നട്ടുച്ചയ്ക്കൊരു മലകയറ്റം

സച്ചിൻ. എസ്‌. എൽ

ഇന്നിമ്മളേടിയാ പൂവ്വാ!!

ചോദ്യം വന്നത്‌ അച്ചൂന്റട്ത്ത്ന്നാണ്. ഒത്തിരിക്കാലം കൂടിയിട്ട്‌ വീണ്ടും ഞങ്ങളെല്ലാരും ഒത്ത്‌ കൂടിയ ദിവസായിരുന്നന്ന്. ഞങ്ങളെന്ന് പറഞ്ഞാൽ ഞാൻ, അശ്വിൻ, അർച്ചു, അച്ചു, അരുൺ, റോജ. പ്ലസ്ടുവിലെ ബോഗൺ വില്ലെക്കാലം ഒന്നിപ്പിച്ച കൂട്ടുകാർ. പഠനകാലം കഴിഞ്ഞതോടെ എല്ലാരും ഓരോ വഴിക്കായി ജോലിത്തിരക്കിലുമായി. ഇതിപ്പൊ വിഷു പ്രമാണിച്ചുള്ള ഒത്തുകൂടലാണ്
എല്ലാരുടേം മനസിൽ അടിച്ചുമ്പൊളിയൊരു
ട്രിപ്പിൽ കുറഞ്ഞ ചിന്തയുമില്ല.

“വയനാടാ ബെസ്റ്റ്‌” അരുൺ പറഞ്ഞു
“വയനാട്ടിലെവിടെ?” എന്റെ ചോദ്യം…

“അത്‌ പോകുന്ന വഴിക്ക്‌ ഉറപ്പിക്കാം”. സ്ഥിരം സാരഥിയായ അശ്വിന് ഫുൾ കോൺഫിഡൻസ്‌.

അങ്ങനെ അതികാലത്തേ ഞങ്ങളു തിരിച്ചു. വാച്ചിൽ 7 മണിയാകുന്നതേയുള്ളൂ…

കാർ സ്റ്റീരിയോയിൽ ’90 കളുടെ ഫോൾഡർ പതിവ്‌ പോലെ തുറന്നു ദാസേട്ടനും എം. ജി ശ്രീകുമാറും പാടിത്തിമർക്കാൻ തുടങ്ങി. അതിന്റിടയിൽ കലപില കൂട്ടാനെന്നോണം ഞങ്ങളെല്ലാരും കൂടി വർത്തമാനക്കെട്ടഴിച്ചും വിട്ടു…

മുൻ വശത്ത്‌ അശ്വിനിപ്പുറം ഞാൻ ഗൂഗിൾ മാപ്പും നോക്കി ഇരിപ്പാണ്. അരുണാണെങ്കിലോ പിൻ വശത്ത്‌ മൂന്ന് പെമ്പിള്ളാർക്കിടയിൽ തിങ്ങി ഞെരുങ്ങി കഷ്ടിച്ചും. വാ തോരാതെയുള്ള അവരുടെ വർത്തമാനത്തിനിടയിൽ അവന് ശ്വാസം മുട്ടുന്നുണ്ടോ എന്ന് വരെ തോന്നിപ്പോകും. കാലത്തെ ഊർജ്ജം അധികനേരം നീണ്ടു നിന്നില്ല. എല്ലാരിലും വിശപ്പ്‌ ക്ഷണിക്കാത്ത അതിഥിയായെത്തിയതോടെ ഹോട്ടൽ കണ്ടാൽ ബ്രേക്കിടാനുള്ള മുറവിളി കൂടി. അങ്ങനെ ബാലുശ്ശേരി കഴിഞ്ഞപ്പൊ ഒരു ഹോട്ടലിന് മുന്നിൽ പ്രാതലിനായി ഞങ്ങളിറങ്ങി. നല്ല ചൂടൻ ദോശയും ഇഢ്‌ലിയും പൂരിയും ഒക്കെ ഓർഡർ ചെയ്ത പ്രകാരം നിരന്നു. സ്വാദേറിയ ഭക്ഷണം അതിലേറെ ആവേശത്തിൽ ഞങ്ങളകത്താക്കി. അപ്പൊഴേക്കും ഡസ്റ്റിനേഷൻ ഉരുത്തിരിഞ്ഞു…

‘കുറുമ്പാലക്കോട്ട…’

