ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 03
…
അജീഷ് അജയൻ:
അമ്മയോടു യാത്ര പറഞ്ഞു കോഴിക്കോട് ലക്ഷ്യമാക്കി ഞാനും എന്റെ ഹിമാലയനും കുതിച്ചു.
ദൂരയാത്രകൾ ബൈക്കിൽ പോവുമ്പോൾ നിർബന്ധമായും ഉപയോഗിക്കേണ്ട സുരക്ഷാ കവജങ്ങളെപ്പറ്റി പറഞ്ഞു യാത്രയിലേക്കു കടക്കാം.
1. ഫുൾ ഫേസ് ഹെല്മറ്റ്
2. ഞെരിയാണിക്കു മുകളിൽ നിൽക്കുന്ന ഷൂസ്
3. സുരക്ഷാ പാഡുകളുള്ള കയ്യുറകൾ
4. സുരക്ഷാ പാഡുകളുള്ള ജാക്കറ്റ്
5. കാല്മുട്ടിനുള്ള പാഡ്.
ഇത്രയും നിർബന്ധമായും, എല്ലായ്പോളും ധരിക്കുക. എത്ര അധികം ഗുണമേന്മയേറിയത് വാങ്ങിക്കാമോ അത്രയും നല്ലത്. അതുപോലെ തന്നെ നിങ്ങളുടെ ബൈക്കുമായി നല്ലപോലെ ഇണങ്ങിയത്തിനു ശേഷം മാത്രം യാത്ര ആരംഭിക്കുക.
ഇന്റർകോം(ഹെല്മെറ്റിൽ ഘടിപ്പിക്കുന്ന ഹെഡ്സെറ്റ്) ഉപയോഗിച്ചു ഇക്കാനെ വിളിച്ചു, ഇറങ്ങിയ വിവരം അറിയിച്ചു. അവർ കാലിക്കറ്റ് യൂണിവേഴ്സറി പരിസരങ്ങളിൽ ഉച്ച ഭക്ഷണത്തിനായി നിർത്താം എന്നു പറഞ്ഞു. വീണ്ടും AR Rahman ഗാനങ്ങളിലേക്ക്.
യൂണിവേഴ്സിറ്റിക്കു തൊട്ടു മുൻപ് തന്നെ വഴിയരികിൽ സഹയാത്രികരുടെ ബൈക്കുകൾ കണ്ടു. ബൈക്ക് യാത്രകളിൽ അതൊരു പതിവാണ്. ഒരാൾ നയിക്കാനും(lead) ഒരാൾ പെറുക്കാനും(sweep) ഉണ്ടാവും. എങ്കിൽ മാത്രമേ നമുക്ക് ഇടക്കില്ലവരെ നഷ്ടപ്പെടാതെ, സമയ നഷ്ടമുണ്ടാക്കാതെ യാത്ര ചെയ്യാനാകൂ.. അതു പോലെ ലീഡും സ്വീപും എപ്പോഴും മറ്റുള്ളവരെ നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യും. ലീഡ് ബൈക്ക് നിർത്തുന്നത് എപ്പോഴും റോഡിനോട് അടുത്തു സ്വീപിനും മറ്റുള്ളവർക്കും കാണാവുന്ന രീതിക്കായിരിക്കണം.
ഒരു യാത്രികനായ സുഹൃത്തിനെ കണ്ടു മുട്ടുകയും അദ്ദേഹം കാസർഗോഡ് പോകുമ്പോൾ എന്തായാലും കാണണം എന്ന് പറഞ്ഞു ഹൈദർ ഭായിയെ പരിചയപ്പെടുത്തി. മുന്പൊരുപാട് കെട്ടിട്ടുണ്ടെങ്കിലും ആദ്യമായി കാണാൻ പോകുന്ന ഒരു സന്തോഷത്തിൽ ആയിരുന്നു എല്ലാവരും.
ഞാൻ ബൈക്ക് യാത്രയിൽ ഭക്ഷണം വളരെ കുറവാണ്. രാവിലെ വളരെ ലഘു ഭക്ഷണവും അതിനു ശേഷം വെള്ളവും ചോക്ലേറ്റ്‌സ് ഉം മാത്രമാണ് രാത്രി വരെ ആഹാരം. അത് ശരീരം തളരാതെ ഇരിക്കാനും ഏകാഗ്രത നില നിർത്താനും സഹായിക്കും. അതുപോലെ തന്നെ എണ്ണയുള്ള ആഹാരങ്ങൾ അകറ്റുന്നതും ഉത്തമം.
എല്ലാവരും ആഹാരം കഴിച്ചു കഴിഞ്ഞു. ഓരോരുത്തരും 5000 രൂപ വീതം നമ്മുടെ ഖജാൻജി ആയ അഖിലിനെ ഏല്പിച്ചു. അന്നന്നത്തെ കണക്കുകൾ അഖിൽ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇടും. എല്ലാ പൊതു ചിലവുകളും അതിൽ നിന്നാണ്(ഭക്ഷണം, താമസം, പെർമിറ്റുകൾ). ലീഡ് എനിക്ക് തന്നു മുകേഷേട്ടൻ സ്വീപ് എടുത്തു, ഞങ്ങളുടെ സാദാരണ രീതി അങ്ങനെ ആണ്.
