കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം

ഷംന. എം

എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.
പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു ട്രാവല്‍ ഗ്രൂപ്പ്.
ഈ യാത്രയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പെണ്‍കുട്ടികള്‍. എറണാകുളത്താണ് എല്ലാവരും ജോയിന്‍ ചെയ്യുന്നത്. ഞാന്‍ കോഴിക്കോട് നിന്ന് വെള്ളിയാഴ്ച രാത്രി 11.20 നുള്ള അന്ത്യോധയ ട്രെയിനിലാണ് എറണാകുളത്തേക്ക് പോയത്. കോഴിക്കോട് നിന്ന് ഞാന്‍ മാത്രമല്ല. ഞങ്ങള്‍ 11 പേരുണ്ട്. എല്ലാവരും വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പരിചയം ഉണ്ടെങ്കിലും ആദ്യമായിട്ട് നേരില്‍ കാണുന്നത് അവിടെ വെച്ചാണ്. പരസ്പരം പരിചയപ്പെട്ടു യാത്ര തുടങ്ങി എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക്. രാവിലെ 4.30 ന് ട്രെയിന്‍ അവിടെയെത്തി. ഫ്രെഷായി. ഇനി കഥ ആരംഭിക്കുന്നത് ഇവിടെ നിന്നാണ്. ബാക്കിയുള്ള 32 പേരും കണ്ടുമുട്ടാന്‍ പോവുന്നത് ഇവിടെ വെച്ചാണ്. എല്ലാവരും ബസ്സില്‍ ഒത്തുകൂടി. എന്റെ പൊന്നോ എല്ലാവര്‍ക്കും എന്തു സ്‌നേഹമായിരുന്നു. എല്ലാവരും പരസപരം ആദ്യമായിട്ടാണ് കാണുന്നത് എന്ന ഫീല്‍ പോലും ഇല്ല. ഈ ടൂര്‍ ക്യാമ്പ് നടത്തുന്നത് സന എന്ന പെണ്‍കുട്ടിയാണ്. അവളുടെ ഫ്രണ്ട്‌സും ഉണ്ട്. ഒരാള്‍ ഡോറ കോഴിക്കോട് നിന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവളുടെ ശരിയായ പേര് നൂറ എന്നാണ്. പിന്നെ മരിയ, റാഷി, ഫിദ എന്നിവരാണ് കോ-ഓര്‍ഡിനേറ്റേര്‍സ്. ഈപ്രാവിശ്യം സന ഇല്ല. യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടികളെ സുരക്ഷയുടെ പേടിയില്‍ വീട്ടില്‍ നിന്ന് പുറത്ത് വിടാന്‍ ഭയക്കുന്ന അച്ഛനമ്മമാര്‍ക്ക് ധൈര്യം നല്‍കി ആ കുട്ടികള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം ഒരുക്കികൊടുക്കുന്ന സനയെ (ശരിയായ പേര് എനിക്ക് അറിയില്ല. പക്ഷേ എല്ലാവരും സന എന്നാണ് വിളിക്കുന്നത്) കുറേകാലമായി നേരിട്ട് കണ്ട് പരിചയപ്പെടണം എന്ന് വിചാരിക്കുന്നത് പക്ഷേ നടന്നില്ല.
അങ്ങനെ കൊളുക്കുമലയിലേക്കുള്ള യാത്ര ഇവിടെ നിന്ന് ആരംഭിക്കുകയാണ് സുഹൃത്തുക്കളേ…
ആലിബാബയും 41 കള്ളന്മാരും എന്ന പ്രയോഗം പോലെ സനയുടെ കോര്‍ഡിനേറ്റര്‍മാരും 43 പെണ്‍കുട്ടികളും.
വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഒന്നായവരാണ് ഞങ്ങള്‍ എല്ലാവരും. പേര് മാത്രം അറിഞ്ഞിരുന്നവരെ നേരില്‍കണ്ടു പരിചയപ്പെട്ട സന്തോഷത്തോടെ ഉല്ലസ്സിച്ച് ഡാന്‍സും പാട്ടും ഒക്കെയായി മതിമറന്ന് യാത്ര പോവുകയാണ് കൊളുക്കുമലയിലേക്ക്.
