കാശിയുടെ തെരുവോരങ്ങൾ

Tripeat-Kashiyute theruvorangal arun01

അരുൺ:

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്..
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഈ യാത്ര.

നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞു രണ്ടുമണിക്കൂർ ചെറുതായൊന്നു മയങ്ങിയതിനു ശേഷം ആണ് റൂമിൽ നിന്നും ഇറങ്ങിയത്.
ആലുവ യിൽ നിന്ന് 1.30ണ്‌ ആണ് മംഗള.
കാശി ആണ് മുന്നിൽ..
എന്നോ ഉള്ളിൽ കയറികൂടിയ അതിതീവ്ര സ്വപ്നങ്ങളിൽ ഒന്ന്.
വിശ്വനാഥന്റെ കാശി…
ബുദ്ധന്റെ കാശി…
ആദിശങ്കരന്റെ കാശി..

ഇന്ത്യൻ റെയിൽവേ യുടെ നല്ല മനസ്സുകൊണ്ട് സ്ലീപ്പർ ബുക്ക്‌ ചെയ്ത എനിക്ക് തേർഡ് എസി കിട്ടി…
അതിപ്പോ ലാഭായല്ലോ ????
ചുരുക്കം ചിലർ ഒഴിച്ചാൽ സ്റ്റേഷൻ ശാന്തമാണ്..
കൃത്യസമയത്തു തന്നെ ഇലക്ട്രിക് ലൈൻ ചലിപ്പിച്ചു കൊണ്ട് മംഗള എക്സ്പ്രസ്സ്‌ മുന്നിലെത്തി.
ഇനിയുള്ള രണ്ടു ദിവസങ്ങൾ.. വായനയിലൂടെ മാത്രം സഞ്ചരിച്ച ബനാറസ് ന്റെ ഗല്ലി കളും ഘട്ടുകളും
ഒരു ട്രെയിൻ ദൂരത്തിനപ്പുറം…സിംഗിൾ വിൻഡോ സീറ്റിന്റെ
അപ്പർ ബർത്തിൽ ബാക്പാക്ക് വെച്ചതിനു ശേഷം ഈർപ്പം പാതികയ്യേറിയ വിൻഡോയിലൂടെ മങ്ങിയ കാഴ്ച പിന്നോട് ഓടി മറയുന്നുണ്ട്.

നീട്ടിവെച്ച കാലുകൾ കിടക്കാൻ പ്രേരിപ്പിച്ചപ്പോൾ ഇയ്യർഫോൺ ചെവിയിൽ തിരുകി സ്പോട്ടിഫൈ യിൽ നിന്നും ഫേവറേറ്റ് പ്ലേ ലിസ്റ്റുകളിൽ ഒരെണ്ണം എടുത്തിട്ട് അൽപനേരം കിടന്നു.

കണ്ണ് തുറന്നപ്പോൾ പാതിമറഞ്ഞ സൂര്യന്റെ മറുപാതി കൂടി ഒളിപ്പിക്കാൻ ശ്രമിക്കുന്നു.
തലശ്ശേരിയും കണ്ണൂരും പിന്നോട്ടോടി ഇരുട്ടിൽ കാസർഗോടിന്റെ മഞ്ഞ ബോർഡും പിന്നിട്ടു വണ്ടി നീങ്ങി..
വൈകിട്ടത്തെ ഭക്ഷണം ചപ്പാത്തിയും മുട്ട കറിയിലും ഒതുക്കി..
ഇരുട്ടിൽ മംഗലാപുരവും ഉഡുപ്പിയും പിന്നിട്ടു ട്രെയിൻ ഓടിക്കൊണ്ടിരുന്നു.
പിന്നെയും ഏതൊക്കെയോ സ്റ്റേഷനുകൾ..
ഉറക്കം കണ്ണിലെ കരടായി മാറിയപ്പോൾ അപ്പർ ബർത്തിലേക്കു ചേക്കേറി…
ഇടക്കെപ്പോഴൊക്കെയോ ഉണർന്നെകിലും വീണ്ടും കണ്ണുകളടഞ്ഞു പൊയ്ക്കോണ്ടെയിരുന്നു…
തലേ ദിവസം പോയ സൂര്യൻ വീണ്ടും അന്വഷിച്ചു വന്നപ്പോഴാണ് തലപൊക്കിയത്.. സമയം 7 കഴിഞ്ഞു..
വിശപ്പിന്റെ വിളി വന്നു തുടങ്ങി..
ബ്രെഷ് ചെയ്തു ഒരു ചായ വാങ്ങി..
ചായയിൽ പോലും രുചി മാറിതുടങ്ങിയിരിക്കുന്നു…
വണ്ടി രത്നഗിരിയോട് അടുത്തിരുന്നു…
വടാപാവിൽ ബ്രേക്ഫാസ്റ് നെ തല്ലി ഓടിച്ചു വിട്ടു നേരെ ഡോർ സ്റ്റെപ്പിൽ ഇരിപ്പുറപ്പിച്ചു.. തമിൾ ഫേവറിറ്റ് ലിസ്റ്റിൽ നിന്നും കുറച്ചു പാട്ടുകൾ ട്രെയിൻ ശബ്ദത്തോടൊപ്പം കാതിൽ കയറി ഇറങ്ങി..
വല്ലാത്തൊരു ഫീൽ ആണ്..സൂര്യൻ ഉദിച്ചു വരുന്ന നേരത്തു കൈയിൽ ഒരു ഗ്ലാസ്‌ ചായയുമായി ഇങ്ങനെ ഈ ഡോർ മുഖത്തു വന്നു നിക്കാൻ..
ആഗ്രഹങ്ങൾ കുത്തി നിറച്ച ബാഗുമായ് അതിലൊന്നിലേക്കുള്ള ദൂരം ഇങ്ങനെ ഓടി മറയുന്ന കാഴ്ചകളിലേക്ക് കണ്ണും നട്ടങ്ങനെ…

