതനാഥ ക്ഷേത്രവും അതിനും അപ്പുറം ചുവന്ന മലനിരകളും കാണാം.ബദാമി നോർത്ത് ഫോർട്ടിന്റെ ഒരു ഭാഗവും ഇവിടെ നിന്ന് കാണാം.  സാമാന്യം വളരെ ഉയരമുള്ള ഒരു മതിൽക്കെട്ടിന് ഉള്ളിലാണ് നാലാം ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. നാലാം ഗുഹാക്ഷേത്രം ജൈന ക്ഷേത്രമാണ്. ചാലൂക്യ രാജാക്കൻമാർ സെക്കുലർ ആയിരുന്നു എന്നതിന്റെ തെളിവാണ് ഈ ജൈന ക്ഷേത്രം.തീർത്ഥങ്കരൻമാരുടെയും ബാഹുബലിയുടെയും രൂപം നാലാമത്തെ ഗുഹാക്ഷേത്രത്തിന്റെ ചുമരുകളിൽ ഭംഗിയായി കൊത്തിവച്ചിട്ടുണ്ട്. ബദാമി ഗുഹാക്ഷേത്രത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് ഭൂതനാഥ് ക്ഷേത്രത്തിലേക്കാണ്. അഗസ്ത്യ തടാകത്തിന്റെ  തൊട്ടടുത്താണ് ഭൂതനാഥ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

tripeat-badami-aihole-pattadakkal-shinith-pattiam-020
ഭൂതനാഥക്ഷേത്രം.

ഭൂതനാഥ ക്ഷേത്ര സമുച്ചയത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നാണ് ഭൂതനാഥ ക്ഷേത്രം.ക് ഷേത്രത്തിന്റെ വലതുവശത്ത് സ്ഥിതിചെയ്യുന്ന ചെറുക്ഷേത്രങ്ങളും ഭൂതനാഥക്ഷേത്രം എന്നാണ് അറിയപ്പെടുന്നത്. ശിവഭക്തന്മാരുടെ പ്രിയക്ഷേത്രങ്ങളിലൊന്നാണിത്. ഭൂതനാഥ അവതാരരൂപത്തിലാണ് ഇവിടുത്തെ ശിവപ്രതിഷ്ഠ. തടാകത്തിലേയ്ക്ക് നീണ്ടുകിടക്കുന്ന തുറന്ന മണ്ഡപം ക്ഷേത്രത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. ദക്ഷിണേന്ത്യയിലെ ദ്രാവിഡശൈലിയും, ഉത്തരേന്ത്യയിലെ നഗരശൈലിയും ചേര്‍ത്തിണക്കിയാണ് ഈ ക്ഷേത്രം പണിതിരിക്കുന്നത്. മഴക്കാലത്ത് ക്ഷേത്രത്തിന് പുറകിലുളള പാറക്കെട്ടിൽ നിന്നുളള വെളളച്ചാട്ടം അഗസ്ത്യ തടാകത്തിലേക്ക് പതിക്കുന്ന കാഴ്ച മനോഹരമാണ്.

ഭൂതനാഥ ക്ഷേത്രം കണ്ടതിന് ശേഷം ഞങ്ങൾ ബദാമിയിലെ പുരാവസ്തു മ്യൂസിയം സന്ദർശിച്ചു. ഐഹോളിലേയും പട്ടടയ്ക്കലിലേയും ക്ഷേത്രങ്ങളുടെ ചിത്രങ്ങളും ചരിത്രവും മ്യൂസിയത്തിലെ ഭിത്തിയിൽ ഇടംപിടിച്ചിട്ടുണ്ട്. ബദാമി ആർക്കിയോളജിക്കൽ  മ്യൂസിയത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത്  ലജ്‌ജാ ഗൗരിയുടെ ശില്പമാണ്. ധന സമൃദ്ധിയുടെയും  സന്താന സമൃദ്ധിയുടെയും ദേവതയയാണ് ലജ്‌ജാ ഗൗരി അറിയപെടുന്നത്. വളരെ വിചിത്രമായൊരു ശില്പമാണിത്, ഇരു കൈകളിലും താമരപ്പൂക്കൾ പിടിച്ച്, കാൽ രണ്ടും ഉയർത്തി, ഒരു സ്ത്രീയുടെ പ്രസവസമയത്തെ അവസ്ഥയിലാണ് ഈ വിഗ്രഹം. തലയ്ക്കു പകരം ഒരു താമരപ്പൂവാണ്. ആരും കാണാതെ മൊബൈലിൽ ഏതൊരു മലയാളിയേയും പോലെ ഞാൻ ലജ്ജാ ഗൗരിയുടെ ശില്പത്തെ പകർത്തി.

