ചണ്ഡീഗഡ് യാത്ര… (മൂന്ന്)
നിധിന്യ പട്ടയിൽ
ടെമ്പിൾ റൺ എന്ന വീഡിയോ ഗെയിം എനിക്കിഷ്ടമാണ്…. ദുഷ്ട പൈശാചിക ശക്തികളിൽ നിന്ന് രക്ഷപ്പെടാനായി നായകൻ മന്ത്രവാദിക്കോട്ട പോലെയുള്ള കെട്ടുപിണഞ്ഞ കെട്ടിടത്തിലൂടെ ഓടും. നായകനെ പരമാവധി വേഗത്തിൽ ഓരോ ഘട്ടവും മുന്നേറാൻ സഹായിക്കലാണ് കളി. ചണ്ഡീഗഡിലെ റോക്ക് ഗാർഡനിൽ ചെന്നപ്പോൾ ടെമ്പിൾ റൺ ലൊക്കേഷനിലേയ്ക്ക് ഇറങ്ങിച്ചെന്ന പോലെ… ദുഷ്ടശക്തികളും ആധിപിടിച്ചോടുന്ന നായകനും ഇല്ല മാന്ത്രിക കോട്ടയിൽ ആസ്വദിച്ച് അലയുന്ന നമ്മൾ മാത്രം…
പാഴ് വസ്തുക്കളാണെന്നും പറഞ്ഞ് വലിച്ചെറിയുന്ന വളപൊട്ടുകളും തറയോടുകളും ചില്ലുകളും പാത്രങ്ങളും കോപ്പക്കഷ്ണങ്ങളുമെല്ലാം നെക് ചന്ദ് എന്ന അതുല്യ കലാകാരന്റ ഭാവനയിലൂടെ, കരവിരുതിലൂടെ കടന്നു പോയപ്പോൾ കാടുമൂടിക്കിടന്ന അവിടം അത്ഭുതലോകമായി മാറി… സർക്കർ ഉദ്യോഗസ്ഥനായിരുന്ന നെക് ചന്ദ് തന്റെ ഒഴിവു സമയത്ത് ആരോരുമറിയാതെ വീടുകളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിച്ച് 1957 ൽ തുടങ്ങി വച്ച നിർമ്മാണം നാല്പത് ഏക്കറിലായി സഞ്ചാരികളുടെ കണ്ണിൽ വിസ്മയത്തിന്റെ പൂത്തിരി കത്തിച്ച് വിരാജിക്കുന്നു… സുഖ്ന തടാകതീരത്തെ കാടിന്റെ ചരുവിൽ 1902 ൽ കാടിന്റെ പുറം ചരുവായി പ്രഖ്യാപിച്ച ഇവിടം ഒന്നിനും കൊള്ളാത്ത പ്രദേശമായിരുന്നു. ശരിക്കും നെക് ചന്ദ് ഇവിടെ ചെയ്തത് നിയമ വിരുദ്ധമായ പ്രവർത്തനമായിരുന്നു 18 വർഷം അധികാരികൾ കാണാതെ ഇതൊളിച്ചു വക്കാൻ നെക് ചന്ദിനായി. 1975 ൽ അധികാരികൾ ഇതു കണ്ടെത്തുമ്പോഴേക്കും 12 ഏക്കറിലായി ഈ വിസ്മയലോകം അദ്ദേഹം തീർത്തിരുന്നു. കോപ്പ കൊണ്ട് മൂടിയ ജന്തുക്കളുടേയും നർത്തകരുടേയുമെല്ലാം കോൺക്രീറ്റ് രൂപങ്ങൾ അവിടെ നിറഞ്ഞിരുന്നു. അധികാരികൾക്ക് അത് നശിപ്പിക്കാൻ തീരുമാനമെടുക്കാൻ ആകാത്ത വിധം പൊതുജന ശ്രദ്ധയും അവിടെ പതിഞ്ഞു തുടങ്ങിയിരുന്നു… 1976 ൽ പൊതു സ്ഥലം എന്ന മട്ടിൽ ആ പാർക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു.