കൊങ്കൺ പാതയുടെ സൗന്ദര്യം തന്നെ ഇടയ്ക്കിടയ്ക്കു വന്നുപോകുന്ന
ചെറുതും വലുതുമായ 92ഓളം ടണലുകളും രണ്ടായിരത്തിൽ പരം പാലങ്ങളും ആണെന്ന് തന്നെ പറയാം..
ഇതുവഴി ഉള്ള മഴക്കാല യാത്ര ആർക്കും മറക്കാൻ പറ്റാത്ത ഒന്ന് തന്നെ ആണെന്ന് തീർച്ച….
ഉച്ചയോടെ പൻവേൽ നിന്നും മലയാളി ചേട്ടനോട് വാങ്ങിച്ച ചോറും മീൻ കറിയും കഴിച്ചു വീണ്ടും ചൂളം വിളിയോടൊപ്പം മുന്നോട്ടു നീങ്ങിതുടങ്ങിയപ്പോൾ
മറ്റൊരു വൈകുന്നേരം കൂടി പിന്നോട്ടോടി…
വീണ്ടും അപ്പർബർത്തിലെ തണുപ്പിൽ ചുരുണ്ടുകൂടി ഉറക്കത്തിലേക്ക്‌..
ഇടക്കെപ്പോഴോ കൂടെ കയറിയ മേരി സിസ്റ്റർ തട്ടി വിളിച്ചപ്പോഴാണ് അറിഞ്ഞത്..
സിസ്റ്റർ ഇറങ്ങുന്നു എന്ന് പറയാൻ വിളിച്ചതാണെന് രണ്ട് സെക്കന്റ്‌ കഴിഞ്ഞാണ്‌ മനസ്സിലായത്..
ഒന്നര ദിവസത്തിനിടക്ക് വളരെ കുറച്ചു നേരം മാത്രമേ അവരുമായി സംസാരിച്ചിരുന്നുള്ളു…എങ്കിലും വല്ലാത്തൊരു അടുപ്പം തോന്നിപ്പിച്ചു…
ചിലർ അങ്ങനെയാണ് ഒരുപാടൊന്നും വേണ്ട..
ഡോർ വരെ സിസ്റ്റർ ന്റെ ബാഗും പിടിച്ചു പിന്നാലെ നടന്നു യാത്ര പറഞ്ഞു.
വീണ്ടും ഉറക്കത്തിലേക്കുള്ള എന്റെ വണ്ടി മംഗള ക്ക്‌ മുന്നേ ചൂളം വിളിച്ചുപോയി..
മറ്റൊരു സൂര്യോദയം കൂടി…
ട്രെയിൻ ഗ്വളിയാർ എത്തിയിരുന്നു…
പുറത്തു തണുപ്പിന് ശക്തി കൂടിയിട്ടുണ്ട്…
ഇടയ്ക്കു വെച്ച് പരിചയപ്പെട്ട ഒരു കൂട്ടം മലയാളി വിദ്യാർത്ഥികൾ അവിടെ ആണ് ഇറങ്ങുന്നത്.. അവരോട് ബൈ പറഞ്ഞു വീണ്ടും മുന്നോട്ടു.. ആഗ്രയും ഫാരീധബാതും കഴിഞ്ഞു വണ്ടി ഡൽഹിയിലേക്ക്…
യാത്രയുടെ അവസാന മണിക്കൂറുകളിലാണ് അജിത്തിനെയും സുഹൃത്തിനെയും പരിചയപ്പെട്ടത്…
മൂന്നുപേരും കൂടി നിസാമുദ്ധീൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ടാക്സിക്കാരുടെ കണ്ണ് വെട്ടിച്ചു കിട്ടിയ ഓട്ടോ യിൽ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ മുന്നിൽ കണ്ട് വെച്ച് പിടിച്ചു..
അവരുടെ അടുത്ത പ്ലാന്നുകൾക്കും എന്റെ നെക്സ്റ്റ് ഡേ പ്ലാനിംങിനും ആ ഭാഗത്തു റൂം എടുക്കുന്നതാവും നല്ലതെന്ന തോന്നലാണ് ഇങ്ങനൊരു നീക്കത്തിനു കാരണം..
ഒടുവിൽ മൂന്നുപേരും ചേർന്ന് തരക്കേടില്ലാത്ത ഒരു റൂം തപ്പിപ്പിടിച്ചു.
സ്ട്രീറ്റ് ഫുഡും കഴിച്ച് അന്നത്തെ അന്തിയുറക്കം തലസ്ഥാന നാഗരിയിൽ ആക്കി .
രണ്ടു വർഷത്തിന് മുൻപെപ്പഴോ മനസ്സിൽ കയറികൂടിയ സെക്കണ്ടുകൾ മാത്രമുള്ള ഒരു വിഡിയോ യിൽ നിന്നാണ് യമുന ഘട്ട് നെപ്പറ്റി കേൾക്കുന്നത്..
വർഷത്തിൽ രണ്ടോ മൂന്നോ മാസം മാത്രം അവിടെ ഉണ്ടാകുന്ന സീ ബേർഡ്സ് നെ ഒരുതവണ എങ്കിലും നേരിട്ട് കാണണമെന്ന് ഉള്ളതുകൊണ്ടാണ് വന്ന അന്ന് തന്നെ വരാണസിക്ക് കയറാതെ ഡൽഹി യിൽ തങ്ങിയത്..
സൂര്യോദയത്തിന് മുൻപെങ്കിലും യമുന ഘട്ടിലെത്തണം…
രാവിലത്തെ തണുപ്പിൽ അജിത്തിനെയും കുത്തിപ്പൊക്കി ജാക്കെറ്റും വലിച്ചു കേറ്റി ക്യാമറയും തൂക്കി ഇറങ്ങി..
ആദ്യം കണ്ട ഓട്ടോ ചേട്ടനോട് അറിയാവുന്ന മുറി ഹിന്ദിയിൽ കാര്യം അവതരിപ്പിച്ചു..
പകുതി ദൂരം കഴിഞ്ഞപ്പോൾ ആശാന് വഴി തെറ്റി എന്ന് മനസിലായി..
അവിടെ ഇറങ്ങി ബാക്കി ദൂരം ഡൽഹിയുടെ തണുപ്പിൽ രണ്ടു ചൂട് ചായയും മോന്തി നടന്നു. സൂര്യോദയത്തിന് മുൻപ് ഗൂഗിൾ അമ്മച്ചി ഘാട്ടിനു അടുത്ത് വരെ എത്തിച്ചു..
ചുറ്റും നോക്കി ഒന്നും മനസിലാവാത്തത് കൊണ്ട് തന്നെ മൂടിപ്പുതച്ചു ആഞ്ഞു പുക വലിക്കുന്ന വൃദ്ധനോട് വഴി അന്വഷിച്ചു,
അയാൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് പടവുകൾ കയറി ഇറങ്ങി ഘാട്ടിൽ എത്തി..
ഇരുട്ട് തങ്ങി നിക്കുന്നുണ്ട്…അങ്ങിങ്ങായി തെരുവ് പട്ടികളും, കന്നുകാലികളും ഒഴിച്ചാൽ ശൂന്യം..
പതുക്കെ വെട്ടം വെച്ച് തുടങ്ങി…
കുറച്ചു നേരം ആയിട്ടും പക്ഷികളെ കാണാതിരുന്നപ്പോൾ വന്നത് വെറുതെ ആയോ എന്നുപോലും തോന്നിപ്പോയി.
പ്രതീക്ഷകൾക്ക് ചിറകു നൽകി എങ്ങു നിന്നോ ഒന്നിന് പിറകെ ഒന്നായ് കൂട്ടത്തോടെ അവ പറന്നെത്തി…
ക്യാമറ എത്രയോ തവണ കണ്ണ് തുറന്നു…
മതിവരാതെ ഫോണിലും ആവുന്നത്ര പകർത്തി…
50രൂപ കൊടുത്താൽ ചെറു ബോട്ടിൽ യമുനയിലൂടെ അക്കരെഎത്തിച്ചു തിരിച്ചു കൊണ്ട് വിടും…
ഈ പക്ഷികൾക്കിടയിലൂടെ അങ്ങനൊരു യാത്ര…
വല്ലാത്തൊരു അനുഭൂതിയാണ്…
കണ്ണിനു നൽകുന്ന സൗന്ദര്യത്തിന്റെ ഒരംശം പോലും ക്യാമറയിൽ പകർത്താൻ കഴിയില്ലെന്ന് മനസിലാക്കി തരുകയായിരുന്നു ആ നിമിഷങ്ങൾ…
എത്ര കണ്ടാലും മതിവരാത്തൊരു കാഴ്ച…
ഇതേ കാഴ്ചകളിലേക്ക് കണ്ണും നട്ട് കോഴിക്കോടുംനുള്ള സനു ബ്രോ യെം ഫാമിലിയെയും കണ്ട്..
വമ്പനൊരു മണാലി ട്രിപ്പും കഴിഞ്ഞു നാട്ടിലേക്കുള്ള യാത്രക്ക് മുൻപുള്ള നല്ലൊരു കാഴ്ച തന്നെ ആയിരിക്കും അവർക്ക് ഇതെന്ന് പറയാതിരിക്കാൻ വയ്യ.
ഒന്ന് രണ്ടു മണിക്കൂറുകൾക്കു ശേഷം പക്ഷികളൊക്കെ മടങ്ങി പോയതിനു ശേഷം ആണ് ഘാട്ട് വിട്ടു പോന്നത്…
ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു
ബസിലും ഔട്ടോയിലുമായ റൂമെത്തി.
അജിത്തും സുഹൃത്തും അവരുടെ വിസ ആവശ്യത്തിന് വേണ്ടി പോയതോടെ വീണ്ടും ഒറ്റക്കായി.
കുറച്ചു നേരം തിരിഞ്ഞും മറിഞ്ഞും കിടന്നു..
വൈകിട്ട് 6.30 ആണ് വാരാണസി ക്കുള്ള ട്രെയിൻ..
റൂമിൽ നിന്നും നടക്കാൻ ഉള്ള ദൂരമേ ഉള്ളുത്താനും..
സമയം കൊല്ലാനായി വഴിയോര കച്ചവടക്കാരുടെ അലമുറ ശബ്ദത്തിനിടയിലൂടെ ഏന്തി വലിഞ്ഞു പുറത്ത് കടന്നു. എങ്ങോട്ട് പോകണം എന്ന് പ്രത്യേകിച്ച് ലക്ഷ്യം ഒന്നും ഇല്ലാത്തതുകൊണ്ട് ചന്തിനീ ചാവ്ക്കു മുന്നിൽ കണ്ട് ഗൂഗിൾ അമ്മച്ചിക്ക് പിന്നാലെ കാലു നീട്ടി വെച്ച്…അടുക്കുംതോറും തിരക്ക് കൂടി വന്നു…
തിരക്കുപിടിച്ചു ഓടുന്നവർ..
എലെക്ട്രിക് ഓട്ടോയുടെ ഹോൺ ശബ്ദം…
ഉന്തുവണ്ടി ക്കാരുടെ ആക്രോശങ്ങൾ..
കൂടെ പ്ലാസ്റ്റിക് തിന്നാൻ ഇറങ്ങിയ പശുക്കളും…
ട്രാഫിക് നിയമങ്ങളോ കൊറോണയോ ചെന്നെത്താത്ത ഏതോ രാജ്യത്തു ചെന്നുപെട്ട പ്രതീതി ആയിരുന്നു ആദ്യമെങ്കിലും… പിന്നീട് അവരിൽ ഒരാളാവാൻ കഴിഞ്ഞു..
ഒന്നും തന്നെ വാങ്ങാൻ തോന്നിയില്ലെങ്കിലും തെണ്ടി തിരഞ്ഞു ഗല്ലികളിലൂടെ ചുറ്റി തിരിഞ്ഞു സമയം പോയിക്കിട്ടി..

അടുത്ത ലക്ഷ്യം റൂം ആണ്…
ഫ്രഷ് ആയി റൂമും വേക്കറ്റ് ചെയ്തു ബാക്പാകും തൂക്കി സ്റ്റേഷൻ റോഡ് ക്രോസ്സ് ചെയ്തു..
നല്ല തിരക്കുണ്ട്..
5.30ആകുന്നതേ ഉള്ളു..
വാഹങ്ങളുടെ ശബ്ദങ്ങൾക്കിടയിലും വയറ്റിനുള്ളിൽ നിന്നും വിശപ്പിന്റെ നീണ്ട ഹോൺ പുറത്തേക്കു കേട്ടു.
രാവിലെ കഴിച്ചതാണ്.
ആദ്യം കണ്ട മലയാളി ഹോട്ടലിൽ കയറി ദേശീയ ഭക്ഷണം തന്നെ പറഞ്ഞു.
റിസ്ക് എടുക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ട് കടല കറിൽ ഒതുക്കി.
പതുകെ സ്റ്റേഷൻ അകത്തുകയറി…
അരമണിക്കൂറോളം ഇനിയും ഉണ്ട്.
കമ്പർട്ട്മെന്റ് ലക്ഷ്യം വെച്ച് സീറ്റ് തപ്പി പിടിച്ചു ഇരുന്നു..
മലയാളി മുഖങ്ങൾ അങ്ങിങ്ങായ കാണാം.
ചിലർ പാതി ചിരിയിൽ ഒതുക്കി നടന്നു നീങ്ങുന്നുണ്ട്..
വണ്ടി വന്നു…
ലഗ്ഗ്ജ് വെച്ച് അൽപനേരം ഡോറിൽ വന്നു നിന്നു…
ചലിച്ചു തുടങ്ങി…
വരാണാസിക്കുള്ള ടിക്കെറ്റ് നീലുവാണ് എടുത്തു തന്നത്.
മുഴുവൻ ടിക്കെറ്റും എടുത്തു താരാനുള്ള മനസ്സ് കാണിച്ചെങ്കിലും എന്തോ.. മനസ്സനുവദിച്ചില്ല.
മെയിൽ ഓപ്പൺ ചെയ്തു ടിക്കട്ടിന്റെ സ്ക്രീൻഷോർട് എടുത്തു വെച്ചു.
എതിർ സീറ്റിൽ അപ്പോഴേക്കും ആള് വന്നിരുന്നു..
രാജസ്ഥാനിൽ നിന്നുള്ള ഒരു കുടുംബം..
അവരും ബനാറസിലേക്ക് തന്നെ…
നോട്ടത്തിലൂടെ പരിചയം കൈമാറി അങ്ങനെ മുന്നോട്ട്..
ഇരുട്ട് മൂടി തുടങ്ങിയ സ്റ്റേഷനുകൾ ഒന്നൊന്നായി പിന്നോട്ടെടി..
വൈകിട്ടത്തെ ഭക്ഷണം ഒരു പാക്കെറ്റ് ബിസ്കറ്റ്റിൽ ഒതുക്കിയത് കണ്ടത് കൊണ്ടാണോ എന്നറിയില്ല ആ കുടുംബം ഭക്ഷണം വെച്ച് നീട്ടി..
വേണ്ട എന്ന് പറയാൻ തോന്നിയില്ല..
പേര് പോലും അറിയാത്ത ഗോതമ്പിലോ മറ്റോ കുഴച്ചു ഉണ്ടാക്കിയ സ്വല്പം എരിവിന്റെ മെമ്പോടി ചേർത്ത സ്വാതിഷ്ടമായ ഒന്ന് ..
കഴിച്ചു കഴിഞ്ഞു നന്ദിയോടെ ഗൃഹനാഥാനയെ കണ്ണിൽ നോക്കി..
അവരുടെ ടിക്കറ്റിൽ ഉണ്ടായിരുന്ന സംശയം തീർത്തുകൊടുത്തപ്പോൾ അദ്ദേഹം നോക്കിയ അതെ നോട്ടം.
സമയം 10കഴിഞ്ഞു. മിഡിൽ ബെർത്ത്‌ ആയതുകൊണ്ട് തന്നെ ഞാൻ നല്ലൊരു നുഴഞ്ഞുകയറ്റക്കാരൻ ആയി.. ഒന്ന് തല ഉയർത്താൻ പോലും ആവാതെ പുലരും വരെ കിടക്കാൻ തന്നെ തീരുമാനിച്ചു. നല്ല ഉറക്കത്തോടെ നേരം വെളുപ്പിച്ചു..
തണുപ്പ് നന്നായിട്ടു തന്നെ അകത്തേക്ക് അരിച്ചു കയറുന്നുണ്ട്.
ഒരു മണികൂറോളം വൈകി ആണ് ട്രെയിൻ വാരാണസി ജംഗ്ഷൻ എന്ന മഞ്ഞയിൽ കറുപ്പുകൊണ്ട് തീർത്ത സിമെൻറ് ബോർഡിന് അടുത്തായി വന്നു നിന്നത്.
മോശമല്ലാത്ത തിരക്ക് തന്നെ ഉണ്ടായിരുന്നു..
ആൾക്കൂട്ടത്തിനിടയിൽ നടന്നു കൊണ്ടി തന്നെ യൂബർ ആപ്പ് ഡൗൺലോഡ് ചെയ്തു..
മങ്ങിയ ഓറഞ്ച് നിറത്തിൽ ചായം പൂശിയ സ്റ്റേഷൻ കെട്ടിടങ്ങൾ..
മുന്നിലായ് കൽക്കരിയിൽ ഓടിയ ട്രെയിൻ ന്റെ ഒരു പഴയ അസ്ഥികൂടം ഉയരത്തിൽ പ്രതിഷ്ടിച്ചിരിക്കുന്നു..
goSTOP Varansi ആണ് അന്തിയുറക്കത്തിനു മുന്നിൽ കണ്ടുവെച്ചിരിക്കുന്നത്..
ബാക്പാക്കേഴ്സ്നു ഏറ്റവും പറ്റിയ ഇടങ്ങളാണ് ഗോസ്റ്റോപ്പും സോസ്റ്റൽ ഉം ഒക്കെ.

