ഒരു ഹാൻഡിൽ ബാറിന് പുറകിലെ ജീവിതം- ഭാഗം 01
…
അജീഷ് അജയൻ:
യാത്ര അതെന്നും ഒരാവേശമായിരുന്നു, ഇഷ്ട യാത്ര മാർഗം മോട്ടോർസൈക്കിളും. അങ്ങനെയിരിക്കെയാണ്. മുകേഷേട്ടനും അഖില ചേച്ചിയും അഖിലും രാഹുലും ജിഷിലും ഒരു കേരള കാശ്മീർ യാത്ര പോകാനായി തയ്യാറെടുക്കുന്നത്. ഞാനും അതേ യാത്രയുടെ രൂപരേഖകൾ തയ്യാറാക്കി സെപ്റ്റംബർ മാസം പോകണം എന്ന ഉദ്ദേശത്തിലായിരുന്നു.
വിദേശത്തുള്ള ഒരു സുഹൃത്തും ഞാനും ഒരുപാട് വർഷമായി പറയുന്ന ഒരു ആഗ്രഹം ആയതുകൊണ്ട് അവന്റെ കൂടെ പോകാം എന്നായിരുന്നു എന്റെ പദ്ധതി.
അങ്ങനെയിരിക്കെയാണ്,ക്ലാസിക് 500cc ബുള്ളറ്റ് വാങ്ങാനായി ഷെമീൽ ഇക്ക മോട്ടോറാഡ് വർക്സിലേക്ക് വരുന്നത്. ഇക്കായുടെയും ആവശ്യം ഒരു കേരള കാശ്മീർ യാത്ര തന്നെ. ഉദ്ദേശം യാത്രയാണെങ്കിൽ ഇക്കയുടെ ഹൈറ്റ് ഉള്ള ഒരാൾക്ക് ഞാൻ ക്ലാസിക് തരില്ല എന്നു ഞാനും..റോയൽ എൻഫീൽഡ് ഹിമാലയൻ എന്ന സാഹസിക യാത്രാ ബൈക്കിലേക്ക് ഇക്കയെയും ഞാൻ കൊണ്ടെത്തിച്ചു. ഓടിച്ചു വന്നു വാഹനം ബുക്ക് ചെയ്തിട്ടാണ് അന്ന് ഇക്ക തിരിച്ചു പോയത്. വണ്ടി ഭ്രാന്തന്മാർ ആയതു കൊണ്ട് തന്നെ ആദ്യ ദിവസം ഞങ്ങൾ പിരിഞ്ഞത് ഏകദേശം 4 മണിക്കൂർ ചിലവഴിച്ചിട്ടാണ്. പുറത്ത് ഇരുട്ടായത് അറിഞ്ഞില്ല എന്നത് മറ്റൊരു സത്യം.
സ്വാഭാവികമായും യാത്ര ഞങ്ങളെ വളരെ അടുപ്പിച്ചു. കൂടെ പോകാം എന്നേറ്റ ഇക്കയുടെ സുഹൃത്തുക്കൾക്കും കൂടെ എത്തിച്ചേരാൻ സാധിചക്കില്ല എന്ന സ്ഥിതിയായി. അപ്പോഴാണ് മുകേഷേട്ടനെയും സഹ യാത്രികരെയും ഇക്കക്ക് ഞാൻ പരിചയപ്പെടുത്തുന്നത്.
അങ്ങനെ അവരുടെ യാത്ര ഒരുക്കങ്ങൾ തുടങ്ങി. എല്ലാവരും ലീവ് എടുത്തു. ആഗസ്റ്റ് 3 നു യാത്ര തുടങ്ങാം എന്ന തീരുമാനമായി. എന്റെ സുഹൃത്തിനു ലീവു പ്രശ്നം അവനുണ്ടാവില്ല സെപ്റ്റംബറിൽഎന്നറിയിച്ചു. ഇവരുടെ കൂടെ പോകാൻ എനിക്കും താത്പര്യമുണ്ടായിരുന്നു, പക്ഷെ പോകുന്ന 6 പേരിൽ 5 പേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ, ഒരാൾക്ക് കൂടെ ലീവു തന്നാൽ എല്ലാം അവതാളത്തിലാവും എന്ന സ്ഥിതി.