താജ് മഹലിനോളം തന്നെ വിസ്മയം ജനിക്കുന്ന ആ കലാസൃഷ്ടിയുടെ പിറവിയുടെ സമയത്ത് , പാഴ് വസ്തുക്കൾ കൊണ്ടുള്ള തന്റെ 18 വർഷത്തെ പ്രയത്നം പാഴാകുമോ എന്ന ആശങ്ക നില്ക്കുമ്പോഴും മനസു പറയുന്നത് ചെയ്യാതിരിക്കാൻ ആകാതെ ആത്മസംതൃപ്തിക്കായി കാട്ടിൽ കഠിന പ്രയത്നം ചെയ്യുന്ന അദ്ദേഹത്തെ ഞാൻ മനസിൽ കണ്ടു. ഈയൊരു സൃഷ്ടിയുടെ പേരിൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചെങ്കിലും അദ്ദേഹത്തിന്റെ ആകുലതയും ആത്മസമർപ്പണവും ഒരു പോലെ നിറഞ്ഞ ദിനങ്ങൾ ഒന്നോർത്തു നോക്കൂ… അതും എന്നിൽ മറ്റൊരു വിസ്മയമായി നിറഞ്ഞു.
പിന്നീട് ഗവർമെന്റ് നെക് ചന്ദിന് റോക്ക് ഗാർഡന്റെ സബ്ഡിവിഷൻ എഞ്ചിനീയർ എന്ന ഉദ്യോഗവും ശമ്പളവും നൽകി. സഹായത്തിന് 50 തൊഴിലാളികളെക്കൂടി ഏൽപ്പിച്ചു .ആ തീരുമാനം വന്ന ദിവസം.. പിന്നീട് ആദരിക്കപ്പെട്ട നിമിഷങ്ങളേക്കാൾ ഒരു പക്ഷേ പത്മശ്രീ പ്രഖ്യാപനത്തേക്കാൾ എത്രയോ ഏറെ ആഹ്ലാദിച്ചിട്ടുണ്ടാകും അദ്ദേഹം…!

1983ൽ ഇന്ത്യൻ സ്റ്റാമ്പിൽ ഇവിടം ഇടം പിടിച്ചു. നഗരത്തിൽ പലയിടത്തും പൊട്ടിയ കോപ്പുകളും മറ്റും ഏറ്റെടുക്കാൻ ആളുകളെ ഗവ: ഏർപ്പാടാക്കുകയും ധനസഹായം ഉറപ്പാക്കുകയും ചെയ്തു. എന്നിട്ടും 1996 ൽ ഒരു ചടങ്ങിൽ സംസാരിക്കാൻ നെക് ചന്ദ് പുറത്തു പോയ സമയം നഗരസഭ ഉദ്യാന പരിപാലനത്തിനായി ചെയ്ത സഹായം നിർത്തിവെക്കുകയും ഒരുകൂട്ടമാളുകൾ ഉദ്യാനം ആക്രമിക്കുകയും ചെയ്തു. അതിനു ശേഷം റോക്ക് ഗാർഡൻ സൊസൈറ്റി ഉദ്യാന സംരക്ഷണത്തിനും സഹായത്തിനുമായി രൂപീകരിക്കപ്പെട്ടു. ദിവസവും അയ്യായിരത്തിലധികം പേർ ഇവിടെ എത്തുന്നു…. ചണ്ഡീഗഡിൽ ഈ റോക്ക് ഗാർഡൻ കാണാനായി മാത്രം പോയാലും അതൊരു നഷ്ടമായി തോന്നില്ല… നെക് ചന്ദിന് കിട്ടിയ പുരസ്കാരങ്ങളും നിർമ്മിതി സമയത്തെ ഫോട്ടോകളും വിവരണങ്ങളമെല്ലാമായി അദ്ദേഹത്തിന്റെ സ്മരണക്കായി ഒരു മ്യൂസിയം ‘പാവ വീട്, laughing mirror house, നിറയെ വമ്പൻ ഊഞ്ഞാലകൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയെല്ലാം ഈ ലോകത്തെ മറ്റ് കാഴ്ചകളാണ്… റോക്ക് ഗാർഡൻ കാണുമ്പോൾ കൂടെ നെക് ചന്ദ് എന്ന പ്രതിഭയെ കൂടി മനസിൽ ചേർത്തുവച്ച് ചുറ്റും നോക്കൂ അത് വല്ലാത്തൊരനുഭൂതി കൂടിയാണ്… അദ്ദേഹത്തിന് പ്രണാമം അർപ്പിച്ചേ ഈ എഴുത്ത് പൂർത്തിയാകൂ…