യൂബർ ബൈക്കുകൾ ഒരുപാട് കിട്ടുന്ന ഒരിടമാണ് വാരാണസി.
ബുക്കു ചെയ്തു ഒന്ന് രണ്ടു മിനിട്ടുകൾക്കുള്ളിൽ ആള് വന്നു..
തിരക്കുകൾക്കിടയിൽ ഇഞ്ചുകൾ കണക്കുകൂട്ടി വണ്ടി വെട്ടിച്ചു ഓടിച്ചു പോകുന്ന കഴിവ് സമ്മതിക്കാതെ വയ്യ.
പാസ്സന്ജർ നെ പെട്ടെന്ന് എത്തിക്കാൻ വൺവേയും തെറ്റിച്ചു എതിർ വശത്തെ വണ്ടികളെ പോലും ശ്രദ്ധിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അദ്ദേശം കാണിക്കുന്ന ആത്മാർത്ഥതക്കു വാക്കുകൾ ഇല്ലാതെ പോയി.
പല വണ്ടികളുടെയും മിറർ അകത്തേക്ക് മടക്കി വെച്ച രൂപത്തിൽ ആണ്..
പലതിന്റെയും നമ്പർ പ്ലേറ്റുകളിൽ ജയ് ശ്രീ റാമും ഹരി ഒമും അല്ലാതെ വണ്ടി നമ്പർ കണ്ടെത്താൻ പറ്റിയിട്ടില്ല.
പശുക്കൾ പോലും റോഡ് ടാക്സ് അടച്ചതിന്റെ അഹങ്കാരത്തോടെ ആണ് നടുറോഡിൽ കിടക്കുന്നത്..
ആവശ്യക്കാർ വഴി മാറി പൊയ്ക്കോണം.
നല്ല കുറെ ആചാരങ്ങൾ.
ഒടുവിൽ വലിയൊരു ഇരുമ്പ് ഗേറ്റ് നു മുമ്പിൽ വണ്ടി നിന്ന്
ഒറ്റ നോട്ടത്തിൽ ഒരു വലിയ ഇരുനില വീട്.
ഗേറ്റ് തള്ളി തുറന്നു അകത്തു കയറി..
ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടം പിടിച്ചു പറ്റുന്ന ഒരു ലോകം.
ട്രാവല്ലേഴ്സിന് എന്നും വിശ്വസിച്ചു വരാവുന്നിടം..
റൂമും ഡോർമെറ്ററിയ ടെന്റ് സ്റ്റേയും ചെറിയ നിരക്കിൽ ലഭിക്കും.

മുൻകൂട്ടി ബുക്ക്‌ ചെയ്തതുപോലെ
റൂഫിലെ ടെന്റിലേക്ക് സ്റ്റെപ്പ് കയറി…
ലിവിങ് ഏരിയ യും പ്ലെയ്യിങ് സെക്ഷൻഉം ഒക്കെ ചേർന്ന് നല്ലൊരു അന്തരീക്ഷം..
വലിയൊരു LED ടീവി യിൽ ഏതോ ഒരു ഹിന്ദി ഷോ കാണാൻ ആളില്ലാതെ തകൃതിയായി മുന്നോട്ട് പോകുന്നുണ്ട്.

റൂഫ് ടോപിന്റെ പാതി ചാരിയ ഡോറിനപ്പുറം നിരനിരയായ എഴെട്ടോളം ടെൻറ്റുകൾ..
ചിലതിന്റെ മുന്നിലായ് ഊരി ഇട്ട വള്ളിചെരുപ്പുകൾ കാണാം. കാലിയായി കിടന്ന
ഒരെണ്ണം തുറന്നു ലഗ്ഗ്ജ് വെച്ചു.
കോമ്മെൺ ബാത്റൂമുകളിൽ ഒന്നിൽ കയറി.
ഒക്കെയും വൃത്തി ആയി സൂക്ഷിക്കുന്നത് ഒറ്റ നോട്ടത്തിൽ മനസിലാക്കാം.
ഫ്രഷ് ആയി..
കുറച്ചു നേരം ഫോൺ ചാർജിനിട്ട് അൽപനേരം മയങ്ങി..
ആമാശയത്തിൽ ഉഗ്രസ്ഫോടനങ്ങൾ പൊട്ടി പുറപ്പെട്ടു തുടങ്ങി.
അന്നേ ദിവസം ഒന്നും കഴിച്ചില്ലെന്ന ഓർമ അത് കൂടാൻ പ്രേരിപ്പിച്ചതെ ഉള്ളു..
ക്യാമറ ബാഗും ഫോണും എടുത്തു സ്റ്റെപ്പുകൾ ഉറങ്ങി.
സമയം 12കഴിഞ്ഞു.
ആദ്യം എവിടേലും കയറി വയറു നിറയ്ക്കണം.
അന്വഷിച്ചു വന്നപ്പോൾ കേരള കഫെ അടുത്ത് തന്നെ ആണ്..
വളരെ പ്രതീക്ഷയിൽ അകത്തു കയറിയപ്പോഴാണ് മനസ്സിലായത് പേര് മാത്രേ കേരളത്തിന്‌ ഉള്ളു ബാക്കി ഒക്കെ അവരുടെ സ്വന്തം ആണ്.
പൊതുവെ മസ്സാല ദോശ കഴിക്കാറില്ലെങ്കിലും മുന്നിൽ കിട്ടിയ മെനുവിൽ കുറച്ചെങ്കിലും അലിവ്‌ അതിനോട് മാത്രം ആണ് തോന്നിയത്.
കത്തി ജ്വലിച്ചു നിന്ന വിശപ്പിനെ
തല്ക്കാലം ഊതിക്കെടുത്തി.

ഇനി കാശി തെണ്ടാൻ ഇറങ്ങണം.
ചരിത്രം പറയുന്നത് അക്ഷരംപ്രതി ശരിവെയ്ക്കുന്നത് തന്നെയാണ് കാശ്ശിയുടെ തെരുവുകൾ..
പഴമയുടെ പൊടി അതുപോലെ സൂക്ഷിക്കുന്നുണ്ട്.
ഗംഗാ നദിയുടെ പടിഞ്ഞാറൻ തീരത്ത് പരന്നു കിടക്കുന്ന ഈ പുണ്യപുരണ നഗരത്തിനു കാലങ്ങളുടെ കഥാപാറയാനുണ്ട്.
മോശമല്ലാത്ത ചൂട് ശരീരം പൊള്ളിക്കുന്നുണ്ട്.
താറിട്ട റോഡിൽ നിന്നും ഗൂഗിൾ മാപ്പ് വലത്തോട്ട് തിരിഞ്ഞു.
ഗല്ലികളിലെ ഇടവഴികൾ പോലും തിരക്കിലാണ്..
കാശ്ശിയുടെ മുഖമുദ്രയാണ് ഗല്ലികൾ.
കാൽനടക്കാരും ഇരുചക്ര വണ്ടിക്കാരും പശുക്കളും ചേർന്ന് തിരക്ക് തീർക്കുന്നുണ്ട്.
വെയിൽ തട്ടാതെ ഓരം ചേർന്ന് നടപ്പ് തുടർന്ന്.
ഇത്ര ചെറിയ ഇടവഴി പോലും ഗൂഗിൾ മാപ്നു പരിചിതമെന്നോണം മുന്നോട്ടു നയിച്ചുകൊണ്ട് പോകുന്നു..
പല ഭാഗങ്ങളിലും വൃത്തി നന്നേ കുറവ്.. വേസ്റ്റു കൂമ്പാരങ്ങൾ ഈച്ചകളുടെ ഭക്തിഗാനമേള നടത്തുന്നതുപോലെ തോന്നിപ്പിച്ചു..
15-20മിനുട്ടോലം നീണ്ടു നിന്ന നടത്തം പടവുകളിലൂടെ ഗംഗയുടെ മുന്നിൽ അവസാനിച്ചു..
ഓരോ ഘട്ടുകളിലേക്കും ഇതുപോലെ ഒന്നിലധികം വഴികളുണ്ട്.
80നു മുകളിൽ ഘട്ടുകൾ ഉണ്ടെന്നു പറയപ്പെടുന്നു.
അതിനും എത്രയോ ഇരട്ടി അമ്പലങ്ങളും.
അവസാനത്തേത് അല്ലെങ്കിൽ കൂടി രണ്ടു അറ്റങ്ങൾ എന്ന് പറയാൻ പറ്റുന്നതാണ് തെക്ക് രാജ് ഘട്ടും വടക്കു അസി ഘട്ടും.
അല്പനേരതെ വിശ്രമത്തിനോടുവിൽ നടത്തം തുടർന്നു..
വാരാണസിയോടൊപ്പം ഉയർന്നു കേട്ട മറ്റൊന്നാണ് ഗംഗാ ആരതി.
വൈകുന്നേരങ്ങളിൽ ദശശ്വമേധ ഘട്ടിലെ ആരതി പ്രസിദ്ധമാണ്.
അസി ഘട്ടിൽ പുലർകാല ആരതി യും.
നടത്തം മണികർണിക ഘട്ടിൽ എത്തി നിന്നും.
ഇതൊരു ചുട്കാടാണ്.
മനുഷ്യമാംസത്തിന്റെ ഗന്ധം വായുവിലെങ്ങും തങ്ങി നിൽക്കുന്നുണ്ട്..
എരിഞ്ഞടങ്ങുന്ന ചിത..
നെഞ്ചുംകൂട് പൊട്ടുന്ന ശബ്ദം പോലും ആരെയും വേദനിപ്പിക്കിന്നില്ല..
കറുത്തിരുണ്ട്, തലയിൽ കരിപിടിച്ചു മങ്ങിയ ഒരു വെള്ളത്തൊർത്ത് കെട്ടി,
എരിയുന്ന ചിതയിലെ തീനാളങ്ങൾപോൽ ചുവന്ന കണ്ണുകളുള്ള, മൂക്ക് കൊടിയ ആ മനുഷ്യൻ ഓടി നടന്നു കത്തിയമരുന്ന ചിതകൾക്ക് തീ കൂട്ടുന്നു .
ചുറ്റും കരിപുരണ്ട കെട്ടിടങ്ങൾ…
അടുക്കി വെച്ച വിറകുചൂളയിലേക്ക് ഒരു ജീവിതകാലത്തിന്റെ അവസാനമെന്നോണം യാത്രയാവുന്നവർ..