നേരെ കോഴിക്കോട് decathlon ആണ് പോയത്. മറ്റുള്ളവരെല്ലാം ഹൈഡ്രേഷൻ ബാഗ് വാങ്ങി. ഇത് ശുദ്ധജലം ശേഖരിക്കാനും ചിലവ് കുറക്കാനും ഓടിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വെള്ളം കുടിക്കാനും അതു മൂലം സമയ നഷ്ടം കുറക്കാനും സഹായിക്കും.
അവിടെ നിന്നും നേരെ കാസർഗോഡ് ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. നേരം വൈകിയത് കൊണ്ടും, മാഹി പള്ളിയിൽ നിർത്തിയത് കൊണ്ടും ഞങ്ങൾ കാസർഗോഡ് എത്തിയപ്പോഴേക്കും 8 ആയി. മംഗലാപുരം അല്ലെങ്കിൽ ഉഡുപ്പി താമസിക്കാം എന്നായിരുന്നു പദ്ധതി എങ്കിലും, ആദ്യ ദിവസം ആയതു കൊണ്ടും , ഹൈദർ ഭായിയുടെ നിർബന്ധം കാരണവും കാസർഗോഡ് റൂമെടുത്തു.
ഇത്രയേറെ യാത്ര ചെയ്ത, ഇത്രയേറെ യാത്രക്കാരെ സഹായിക്കുന്ന അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം. Kl 14 എന്ന മോട്ടോർ സൈക്കിൾ ക്ലബ്ബിന്റെ അമരക്കാരെല്ലാം ഞങ്ങളെ കാണാനായി എത്തിയിരുന്നു.
ഞങ്ങൾ കുളിച്ചു ഒരുങ്ങുന്ന വരെ കാത്തിരുന്നു ഞങ്ങൾക്കു രാത്രി നല്ല തട്ടുകട ഭക്ഷണവും വാങ്ങി തന്നു അവർ. നിങ്ങളുടെ യാത്രക്ക് ഞങ്ങളാൽ കഴിയുന്ന ഒരു ചെറിയ പിന്തുണയാണ് ഇതു എന്നും പറഞ്ഞ്.
അതൊരു വല്ലാത്ത അനുഭവം തന്നെ ആയിരുന്നു. യാത്ര ചെയ്യുന്നവരെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും അവർ കാണിക്കുന്ന മനസ്സ്. ഒട്ടേറെ ചിന്താഗതികളെ മാറ്റി മറിക്കാൻ ഈ യാത്ര കാരണമാകും എന്ന് എനിക്കപ്പോഴേ ഉറപ്പായി.
പതിയെ അന്നത്തെ പ്രധാന കാര്യങ്ങളെല്ലാം തീർത്തു ആ വലിയ യാത്രയിലെ ആദ്യ ദിനത്തോട് ഞങ്ങൾ വിട പറഞ്ഞു.
രാവിലെ 5:30നു തന്നെ എല്ലാവരും ബാഗ് കെട്ടാൻ ആരംഭിച്ചു. 6 മണിക്ക് വണ്ടി സ്റ്റാർട്ട് ചെയ്തതും ഹൈദർ ഇക്കയുടെ ഫോൺ.
പോകും വഴിയിലാണ് വീട് നാസ്ത അക്കീട്ടു പോവാം എന്നു. സ്നേഹപൂർവം ആ ക്ഷണം നിരസിച്ചു അദ്ദേഹത്തെ വീടിനു മുന്നിൽ വച്ചു കണ്ട് ഞങ്ങൾ യാത്ര ആരംഭിച്ചു. അതിരാവിലെ വാഹനങ്ങൾ വളരെ കുറവായത് കൊണ്ട് കാസർഗോഡ് – മംഗലാപുരം മോശം റോഡ് ഞങ്ങൾ പെട്ടെന്ന് തന്നെ കടന്നു. മോശം റോഡുകൾ വരുമ്പോൾ ഹിമലയന് ഒരു പണത്തൂക്കം കൂടുതൽ തന്നെ ആയിരുന്നു. ജിഷിലും രാഹുലും അഖിലും ഖനമേറിയ ബാഗുകളുമായി ബുദ്ധിമുട്ടുന്നത് ഞാൻ ശ്രദ്ധിച്ചു.
എന്നും പ്രിയപ്പെട്ടതാണ് മംഗലാപുരം മുതൽ ഗോവ വരെയുള്ള നീണ്ട വീതിയേറിയ പാത. ഉടുപ്പിയിൽ പ്രാതൽ കഴിക്കാനായി ഞങ്ങൾ നിർത്തി. 80 മുതൽ 90 കിലോമീറ്റർ ആയിരുന്നു ഓരോ ഇടവേളകളും ആസൂത്രണം ചെയ്തിരുന്നത്. വണ്ടിക്കും ഞങ്ങൾക്കും അത് മതിയായ വിശ്രമം തരും. നമ്മുടെ ജിഷിൽ , ഷോറൂമിലെ ഒരു കിടിലൻ മെക്കാനിക്ക് ആണ് കേട്ടോ.. അതിനാൽ തന്നെ എല്ലാ അത്യാവശ്യ സ്പെയർ പാർട്സും ആയുധങ്ങളുമായാണ് ഞങ്ങളുടെ യാത്ര.