ഇന്‍സ്റ്റാഗ്രാം റീല്‍സിലൂടെ മാത്രം കണ്ട് പരിചയമുള്ള ആ സൂര്യോദയവും ടൈഗര്‍ റോക്കും ഒക്കെ നേരിട്ട് കണ്ടാസ്വദിക്കാന്‍.
ബ്രേക്ക്ഫാസ്റ്റും കഴിച്ച് യാത്ര തുടര്‍ന്നു. യാത്രയില്‍ ചീയപ്പാറ വെള്ളച്ചാട്ടവും പള്ളിവാസലും ഒക്കെ കണ്ടു.
പിന്നെയുണ്ടല്ലോ… എവിടെ നോക്കിയാലും തേയില തോട്ടങ്ങള്‍, എന്റെ പൊന്നോ ഇതിനൊക്കെ എങ്ങനെയാണാവോ വെള്ളം നനയ്ക്കുന്നേ എന്ന ചിന്തയാണ് എന്റെ മനസ്സില്‍. ചുമ്മാ ഒരു രസത്തിന് ഞാന്‍ അവരോട് ആ കാര്യം ചോദിച്ചു. എന്നെ കൊന്നില്ല എന്നേ ഉള്ളൂ.. കളിയാക്കി കളിയാക്കി ഒരു വിധത്തിലാക്കി തന്നു.. അതിനൊക്കെ പൈപ്പ് സെറ്റ് ആക്കിയിട്ടുണ്ടാവും എന്നും പറഞ്ഞു തന്നു. ശ്ശോ ആകെ വല്ലാണ്ടായിപ്പോയി. അങ്ങനെ ഇടുക്കിയിലെ കാഴ്ചകള്‍ കണ്ടാസ്വദിച്ച് മൂന്നാറില്‍ എത്തിയപ്പോള്‍ ബസ്സ് നിര്‍ത്തി. ഞങ്ങള്‍ തേയിലതോട്ടങ്ങള്‍ക്കിടയില്‍ പോയി ഫോട്ടോസ് ഒക്കെ എടുത്തു.

പിന്നെ കുറച്ച് നേരത്തേക്ക് അവിടുത്തെ ഭംഗി കണ്ടാസ്വദിച്ചങ്ങനെ എല്ലാവരും ഇരുന്നു. കുറച്ചു കഴിഞ്ഞ് യാത്ര വീണ്ടും തുടര്‍ന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ വണ്ടി നിര്‍ത്തിയത് എവിടാണെന്നറിയാവോ നമ്മുടെയൊക്കെ സ്വന്തം അരിക്കൊമ്പന്‍ വിലസിയിരുന്ന ചിന്നകനാലില്‍. ഞാന്‍ ബിരിയാണിയാണ് കഴിച്ചത്. എവിടെ പോയാലും ഫുഡ് വിട്ട് ഒരു കളിയും ഇല്ല. ടേസ്റ്റ് ഒക്കെയുണ്ട് എന്നിരുന്നാലും കോഴിക്കോട്ടെ ഫുഡ്ഡ് അത് എവിടെപോയാലും ആ രുചി ഒന്ന് വേറെ തന്നെയാണ്. ഭക്ഷണം ഒക്കെ കഴിച്ച് കുറച്ച് വിശ്രമിച്ച് വീണ്ടും യാത്ര തുടര്‍ന്നു. അടുത്ത സ്‌റ്റോപ്പ് സൂര്യനെല്ലിയിലായിരുന്നു. ബസ്സ് യാത്ര അവിടെ അവസാനിച്ചു. ഇനി യാത്ര ജീപ്പിലാണ്. പിന്നെ പോയത് സൂര്യനെല്ലിയിലുള്ള ഒരു പ്രൈവറ്റ് പ്രോപര്‍ട്ടിയിലേക്കാണ്. കുറേ നേരം അവിടെ ചിലവഴിച്ചു. കയാക്കിങും സിപ്പ്‌ലൈനും ഒക്കെ ചെയ്തു. ഇതൊക്കെ എന്റെ ജീവിതത്തിലെ ആദ്യത്തെ എക്‌സ്പീരിയന്‍സ് ആയിരുന്നു.