വയനാട്ടിലെ മീശപ്പുലിമലയെന്ന് ഖ്യാതിയുള്ള കിടിലൻ സ്പോട്ട്‌. മലകയറ്റം വേണ്ടി വരും. ഒരു ട്രെക്കിംഗ്‌ സാധ്യമാകുന്ന രീതിയിലുള്ള വസ്ത്രങ്ങളല്ല ഞങ്ങളാരും ധരിച്ചിരുന്നത്‌. ആൺപിള്ളാരായ ഞങ്ങളുടെ കാര്യം പോട്ടേന്ന് വെക്കാം… പെൺപിള്ളാരോ! സൽവാറും ലെഗ്ഗിനും കുർത്തയും ഇട്ടോണ്ട്‌ എങ്ങനെ മല കേറാനാ…! പോരാത്തേന് അച്ചൂന്റെ കാലിൽ ഒരൊന്നൊന്നര ഹീൽ ചപ്പലും. തൃപ്തിയായി.

വരണിടത്ത്‌ വച്ച്‌ കാണാന്നും പറഞ്ഞ്‌ അശ്വിൻ ചവിട്ടി വിട്ടു. പ്രാതലിന്റെ ഊർജ്ജം എല്ലാരെയും ഒന്നിനൊന്ന് ഉന്മേഷവാന്മാരാക്കി. കാറിലാകേ ബഹളമയവും കച്ചേരിയും.

മേളമങ്ങനെ കൊഴുത്ത്‌ പൊങ്ങിയപ്പൊ ദാണ്ടെ അർച്ചുവിന് കാലിൽ എന്തോ ഒരു കൊളുത്തി വലി. വേദന കൂടുതലാണെന്നറിഞ്ഞതോടെ കൽപറ്റയിലെവിടെയോ ഒരിടത്ത്‌ വണ്ടിയൊതുക്കി. കൂട്ടത്തിലൊരു ഡോക്ടർ ഉള്ളോണ്ട്‌ അർച്ചുവിന്റെ കാൽ സുഖപ്പെടുത്തുന്ന കാര്യം ഞങ്ങൾ അവളെ ഏൽപ്പിച്ചു. ഡോക്ടർ അച്ചു തന്റെ വർക്ക്‌ തുടങ്ങി. പതിയെ അവൾ സുഖപ്പെട്ടു. പൂർണമായും വേദന മാറിയെന്ന് പറഞ്ഞപ്പൊ കൂട്ടത്തിലാരോ അറിയാതെ പറഞ്ഞു

“അപ്പൊ നീ ശരിക്കും ഡോക്ടറാ ല്ലേ”

ആദ്യമായി വന്ന കേസ്‌ നല്ലവണ്ണം ഒതുക്കിത്തീർത്ത്‌ തലയിലൊരു പൊൻ തൂവലും ചാർത്തിക്കിട്ടിയ അഹങ്കാരത്തിൽ അച്ചു ഇത്തിരി ഞെളിഞ്ഞു.

ഈ വയ്യാത്ത കാലും കൊണ്ടിനി മല കേറാനൊക്കുവോ, എന്ന എന്റെ ചോദ്യത്തെ പുച്ഛിച്ച്‌ തള്ളിക്കൊണ്ട്‌ വാ ബ്രോ വണ്ടീക്കേറ് എന്നുള്ള അർച്ചുവിന്റെ കോൺഫിഡൻസ്‌ ഒരു പ്രഹസനമായിട്ടാ എനിക്ക്‌ തോന്നിയേ…! എന്നാൽ അൽപം കഴിഞ്ഞപ്പൊ അത്‌ മാറി എന്നതാണ് വാസ്തവം. അത്‌ വഴിയേ പറയാം.

തിരിച്ചു കാറിൽ കേറി യാത്ര തുടരും മുൻപ്‌ ട്രൈപോഡിൽ ക്യാമറ സെറ്റ്‌ ചെയ്ത്‌
കിടിലനൊരു ഫ്രെയിം തീർത്ത അശ്വിന്റെ കരവിരുതിൽ പിറന്ന ഗ്രൂപ്പ്‌ ഫോട്ടോ ഇനിയെന്നും ഞങ്ങളുടെ ഓർമയിലേക്കുള്ള ഫ്രെയിമുകളിലൊന്നായി.

കൽപറ്റ ടൗൺ കഴിഞ്ഞതോടെ ഞങ്ങൾ പതിയെ കുറുമ്പാലക്കോട്ട വഴിയിലേക്ക്‌ പ്രവേശിച്ച്‌ തുടങ്ങി.

