ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 06
…
അജീഷ് അജയൻ:
ചിപ്ലുനോട് അതിരാവിലെ വിടപറഞ്ഞ് പൻവേൽ ലക്ഷ്യമാക്കി യാത്ര തുടർന്നു. നല്ലൊരുറക്കം എല്ലാവരെയും ഉഷാറാക്കിയിരുന്നു. പെട്രോൾ അടിക്കാൻ കയറിയ പമ്പിലെ ചേട്ടൻ, റോഡ് മുന്നോട്ടും മോശമാണെന്ന് പറഞ്ഞ് പേടിപ്പിച്ചെങ്കിലും 20 കിലോമീറ്ററോളം പോയപ്പോൾ റോഡിനു വീതിയും ഇത്തിരി ടാറും കണ്ടു തുടങ്ങി.
പ്രാതലിന് ശേഷം സ്വല്പം വേഗത കൈവന്നു. അൽപസ്വല്പം ബുദ്ധിമുട്ടുണ്ടാക്കി എങ്കിലും അഖിലും രാഹുലും ഒക്കെ നല്ല റോഡ് നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. നല്ല മലഞ്ചെരുവുകളും, പച്ചപ്പും, വളഞ്ഞു പുളഞ്ഞ റോഡുകളും പിന്നിട്ട്, ഉച്ചയോടെ പൻവേൽ പരിസരങ്ങളിൽ എത്തിപ്പെട്ടു.
ഉച്ചഭക്ഷണം മുകേഷേട്ടന്റെ ഒരു ബന്ധു വീട്ടിൽ (വസായി)ചെന്നിട്ടാകാം എന്നായിരുന്നു പദ്ധതി. ഇടക്ക് അഖിലിന്റെ ഒരു ബന്ധുവായ പ്രവീണിനെ കണ്ടുമുട്ടി, അദ്ദേഹത്തിന്റെ ഫ്ലാറ്റ് വരെ പോയെങ്കിലും, അധികം നേരം നിൽക്കാതെ, വസായി ലക്ഷ്യമാക്കി ഞങ്ങൾ യാത്ര തുടർന്നു.
മുംബൈ പട്ടണത്തിന്റെ ഒരു വശത്തുകൂടെ പോയതിനാൽ വലിയ തോതിൽ വാഹനത്തിരക്കുണ്ടായില്ല. 4 മണി കഴിഞ്ഞെങ്കിലും എവിടെ എത്തും എന്നറിയാത്തതിനാൽ റൂം ഒന്നും എടുത്തിലായിരുന്നു. ഹൈദർ ഇക്ക 6 നു ശേഷം വണ്ടി ഓടിക്കുന്നത് ഒഴിവാക്കണം എന്നു കർശനമായി പറഞ്ഞിരുന്നെങ്കിലും, അന്നേ ദിവസം, അതു പാലിക്കാനായില്ല.
വസായി എത്തിയപ്പോഴേക്കും വൈകുന്നേരമായിരുന്നു. വസായി ഫോർട്ടിന്റെ അടുത്തുവച്ചു ഞങ്ങൾ മുകേഷേട്ടന്റെ ബന്ധുവിനെ കണ്ടുമുട്ടി. അദ്ദേഹം പഞ്ചർ ഓട്ടിക്കാനുള്ള സ്റ്റിക്കറും ഉപകരണങ്ങളും തന്നു. അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി നല്ല ചിക്കൻ കറിയും, ചോറും, സലാഡും, മസാല പപ്പടവും കൂട്ടി വയറു നിറച്ചു. അദ്ദേഹത്തിന്റെ മകൻ ഒരു ഇന്ത്യൻ ഫ്ലാഗിന്റെ പിൻ എല്ലാവർക്കും ധരിക്കാൻ തന്നു. അദ്ദേഹവും ഒരു യാത്രാ ഭ്രാന്തനായിരുന്നു.
7 മണിയോടെ അവിടെനിന്നും ഇറങ്ങിയ ഞങ്ങൾ വാപി എത്തുന്നതിനു കുറച്ചു മുൻപാണ് ഒരു ഹോട്ടൽ കണ്ടെത്തിയത്. Last westview എന്നൊരു 3 സ്റ്റാർ ഹോട്ടല് ആയിരുന്നു. വണ്ടി ഭ്രാന്തന്മാർ എന്നും ഒറ്റക്കെട്ടാണെന്ന് പറഞ്ഞ പോലെ അവിടത്തെ മാനേജരും ഫ്ലോർ മാനേജരും സൂപ്പർ ബൈക്ക് റൈഡേഴ്‌സ്, 3000 രൂപയുടെ റൂം, 1000 രൂപ നിരക്കിൽ ശരിയാക്കി തന്നു. BMW GSX, HAYABUSA ഒക്കെ ആയിരുന്നു അവരുടെ പങ്കാളികൾ.
അവിടെയും ഗണേശ ചതുർത്ഥിയുടെ ഭാഗമായി, ആഘോഷങ്ങളും, ഗാന മേളകളും കണ്ടു. അതു വരെ കഴിച്ചതിൽ വച്ചു ഏറ്റവും മികച്ച ലസ്സി ലഭിച്ചതും അവിടെ നിന്നായിരുന്നു..