പടിക്കെട്ടുകളിൽ മുളം തണ്ടിൽ മോക്ഷം തേടാൻ ഊഴം കാത്തു വെള്ളത്തുണിയിൽ പൂക്കൾ ചാർത്തി പൊതിഞ്ഞ മൃതദേഹങ്ങൾ…
കൂടെയുള്ളവരിൽ ആരും കണ്ണീർചാലുകകൾക്ക് പിന്നാലെപോവുന്നില്ല.
അത്ഭുതം തോന്നി.
ഇരുപത്തി നാല് മണിക്കൂറും ചിതയെരിഞ്ഞുകൊണ്ടേ ഇരിക്കുന്ന ഒരു ഘട്ട്..
പുതു കാഴ്ചകൾ ആണ് ഒക്കെയും..
നടത്തം വീണ്ടും ഗല്ലിയിലൂടെ മറ്റൊരു ഘട്ടിന്റെ പടവുകളിലേക്ക് ചേക്കേറി..
തിരക്ക് കൂടി വരുന്നുണ്ട്..
ഘട്ടുകൾ ഓരോന്നായി പിന്നോട്ടുനീങ്ങി..
ഇടക്കെപ്പോഴൊക്കെയോ ക്യാമറ കണ്ണ് തുറന്നു മയങ്ങി.
സമയം 5ആവുന്നു..
നടത്തം ദശശ്വമേധ ഘട്ടിൽ എത്തിനിന്നു..
ആരതിക്കുള്ള മുന്നൊരുക്കങ്ങൾ തകൃത്തിയായി നടക്കുന്നുണ്ട്.
ഓളപ്പരപ്പിൽ ചെറു ബോട്ടുകളും വള്ളങ്ങളും അന്നത്തെ അന്നം തേടുന്നുണ്ട്.
ആരതിക്കു മുൻപ് തിരിച്ചെത്താമെന്ന ധാരണയിൽ നടത്തം തുടർന്നു..
വീണ്ടും കുറച്ചുകൂടി പിന്നിട്ടശേഷം തിരഞ്ഞു നടന്നു..
630നു തുടങ്ങുന്ന ആരതിക്കു വേണ്ടി 5മണിക്ക് മുൻപേ വന്നു സീറ്റ് പിടിച്ചവർ..
നിറം മങ്ങിയ കാഷായ വസ്ത്രധാരികൾ..
കച്ചവടക്കാർ..
യാത്രികർ..
സ്വദേശികൾ…
ചുരുക്കം ചില വിദേശികർ..
പശുക്കൾ..
പട്ടികൾ..
തിരക്ക് കൂടി വന്നു..
അങ്ങിങ്ങായി പ്രകാശം തെളിഞ്ഞു തുടങ്ങി.
ഇരുട്ട് വീണു തുടങ്ങിയാൽ വാരാണസി ക്ക്‌ പകലിനെക്കാൾ ഭംഗിയാണ്..
ഒരു കൂട്ടം സ്ത്രീകൾ ചിരാതുകൾ കത്തിച്ചു ഗംഗയിൽ ഒഴുക്കുന്നു.
കല്പടവുകൾ മിക്കതും സന്ദർശകരെകൊണ്ട് നിറഞ്ഞു തുടങ്ങി.
കെട്ടിടങ്ങളിലെ മട്ടുപ്പാവുകളിലും ചലനങ്ങൾ കാണാം.
ഗംഗാ നദിയിൽ വഞ്ചിയിൽ ഇരുന്നു ആരതിക്കു വേണ്ടി തയ്യാറെടുക്കുന്നവരെയും കാണാം.

കാത്തിരിപ്പിന്റെ കെട്ടുപൊട്ടിച്ച് സിൽക്ക് കുർത്തയും ദോത്തിയും നെറ്റിയിൽ നീളം ഭസ്മവും ചാർത്തിയ സമപ്രായക്കാരെന്നു തോന്നിപ്പിക്കന്ന എഴോളംപേർ.
ഘട്ടുകളിലെ പടവുകൾക്ക് നടുവിലായ് ഉള്ള ഉയർന്ന പ്രദേശത്താണ് ആരതി നടക്കുന്നതു.
പൂക്കളും ചന്ധനത്തിരികളും ശംഘുകളും സർപ്പത്തല കൊത്തിയ ഭീമൻ വിളക്കുകളും കൂടെ വെഞ്ചാംമരവും മറ്റെന്തൊക്കെയോ..
വേദങ്ങളുടെ അകമ്പടിയോടെ ചടങ്ങുകൾ തുടങ്ങി..
മണിനാദം ഗംഗയിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്..
എവിടുന്നോക്കയോ ക്യാമറകൾ അലമുറയിട്ട് കണ്ണടക്കുന്നു..
വല്ലാത്തൊരു അനുഭൂതിയാണ്..
ജീവിതകാലം മുഴുവൻ ഇപ്പോ കാണുന്ന അതെ തെളിമയോടെ ഈ കാഴ്ചകൾ ഉള്ളിൽ കിടക്കുമെന്ന് രണ്ടാമതൊന്നു ആലോചിക്കാതെ പറയാൻ പറ്റും കൂടി നിന്ന ഏതൊരാൾക്കും.
പ്രാർത്ഥനകൾകും മണിയടി ശബ്ദത്തിനും തീവ്രതകൂടി വന്നു.
ഓരോരുത്തരും ആവേശത്തോടെ കണ്ണുംനട്ടിരിക്കുന്നു .
ഒരുമണിക്കൂർ നീണ്ടു നിൽക്കുന്ന ചടങ്ങുകൾ അവസാനത്തോട് അടുക്കുന്നതുപോലെ തോന്നി…
പതിയെ പതിയെ
ആളുകൾ ഇരിപ്പിടം വിട്ടു നീങ്ങി തുടങ്ങി…

തിരക്കുകൾക്കിടയിലും ദൈവരൂപം കെട്ടിയ കുട്ടികൾ കാശിനു വേണ്ടി കൈ നീട്ടുന്നു..
കയ്യിൽ പണമുണ്ടെങ്കിൽ നമുക്ക് പോലും പൂജ ചെയ്യാൻ പറ്റുന്ന ഒരിടം.
തിരക്കൊഴിഞ്ഞ പടവുകളിലൂടെ നടന്നു…
ആരതിയുടെ ശബ്ദമുഖരിതയിൽ നിന്നും നിശബ്ദതയിലേക്കുള്ള ദൂരം പെട്ടെന്നായിരുന്നു…
അല്പംകൂടി നടന്നു.
പടവുകൾക്ക് നടുവിലുള്ള ഉയർത്തികെട്ടിയ കല്ലിൽ ഇരിപ്പുറപ്പിച്ചു…
ചില കാഴ്ചകൾ മിന്നി മറയുന്നു.

കഞ്ചാവിന്റെ ഗന്ധം സിരകളിൽ കൊണ്ടുനടക്കുന്ന..
ആരതിയുടെ പ്രഭയിൽ ജ്വലിച്ചു നിക്കുന്ന
ഭാoഗിലും ചുരുട്ടിലും ആത്മാവ് കൊടുത്തവരുടെ,
ഭക്തിയോടൊപ്പം ലഹരിയും തളംകെട്ടി നിൽക്കുന്ന
അഘോരികളുടെയും
വിശ്വനാഥന്റെയും കാശി…

 

 

വലിയൊരു നദി മുന്നിൽ ഒഴുകുന്നുണ്ടെകിൽ കൂടി വെള്ളം കാണാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടികൾ…
മറുപുറമെന്നോണം ഭക്തർ ഗംഗയിലേക്ക് വലിച്ചെറിയുന്ന നാണയതുട്ടുകൾക്ക്‌ വേണ്ടി മാത്രം മുങ്ങാകുഴി ഇടുന്ന കുട്ടികൾ.
മോക്ഷപ്രാപ്തിക്കായി പുണ്യ നദിയിൽ മുങ്ങി നിവരുന്നവർ..
നീളൻ പടിക്കെട്ടുകൾ..
പ്രാവുകൾ കൂടുകൂട്ടിയ കൊട്ടാരക്കെക്കെട്ടുകളുടെ വശ്യതയോടെ തലയുയർത്തി നിൽക്കുന്ന പഴമയുടെ തിരുശേഷിപ്പുകൾ..
മുറുക്കിയും കാർക്കിച്ചും തുപ്പിയതിന്റെ ചുവപ്പലങ്കരിച്ച ഭിത്തികൾ..
ഒരുപാട് നാളത്തെ ആഗ്രഹം പേറി..
ദാ ഇന്നിവിടെ എത്തിനിൽക്കുന്നു.

എത്രനേരം അങ്ങനെ ഇരുന്നു എന്നറിയില്ല..
മടങ്ങാമെന്നു തോന്നുന്നു..
ഘട്ടിന്റെ പടവുകൾ ഇടവഴികൾക്കുവേണ്ടി മാറിക്കൊടുത്തു..
ഒരു സെറ്റ് പൂരിയും കൂടെ ചൂട് ജിലേബിയും..
ജീവതത്തിൽ കഴിച്ചതിൽ വെച്ച് ഏറ്റവും രുചിയുള്ള ജിലേബി ഇതാണെന്നു തോന്നിപ്പിച്ചു..
ഒരെണ്ണം കൂടി പറഞ്ഞു.
ഇന്നത്തേക്കുള്ളതായി.
നല്ല ക്ഷീണമുണ്ട്..
നടത്തം തുടർന്നു.
ഗല്ലികൾ തിരക്കുള്ള റോഡുകൾക്കും വീണ്ടും ഇടവഴികളിലേക്കും മാറിക്കൊണ്ടേയിരുന്നു..
വാരാണസി നടന്നു കാണണമെന്ന വാശിയാണ് ക്ഷീണിച്ചിട്ടും കാലുക്കളെ മുന്നോട്ടുനീട്ടാൻ പ്രേരിപ്പിച്ചത്..
നടന്നു തന്നെ കാണണം..
വാശിയാണ്..!
അരമണിക്കൂർനു മേലുള്ള നടത്തം അവസാനിപ്പിച്ചു ഗേറ്റ് തള്ളിതുറന്നു.