കൽപ്പറ്റയിൽ നിന്ന് കമ്പളക്കാട്‌ – പള്ളിക്കുന്ന് – വെണ്ണിയോട്‌ റോഡ്‌ വഴി കുറുമ്പാലക്കോട്ടയിലേക്കെത്താൻ 15 കി. മീ ദൂരമാണ് ഗൂഗിൾ മാപ്പിൽ കാണിച്ചത്‌. മലയ്ക്ക്‌ കീഴെ കുരിശ്‌ മല വരെ വാഹനമെത്തും പിന്നീടങ്ങോട്ട്‌ വ്യൂ പോയിന്റിലേക്ക്‌ നടന്ന് കേറണം.

മുൻ കരുതലെന്നോണം ആകെ വാങ്ങിച്ചു വെച്ചത്‌ 2 കുപ്പി വെള്ളം മാത്രം. അടുത്തെങ്ങും ഒറ്റക്കടകളില്ല. ഒത്തിരി ദൂരം നടന്ന് കേറാനുണ്ടെന്ന് അവിടെ പുല്ലു വെട്ടിക്കോണ്ടിരുന്ന ചേച്ചി പറഞ്ഞ്‌ കേട്ടതോടെ എന്റെ ഫ്യൂസ്‌ പോയി. ഇതേ അവസരത്തിൽ അർച്ചു വീട്ടിൽ നിന്ന് കുപ്പിയിലാക്കി കൊണ്ട്‌ വന്ന ഉപ്പിലിട്ട മാങ്ങ നാവിൽ വെള്ളമൂറിക്കുകയും ഏതോ ആന്തരികപ്രേരണയാൽ വായിലാകമാനം കേലോൽപാദനപ്രക്രിയ നടത്തുകയുമുണ്ടായി. പിന്നെക്കണ്ടത്‌ ഞങ്ങളാറ് പേരും കൂടി വട്ടത്തിലിരുന്ന് ആ കുപ്പി കാലിയാക്കുന്ന പ്രവൃത്തിയുടെ കാഴ്ചയാണ്. നേരു പറയണമല്ലോ ബാക്കിയുള്ളോർ കഴിച്ചതിനേക്കാൾ ഒരു നാലു കഷ്ണം കൂടുതൽ എന്റെ അകത്ത്‌ എത്തിയിരുന്നു.

പതിയെ ഞങ്ങൾ നടത്തമാരംഭിച്ചു. ആരോഗ്യസ്ഥിതി ഉത്തുംഗശൃംഗത്തിലായതിനാൽ ഒരു നൂറു മീറ്റർ ചെല്ലുമ്പോഴേക്കും എനിക്ക്‌ നല്ല ഹൈ വോൾട്ടേജ്‌ കിതപ്പ്‌ വന്ന് തുടങ്ങി.

വഴിയിലുടനീളെ പല പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുണ്ട്‌. എല്ലാരും അത്ഭുതം കൂറുന്ന കണ്ണുകളാലേ ഞങ്ങളെ നോക്കി നിൽപ്പുമുണ്ട്‌.

“ഏത്‌ നാട്ടീന്ന് വന്ന സൈക്കോകളാണിവരെന്നാവും അവർ ചിന്തിച്ചു കാണുക”.

അല്ലാണ്ട്‌ പിന്നെ ഈ നട്ടുച്ച വെയിലത്ത്‌ ഇങ്ങനൊരു സാഹസത്തിന് മുതിരാൻ, ബുദ്ധിയുള്ള എതേലും മനുഷ്യന്മാർ തയ്യാറാകുമോ!

എവിട്ന്ന്…!!!

6 പേർക്കും തലക്ക്‌ നല്ല ഓളമായത്‌ കൊണ്ട്‌. അവർക്ക്‌ തോന്നിയ ചിന്ത ഞങ്ങളിലാർക്കും തോന്നിയില്ല എന്നതാണ് വസ്തുത. കാട്ടുചോല കടന്ന്, കുതിച്ച്‌ പാഞ്ഞ്‌ വെയിലെത്തുന്ന ഇടത്തേക്ക്‌ വൈകാതെ ഞങ്ങളെത്തി. വെയിലെന്ന് പറഞ്ഞാൽ മറയേതുമില്ലാതെ മണ്ടയിലോട്ട്‌ ആഞ്ഞു കുത്തുന്ന നല്ല ഉശിരൻ വെയിൽ.

ആ വെളിച്ചം കണ്ടപാടെ എനിക്ക്‌ തലകറങ്ങി. ഇതൊക്കെ സിമ്പിളല്ലേ എന്ന് പറഞ്ഞ്‌ മുന്നിലൂടെ പാഞ്ഞ്‌ പോയത്‌ നേരത്തെ കാലുളുക്കി വഴിയിൽ കിടന്ന് നിലവിളിച്ച അർച്ചുവും. അണ്ണാൻ ചില്ലതോറും ചാടി മാറുന്നത്‌ പോലെ അർച്ചുവും ചാടിച്ചാടി കുന്ന് കീഴ്പെടുത്തുന്നത്‌ പോലെ എനിക്ക്‌ തോന്നി.

