ആനത്താര – ഭാഗം രണ്ട്
അശ്വിൻ ആരണ്യകം
പിഴുതെടുത്ത മരവുമായുള്ള അവന്റ നിൽപ് പകലായിരുന്നെങ്കിൽ, അതിനുമപ്പുറം ഒരു സുരക്ഷിത അകലത്തിലായിരുന്നെങ്കിൽ എന്റെ ക്യാമറയിൽ അവന്റെ ചിത്രങ്ങൾ നിറഞ്ഞേനെ… ക്രുദ്ധനായ അവന്റെ നിൽപ്പിലെ രൗദ്രതയുടെ ഭംഗി ആകാശത്ത് ഇരുന്നു ആരോ പകർത്തുകയാണ് എന്ന് തോന്നി പോയി മിന്നലിന്റെ വെളിച്ചമടിക്കുമ്പോൾ…!! ഓരോ മിന്നലും ശബ്ദമുണ്ടാക്കാതെ തെളിഞ്ഞു പോകുമ്പോൾ എന്റെ നെഞ്ചിനകത്ത് ഇടി വെട്ടും പോലെ ഹൃദയം ഇടിച്ച് കൊണ്ടിരിക്കുന്നു. ബൈക്ക് ഇട്ടിട്ട് ഓടാൻ ആഗ്രഹിച്ചെങ്കിലും കാലും കയ്യും ഇളക്കാൻ കഴിയാത്ത അവസ്ഥ.

ഞാൻ അവനെയും അവൻ എന്നെയും മുഖത്തോട് മുഖം നോക്കി നിൽക്കാൻ തുടങ്ങിയിട്ട് സമയം കുറച്ചായി. അതോടെ അവനു എന്നെ ആക്രമിക്കാൻ ഉദ്ദേശം ഇല്ലെന്ന് ഉറപ്പായി. എത്രയോ തവണ കാട്ടാന കൂട്ടത്തിന് മുൻപിൽ പെട്ടിട്ടുണ്ട്. അവരുമായുള്ള സുരക്ഷിത അകലം പാലിച്ചു നിന്നാൽ അവർ മാറിപോകാറാണ് പതിവ്. ഇവിടെ ഒരു വശം വലിയൊരു താഴ്ചയും, അവിടേക്ക് വന്യ ജീവികൾ ഇറങ്ങാതെ ഇരിക്കാനുള്ള സോളാർ വേലിയും ആണ്, മറുവശത്തെ കാട്ടിലേക്ക് അവനു കേറി പോകണമെങ്കിൽ അവിടെ നല്ല ഉയർന്ന ഭാഗമാണ്, മുന്നോട്ടോ പിന്നോട്ടോ പോയാൽ മാത്രമേ അവനു കാട് കേറാൻ സാധിക്കു, പിന്നോട്ട് പോകാൻ അവന്റെ സ്വഭാവം വച്ച് സാധ്യതയില്ല, മുൻപോട്ട് പോകണമെങ്കിൽ അവന് എന്നെയോ ബൈക്കോ തട്ടി മാറ്റേണ്ടി വരും, എന്നെ തട്ടി മാറ്റാനാണ് കൂടുതലും സാധ്യത..
വാഹനത്തിന്റെ ഒരു മുരൾച്ച കേൾക്കും പോലെ, എട്ട് മണിക്ക് ഒരു കെ എസ് ആര് ടി സി ബസ്സ് വരാൻ ഉണ്ട്, അതായിരിക്കും, ആ ഒരു ശബ്ദം എനിക്ക് നൽകിയ ആശ്വാസം അത്രമേൽ വലുതായിരുന്നു. പക്ഷേ.. എനിക്ക് പിറകിൽ വന്ന് ഭീകര ശബ്ദത്തോടെ ബ്രേക്ക് ഇട്ട ശകടം കണ്ണാടിയിൽ കൂടെ നോക്കിയപ്പോൾ മിന്നി തിളങ്ങുന്ന ലൈറ്റുകളും ഒരു വിവാഹ പന്തൽ പോളിച്ചൊണ്ട് വന്നത് പോലെ ഒരു മിനി ട്രാവലർ ആയിരുന്നു. വെളിച്ചം പരമാവധി അടിച്ച് ആ ഡ്രൈവർ അതിനകത്തുള്ള ആബാലവൃദ്ധം ജനങ്ങളെയും ആനയെ കാണിച്ചു കൊടുക്കുന്ന തിരക്കിലാണ്.