ലൈല മജ്നു എന്ന ഒരു നാടൻ കറിയും റൊട്ടിയും വെജിറ്റേറിയൻ സലാഡും കഴിച്ച്, ഗാനമേള കുറച്ചു നേരം കേട്ടു റൂമിലെത്തി. ഡൽഹി എത്തുമ്പോൾ ഒരു സർപ്രൈസ് ഉണ്ട് എന്ന് മുകേഷേട്ടൻ പറഞ്ഞു. ജിജ്ഞാസ വളരെക്കൂടുതൽ ആയതുകൊണ്ട് കുറെ ചോദിച്ചുവെങ്കിലും അതറിയാൻ ഡൽഹി വരെ എത്തേണ്ടി വരും എന്നെനിക്കുറപ്പായി. വരും ദിവസങ്ങളിൽ കാണേണ്ടതും പോവേണ്ടതുമായ സ്ഥലങ്ങളെക്കുറിച്ച് ഒരു ധാരണ വരുത്തി.
പതിയെ ഉറക്കത്തിലേക്ക്….
രാവിലെ എണീറ്റു ബൈക്കുകൾ ജിഷിലും ഞങ്ങളും ഓടിച്ചു നോക്കി. എന്റെ കോണ്സെറ്റ് പോയി, മുകേഷേട്ടന്റെ ഓയിൽ ഫിൽറ്റർ സീലിന്റെ അവിടെ നിന്നും ഓയിൽ ലീക്ക്. എല്ലാ വണ്ടികളുടെയും ചെയിൻ, എയർ ഫിൽറ്റർ എന്നിവ വൃത്തിയാക്കി. ചെയിനിനു ഓയിൽ, ഗ്രീസ്, ഗിയര് ഓയിൽ എന്നിവ ചേർത്തുള്ള ഞങ്ങളുടെ പ്രത്യേക മിശ്രിതവും കൊടുത്തു. ബാഗുകൾ കെട്ടി എല്ലാവരും യാത്ര തുടരാൻ തയ്യാറായി.
ബറോഡ അഥവാ വഡോദര ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇടക്ക് വാപി ഉള്ള മറ്റു റൈഡേഴ്‌സിനേയും കണ്ടു. അടുത്തുള്ള ഒരു ഷോറൂമിൽ പോയെങ്കിലും, വേണ്ട സ്പെയർ പാർട്സുകൾ ഒന്നും ലഭിച്ചില്ല. ഇന്റർകോം വച്ചു ചെറിയ ശബ്ദത്തിൽ പാട്ടുകൾ കേട്ടും, കൂടെ പാടിയും, ഹൈവേ റൈഡിൽ പരമാവധി ശ്രദ്ധിച്ചു കൊണ്ടിരുന്നു.
മുഗൾ സാമ്രാജ്യത്തിനു അന്ത്യം കുറിച്ച ഛത്രപതി ശിവജിയുടെ മറാത്താ സാമ്രാജ്യ കഥകൾ, പണ്ടെങ്ങോ വായിച്ചത് ഓർമയിൽ വന്നു. പതിയെ ഭൂപ്രകൃതി മാറി തുടങ്ങിയിരുന്നു, പട്ടണങ്ങൾക്കു നടുവിലുള്ള അകലം വർധിച്ചു വന്നു.
പെട്ടെന്നാണ് സ്റ്റാൻഡ് ഫോർ കേരള എന്നൊരു ബോർഡും കേരള റെജിസ്ട്രേഷൻ വണ്ടികളും കണ്ടത്. ഹാരിസൺസ് മലയാളത്തിൽ ജോലി ചെയ്യുന്ന 2 പേര്, അവരും അവരുടെ യാത്രയിൽ കേരളത്തിന് ഒരു കൈത്താങ്ങ് എന്ന സന്ദേശം തന്നെയാണ് മുന്നോട്ടു വച്ചിരുന്നത്. കുറച്ചു നേരം സംസാരിച്ച ശേഷം ഞങ്ങളുടെ നോട്ടീസ് അവർക്കും അവരുടെ പ്ലക്കാർഡുകൾ ഞങ്ങൾക്കും കൈമാറി യാത്ര തുടർന്നു.
സൂറത് എന്ന ഇന്ത്യയിലെ തന്നെ വലിയ തുണി ഉൽപാദന നഗരവും പിന്നിട്ടു. ഗുജറാത്തിൽ വലിയ വലിയ കെട്ടിടങ്ങൾ ഹൈവെ ഓരങ്ങളിൽ കണ്ടെങ്കിലും ഗ്രാമങ്ങൾ താരതമ്യേന പിന്നോട്ടുള്ളതും സാധാരണക്കാർ കഷ്ടപ്പാടിലുമാണെന്നു തോന്നി, ഇടത്തരക്കാർ നന്നേ കുറവ്.
വൈകീട്ടോടെ ബറോഡയുടെ പ്രാന്ത പ്രദേശങ്ങളിലെത്തി, വണ്ടി നിർത്തി, ഞങ്ങൾ ബുക്ക് ചെയ്ത ഓയോ റൂം എവിടെയാണെന്ന് നോക്കണം എന്നു കരുതുമ്പോഴാണ് അവർ കൈ കാണിച്ചു നിർത്താൻ പറഞ്ഞത്.
തുടരും.
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.