കുളിച്ചു കഴിഞ്ഞപ്പോഴാണ് പകുതി ആശ്വാസം കിട്ടിയത്.
ഫോൺ ചാർജിനിട്ടു കണ്ണടച്ചതെ ഓർമ്മയുള്ളൂ..

രാവിലെ എണീറ്റു അസി ഘട്ടിലെ ആരതി കാണണം എന്നുള്ള പ്ലാൻ ഒക്കെ അലാറം ചതിച്ചതോടെ 7മണി വരെ കിടന്നുറങ്ങി.
യൂണിവേഴ്സിറ്റിയും ഫോർട്ടും കണ്ട് ഉച്ചകഴിഞ്ഞു ഘട്ടിൽ എത്താം എന്ന പ്ലാനിൽ ഫ്രഷ് ആയി ഇറങ്ങി നടന്നു..
ഇടക്ക്‌ വെച്ച് സ്ട്രീറ്റ് ഫുഡ്‌ എന്നപേരിൽ എന്തൊക്കയെയോ വലിച്ചു വാരി തിന്നു…
ഏഷ്യായിലെ തന്നെ ഏറ്റവും വലിയ റെസിഡഷ്യൽ യൂണിവേഴ്സിറ്റി. ആയിരത്തി മുന്നൂറോളം ഏക്കറിൽ പരന്നു കിടക്കുന്നതാണ് ബാനറസ് ഹിന്ദു യൂണിവേഴ്സിറ്റി.
55ഓളം ഹോസ്റ്റലുകൾ തന്നെ ഇതിനകത്തുണ്ട്.
അമ്പലങ്ങളും വീടുകളും ചേർന്ന വലിയൊരു സാംബ്ര്യാജ്യം.
ഗേറ്റ് കടന്നു അകത്തേക്ക്…
ഒരുപാടു ദൂരം നടന്നു..
എങ്ങുമെത്തുന്നില്ല…
ആ വലിയ ലോകത്തിന്റെ ചെറിയൊരു ഭാഗം മാത്രം കണ്ട് പിന്തിരിഞ്ഞു നടന്നു…
മെയിൻ ഗേറ്റിൽ ചുരുക്കം ചിലർ അവരുടെ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നിരാഹാരം ഇരിക്കുന്നതുകാണാം.
പുറത്തിറങ്ങി..
മുന്നോട്ടു നടന്നു.
ഗംഗ നദിക്കു മറുകരെ രാംനഗർ ഫോർട്ടിലേക്കു ചാണകത്തിനു മേൽ കാലുകൾ കവെച്ചു വെച്ച് നീങ്ങി.
മോശമല്ലാത്ത ദൂരം തന്നെ ഉണ്ടായിരുന്നു.
ഗംഗയ്ക്ക് കുറുകെ കെട്ടിയ പാലം കയറിതുടങ്ങിയപ്പോഴേ ദൂരെ ഫോർട്ട്‌ ന്റെ ഭാഗങ്ങൾ കാണാം.
സന്ദർശകർ വളരെ കുറവായിരുന്നു. ടികെറ്റ് എടുത്തു ടെംപറേച്ചർ നോക്കി
അതിവിശാലമായ ഒരു കവാടവും കടന്നു,
തുറസായ സ്ഥലത്തു പച്ചപ്പ്‌ വിരിച്ച പട്ടുമെത്ത.
ഒരു ഭാഗത്തു രാജാക്കന്മാരുടെ വാളുകളും, തോക്കുകളും,വിൻടേജ് വാഹനകളും
മറുവശത്തൂടെ ഇരുട്ടിലേക്കു നീണ്ടുപോകുന്നൊരു കറുത്ത ഇടനാഴി.
ആദ്യമൊന്നു സംശയിച്ചെങ്കിലും രണ്ടുംകല്പിച്ചു നടന്നു.
കാലുകൾ മണ്ണിലമരുന്ന ശബ്ദം…
ചിലരൊക്കെ എതിർ ദിശയിൽ നിന്ന് വരുന്നുണ്ട്..
മനസ്സിനെ പിടിച്ചു നിർത്താൻ മാത്രം ഒന്നും തന്നെ ഉള്ളതായി തോന്നിയില്ല.
പുറത്തിറങ്ങി.
നല്ല വെയിലും.
കാശിയിലെ ലെസ്സി എന്നും പ്രസിദ്ധമാണ്.
ഒരെണ്ണം ചുണ്ടോടു ചേർത്ത് നുണഞ്ഞു.
പിന്നിട്ട ദൂരം ഈ പൊരിവെയിലത്തു നടക്കണമല്ലോ എന്നോർത്തപ്പോൾ അഭിമാനത്തെ മുന്നിൽ കണ്ട സൈക്കിൾ റിക്ഷയിൽ കയറ്റി വിട്ട് ഞാൻ പിന്നിൽ വന്ന ഇലക്ട്രിക് ഓട്ടോയിൽ ചാടിക്കയറി.
പതുക്കെ വരട്ടെ…
യൂണിവേഴ്സിറ്റിക്ക്‌ മുന്നിൽ ഇറങ്ങി നടത്തം തുടർന്ന്.
ഉച്ച കഴിഞ്ഞിരുന്നു..
ആരതി കണ്ട് കൊതി തീർന്നില്ല.
ഇന്നും പോണം..
സമയം ഒരുപാട് ഉള്ളതുകൊണ്ട് തന്നെ അസി ഘട്ടിൽ നിന്ന് തുടങ്ങാമെന്നു വെച്ചു.
അസി ഘട്ടിന്റെ തിരക്കിനിടയിൽ നിന്നും നടത്തം തുടർന്നു..
ദൂരെ നിന്ന് തന്നെ കാണാം ശിവാല ഘട്ടിന്റെ ഉയരത്തിലുള്ള പടവുകളിൽ ഗിറ്റാറുമായ ഒരാൾ പാട്ടുപാടുന്നത്..
ആ ഭാഗങ്ങളിലൊക്കെ ചുറ്റിപറ്റി ആൾക്കടുത്തേക്ക് നീങ്ങി.
ചുറ്റും നടക്കുന്നതൊന്നും ആ മനുഷ്യനെ ബാധിക്കുന്നെയില്ല എന്നതുപോലും തോന്നിപ്പോയി…
കാൽചുവട്ടിൽതന്നെ സംഗീതം ആസ്വദിച്ചു ഒരു നായയും കിടപ്പുണ്ട്.
അടുത്ത് തന്നെ കുറച്ചു കോളേജ് വിദ്യാർഥികൾ ബര്ത്ഡേ കേക്ക് മുറിച്ചു ആഘോഷിക്കുന്നു..
ആ ബഹളങ്ങൾക്കിടയിലും അയാൾ പാടിക്കൊണ്ടേയിരുന്നു..
ഇടക്കെപ്പോഴോ ഒരു പുഞ്ചിരിയിൽ തുടങ്ങി സംസാരത്തിലേക്കു വഴിമാറി.
വിമലേഷ്..
വാരാണസി സ്വദേശി..
സംസാരം നീണ്ടുപോയി..
ഇടക്കതിനെ മറന്നുകൊണ്ട് പാട്ടുകൾ ഗിറ്റാരുനൊപ്പം ചേർന്നു..
ചിലതൊക്കെ ആളുടെ സമ്മതത്തോടെ തന്നെ ഫോണിൽ റെക്കോർഡ് ചെയ്തു..
ഒരുപാട് നേരം ഇരിക്കണമെന്ന് തോന്നിയെങ്കിലും ആരതി മുന്നിലുള്ളത് മൂലം വിമൽഷിന്റെ പാട്ടുകളോട് യാത്ര പറഞ്ഞു നടന്നു..
നീളൻ പടവുകളിൽ ക്രിക്കറ്റ്‌ കളിക്കുന്ന കുട്ടികൾ..
വൈകുന്നേരം തള്ളി നീക്കാൻ ഗംഗയിലേക്ക് കണ്ണും നാട്ടിരിക്കുന്നവർ..
ഹരിചന്ദ്ര ഘട്ടിലും കനൽ കൂനകൾ എരിയുന്നുണ്ട്..
മാംസം കത്തിയമരുന്ന മണം..
പക്ഷെ മണികർണിക ഘട്ടില്ലെന്നപോലെ വലിയ തോതിൽ ധഹിപ്പിക്കുന്ന ഒരിടം ആയി തോന്നിയില്ല.
ഇടയ്ക്കുവെച്ച് ഒരു വഞ്ചിക്കാരൻ വട്ടം ചാടി..
ഗംഗയിലൂടെ ഒരു ബോട്ടുയാത്ര ആഗ്രഹിച്ചതുമാണ്..
തുടക്കത്തിൽ പറഞ്ഞ ആയിരത്തി ഇരുന്നൂറു രൂപ ഷെയർ ബോട്ട് മതിയെന്ന് പറഞ്ഞപ്പോൾ 200ൽ ഒതുങ്ങി.
കൂടെ ആന്ദ്രയിൽ നിന്നുള്ള മൂന്നു അമ്മമാർ..
അസ്തമയസൂര്യന്റെ സ്വർണ്ണ ചീളുകൾ ഗംഗയിൽ സ്നാനം നടത്തി മുങ്ങിതാഴുന്നു…
വഞ്ചി പതുകെ ഇളകിയാടി മുന്നോട്ടു നീങ്ങുന്നു..
പല ഫ്രായ്മുകളും
ആരോ വരച്ചുവെച്ചു ചിത്രം പോലെ.
ഒരു മണിക്കൂറത്തെ യാത്ര ആരതിക്കുമുന്നേ അവസാനിച്ചു.
രണ്ടാം ദിവസം ആരതി..
തലേ ദിവസം കണ്ടതാണെങ്കിലും മടുപ്പു തോന്നിയില്ല.
ഓടി നടന്നു കുറെ ഫോട്ടോസ് എടുത്തു.
ആരതിക്കു ശേഷം അൽപനേരം പടവുകളിൽ ഇരുന്നു.
സമയം നീങ്ങിതുടങ്ങിയപ്പോൾ ഭക്ഷണം കഴിച്ചു ഗല്ലികൾക്കിടയിലൂടെ ഉറക്കം തേടി നടന്നു.
രാവിലെ എഴുന്നേൽക്കണം..
വാരാണസിൽ അവസാന ദിവസം ആണ് നാളെ.
അസി ഘട്ടു പോവണം.
ശേഷം വിശ്വനാഥ ടെമ്പിളും.