നേരത്തെ എനിക്ക്‌ അവളെപ്പറ്റിയുണ്ടായിരുന്ന പ്രഹസന ധാരണ പതിയെ മലയിറങ്ങിപ്പോയി.

എന്നാൽ അപ്രതീക്ഷിതമയി ക്ഷണിക്കാത്ത ഒരു പ്രകമ്പനം സൃഷ്ടിക്കപ്പെട്ടു. അതും എന്റെ വയറിനകത്ത്‌. മലയിടുക്കുകളിൽ വെള്ളം ചെന്ന് വീഴുന്ന ശബ്ദവും പാറക്കൂട്ടങ്ങൾ ഇളകിത്തെറിക്കുന്ന പ്രവണതയും എനിക്ക്‌ അപ്പൊ അറിയാൻ കഴിഞ്ഞു. എന്റെ സ്വന്തം വയറ്റിനകത്ത്‌.

മാങ്ങ ചതിച്ചു. തലയിൽ കൈവച്ച്‌ ഞാൻ പറഞ്ഞപ്പൊ കേട്ട്‌ നിന്നോരെല്ലാം ഞെട്ടി. വയറിളകി മറിഞ്ഞ്‌ ഒരു പ്രളയം കണക്കെ പൊട്ടിത്തെറിക്കുമെന്ന ഭീതിയിൽ ഞാനാകെ തളർന്നിരുന്നു. ഡോക്ടർ അച്ചു മൂക്കത്ത്‌ വിരൽ വെച്ചു. ഇക്കാലമത്രയും പഠിച്ച്‌ തീർത്ത പുസ്തകങ്ങളിൽ ഇതിന് മാത്രമുള്ള ചികിൽസ ഇല്ലല്ലോ എന്നുള്ള ആശങ്ക ആ മുഖത്തുണ്ട്‌.

റോജ എന്നെ എണീപ്പിക്കാൻ ശ്രമിച്ചു. കയ്യിൽ അവശേഷിച്ചിരുന്ന അവസാന തുള്ളി വെള്ളം കൊണ്ട്‌ സ്വന്തം തൊണ്ട നനച്ച്‌ അരുൺ കൈമലർത്തി.

“സാരമില്ല ബ്രോ…”

എല്ലാം മറന്ന് മലകേറാം എന്ന് അവൻ ആഹ്വാനം ചെയ്തു. ഇതൊന്നും കാണാനോ കേൾക്കാനോ ചെയ്യാതെ ഫർലോംഗുകൾ ഉയരെ കണ്ണെത്താത്ത പാറക്കൂട്ടങ്ങളുടെ മണ്ടയിലെത്തിയിരുന്നു സാക്ഷാൽ അർച്ചു.

ചിന്തയും ശക്തിയും വയറിനകത്തേക്ക്‌ സംഭരിച്ച്‌ പിന്നോക്കം ചായതെ ഞാൻ വീണ്ടും മലകയറ്റം ആരംഭിച്ചു. മഴയിൽ നനഞ്ഞ പോലെ വിയർപ്പൊഴുകി, തൊണ്ട വറ്റി വരണ്ടു, അച്ചുവിന്റെ ചെരുപ്പിലെ ഹീലുകൾ ഇളകി മാറി. മുട്ടുങ്കാലോളം വിയർപ്പിനാൽ നനഞ്ഞൊട്ടി, കൈ വെയ്ക്കുന്ന പാറകൾ വരെ ചുട്ട്‌ പൊള്ളി, പച്ചപ്പ്‌ കണ്ട കാലം മറന്ന മലഞ്ചെരിവുകൾ, ആ ചെരിവുകളിൽ ഭീതിപ്പെടുത്താനെന്നോണം എത്തുന്ന കനത്ത കാറ്റ്‌. ആ കാറ്റിൽ പോലും ചൂടേൽപ്പിക്കുന്ന പൊള്ളിക്കലുകൾ. എത്തിയ ഇടത്തു നിന്ന് മുകളിലോട്ട്‌ നോക്കാൻ പറ്റാത്ത അവസ്ഥ. സൂര്യൻ തന്റെ സ്വയം പ്രകാശിത കഴിവിന്റെ മൂർദ്ധന്യാവസ്ഥയിൽ നിൽക്കുന്ന ഈ നേരം ഞങ്ങൾ മല കയറി വന്നതേ തെറ്റ്‌ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു മൂപ്പർ ഞങ്ങളുടെ കണ്ണിലേക്ക്‌ വെളിച്ചം കൊണ്ട്‌ ഇരുട്ട്‌ നിറച്ചത്‌. ഇനി പിന്നോട്ടില്ല എന്ന ഉറച്ച നിലപാടിൽ അരുൺ മുന്നോട്ടാഞ്ഞു. ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത കൂടെയുള്ള ഒരുത്തി അർച്ചു ഈ പറഞ്ഞ ദുർഘടാവാസ്ഥകളെയൊക്കെ ഇല നുള്ളിക്കളയുന്ന ലാഘവത്തിൽ മറികടന്ന് ഉയരങ്ങളേറെ താണ്ടി എന്നുള്ളതായിരുന്നു. അത്‌ കൊണ്ട്‌ ഇനിയും മുകളിലോട്ട്‌ കേറാതെ നിവൃത്തിയില്ല.