അതിനകത്തുള്ള ആളുകൾ ക്യാമറയും പൊക്കി പിടിച്ച് വന്യജീവി ഫോട്ടോഗ്രഫി പഠിക്കാൻ വച്ച ക്ലാസ്സ് പോലെ തുരുതുരാ ഫോട്ടോ എടുത്തു കൊണ്ടിരിക്കുന്നു. പതിയെ കാലു കൊണ്ട് നിലത്തൂന്നി ഞാൻ ബൈക്ക് പിറകിലോട്ട് നീക്കിക്കൊണ്ടിരുന്നു. ഏകദേശം പിറകിലെ വാഹനത്തിന്റെ ഡ്രൈവർ കാബിന് സമീപം എത്തിച്ചു. പതിയെ ഞാൻ ഡ്രൈവറോട് എല്ലാവരോടും ശബ്ദം ഇല്ലാതെ ഇരിക്കാൻ പറയാൻ പറഞ്ഞു. പഴയ സ്കൂൾ ക്ലാസ്സ് ആണ് എനിക്കോർമ്മ വന്നത്.. എല്ലാവരും ബഹളം തുടർന്ന് കൊണ്ടിരിക്കെ തുമ്പി കൈയ്യിലെ മരം വാഹനത്തിന് നേരെ വലിച്ചെറിഞ്ഞ് അവനൊന്നു ചിഹ്നം വിളിച്ചു. അതുവരെ ചിരിയും കളിയുമായി ഇരുന്ന വാഹനത്തിൽ നിന്നും കൂട്ട നിലവിളിയും !!
വൻശബ്ദത്തോടെ റിവേഴ്സ് ഗിയർ മാറ്റിയപ്പോൾ തന്നെ ഡ്രൈവറുടെ ഭയപ്പാട് എനിക്ക് മനസ്സിലായി. വണ്ടി നീക്കരുത്!! ആന വണ്ടി ആക്രമിക്കും!! രൂക്ഷമായി ഞാൻ അവനോട് പറഞ്ഞു. അങ്ങിനെ പറയാൻ രണ്ടു കാര്യങ്ങളുണ്ടായിരുന്നു. ഒന്ന് റോഡ് പരിചയമില്ലാത്ത ഡ്രൈവർ ആണ്. അയാൾ വെപ്രാളത്തിൽ പിന്നോട്ട് എടുത്താൽ വളവ് ആയതിനാൽ വണ്ടി താഴ്ചയിലേക്ക് മറിയാൻ സാധ്യത ഉണ്ട്. രണ്ടാമത് ആനകളെ പ്രകോപിപ്പിക്കാൻ പിന്നോട്ട് എടുക്കൽ കാരണം ആകാറുണ്ട്. ആനകളുടെ ആക്രമണ രീതി പരിശോധിച്ചാൽ നിശബ്ദമായി മറപറ്റി പിറകിലൂടെ വന്ന് അക്രമിക്കുന്നത് കൂടുതൽ ആണ്. അതുകൊണ്ട് തന്നെ സുരക്ഷിതമായ അകലം ആനയും ആയി ഇല്ലെങ്കിൽ ഒരിക്കലും അമിത ആത്മവിശ്വാസം കാണിക്കരുത്. വാഹനം ഒരു വശത്തേക്ക് നിർത്തി പതിയെ കടന്നു പോവുക, അല്ലെങ്കിൽ അത് കടന്നു പോകുന്ന വരെ നിർത്തുക.