Morickap- resort

അലാറം തുടരേതുടരേ അടിച്ചുകൊണ്ടേയിരുന്നു..
നല്ല തണുപ്പ്..
മടിച്ചിട്ടാണെങ്കിലും എഴുന്നേറ്റു.
ഒരു കാക്കക്കുളിയും പാസ്സ് ആക്കി ജാക്കറ്റും വലിച്ചു കേറ്റി ഇറങ്ങി.
നല്ല തണുപ്പുണ്ട്.
വാരാണസി ഉണർന്നു വരുന്നതേ ഉള്ളു..
മാപ്പ് ഇട്ടു ഗല്ലികൾക്കിടയിലെ ഇരുട്ടിലേക്കു ഞാനും ചേർന്ന്.
അങ്ങിങ്ങായ് തെരുവുപട്ടികൾ കൂട്ടം കൂടി ബഹളം വെക്കുന്നതൊഴിച്ചാൽ വളരെ ശാന്തം .
വഴി അവസാനിപ്പിച്ചുകൊണ്ട് ഘട്ടിന്റെ പടവുകൾ ഇറങ്ങി.. അങ്ങിങ്ങായ് മൂടിപ്പുതച്ചു കിടക്കുന്നവർ.
പകൽ സമയത്തെ അപേക്ഷിച്ചു വഞ്ചികളുടെ ബഹളങ്ങളിൽ നിന്നൊക്കെ ഒതുങ്ങി നിശബ്ദമായി ഒഴുകുന്ന ഗംഗ..
അല്പം ദൂരെയായി അസി ഘട്ടു കാണാം.. നടത്തതിന് വേഗത കൂടി
ഇടയ്ക്കു വെച്ച് ഒരു പട്ടി പിന്നാലെ കൂടിയെങ്കിലും പിന്നെയതു പടവുകളിൽ എവിടെയോ മറഞ്ഞു.