എല്ലാ റൈഡിങ് ഗിയര് കളും ധരിച്ച ഞങ്ങളെ പ്രദേശ വാസികൾ അന്യഗ്രഹ ജീവികളെ എന്നപോലെ നോക്കുണ്ടായിരുന്നു. മുൻപേ തൊട്ട് അതു ശീലമായത് കൊണ്ട് ഞങ്ങൾ ഒട്ടും കാര്യമാക്കിയില്ല. എവിടേക്കാണ്, എന്താണിതൊക്കെ എന്നു കുറേ കുട്ടിപ്പട്ടാളം. അവരെ വണ്ടിയിൽ കയറ്റി ഇരുത്തുമ്പോഴും വണ്ടി ഓണാക്കി ശബ്ദം കേൾക്കുമ്പോളും ഉള്ള അവരുടെ മുഖം മാത്രം മതി യാത്ര ക്ലേശങ്ങളെ മറി കടക്കാൻ. അവിടുള്ള മുതിർന്നവർക്ക് നോട്ടീസുകൾ കൊടുത്തു യാത്ര ഉദ്ദേശവും വിശദീകരിച്ചു(അറിയാവുന്ന പോലെ).
നേരെ മുരുടേശ്വർ ക്ഷേത്രമായിരുന്നു അടുത്ത ലക്ഷ്യം. അറേബ്യൻ കടൽ തീരത്തുള്ള, ലോകത്തിലെ തന്നെ രണ്ടാമത് ഉയരം കൂടിയ ശിവ പ്രതിമയാണ്. ഭട്കൽ നിന്നും ഒരു ചായ കുടിച്ചു നേരെ അമ്പലത്തിനു മുന്നിൽ ഞങ്ങൾ നിര നിരയായി ബൈക്കുകൾ ഇട്ടു. നോട്ടീസ് വിതരണമായിരുന്നു ലക്ഷ്യം. കുറെയേറെ നല്ല മനുഷ്യരെ കണ്ടു, കുറേപ്പേര് വന്നു ഞങ്ങളുടെ വിശേഷങ്ങൾ അറിഞ്ഞു.
ബൈക്കിലോ? ഇത്ര ദൂരമോ? എല്ലാവർക്കും ഭയങ്കര അതിശയം. ഇവർക്ക് വട്ടാണ് എന്നും പലരും ധരിച്ചു കാണും. ചിലർക്ക് ഞങ്ങളുടെ വേഷ വിധങ്ങളാണ് കൗതുകം. ഇതെല്ലാം എന്തിനാണ്? എന്നൊക്കെ.
പ്രതീക്ഷിച്ചതിലും ഒരുപാട് വൈകിപ്പോയി ഇറങ്ങാൻ. കുറച്ചു പേർക്കൊക്കെ ഉച്ച ഭക്ഷണം ഉപേക്ഷിക്കാനാവാത്തത് കൊണ്ട്, 3 മണിയോട് അടുത്താണ് അവിടെ നിന്നും പുറപ്പെട്ടത്. ഇടവേളകൾ കുറച്ചെങ്കിലും ഗോവ അതിർത്തി കടക്കുമ്പോൾ ഒരുപാടു വൈകി. നല്ല കടൽ കാഴ്ചകളുള്ള വഴി ആയതും വേഗം കുറച്ചു. വൈകുന്നേരത്തെ അവിടത്തെ ട്രാഫിക് കൂടെ ആയപ്പോൾ, എല്ലാം ശുഭം.
മാക്സി ഭായിയുടെ അടുത്തു റൂമും നേരത്തെപറഞ്ഞു പോയി. ഒരുപാട് വർഷത്തെ ബന്ധമാണ്, ഇപ്പൊ അഞ്ചുനാ വന്നാലും അവിടെയാണ് താമസം. റൂമെത്തുമ്പോൾ മണി 12.
അടുത്ത ദിവസം റോയൽ എൻഫീൽഡ് ഗരാജ് കഫേ പോയി നേരെ പൂനെ പിടിക്കാനായിരുന്നു പദ്ധതി. ഇത്രയും വൈകി റൂമെടുത്തു, അടുത്ത ദിവസത്തെയും പദ്ധതികൾ തകരും എന്നത് വ്യക്തമായിരുന്നു. അടുത്ത ദിവസം അവിടെ വിശ്രമിച്ചു യാത്ര തുടരാം എന്ന തീരുമാനത്തിലെത്തി.
മാക്സി ഭായി ഞങ്ങൾക്കായി ഒരു കിടിലോസ്ക് സാധനം അടുത്ത ദിവസം ചെയ്തു തരാമെന്നു പറഞ്ഞു..
ഉറക്കമില്ലാത്ത രാത്രികൾ ആഘോഷമായ ഗോവയിൽ, ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി വീണതാരും അറിഞ്ഞില്ല..
തുടരും…
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.