അടുത്ത നിലവിളി കേട്ടപ്പോൾ ഞാൻ മുൻപിലേക്ക് നോക്കി. അവൻ പതിയെ വാഹനത്തിന്റെ അടുത്തേക്ക് നീങ്ങുകയാണ്. വാഹനത്തിന്റെ ഹെഡ്ലൈറ്റ് വെളിച്ചത്തിൽ അവനെ പൂർണമായി കണ്ടപ്പോൾ ഞാൻ അവന്റെ ചെവിക്ക് മുൻപിലേക്ക് നോക്കി, നീരോലിപ്പു ഒന്നും കാണുന്നില്ല. അപ്പോ മദപ്പാടിൽ അല്ല. വണ്ടി പതുക്കെ അരികിലേക്ക് മാറ്റാനായി ഞാൻ ട്രാവലറിന്റെ ഡ്രൈവറോട് പറഞ്ഞു. പതിയെ പിറകോട്ടെടുത്ത് അവൻ വാഹനം ഒതുക്കി.
സൂചി വീണാൽ കേൾക്കുന്ന നിശബ്ദത, വാഹനത്തിന്റെ മറുപുറത്ത് കൂടെ അവൻ നടന്നു നീങ്ങുമ്പോൾ ഉള്ളിൽ ഉള്ളവരേക്കൾ നെഞ്ചിടിപ്പ് എനിക്കായിരുന്നു. അപ്പോഴേക്ക് അവൻ വാഹനം കടന്നു പോയി, ബ്രേക്ക് ലൈറ്റ് വെളിച്ചത്തിൽ അവൻ കാട് കേറി പോകുന്ന കാഴ്ച നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. അവിടെ നിന്നും അങ്ങോട്ട് യാത്ര ഞാൻ ആ വാഹനത്തിന് പിറകിൽ ആയി. ഓരോ വളവിൽ എത്തുമ്പോഴും ഡ്രൈവർ വേഗത കുറച്ചു പോകുന്നത് കാണുമ്പോൾ ഉള്ളിൽ ചെറിയൊരു ചിരി തോന്നാതിരുന്നില്ല.
തിരുനെല്ലി ക്ഷേത്രത്തിന് മുൻപിൽ എത്തി അവരുടെ വാഹനം ക്ഷേത്രത്തിന്റെ കോമ്പൗണ്ടിലെക്ക് കേറി, ഇനി അവിടുന്ന് അങ്ങോട്ട് വീണ്ടും പോകണം എന്റെ താമസ സ്ഥലത്തേക്ക്, അഥവാ ഞങ്ങളുടെ ഓഷോ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക്. തിരുനെല്ലി ക്ഷേത്രം തൊട്ട് ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് ഒന്നര കിലോമീറ്ററോളം കാണും. മനോഹരമായ കട്ട് റോഡ് ആണ് അവിടേക്ക്, കല്ലിൽ തട്ടി വീഴുന്നതിനേക്കാളും ബൈക്കിന്റെ ലൈറ്റ് കേട്ടു പോകുമോ എന്നായിരുന്നു എന്റെ പേടി. റോഡിന്റെ സൈഡിൽ തന്നെയാണ് ഉണിയേട്ടന്റെ ഗസ്റ്റ് ഹൗസ്.