സുഖ്ന തടാകം
ഹിമാലയത്തിലെ ശിവാലിക് മലനിരകളിൽ നിന്നും വരുന്ന നദിയിലുണ്ടാക്കിയ തടാകമാണിത്. ഒഴിവു സമയം ബോട്ടിംഗിനും ഗെയിമുകൾക്കും ഭക്ഷണം കഴിക്കാനും സൊറ പറയാനുമായി ആളുകൾ വന്നിരിക്കുന്ന സ്ഥലം.. ചാലിയത്തും ബേപ്പൂരും കോഴിക്കോട് ബീച്ചിലുമെന്നപോലെ.. അവിടുത്തെ ‘ആലു ടിക്ക ‘പ്രധാനമാണ് എന്ന് കേട്ടപ്പോൾ കഴിച്ചു. ഒരു പ്ലേറ്റിന് 60 രൂപ. അത്ര ഇഷ്ടപ്പെട്ടൊന്നുമില്ല… നമ്മുടെ ജയിൽ ചപ്പാത്തി കറി കുറഞ്ഞ പൈസക്ക് വിൽക്കും പോലെ മൈക്കിൽ വിളിച്ചു പറഞ്ഞു കൊണ്ട് ചണ്ഡീഗഡിലെ റെഡ്ക്രോസിന്റെ വക 10 രൂപക്ക് 6 ചൂട് ചപ്പാത്തിയും സബ്ജിയും കുറേയിടത്ത് കണ്ടു…
ചണ്ഡീഗഡിൽ നിന്നും കുളുമനാലി യാത്രക്കിടെ ടോൾ പിരിവ് കണ്ടപ്പോൾ കൗതുകം തോന്നി. നമ്മുടെ നാട്ടിലത് വരാൻ പോകുന്നു എന്ന് കേട്ടു.. വണ്ടിക്കാർ നേരത്തേ ഒരു തുകയ്ക്ക് ടിക്കറ്റെടുത്ത് വക്കും… വണ്ടികൾ കടന്നു പോകൂമ്പാൾ സെൻസറി ൻമെഷിൻ വഴി കൊടുക്കേണ്ട തുക മൈനസ് ചെയ്തങ്ങ് പൊയിക്കോളും സമയലാഭം അധ്വാന ലാഭം ഒക്കെ വേണ്ടുവോളം കിട്ടും.. 14 ൽ ഒരു കൗണ്ടർ മാത്രം പണം നൽകാവുന്നതുണ്ടാകും… എല്ലാ കൗണ്ടറിലും കൗമാരക്കാരെന്ന് തോന്നിപ്പിക്കുന്ന ഉദ്യോഗസ്ഥകളേയും കണ്ടു..
കേരളത്തിലെ കാലാവസ്ഥ തന്നെയാണ് ഇവിടെയും… ഹോട്ടലിൽ നിന്നും പുലർച്ചെ ഞങ്ങൾ അധ്യാപികമാർ മൂന്നും കൂടി നടക്കാനിറങ്ങി… കവലയിൽ സിഖ് കാരന്റെ പെട്ടിക്കടയിൽ പുറത്തെ ബഞ്ചിലിരുന്ന് ഇഞ്ചി ചായ ഊതിക്കുടിച്ചു… ഇനി ബസിൽ 10 മണിക്കൂറിലധികം നീളുന്ന കുളു, മനാലി ബസ് യാത്ര…
(നിധിന്യ അനിൽ)
…
നിങ്ങൾക്കും രചനകൾ അയക്കാം…
tripeat.in@gmail.com
1 thought on “പിള്ളേരുമൊത്തൊരു ഉത്തരേന്ത്യൻ യാത്ര – 3”
nice story…..