tripeat-badami-aihole-pattadakkal-shinith-pattiam-021
ലജ്‌ജാ ഗൗരിയുടെ ശിൽപ്പം.

പുരാവസ്തു മ്യൂസിയത്തിന്റെ വലതുഭാഗത്ത്  തന്നെയാണ് നോർത്ത് ഫോർട്ടിന്റെ പ്രവേശന കവാടം. തറ നിരപ്പിൽ നിന്നും 200 മീറ്റർ ഉയരത്തിൽ ആണ് നോർത്ത് ഫോർട്ട് നിലകൊള്ളുന്നത്. AD 543-ൽ പുലകേശി ഒന്നാമൻ വാതാപിപുര തന്റെ തലസ്ഥാനം ആക്കിയപ്പോൾ സ്ഥാപിച്ചതാണ് നോർത്ത് ഫോർട്ട് എന്നറിയപ്പെടുന്ന കോട്ട. നോർത്ത് ഫോർട്ടിന് മുകളിൽ രണ്ടു ശിവക്ഷേത്രങ്ങൾ ഉണ്ട്. ഇവയെ “അപ്പർ ശിവാലയ”, “ലോവർ ശിവാലയ” എന്നാണ് പുരാവസ്തു വകുപ്പ് വിളിക്കുന്നത്. നോർത്ത് ഫോർട്ടിനേക്കാൾ പഴക്കം കുറവാണ് ഈ ക്ഷേത്രങ്ങൾക്ക്. AD 634 ആണ് നിർമാണ വർഷമായി പരക്കെ കണക്കാക്കപ്പെടുന്നത്. അതായത്, ബദാമി ഗുഹാ ക്ഷേത്രങ്ങളേക്കാൾ പുതിയതാണ് ഈ ക്ഷേത്രങ്ങൾ. ഭീമാകാരനായ ചുവപ്പു നിറത്തിലുള്ള കൂറ്റൻ പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ കല്ല് വെട്ടിയുണ്ടാക്കിയ പടവുകൾ. ഞങ്ങൾ പതുക്കെ പടവുകൾ കയറി തുടങ്ങി വെയിലിന്റെ ചൂട് അസഹ്യമാവുന്നുണ്ടെങ്കിലും പുതിയ കാഴ്ച കാണാനുളള ആഗ്രഹം തടസ്സങ്ങളെയെല്ലാം നീക്കി.

tripeat-badami-aihole-pattadakkal-shinith-pattiam-022
ബദാമി ഫോർട്ടിലേക്ക്.

നോർത്ത് ഫോർട്ടിലെ ലോവർ ശിവാലയിലാണ് ഞങ്ങൾ ആദ്യം എത്തിയത്  കാഴ്ച്ചയിൽ ഒരു ചെറിയ ശിവക്ഷേത്രമാണിത്. മനോഹരമായ ഒരു സ്ഥാനത്താണ് ലോവർ ശിവാലയ നിൽക്കുന്നത്. നല്ല കാറ്റുണ്ട് സാഷയുടെ തൊപ്പി കാറ്റുകൊണ്ടൂപോവാത്തത് ഭാഗ്യം കൊണ്ടാണ്. “വാതാപി ഗണപതി” എന്ന പ്രശസ്ത വിഗ്രഹം ഇരുന്നിരുന്നത് “ലോവർ ശിവാലയിൽ” ആണെന്നാണ് കരുതപ്പെടുന്നത്. ഈ ഗണപതിയെ സ്തുതിച്ചാണ് മുത്തുസ്വാമി ദീക്ഷിതർ “വാതാപി ഗണപതേ ഭജേ ഹം” എന്ന പ്രശസ്ത കീർത്തനം എഴുതിയത്.