സമയം ഒൻപത് ആയിരിക്കുന്നു. അവിടെ എത്തി. ഏഴുമണിയോടെ എത്തുമെന്ന് പറഞ്ഞ ഞാൻ എത്താത്തത് കൊണ്ട് ഗസ്റ്റ് ഹൗസ് പൂട്ടി ഉണ്ണിയേട്ടൻ വീട്ടിലേക്ക് പോയിരിക്കുന്നു. അവിടെ നിന്നും ചെങ്കുത്തായ ഒരു ഇറക്കം ഇറങ്ങി വേണം ഉണ്ണിയേട്ടൻ താമസിക്കുന്ന വീട്ടിലേക്ക് ചെല്ലാൻ. ഇരുവശത്തും കാപ്പി തോട്ടമാണ്. ഉണ്ണിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന സുകുമാരനുണ്ണി ഒരു ജൈവകർഷകനാണ്. അതിനുമപ്പുറം ആളൊരു പ്രകൃതി സ്നേഹി കൂടെയാണ്. അതെനിക്ക് ആരും പറഞ്ഞു തന്നതയിരുന്നില്ല, ഏതാനും ആഴ്ചകൾ മുൻപ് ഞാനിവിടെ വന്നിരുന്നു, ഇരുട്ടും മുൻപ് വന്നാൽ ഞങ്ങൾ പോയിരിക്കുന്ന ഒരിടമുണ്ട്. ഉണ്ണിയേട്ടന്റെ പാടം! ഉണ്ണിയേട്ടന്റെ വീട് കഴിഞ്ഞാൽ പാടമാണ്. രക്ത ശാലിയും നവര നെല്ലും വിളയുന്ന പാടം. അതും കഴിഞ്ഞാൽ പുഴയാണ്. ഉണ്ണിയേട്ടന്റെ ഭൂമിയും, കാടും തമ്മിൽ വേർതിരിക്കുന്നത് ആ പുഴയാണ്.
ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാളിന്ദി പുഴ. പുഴയ്ക്ക് അപ്പുറം കാടാണ്. ആ കാടിറങ്ങി ചിലരൊക്കെ ഉണ്ണിയേട്ടന്റെ ഭൂമിയിലേക്ക് വരും, അന്നത്തെ ദിവസം അത്താഴം കഴിഞ്ഞു പതിവുപോലെ നടക്കാനിറങ്ങിയതായിരുന്നു ഞങ്ങൾ. ഏതാണ്ട് ഒൻപതു മാണി കഴിഞ്ഞു കാണും വയലിൽ നിന്നും പതിവില്ലാത്ത ശബ്ദം. ഉണ്ണിയേട്ടാ കാട്ടുപന്നി കേറിയെന്നും പറഞ്ഞു ഒച്ചവെച്ചു ഞങ്ങൾ വയലിന് നേരെ ഓടി. ഞാൻ മുൻപിൽ ഓടവെ ഇനി ഓടേണ്ട എന്ന് ഉണ്ണിയേട്ടൻ പറഞ്ഞപ്പോഴേക്ക് മുന്നിൽ ഒരു കുഞ്ഞു മലപോലെ അവൻ വയലിൽ നിൽക്കുന്നു.
വിളഞ്ഞ ഞാറുകൾ തുമ്പിക്കയ്യാൽ എടുത്ത് അവനങ്ങനെ ആസ്വദിച്ചു തിന്നുകയാണ്. കയ്യിലെ ടോർച്ച വെളിച്ചം കണ്ടതോടെ പിന്തിരിഞ്ഞവൻ അടുത്ത കണ്ടതിൽ കേറി തിന്നാൻ തുടങ്ങി. ഉണ്ണിയേട്ടാ, നമുക്കു ശബ്ദം ഉണ്ടാക്കി അവനെ ഓടിക്കാമെന്നു പറഞ്ഞു തീരും മുൻപേ “വേണ്ടെടാ… നീയിങ്ങു പോരെ” എന്ന് പറഞ്ഞ് ഉണ്ണിയേട്ടൻ തിരിഞ്ഞു നടന്നിരുന്നു. ഞാൻ നിശബ്ദമായി ഉണ്ണിയേട്ടന് പിറകെ നടന്നു. ഉണ്ണിയേട്ടൻ വീട്ടിലേക്കും. ഞാൻ എന്റെ റൂമിലേക്കും കേറിപോയി. ഉണ്ണിയേട്ടന്റെ മാനസിക അവസ്ഥ ഓർത്തു എനിക്ക് ഉറക്കം വരാത്തപോലെ. രാവിലെ ഉണ്ണിയേട്ടന്റെ വിളികേട്ടാണ് ഞാൻ ഉണർന്നത്. എന്ത് പറയും ഈ മനുഷ്യനോട് എന്നും ഓർത്തു ഞാൻ വാതിൽ തുറന്നപ്പോൾ ചിരിച്ചു കൊണ്ട് നീളൻ താടിയും തടവി നിൽക്കുകയാണ് കക്ഷി.