കയാകിംഗിന് പോയപ്പോ ഒരുപേടി വെള്ളത്തില്‍ എങ്ങാനും വീണാലോ നീന്തല്‍ അറിയില്ലാന്നേ വീണാല്‍ പോയില്ലേ…
എന്നിരുന്നാലും എല്ലാം ദൈവങ്ങളേയും വിളിച്ച് ലൈഫ് ജാക്കറ്റും ഇട്ട് അങ്ങ് കയറി. ഒന്നില്‍ രണ്ടാളാണ് കയറുക. ഞാനും ആയിശയും. അവള്‍ കാസര്‍ഗോഡിന്ന് വന്നയാളാണ്. ആള് പൊളിയാണുട്ടാ ഫുള്‍ പോസറ്റീവ് വൈബ്. അങ്ങനെ രണ്ടാളും തുഴയാന്‍ തുടങ്ങി. ആദ്യം ആദ്യം പേടിച്ചു പിന്നെ പിന്നെ ആവേശം കൂടി. പിന്നെ പാട്ടൊക്കെ പാടി മറ്റുള്ളവരുമായി കയാക്കിംഗ് മത്സരം ഒക്കെ വെക്കാന്‍ തുടങ്ങി. ആവേശം അങ്ങനെ കൂടി വന്നപ്പോഴേക്കും നമ്മുടെ ടൈം കഴിഞ്ഞു. അരമണിക്കൂര്‍ ആണ് കയാകിംഗ് ടൈം മനസ്സില്ലാ മനസ്സോടെ വണ്ടി ഓണറേയും ഏല്‍പ്പിച്ച് കരക്ക് കയറി. ഇനി അടുത്ത ഐറ്റം സിപ്പ്‌ലൈന്‍ ആണ്. ഇതിന് എനിക്ക് ഭയങ്കര ധൈര്യം ഒക്കെയായിരുന്നു. കാര്യത്തിനോട് അടുക്കും തോറും എവിടെയൊക്കൊയോ ഒരു ചോര്‍ച്ച അനുഭവപ്പെട്ടു. ഹേയ് ധൈര്യം ചോരുന്നകാര്യാണുട്ടോ…! പേടിച്ചിട്ടാണോന്നറിയില്ല ഒരു ചെറിയ വിറയലും ഉണ്ടായിരുന്നു. എന്തായാലും അതിനുവേണ്ട പടച്ചട്ടയും ആഭരണങ്ങളും ധരിച്ച് യുദ്ധത്തിന് പുറപ്പെട്ടു. മുകളിലേക്ക് കയറണം. ഏണിയുടെ ആദ്യപടി കയറി പിന്നെ കാല് അങ്ങോട്ടേക്ക് നല്ലോണം പൊന്തുന്നില്ല… പേടിച്ചിട്ടാണേ…. ഇവിടെയും വീണ്ടും രക്ഷ ദൈവങ്ങള്‍ തന്നെ.. വീണ്ടും അങ്ങ് വിളിച്ച്. ഈ ദൈവങ്ങളൊക്കെ വിചാരിക്കണുണ്ടാവും ഇവള്‍ക്ക് പറ്റണ പണിക്ക് പോയാപ്പോരേന്ന്.. എന്താ ചെയ്യാ നമുക്ക് ഇപ്പോഴൊക്കെയല്ലെ ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റൂ…. ഞാന്‍ വീഡിയോ ഒക്കെ എടുക്കാന്‍ ഫോണ്‍ സെറ്റ് ആക്കി ധൈര്യം സംഭരിച്ച് കയറില്‍ തൂങ്ങി. ആ ചേട്ടന്‍ ഒറ്റ തള്ളല്‍ ദേ പോണൂ.. നല്ല രസമുണ്ടായിരുന്നു. പക്ഷേ… ഫിനിഷിങ് പോയിന്റില്‍ എത്താനായപ്പോള്‍ തലയ്ക്ക് വന്ന് എന്തോ ഒന്ന് ശക്തിയില്‍ ഇടിച്ചപ്പോലെ, ആകെ പേടിച്ച് പോയി… കയറ് പൊട്ടി താഴേവീണോ… ഒന്നും മനസിലായില്ല ഞാന്‍ ആകെ പേടിച്ച് സ്തംഭിച്ചു പോയി… പിന്നെയാണ് മനസ്സിലായത് സിപ്പില് വരുന്ന സ്പീഡ് കുറയ്ക്കാനുള്ള സ്റ്റോപ്പറില്‍ പോയി ഇടിച്ചതാണെന്ന് .. എന്റെ പൊന്നോ പാതി ജീവിനങ്ങുപോയികിട്ടി. ഒക്കെ അടിപൊളിയായിരുന്നു. അവിടുത്തെ ഗെയിംസ് ഒക്കെ കഴിഞ്ഞ് അടുത്തത് പോയത് രാത്രി തങ്ങാനുള്ള സ്‌റ്റേയിലാക്കാണ്. സൂര്യനെല്ലിയില്‍ CAMPPER CAMPWOODY എന്ന ക്യാമ്പിലായിരുന്നു സ്‌റ്റേ. tent stay ആയിരുന്നു.

അവിടുത്തെ ആംബിയന്‍സ് പൊളി വൈബായിരുന്നു. തണുപ്പും, തണുപ്പെന്ന് പറഞ്ഞാല്‍ കിടിലം തണുപ്പ്….. കാറ്റും ചെറിയ ചാറ്റല്‍ മഴയും എല്ലാം കൊണ്ടു ഒരു പൊളി വൈബ്. ടെന്റ് സ്റ്റേയും എനിക്ക് ആദ്യത്തെ അനുഭവം ആയിരുന്നേ. രാത്രിയില്‍ ക്യാമ്പ് ഫയര്‍ ഉണ്ടായിരുന്നു. ഡാന്‍സും ഗെയിമും ഒക്കെ ഉണ്ടായിരുന്നു. ഇതൊക്കെ കഴിഞ്ഞ് കിടക്കാന്‍ 12 മണി ആയി. പുലര്‍ച്ചെ 4 മണിക്കാണ് ജീപ്പ് വരിക, കൊളുക്കുമലയിലേക്ക് പോവാന്‍. എല്ലാവരും കിടക്കാന്‍ പോയി ഒരു ടെന്റില്‍ 3 പേരാണ്. എന്റെ ടെന്റില്‍ ഞാനും ചിപ്പിയും നിഷിദയും. ഒട്ടും പരിചയമില്ലാത്ത മൂന്ന് പേര്. പക്ഷേ കോഴിക്കോട് റെയില്‍വേസ്‌റ്റേഷന്‍ മുതല്‍ എനിക്ക് ഇവര്‍ വേണ്ടപ്പെട്ടവരായി മാറിയിരുന്നു. ഇവരുമാത്രമല്ല എല്ലവരും. അത്രയ്ക്കും അറ്റാച്ചായിരുന്നു പരസ്പരം.