വൈകിയിട്ടില്ല.
ആരതിക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതെ ഉള്ളു.
കുറച്ചു മാറി ഇരിപ്പുറപ്പിച്ചു.
തലേ ദിവസത്തെപോലെ വലിയ തോതിൽ ഉള്ള ആൾതിരക്ക് ഉള്ളതായി തോന്നിയില്ല.
ഉയരത്തിൽ സ്ഥാപിച്ച അഞ്ചു പീഠങ്ങൾ..
ഓരോന്നിലും ഒരേ വസ്ത്രം ധരിച്ച അഞ്ചു യുവാക്കൾ.
ദശശ്വമേധ ഘട്ടിലെ ആരതിയോട് സാമ്യം ഉണ്ടെങ്കിലും വസ്ത്രധാരണത്തിലും ചില കർമ്മങ്ങളിലും ചെറിയ വത്യാസങ്ങൾ ഉള്ളതുപോലെ തോന്നി.
ചടങ്ങുകളുടെ അവസാനിച്ചതോടെ നദിക്കക്കരെ നിന്നും സൂര്യൻ ഉദിച്ചു വരുന്നു,
ഗംഗയെ മുഴുവനായി ചുവപ്പ് പടർത്തിക്കൊണ്ട്…
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി തോന്നിയിട്ടുള്ളത് ഹമ്പിയിലെ മങ്കി ടെമ്പിളിൽ നിന്ന് കണ്ട സൂര്യോദയത്തിനായിരുന്നു..
എങ്കിൽ അതിനെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് സൂര്യൻ കത്തി ജ്വലിച്ചു വരുന്നു…
ചുവന്നഗംഗയിലൂടെ ചെറുവള്ളങ്ങൾ നീങ്ങുമ്പോൾ വെള്ളപ്പപ്പേറിൽ ആരോ ചായം ചാലിച്ച ചിത്രങ്ങളോട് സമാനത തോന്നി..
ഉയർന്നു വരുന്ന സൂര്യന് മുന്നിൽ ഘട്ടുകൾക്ക് ആരോ ചുവപ്പ് ചാലിച്ചു നിറം നൽകിയതുപോലെ തോന്നും.
തോണിക്കാർ ചിലരെയൊക്കെ വശികരിച്ചു ഗംഗയിലേക്ക് ആനയിക്കുന്നുണ്ട്.
എനിക്കും കിട്ടി ഒരു തോണി.
തലേ ദിവസം ആയിരത്തി ഇരുന്നൂറ്‌ പറഞ്ഞതുകൊണ്ട് ഇന്നു ആയിരത്തി അഞ്ഞൂറെന്നു കേട്ടപ്പോൾ വല്യ ഭാവവത്യാസം ഒന്നും തോന്നിയില്ല.
കണ്ണും പൂട്ടി ഇരുന്നൂറ്‌ ന്നു പറഞ്ഞപ്പോ അയാൾ ആദ്യം ഒന്ന് ശങ്കിച്ചെങ്കിലും എന്റെ മുന്നോട്ടുള്ള നടത്തം അയാളെ പിടിച്ചു നിർത്തി.
250..!
ഒകെ…
അപ്പോഴാണ് അറിഞ്ഞത് അയാള് മുതലാളി ആണത്രേ..
ജോലിക്കാരൻ പിന്നിൽ നിന്നും എരിഞ്ഞു തീരാനായ ഒരു മുറിബീടിയും വലിച്ചു മുറുക്കാൻ കറ പിടിച്ച പല്ലിളിച്ചു കാണിച്ചു അയാൾ വന്നു കൂടെ പോരാൻ പറഞ്ഞു..
ഗംഗയുടെ മണൽതിട്ടയിൽ നിന്നും ഒരു വള്ളം ചാടിക്കടന്നു മഞ്ഞയിൽ ചുവപ്പ് പൂശിയ ഒരു ചെറിയ വള്ളത്തിലേക്കു എന്നെ ആനയിച്ചു.. കെട്ടിയിട്ട ഒരുപാട് വള്ളങ്ങൾക്കിടയിലൂടെ സാഹസികമായ മുന്നോട്ടു നീങ്ങി..
പേര് വിഷ്ണു..
വാരാണസി യിൽ തന്നെയാണ്… കേരളത്തിൽ നിന്നാണെന്നു പറഞ്ഞപ്പോ മനസ്സറിഞ്ഞ് ഒരു ചിരി തന്നതുപോലെ തോന്നി.
ആളുടെ സഹോദരൻ കൊച്ചിയിൽ കുറേനാൾ ജോലി ചെയ്തിരുന്നത്രെ.
ഇപ്പോൾ സൗദിയിൽ ആണെന്നും വലിയ വീട് വെച്ചതും ഒക്കെ വള്ളം തുഴയുന്നതിനോടൊപ്പം പറഞ്ഞുകൊണ്ടെയിരുന്നു…
എനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞിട്ടും ഓരോ ഘട്ടുകളെ പറ്റിയും ചരിത്രങ്ങളെക്കുറിച്ചും വാതോരാതെ ആ മനുഷ്യൻ സംസാരിച്ചുകൊണ്ടേയിരുന്നു..
ഗംഗയിൽ നിന്നും സൂര്യനെ കുളിച്ചു നിൽക്കുന്ന ഘട്ടുകൾക്ക് മറ്റൊരു മുഖമാണ്..
പറഞ്ഞറീക്കൻ പറ്റാത്ത…
കണ്ണുകൾക്ക്‌ മിഴിവേകുന്ന അനുഭൂതി..
കുറേദൂരം മുന്നോട്ടു പോയതിനു ശേഷം സമ്മതം ചോദിച്ചുകൊണ്ട് തന്നെ വിഷ്ണു തോണി തിരിച്ചുവിട്ടു തീരത്തോട് അടുപ്പിച്ചു.
യാത്ര പറഞ്ഞപ്പോൾ നമ്പർ തന്നു, അടുത്ത തവണ വരുമ്പോൾ വിളിക്കണമെന്ന് പറഞ്ഞു…
എത്രനേരം വാ തോരാതെ സംസാരിച്ച അയാൾക്ക്‌ പറഞ്ഞതിലും ചെറിയൊരു തുക അതികം കൊടുത്തു മുന്നോട്ടു നടന്നു..
നിഷ്കളങ്കത ഇപ്പോഴും ബാക്കി വെച്ച ഒരു മനുഷ്യൻ..
ഇനി വിശ്വനാഥ ടെമ്പിൽ ആണ് ലക്ഷ്യം..
വെയിലിനെ പേടിച്ചു ഘട്ടുകളിൽ നിന്നും ഇടവഴിയിലേക്ക് തിരിഞ്ഞു..
ഒന്ന് രണ്ടു പേരോട് വഴി ചോദിച്ചും ഗൂഗിൾ മാപ്പ് ഇട്ടും അമ്പലത്തോട് അടുത്തെന്നു തോന്നി.
ഇടവഴികളുടെ വശങ്ങളിലെ കടയിൽ നിന്നും ലോക്കർ സൗകര്യം ഓഫർ ചെയ്യുന്നുണ്ട്.
അമ്പലത്തിനകത്തേക്ക് ഇലക്ട്രോണിക് വസ്തുക്കളോ എന്തിനു, വാച്ച് പോലും കയറ്റി വിടില്ല.. അതുകൊണ്ട് തന്നെ പുറത്തുള്ള കടകളിൽ അവ ഭദ്രമായ് വെക്കാനുള്ള സൗകര്യം കടയുടമകൾ ഒരുക്കി തരും പകരം അമ്പലത്തിലേക്കുള്ള പൂജ സാധനങ്ങൾ വാങ്ങിക്കണം എന്ന് മാത്രം.
ഇടയ്ക്കു വെച്ച് കണ്ട ഒരു കടയിൽ ബാഗും ഫോണൊക്കെ ഭദ്രമായി വെച്ചതിനു ശേഷം പൂ നിറച്ച ഒരു കൊട്ടയുമായി നടന്നു.
ക്ഷേത്രത്തിലേക്കുള്ള ഇടവഴികളിലൊക്കെയും തോക്കെന്തിയ പട്ടാളക്കാരും ബോംബ് സ്ക്വാഡും പോലീസുകാരും cctv ക്യാമറകളും യഥേഷ്ടം കാണാം.
അല്പദൂരം മുന്നോട്ടു നീങ്ങിയപ്പോഴാണ് അടുത്തതായി വരാനുള്ള ഒരു മുട്ടൻ പണിയെപറ്റി ബോധ്യം വന്നത്..!
ഇതുവരെ ഗല്ലികളിലൂടെ നടന്നതൊക്കെയും ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ആയിരുന്നു.
ഇത്തവണ ഫോൺ ലോക്കറിൽ വെച്ച് പൂട്ടി…!!
ഇടവഴികൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചേർന്നും വഴി പിരിഞ്ഞും നീങ്ങിക്കൊണ്ടിരുന്നു.
സെക്യൂരിറ്റി ചെക്കും ബോഡി ചെക്കിങ്ങും കഴിഞ്ഞു മുന്നിലെ വലിയ ക്യുവിൽ ഇടം പിടിച്ചു..
ക്ഷേത്രത്തിനകത്തുള്ള ഒരു ചെറു കിണറിനകത്താണ് യഥാർത്ഥ പ്രതിഷ്ഠയായ ശിവലിംഗം എന്നാണ് വിശ്വാസം.
ഇഴഞ്ഞു നീങ്ങിയ ക്യുവിനോടൊപ്പം ദർശനം പൂർത്തിയാക്കി ഇറങ്ങി.
ഇനി തിരിച്ചു തുടങ്ങിയിടത്തു തന്നെ എത്തണം..
പകുതിയിലപ്പുറം ദൂരം കണക്കുകൂട്ടലുകൾ തെറ്റാതെ നീങ്ങിയെങ്കിലും ഇടയ്ക്കു വെച്ച് പിഴച്ചു.
വഴി തെറ്റി..!!
നോക്കി വെച്ചിരുന്ന അടയാളങ്ങൾ ഒന്നും കാണുന്നില്ല..
പത്തിരുപതു മിനുട്ടത്തെ വട്ടം ചുറ്റലിനു ശേഷം ഒടുവിൽ കണ്ടുപിടിച്ചു.
സമാധാനം…
വൈകിട്ടാണ് ഡൽഹിക്കുള്ള ട്രെയിൻ.
പോകുന്നതിനു മുൻപ് അമ്മക്കൊരു ബനാറസ് സാരി വാങ്ങണം..
ചെറിയൊരു അന്വഷണത്തിനിടയിൽ ഒരെണ്ണം വാങ്ങിച്ചു നടന്നു..
ഉച്ചയോടാടുക്കുന്നു..
ഭക്ഷണം കഴിച്ചു റൂമിലേക്ക്‌ നടന്നു.
അൽപനേരം നടുനിവർത്തി.
ഫ്രഷ് ആയി ബാക്പക്കും തൂക്കി gostop ന്റെ വലിയ ഗേറ്റ് കടന്നപ്പോഴേക്കും ബുക്ക്‌ ചെയ്ത യൂബർ ബൈക്ക് എത്തിയിരുന്നു..
തിരക്കുകൾക്കിടയിലൂടെ റെയിൽവേ സ്റ്റേഷന് മുന്നിൽ ചെന്നിറങ്ങി. ഡിസ്പ്ലേയിൽ നോക്കി അവസാന പ്ലാറ്റ്ഫോംമിലേക്ക് നടന്നു.
വൈകുന്നേരത്തിന്റ ശാന്തതയിലേക്ക് ചൂളം വിളികൾ ശല്യമായപ്പോൾ ഊഴം കാത്തിരുന്ന ഞാനും വാരാണസിയോട് യാത്രപറഞ്ഞു…
ഒരുപാട് സ്ഥലങ്ങൾ ബാക്കി വെച്ചിട്ടാണ് പോകുന്നത്..
പറ്റിയാൽ ഇനിയും വരണം..
ഘട്ടുകളിലെ വൈകുന്നേരങ്ങൾ സ്വപനം കാണണം..
വിമലേ8ഷിന്റെ പാട്ട് കേൾക്കണം….
ഓർമ്മകളിൽ കുടിയിരുത്താൻ പറ്റിയ നല്ല ദിവസങ്ങൾ..
തീവണ്ടി നീങ്ങി തുടങ്ങി.
ക്ഷീണം അപ്പർ ബെർത്തിലേക്കു ചുരുണ്ടുകൂടി.
വിശപ്പ് ഇടക്കൊന്നു കണ്ണ് തുറന്നപ്പോൾ ബിസ്ക്കറ്റ് കൊടുത്തു വീണ്ടും ഉറങ്ങാൻ പറഞ്ഞു വിട്ടു.
ഡൽഹിയിൽ എത്തിയപ്പോഴേക്കും നേരം വെളുത്തു തുടങ്ങിയിരുന്നു.
റെയിൽവേ സ്റ്റേഷന് അടുത്ത് തന്നെ ഒരു ഹോസ്റ്റൽ ബുക്കു ചെയ്തു നടന്നു.
ബാഗും വെച്ച് ഫ്രഷ് ആയി അൽപനേരം കിടക്കാനുള്ള കോപ്പ് കൂട്ടിയപ്പോഴാണ് രാജേഷേട്ടന്റെ വിളി.
ക്ലാസ്സ്‌മേറ്റ് നീതുവിലൂടെ ആണ് ഹസ്ബൻഡ് ആയ രാജേഷേട്ടനിലേക്ക് സഹൃദം വളരുന്നത്.
. രണ്ടുരും ജോലിപരമായി ഇവിടെത്തന്നെ ആണ്.
കഴിഞ്ഞ ഡൽഹി യാത്രയിൽ ഒരാഴ്ചയോളം ഇവരുടെ കൂടെ തന്നെ ആയിരുന്നു.
ഇത്തവണയുള്ള വരവ് പറഞ്ഞിരുന്നെകിലും ഇങ്ങനൊരു സിറ്റുവേഷനിൽ പുറത്തു തങ്ങുന്നതാണ് നല്ലതെന്നു തോന്നിയതുകൊണ്ട് മനപ്പൂർവം വിളിക്കാതിരുന്നതാണ്..
ആളുടെ നിർബന്ധപ്രകാരം അപ്പോൾ തന്നെ റൂം വേക്കറ്റ് ചെയ്തു ഡൽഹി കാന്റോൻമെന്റ് ബസ് പിടിച്ചു.
ബസ്റ്റോപ്പിൽ ഇറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ ആള് വന്നു.
ആർമി ക്വാർട്ടേസിൽ ആണ് രണ്ടുപേരും.
ഡോർ തുറന്നു വന്നപ്പോഴേ ഒക്കെത്തൊരു ട്രോഫിയും കൈൽ മറ്റൊന്ന്നും????.
കഴിഞ്ഞ തവണ വന്നപ്പോൾ ഒക്കത്തിരുന്ന ആൾ ഇത്തവണ കയ്യിൽ തൂങ്ങി നടക്കുന്നു..
ഒരുപാട് ദിവസത്തിന് ശേഷം നല്ല പുട്ടും കടലയും കഞ്ഞീം പയറും ചിക്കൻ കറി ഒക്കെ തന്നു പെണ്ണ് നന്നായിട്ടു തന്നെ സൽക്കരിച്ചു.
വൈകുന്നേരം സിക്കുകാരുടെ പ്രാധാന ആരാധനയാലങ്ങളിൽ ഒന്നായ ഗുരുദ്വാരയിലേക്ക് ഓട്ടോ പിടിച്ചു.
എന്നും ആയരങ്ങളുടെ വിശപ്പടക്കുന്ന,
നൂറുകണക്കിന് ആളുകൾ അന്തിയുറങ്ങു ഗുരുദ്വാര.
ഡൽഹി നഗരത്തിനു ഒത്തനടുവിൽ
പ്രകാശത്തിൽ കുളിച്ചു നില്ക്കുന്ന വലിയൊരു കവാടം കടന്നു അകത്തുകയറി..
തലമറയ്ക്കാൻ തൂവാല പോലെ മഞ്ഞ നിറത്തിലുള്ള തുണി കെട്ടി ചെറിയ അരുവിൽ കാൽനനച്ചു അകത്തു കടന്നു.
ഭക്തിസാന്ത്രമാഗ അന്തരീക്ഷം.
സിക്കു കാരാണ് കൂടുതലും..അകത്തു നടുവിലായ് പ്രായം ചെന്ന താടി നീട്ടി വളർത്തിയ ഒരു പുരോഹിതൻ ദേവപുസ്തകം വായിക്കുന്നു..
ചുറ്റുമുള്ളവർ അതേറ്റു ചൊല്ലുന്നു.
പുറത്തു ഇടതുവശത്തായി വലിയൊരു ഭക്ഷണശാല തന്നെ ഉണ്ട്.
ഞങ്ങളും കഴിച്ചു.
ചുറ്റു നടന്നും വിശ്രമിച്ചും സമയം നീങ്ങി.
പതുക്കെ പടവുകൾ ഇറങ്ങി നടന്നു.
ആദ്യം കിട്ടിയ ഓട്ടോയ്ക്ക് ക്വാർട്ടേസിൽ എത്തി.
രാവിലെ 440ന് ആണ് ട്രെയിൻ.
അതുകൊണ്ട് തന്നെ നേരത്തെ കിടന്നു.
വെളുപ്പിനെ എണീറ്റു യൂബർ ബുക്ക്‌ ചെയ്തു യാത്ര പറഞ്ഞിറങ്ങി.
ന്യൂ ഡൽഹിയിൽ നിന്നാണ് ട്രെയിൻ.
415ഓടെ സ്റ്റേഷനിൽ എത്തി.
സ്‌ക്രീനിൽ നോക്കിയപ്പോൾ ട്രെയിൻ ഡീറ്റെയിൽസ് ഒന്നും കാണിക്കുന്നില്ല ..
കൈൽ ക്യാഷ് ഇല്ലാത്തതുകൊണ്ട് അടിമ അന്വഷിച്ചു നടന്നു.. ചിലതിൽ ക്യാഷ് ഇല്ല.. മറ്റു ചിലതു അടച്ചിട്ടിരിക്കുന്നു..
രണ്ടു ദിവസത്തേക്ക് എന്തേലും കഴിക്കണേൽ ക്യാഷ് എടുക്കാതെ വഴിയില്ല വീണ്ടും സ്‌ക്രീനിൽ നോക്കി… ട്രെയിൻ ന്റെ വിവരങ്ങൾ ഒന്നും തന്നെ ഇല്ല.
ഒന്നുകൂടെ ടിക്കറ്റ് നോക്കി..
നെഞ്ചോന്നു കാളി…
സ്റ്റേഷൻ മാറിയിരിക്കുന്നു ..!!!
ട്രെയിൻ നിസ്സാമുദ്ധീൻ സ്റ്റേഷനിൽ നിന്നുമാണ്.
ടിക്കറ്റു നിഷു ആണ് ബുക്ക്‌ ചെയ്തു തന്നത്.
ന്യൂഡൽഹി യിൽ നിന്നു ആണെന്ന് പറഞ്ഞതായിട്ടാണ് മനസ്സിൽ.. അതുകൊണ്ട് സമയം മാത്രം കൃത്യമായിട്ട് നോക്കിയുള്ളു..
സമയം 420. ഗൂഗിൾ മാപ്പ് നോക്കിയപ്പോ അവിടെ എത്താൻ 25 മിനുട്ടെങ്കിലും എടുക്കും…
ശരിക്കും പെട്ടു…
ട്രെയിൻ മിസ്സാവേണ്ട എല്ലാ സാധ്യതയും ഉണ്ട്.
അങ്ങനെയെങ്കിൽ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റും.
രണ്ടും കല്പിച്ചു മുന്നിൽ കണ്ട ടാക്സിക്കാരനോട് കാര്യം പറഞ്ഞു.
എത്തിക്കാം എന്ന ആയാളുടെ ഉറപ്പിൻമേൽ വണ്ടിയിൽ കറങ്ങി.
ഗേറ്റിൽ തന്നെ നല്ല തിരക്ക്..
അതൊക്കെ കടന്നു വണ്ടി ഓടി തുടങ്ങി..
സീറ്റിൽ ഇരുപ്പുറകെയ്ക്കുന്നില്ല..
സമയം വണ്ടിക്കു മുന്നേ ഓടിക്കൊണ്ടിരുന്നു..
യാത്രക്കിടക്കു തന്നെ വണ്ടിക്കാശു ഗൂഗിൾ പേ ചെയ്തു കൊടുത്തു..
438ന് പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് ഡ്രൈവർ സ്റ്റേഷന് മുന്നിൽ എത്തിച്ചു.