“നീ വാ നമുക്ക് വയലിൽ പോകാം”. അങ്ങിനെ ഞങ്ങൾ ഇറങ്ങി നടന്നു, വയലിൽ ഒരു വശം മാത്രം കഴിച്ചിരിക്കുന്നു, അവന്റെ കാൽപ്പാടുകൾ വലുതായി വയലിൽ പതിഞ്ഞു കിടക്കുന്നുണ്ട്. ”രക്തശാലി തിന്നു രക്തം ശുദ്ധമാക്കി, നവര തിന്നവൻ നാഡിയും ഞരമ്പും ശുദ്ധമാക്കി, ഒരു കുളിയും പാസ്സാക്കി വേഗം പോയെടാ” ഇതും പറഞ്ഞു ചിരിക്കുന്ന മനുഷ്യന്റെ കാര്യത്തിൽ ടെൻഷൻ അടിച്ച എന്നെ തല്ലാൻ എനിക്ക് തന്നെ തോന്നി. ഈ ഭൂമി നമുക്ക് മാത്രമല്ല, അവർക്കും കൂടെ ആണ്, അവരുടെ ഭാഗം അവരെടുക്കും, അങ്ങിനെയാണ് വയനാട്ടിലെ മനുഷ്യരും വന്യജീവികളും കഴിഞ്ഞത്, ആ പരസ്പര സഹവർത്തിത്വം അവസാനിച്ചിടത്താണ് അവരും നമ്മളുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്.
എനിക്ക് മുന്നിലൂടെ പറന്നു പോയ വവ്വാൽ എന്നെ ചിന്തകളിൽ നിന്നും തിരികെ കൊണ്ടുവന്നു. താഴെ വീട്ടിൽ വെളിച്ചമുണ്ട്. “കാട്ടിലുള്ളവർ ഇങ്ങോട്ട് കേറി വരാതെ ഇരിക്കാൻ ഞാൻ വേലി കിട്ടിയിട്ടില്ല, അതുകൊണ്ട് രാത്രി കറക്കം വേണ്ട, അവര് നിന്നെ കണ്ടു പേടിച്ച വല്ലോം ചെയ്യും” പണ്ടൊരിക്കൽ കാപ്പി തോട്ടത്തിലൂടെ രാത്രി ഇറങ്ങി നടന്നപ്പോൾ ഉണ്ണിയേട്ടൻ പറഞ്ഞ വാക്ക് ഓർമ്മയിൽ മനുഷ്യനെ പേടിപ്പിക്കാനായി കേറി വന്നു. ഹേയ് അങ്ങിനെ ഒന്നും ഉണ്ടാകില്ല എന്ന് സ്വയം ആശ്വസിച്ചു നടക്കവേ കാലൊന്നു വഴുക്കലിച്ചതും ഒരുമിച്ചായിരുന്നു.
വീഴാതിരിക്കാൻ ഒരു കാപ്പി ചെടിയുടെ കമ്പിൽ പിടിച്ചു ബാലൻസ് ചെയ്തതും എന്റെ പുറത്തേക്ക് വലിയൊരു കൈ ശക്തമായി വന്നു വീണതും ഒരുമിച്ചായിരുന്നു, ബാലൻസ് തെറ്റി താഴേക്ക് ഒരു അലർച്ചയോടെ ഉരുണ്ടു വീണ ഞാൻ തലയിലേക്ക് ബലമായ ഒരു കാലോ കൊമ്പോ പതിക്കുന്നതും കാത്ത് മണ്ണിലേക്ക് തല അമർത്തി.
അശ്വിൻ ആരണ്യകം
+919946121221
പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്ന രചനകൾ അയയ്ക്കാൻ…
Email : tripeat.in@gmail.com
WhatsApp : +919995352248