മനസ്സില്ലാ മനസ്സോടെ ഞാൻ പോകുന്നില്ല എന്നു തീരുമാനിച്ചു. ആറു പേരു 4 ബൈക്കിൽ, മുകേഷേട്ടനും പത്നി അഖില ചേച്ചിയും ഹിമാലയനിൽ, അഖിൽ അവന്റെ ക്ലാസിക്, ജിഷിലും രഹിലും ബുള്ളറ്റ് 500 ഉം പിന്നെ ഷെമീൽ ഇക്കയുടെ ഹിമാലയനും. അവർക്ക് പോകാനുള്ള മുന്നൊരുക്കങ്ങളും റൈഡിങ് ഉപകരണങ്ങളുടെ സഹായവും എല്ലാം തകൃതിയായി തന്നെ നടന്നു.
അതിനിടക്കാണ് കേരളത്തെ ഞെട്ടിച്ച 2018 ഓഗസ്റ്റിലെ പ്രളയം. “Ride for a cause” എന്ന ആശയം അപ്പോഴാണ് മുകേഷേട്ടൻ മുന്നോട്ടു വെക്കുന്നത്. ഇത്രയും ദൂരം യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും നല്ലൊരു സന്ദേശം ജനങ്ങളിൽ എത്തിച്ചാൽ, അതു മൂലം കേരളത്തിലെ പ്രളയ സഹായ നിധിയിലേക്ക് ഒരാളെങ്കിലും സഹായിച്ചാൽ, അണ്ണാൻ കുഞ്ഞിനും തന്നാലായത്, എന്നുള്ളതായിരുന്നു ആശയം. #doforkerala #donateforkerala എന്ന സന്ദേശവും മുന്നോട്ടു വച്ചത് മുകേഷേട്ടൻ തന്നെ.
അങ്ങനെ പോകുന്ന സ്ഥലങ്ങളിൽ വിതരണം ചെയ്യാനായി നോട്ടീസും, അവരുടെ യാത്രയുടെ മറ്റെല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എന്റെ മനസ്സിൽ എവിടെയോ ഒരു വിങ്ങൽ, ഒരുപാട് വർഷത്തെ സ്വപ്നം, അതിനായി സുഹൃത്തുക്കളെ തയ്യാറാക്കാൻ തുടക്കം മുതൽ കൂടെ…
അവർ യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസം മുകേഷേട്ടന്റെ വണ്ടിയിൽ 2 പേരുള്ളത് കൊണ്ട് ബാഗ് എല്ലാം വാക്കാനിടം കുറവ്. അങ്ങനെ ഒരു ലഗ്ഗേജ് റാക്ക് ഒക്കെ ഉണ്ടാക്കി. രാഹുലിന്റെ ആക്ഷൻ ക്യാമറ ഹെല്മെറ്റിൽ ഉറപ്പിച്ചു. എന്റെ കയ്യിലുള്ള കുറെ അധികം memory card ഒക്കെ അവർക്ക് കൊടുത്തു. മുകേഷേട്ടനും അഖില ചേച്ചിക്കും ഒരു ന്യൂസ് ചാനലിന്റെ ഇന്റർവ്യൂ ഉണ്ടായിരുന്നു.
എനിക്കെന്തോ പോയ അണ്ണാന്റെ അവസ്ഥ ആയിരുന്നു. സാധാരണ വായ്‌തോരാതെ സംസാരിക്കുന്ന ഞാൻ, അന്നെന്തോ നിശ്ശബ്ദനായിരുന്നു. മുകേഷേട്ടൻ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നത് ഞാനറിഞ്ഞില്ല. വൈകീട്ട് എല്ലാം കഴിഞ്ഞു ഒത്തു കൂടിയപ്പോ മൂപ്പര് ഒരു ചോദ്യം… എല്ലാം മാറ്റി മറിച്ച ഒരു ചോദ്യം…
തുടരും…
…
ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248
ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.