രാത്രി നല്ല തണുപ്പായിരുന്നു. നിന്ന് കിടിലം വിറയ്ക്കുകയായിരുന്നു.. ആ തണുപ്പത്ത് ടെന്റില്‍ കിടന്നുറങ്ങി. 3 മണിക്ക് എണീറ്റു ഫ്രെഷ് ആയി ജീപ്പ് കയറാന്‍ പോയി. ഇനി കൊളുക്കുമലയിലേക്ക്. സ്‌റ്റേയില്‍ നിന്ന് അവിടെ എത്താന്‍ ഏകദേശം ഒന്നര മണിക്കൂറെടുത്തു. സാധാരണ വരുന്നവര്‍ക്ക് കൊളുക്കുമലയിലേക്ക് യാത്ര തുടങ്ങുന്ന സ്റ്റാര്‍ട്ടിംഗ് പോയന്റില്‍ ജീപ്പ് കിട്ടും ഒരു ജീപ്പില്‍ 6 പേര്‍ക്കെ യാത്രചെയ്യാന്‍ പറ്റൂ. 2500 രൂപയാണ് ചാര്‍ജ് ഒരാള്‍ക്ക് 450 രൂപയും. അന്നത്തെ ദിസവം മൊത്തത്തില്‍ 150 ഓളം ജീപ്പ് മുകളിലേക്ക് കയറിയിട്ടുണ്ട്. 8 കിലോമീറ്ററോളം ഓഫ്‌റോഡ് യാത്രയാണ്. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 8000 അടിയോളം ഉയരത്തിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റയും ഉയരമുള്ള തേയിലതോട്ടങ്ങള്‍ ഉള്ളത് കൊളുക്കുമലയിലാണ്. ഈ ഓഫ് റോഡ് സവാരി തേയിലതോട്ടങ്ങള്‍ക്കിടയിലൂടെയാണ്. മീശപ്പുലി മലയും ഈ കൊളുക്കുമലയുടെ പ്രാന്തപ്രദേശങ്ങളാണ്.
കുറച്ചു ദൂരം വരെ വലിയ കുഴപ്പമില്ലാത്ത വഴിയിലൂടെയായിരുന്നു യാത്ര. പിന്നെ അങ്ങട്ട് കല്ലുകളും പാറക്കഷ്ണങ്ങളും ഒക്കെ തിങ്ങി നിറഞ്ഞ റോഡ്. അമ്യൂസ്‌മെന്റ് പാര്‍ക്കിലേക്കൊന്നും പോവേണ്ട ആവശ്യം ഇല്ല എല്ലാവിധത്തിലുള്ള അഡ്വഞ്ചര്‍ റൈഡുകള്‍ നമുക്ക് ഈ ഒരൊറ്റ ജീപ്പ് സവാരിയില്‍ ആസ്വദിക്കാന്‍ പറ്റും.. ഇടയ്ക്കിടയ്ക്ക് ശരീരവും ആത്മാവും ഒന്ന് വേര്‍പെടുന്ന പോലെ ഫീലും ആവും… ഈ ഓഫ് റോഡ് യാത്ര മുകളില്‍ എത്തുമ്പോഴേക്കും ഞാനാകെ ജ്യൂസ് പരുവത്തിലായി. അടിപൊളി ജീപ്പ് സവാരിയായിരുന്നു. ആ കയറ്റം…. ! എന്റെ പൊന്നോ… നമ്മുടെ ഡ്രൈവര്‍ അണ്ണന്‍ പൊളിയായിരുന്നു. മറ്റ് ജീപ്പുകള്‍ക്കിടയില്‍ ഗ്യാപ്പ് കിട്ടുമ്പോഴുള്ള ഓവര്‍ടേക്ക്.. ശ്ശോ.. ഒരു രക്ഷയും ഇല്ല.
മുകളിലേക്ക് പോവുംതോറും ഇരുട്ടില്‍ താഴ്‌വരയിലെ ടൗണിലെ ലൈറ്റുകള്‍ കാണാന്‍ വജ്രക്കല്ലുകള്‍ കൂട്ടിയിട്ട് തിളങ്ങുന്ന പോലെയാണുണ്ടായത്. ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയിലേക്ക് പൊട്ടി വീണത് പോലെ എന്ത് തിളക്കമായിരുന്നു എന്ത് ഭംഗിയായിരുന്നു ആ കാഴ്ച കാണാന്‍.
അങ്ങനെ ജീപ്പ് മുകളില്‍ 5.30 ന് എത്തി. പിന്നെ ഏകദേശം 200 മീറ്റര്‍ നടത്തം. കാടുതിങ്ങിയ ചെറിയ വഴിയിലൂടെ ആ നടത്തം നടന്ന് കയറുന്നത് സ്വര്‍ഗത്തിലേക്കാണ്. ആ വഴി സ്വര്‍ഗ്ഗത്തിലേക്കുള്ള വാതിലു പോലെയാണ് എനിക്ക് ഫീല്‍ ആയത്. സ്വര്‍ഗ്ഗം…. സ്വര്‍ഗ്ഗം തന്നെ….