tripeat-badami-aihole-pattadakkal-shinith-pattiam-023
ലോവർ ശിവാലയ ക്ഷേത്രം.

ലോവർ ശിവാലയിൽ നിന്നും കുറെ കൂടി മുകളിലോട്ടുളള പടവുകൾ കയറിയാൽ ഒരു വാച്ച് ടവർ കാണാം. വാച്ച് ടവറിൽ നിന്നും നോക്കിയാൽ ബദാമി പട്ടണത്തിന്റെ ഫുൾ ഫ്രെയിം നമ്മുക്ക് ലഭിക്കും. വാച്ച് ടവർ കടന്നു ചെല്ലുമ്പോൾ വിചിത്ര രൂപമുള്ള മൂന്ന്  കളപ്പുരകളുണ്ട്. ആദ്യകാലത്ത് ധാന്യം സംഭരിക്കാൻ ഉപയോഗിച്ചിരുന്നതായിരിക്കാം ഈ കളപ്പുരകൾ.

tripeat-badami-aihole-pattadakkal-shinith-pattiam-024
കളപ്പുരകൾ.

പാറയിടുക്കുകളിലൂടെ  ഞങ്ങൾ നോർത്ത് ഫോർട്ടിന്റെ ഏറ്റവും ഉയർന്ന പോയിന്റ് ആയ അപ്പർ ശിവാലയയിൽ എത്തി. ദക്ഷിണേന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ലക്ഷണമൊത്ത ക്ഷേത്രമാണ് ഇത്. പേര് ശിവാലയമെന്നാണെങ്കിലും വിഷ്ണുക്ഷേത്രമാണിത്. അപ്പർ ശിവാലയയുടെ തൊട്ടടുത്ത് തകർന്ന മറ്റൊരു കെട്ടിടമുണ്ട്. ആദ്യകാലത്ത് ട്രഷറിയായി ഉപയോഗിച്ചിരുന്ന കെട്ടിടമാണെന്ന് അപ്പർ ശിവാലയിലുണ്ടായിരുന്ന സെക്യൂരിറ്റികാരൻ ഞങ്ങളോട് പറഞ്ഞു.

tripeat-badami-aihole-pattadakkal-shinith-pattiam-025
അപ്പർ ശിവാലയ.

ഗുഹാക്ഷേത്രങ്ങളോടും  നോർത്ത് ഫോർട്ടിനോടും യാത്ര പറഞ്ഞ് ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി… ബദാമി ശരിക്കും ഞങ്ങളെ വിസ്മയിപ്പിച്ചു..!!

ഐഹോളും പട്ടടയ്ക്കലും  ഞങ്ങളിലെ ചരിത്രാന്വേഷകനെ ഉണർത്തി… വീണ്ടും വരാൻ മോഹിപ്പിക്കുന്ന കാഴ്ചയുടെ സ്വപ്ന ഇടം… അതാണ് ബദാമി…

രാത്രി ഒമ്പത് മണിക്ക് മംഗലാപുരത്തേക്കുളള ബസ്സിന് നാട്ടിലേക്ക് തിരിച്ചു…

ഷിനിത്ത് പാട്യം

9495796246

പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ അയയ്ക്കാൻ…
Email :  tripeat.in@gmail.com
WhatsApp : +919995352248

1 thought on “ഭാരതീയ വാസ്തുവിദ്യയുടെ കളിത്തൊട്ടിൽ: ബദാമി – ഐഹോൾ – പട്ടടയ്ക്കൽ”

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top