സലീഷ് പൊയിൽക്കാവ്
അന്ന് കൊളുക്കു മല കയറിയപ്പോൾ കോടമഞ്ഞ് ഓടി വരുന്നുണ്ടായിരുന്നു. ഇടക്കിടക്ക് മാത്രം കോടമഞ്ഞ് നീങ്ങി കാഴ്ചകൾ തെളിഞ്ഞും മങ്ങിയും കൊണ്ടിരുന്നു. അങ്ങ് ദൂരെ കാണുന്ന ഏതോ മലയുടെ ചരിവിൽ നിന്നും മേഘങ്ങൾ കണ്ടു മുട്ടിയിരിക്കുന്നു. നല്ല ശബ്‍ദം ഇടി വെട്ടി… ദൂരെ നിന്നും ഓടി വരുന്ന മഴ മേഘങ്ങൾ. ഇടക്കിടക്ക് മാത്രം കാണുന്ന തേയില ചെടികൾ.. അതു നുള്ളാൻ വന്നവരുടെ സൊറ പറച്ചിൽ ആ കോടമഞ്ഞിൻ ഇടയിൽ നിന്നും ഇടമുറിഞ്ഞു കേൾക്കുന്നുണ്ടായിരുന്നു… പെട്ടെന്ന് എല്ലാം നിശബ്‍ദമായി… ആകാശം മുഴുവൻ ഇരുണ്ടു വരുന്നു. ആ മലഞ്ചെരിവിന്റെ ഭംഗി ഞാൻ എന്റെ കാമറയിൽ പകർത്തി കൊണ്ടിരുന്നു.

ശരിക്കും ഞാൻ എന്നെ തന്നെ മറന്നു പോയി. വ്യൂ ഫൈന്ററിൽ എത്ര കണ്ടിട്ടും എനിക്ക് മതിയാവുന്നില്ല, വല്ലാത്ത ആർത്തി പിടിച്ചതുപോലെ… ഒരുപാട് നാളായി കാട് കയറിയിട്ട്. ഇടക്കിടക്ക് മഞ്ഞിൽ ഒളിച്ചിരിക്കുന്ന മലകൾ നോക്കി ഞാൻ നിന്നു പോയി… ഞാൻ കാടാകുന്ന പോലെ എന്നെ എനിക്ക് നഷ്ട്ടപ്പെട്ടു പോയിരിക്കുന്നു… പെട്ടെന്ന് തണുത്ത കാറ്റ് വന്നൂ… വാനം വല്ലാതെ ഇരുണ്ടു കൂടി… കോടമഞ്ഞ് മാറി മഴ മേഘങ്ങൾ നിറഞ്ഞു. അവർ പരസ്പരം ചുംബിച്ചു കൊണ്ടിരുന്നു… ഒരു തുള്ളി എന്റെ കണ്ണിൽ പതിച്ചു. നല്ല തണുപ്പ്, ഒരു ദീർഘ ശ്വാസം എടുക്കുമ്പോളേക്കും മഴ വന്നു… കുറച്ചു നേരം കണ്ണ് തുറക്കാതെ ഞാൻ നിന്നു… തണുപ്പിൽ… എന്നിൽ പതിച്ചിറങ്ങിയ മഴ തുള്ളികളിൽ ഞാനും അലിഞ്ഞില്ലാതെ ആയി… കാട്ടിലെ മഴ വല്ലാത്ത ഒരു ഫീൽ ആണ്, നമുക്ക് നമ്മെ തിരിച്ചറിയാൻ കാട്ടിലെ ഒരു മഴ കൊണ്ടാൽ മതി… നമ്മുക്ക് പ്രിയപ്പെട്ടതൊക്കെ അപ്പോൾ നമ്മുടെ ഉള്ളിൽ തെളിഞ്ഞു വരും, എല്ലാം…. കുറച്ചു കഴിഞ്ഞ് എല്ലാം മായും, വീണ്ടും നമ്മൾ കാടായ്…. മഴയായ് മാറും … നീയും ഞാനും പോലെ… പിന്നെ മനസ്സിൽ നിറയേ കാട് മാത്രം… കാടും മഴയും പറഞ്ഞ കഥകൾ മാത്രം… കണ്ണ് തുറന്നപ്പോൾ മഴ അടുത്ത മലയും കടന്നു പൊയിരിക്കുന്നു… ഞാൻ വീണ്ടും തനിച്ചായ്… ഒരു ഡീപ് ബ്രീത് എടുത്ത് തിരിഞ്ഞു നോക്കാതെ മനസ്സിൽ നിറഞ്ഞ കാടുമായ്, മഴ പറഞ്ഞ കഥകളുമായ് ഞാൻ തിരികെ നടന്നു….
കൊളുക്കുമലയെക്കുറിച്ച്
തമിഴ്‌നാട് സംസ്ഥാനത്തിലെ തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ്, സമുദ്രനിരപ്പിൽ നിന്നും 8000 അടിയോളം ഉയരത്തിലായി കൊളുക്കു മല സ്ഥിതിചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ നിലനിൽക്കുന്നുണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ.
…
പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ അയയ്ക്കാൻ…
Email : tripeat.in@gmail.com
WhatsApp : +919995352248