അജാനുബാഹുവായ മലനിരകള്‍. സൂര്യോദയം കാണാന്‍ ഇരിക്കാന്‍ വേഗം ഒരു സുരക്ഷിതമായ സ്ഥലം കണ്ടുപിടിച്ചു സ്ഥാനം ഉറപ്പിച്ചു. പിന്നെയാണ് നമ്മുടെ യഥാര്‍ത്ഥ കഥാപാത്രത്തെ കാത്തുനിന്നത്. 06.05 ആവുമ്പോഴാണ് കക്ഷി വന്നു തുടങ്ങിയത് .. എന്റെ സൂര്യാ….. നിനക്ക് ഇത്രയും ഭംഗിയുണ്ടായിരുന്നോ….? ആ മലഞ്ചെരുവിലൂടെ നിന്നെ കാണാന്‍ എന്തു ഭംഗിയായിരുന്നു. ചുവന്നു തുടുത്തു.. ശ്ശോ.. അതൊന്നു കാണേണ്ട കാഴ്ച്ചതന്നെയായിരുന്നു. ഇരുട്ട് മാറി ചുവന്ന ആകാശത്തില്‍ നീ വരുന്നത് കാണാന്‍ എന്തു ഭംഗിയാണ്. നിന്റെ വെളിച്ചത്തില്‍ ചുവപ്പുമാറി അവിടെ ആകെ പച്ച വിരിച്ചില്ലേ.. നിന്റെ വരവും കണ്ട് ആ ടൈഗര്‍ റോക്കിന്റെ അവിടെ നിന്ന് നിന്റെ കിരണങ്ങള്‍ പതിഞ്ഞുകൊണ്ടുള്ള ഒരു ഫോട്ടോയും എടുത്തു. പക്ഷേ എന്ത് തിരക്കായിരുന്നൂന്നറിയോ അവിടെ, ഒരു ഫോട്ടോ എടുക്കാനുള്ള ഉന്തും തള്ളും. എന്തായാലും ഈ യാത്രയും ഒരിക്കലും മറക്കാന്‍ പറ്റാത്തതായിരുന്നു.
ഒരോ യാത്രയും നമുക്ക് പുത്തനനുഭവങ്ങാളാണ് തരുന്നത്. എന്നും പറയുന്നത് പോലെ ജീവിതത്തില്‍ എപ്പോഴെങ്കിലും പ്രകൃതിയെ അറിയാന്‍ ഒരു യാത്ര ചെയ്യണം. നമ്മുടെയൊക്കെ തിരക്കുപിടിച്ച ജീവിത്തിന് ഒരു പച്ചപ്പേകാന്‍ പ്രകൃതിയോടിണങ്ങിച്ചേര്‍ന്ന ഒരു യാത്ര. അത് കൈവിട്ടുപോയ മനസിനെ തിരിച്ചുകൊണ്ടുതരും.


അങ്ങനെ അവിടുത്തെ കാഴ്ചകളും കണ്ട് ഫോട്ടോസും ഒക്കെയെടുത്ത്. ഇനി ഇതുപോലെ അവസരം കിട്ടിയാല്‍ ഇനിയും വരാം എന്നും പറഞ്ഞ് തിരിച്ചിറങ്ങി. പാറകളും വലിയ കല്ലുകളും ഒക്കെയുള്ള ആ വഴിയിലൂടെ തിരിച്ച് സ്റ്റേയിലേക്ക്. അവിടെ നിന്ന് ഗ്രൂപ്പ് ഫോട്ടോയും എടുത്തു കളിച്ച് ചിരിച്ച് പഴയതുപോലെ എല്ലാവരും അവരവരുടെ ഇടങ്ങളിലേക്ക് യാത്രയായി.

ശുഭം

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

Scroll to Top