Tripeat-trip-eat-repeat-food-and-travel-magazine-square

കിതച്ചുകൊണ്ട് സ്റ്റെപ്പുകൾ ഓടിക്കയറി.
ഭാഗ്യം….
ട്രെയിൻ എടുത്തിട്ടില്ല..
ഓടി ചെന്ന് കമ്പർട്ട്മെന്റിൽ കയറിയതിന് ശേഷമാണ്
ശ്വാസം നേരെ വീണത്.
ആ ഡ്രൈവറിനോട് യാത്രപോലും പറഞ്ഞില്ലല്ലോന്നു അപ്പോഴാണ് ഓർമ്മ വന്നത്..
കുറച്ചു മിനുട്ടുകൾ അനുഭവിച്ച ടെൻഷൻ ചെറുതൊന്നുമായിരുന്നില്ല.
ദീർഘനിസ്വാസം തീവണ്ടിയോടൊപ്പം പിന്നോട്ടോടി..
നേരം പുലർന്നു വരുന്നതേ ഉള്ളു..
രാവിലെ ഒന്നും കഴിച്ചതുമില്ല.
നീതു എടുത്തു വച്ച കുറച്ചു പഴങ്ങളിൽ ഒരെണ്ണം എടുത്തു.
ഫോണിൽ എടുത്ത ഫോട്ടോകളും വീഡിയോകളും നോക്കി ഇരുന്നും കിടന്നും സമയം പോയി..
ഇടയ്ക്കു വെച്ച് കയ്യിലെ പഴം കഴിച്ചും വിശപ്പടക്കി.
ആരെ എങ്കിലും പരിചയപെട്ടാൽ ഗൂഗിൾപേ ചെയ്തു കൊടുത്ത് കുറച്ചു കാശ് വാങ്ങാം എന്ന ചിന്ത വൈകുന്നേരത്തോട് ഗ്വളിയാർ സ്വദേശി രാഹുലിലൂടെ സാധിച്ചെടുത്തു..
താൽക്കാലത്തെക്ക്‌ ആവശ്യത്തിന് ഇരുന്നൂറ്‌ രൂപ വാങ്ങി പോക്കറ്റിൽ ഇട്ടു..
രാഹുലും എറണാകുളത്തേക്കുള്ള യാത്രയിലാണ്. കോളേജിൽ കൂടെ പഠിച്ച സുഹൃത്തിനെയും ഒപ്പം പറഞ്ഞു കേട്ട ഇടുക്കിയെയും കാണാൻ..
ഇരുട്ട് കേറി തുടങ്ങി..
പോക്കറ്റിൽ ഇട്ട ഇരുന്നൂറ്‌ രൂപ പേഴ്സിലേക്ക് എടുത്തു വെച്ചു.
ബാഗിൽ തലവെച്ചു കിടന്നു..
എപ്പോഴോ ഉറങ്ങിപ്പോയി..
നല്ല തണുപ്പ്..
സമയം മൂന്നു ആവുന്നു..
പോക്കറ്റിൽ കിടന്ന പെർഴ്‌സും ഫോണും ബാക്പാക്കിൽ വെച്ച് ടോയ്‌ലെറ്റിൽ പോയി..
അൽപനേരം ഡോറിൽ നിന്നു..
പേരറിയാത്ത ഏതോ സ്റ്റേഷൻനും കടന്നുപോയി.
വണ്ടി ഓടികൊണ്ടേയിടരിക്കുന്നു.
തണുപ്പിന്റെ കാഠിന്യം കൂടിയപ്പോൾ തിരിച്ചു വന്നു..
വീണ്ടും കിടക്കാൻ ബാഗ് ചെരിച്ചു വെച്ച് സിബ് തുറന്നു ഫോൺ തപ്പി..
വീണ്ടും ഒന്നുകൂടെ തപ്പിനോക്കി..
ഫോൺ കാണുന്നില്ല…
ബാഗ് വലിച്ചെടുത്തു സിബ് മുഴുവനായ് തുറന്നു ഒന്നുകൂടെ നോക്കി..
ഇല്ല….!!
പെഴസും കാണാനില്ല..
ഒരു വെള്ളിടി പാഞ്ഞു..
പുറത്തെ ഇരുട്ട് തലച്ചോറിൽ ബാധിച്ചപോലെ..
സീറ്റിലും താഴെയുമൊക്കെ നോക്കി..
എങ്ങും ഇല്ല..!!
ഏറെക്കുറെ നഷ്ടപ്പെട്ടു എന്നുറപ്പിക്കാൻ വീണ്ടും സമയമെടുത്തു..
അടുത്ത് കണ്ട ഹിന്ദിക്കാരനോട് ഫോൺ വാങ്ങി വിളിച്ചുനോക്കി.

സ്വിച്ചേഡോഫ്..!!
ഇനി പ്രതീക്ഷിച്ചിട്ടു കാര്യമില്ല.
പോയി….
നേരം വെളുത്തുതുടങ്ങി..
വിശപ്പ്‌ അലമുറയിടുന്നു…
കയ്യിലെ പഴം തലേ ദിവസമേ തീർന്നിരുന്നു..
ബാഗ് തപ്പിപെറുക്കി 35രൂപ കിട്ടി..
ആ കാശിന് വീണ്ടും കുറച്ചു പഴം വാങ്ങിച്ചു.
വെള്ളം കുടിച്ചും ഓരോന്ന് കഴിച്ചും സമയം ഉന്തിതള്ളി നീക്കി…
ഫോൺ ഇല്ലാതായപ്പോഴാണ് എത്രത്തോളം സമയം അതിൽ ചിലവഴിക്കാറുണ്ടെന്നു ചിന്തിച്ചത്.
എടുത്തു കൂട്ടിയ ഫോട്ടോസ്..
ഓരോ ചെറിയ കാര്യങ്ങൾ പോലും അതിലാണ്, ഓർമ്മകളിൽ ഒന്നുമില്ല.
അടിമ കാർഡ്.. പാൻ കാർഡ് ആധാർ കാർഡ് ഒക്കെ ഇനിയും ഒന്നിൽ നിന്ന് തുടങ്ങണം..
ഈ യാത്രയിൽ ആദ്യമായിട്ടാണ് എങ്ങനെയേലും ഒന്ന് എത്തിപ്പെട്ടാൽ മതി എന്നാ തോന്നൽ ഉണ്ടാക്കുന്നത്.
സമയം ഉച്ചപോലും ആയിട്ടില്ല. ഇനിയുമുണ്ട് മണിക്കൂറുകളോളം..
കിടന്നും ഇരുന്നും വെള്ളം കുടിച്ചും സമയത്തെ വലിച്ചു നീട്ടി..
വൈകുന്നേരം ഇരുട്ടിലേക്കു വഴിമാറി.
സമയം തള്ളി നീക്കാൻ ഞാൻ പെടാപ്പാട് പെട്ടുകൊണ്ടേ ഇരുന്നു..
ഒടുവിൽ രാത്രി 12മണിയോടെ കണ്ണൂരിൽ ഇറങ്ങി.
എപ്പോഴോ തോന്നിയ നല്ല ബുദ്ധിക്കു ഒരു എ ടി എം കാർഡ് പേഴ്സിൽ നിന്നും മാറ്റി ബാഗിൽ വെച്ചിരുന്നു.
അത് ഉപകാരപ്പെട്ടു..
ആദ്യം കണ്ട കൗണ്ടറിൽ കയറി ക്യാഷ് എടുത്തു അടുത്തുള്ള കടയിൽ കയറി വയറു നിറച്ചു..
വല്ലാത്തൊരു ആശ്വാസം..
പക്ഷെ എന്തൊക്കയോ നേടിയതോടൊപ്പം ചിലതൊക്കെ നഷ്ടപ്പെട്ടിരുന്നു…
കിട്ടിയ ആദ്യ ബസ്സിന്‌ വീട്ടിലേക്കു മടങ്ങി..
വിൻഡോ സീറ്റ് കിട്ടിയിട്ട് കൂടെ ആസ്വദിക്കാൻ പറ്റിയില്ല.

യാത്രകളാണ്..
അനുഭവങ്ങളാണ്..
നല്ലതും മോശവും..

കാഴ്ചകൾ പറഞ്ഞാൽ തീരില്ല..
ഒക്കെയും
കണ്ടറിയേണ്ടവയാണ് അനുഭവിച്ചറിയാനുള്ളതാണ്…

Morickap- resort


ട്രിപീറ്റ് വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ട്രിപീറ്റിലേക്ക് യാത്രാവിശേഷങ്ങളും ഭക്ഷണവിശേഷങ്ങളും അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) tripeat.in@gmail.com , WhatsApp : 9995352248

ട്രിപീറ്റിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ട്രിപ്പീറ്റിന്റെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

Leave a Comment

Your email address will not be published. Required fields are marked *

LATEST ARTICLES

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

നക്ഷത്രങ്ങൾ വഴി കാട്ടിയ ഒരു ഹിമാലയൻ രാത്രി

യാത്രാവിവരണം ശബാബ് കാരുണ്യം അപ്രതീക്ഷിതമായ അങ്കലാപ്പുകളും അരക്ഷിതാവസ്ഥകളും പാകത്തിൽ വന്ന് ചേർന്ന, പക്ഷെ അതിമനോഹരമായൊരു രാത്രിയുടെ രസമുള്ള ഒരു കഥ പറയാം. സുഹൃത്തുക്കളെ കലാ സ്നേഹികളെ…ദാ അങ്ങോട്ട് നോക്കൂ, നമ്മുടെ കഥ നടക്കുന്നത് അങ്ങ്

ദം മ്മാരോ ദം!

ശ്രുതിരാജ് തിലകൻ ‘ബിരിയാണി’ അരെ വാഹ്… എമ്മാതിരി പേരാണ്.. വിക്രം ഘോർപടെ, കടയാടി ബേബി, കാലാ പുരോഹിത് ഖാൻ രഞ്ജി പണിക്കരുടെ സിനിമകളിലെ വില്ലന്മാരുടെ ഈ പേരുകളുടെ കൂടെ കട്ടക്ക് നിക്കണ പേരാണ് ബിരിയാണി

LATEST ARTICLES

കുടജാദ്രി

കുടജാദ്രി

യാത്രാവിവരണം ഷംന. എം ”കുടജാദ്രിയിൽ കുട ചൂടുമ…” എന്ന ആർബം പാട്ട് കേൾക്കാൻ തുടങ്ങിയ കാലം മുതൽ മനസിൽ കയറികൂടിയ ആഗ്രഹമാണ് കുടജാദ്രി. അന്നത്തെ വയസ്സിൽ അത് എവിടെയാണെന്നോ.. ആ സ്ഥലം കാണാൻ പറ്റുമോ

കൊളുക്കുമലയിലെ സൂര്യോദയം

യാത്രാവിവരണം ഷംന. എം എന്റെ യാത്ര സൂര്യനെല്ലി കൊളുക്കുമല സൂര്യോദയം കാണാനാണ്. ഇത് സാധാരണപോലെ ഒറ്റക്കുള്ള യാത്രയല്ലാട്ടോ.പരസ്പരം പരിചയമില്ലാത്ത 43 മിടുക്കികളുടെ കൂടെയാണ്. ‘ട്രാവല്‍ വിത്ത് സന’ എന്ന പെണ്‍കുട്ടികള്‍ക്ക് മാത്രം ഉള്ള ഒരു

Scroll to Top