തണലേതുമില്ലാത്തതിനാൽ ഒരിടത്ത്‌ തന്നെ നിൽക്കുന്നത്‌ അത്ര പന്തിയല്ല. ചൂട്‌ അസഹനീയമായി തുടരുകയാണ്. ക്ഷീണം മറന്ന് ഞങ്ങൾ വീണ്ടും പ്രയാണം ആരംഭിച്ചു.

മുന്നോട്ടുള്ള പാത ഇത്ര നേരവും കടന്ന് വന്നത്‌ പോലത്തേതിന് സമാനമല്ല. പാറക്കെട്ടുകൾ നിറഞ്ഞ ഇടുങ്ങിയ വഴികളാണ്. സൂക്ഷിച്ചും കണ്ടും ഞങ്ങൾ അവയൊക്കെ മറികടന്ന് ഏതാണ്ട്‌ മലയുടെ ഏറ്റവും ഉയരമേറിയ ഭാഗത്തിന്റെ തൊട്ട്‌ താഴെ വരെ എത്തി.

ഇനിയങ്ങോട്ടാണ് ഞങ്ങൾ ശെരിക്കും പെട്ട്‌ പോയത്‌. കുത്തനെയുള്ള കയറ്റം. ചെരിവ്‌ അധികമില്ല. മുൻപ്‌ ചെന്നിട്ടുള്ള ആളുകൾ വെട്ടിത്തെളിച്ച ചാൽ വഴികൾ തേടിപ്പിടിച്ച്‌ മലകയറി. പലപ്പോഴും കാലുകൾ വഴുതി വീഴാനാഞ്ഞു. എങ്ങനെയൊക്കെയോ ആ ദുർഘടാവസ്ഥയും മറികടന്നു. ഒടുവിൽ കുറുമ്പാലക്കോട്ടയെന്ന സ്വർഗ്ഗഭൂവിന്റെ ഏറ്റവും ഔന്നത്യത്തിൽ ഞങ്ങളെത്തി.

ഒന്നലറി വിളിക്കാൻ തോന്നിയ നിമിഷം. വറ്റി വരണ്ട തൊണ്ട പക്ഷേ ശബ്ദം പുറപ്പെടുവിച്ചില്ല. ഒരിറ്റു ജലം, തൊണ്ട നനയ്ക്കാൻ കിട്ടിയില്ലെങ്കിൽ കുഴഞ്ഞ്‌ വീഴുമെന്ന് തോന്നിപ്പോയ നിമിഷം. ഞാനും അച്ചുവും അവിടവിടായിക്കണ്ട പാറകളിൽ ഇരുന്ന് അഭയം തേടി. റോജയെയും ക്ഷീണം അലട്ടിയിരുന്നു. അരുൺ മറ്റൊരു വശത്ത്‌ തളർന്നിരിപ്പാണ്.

ഇനി ബാക്കിയുള്ള രണ്ട്‌ പേരുടെ കാര്യമാണ് രസം. അശ്വിൻ അവിടുന്നെടുക്കാനുള്ള മാസ്റ്റർ പീസ്‌ ഫ്രെയിമിനു വേണ്ടി ട്രൈ പോഡ്‌ സെറ്റ്‌ ചെയ്തോണ്ടിരിക്കുന്നു. അർച്ചു പക്ഷേ നിരീക്ഷണത്തിലായിരുന്നു. മലമുകളിൽ നിറയെ ടാർപോളിൻ ഷീറ്റ്‌ കൊണ്ട്‌ തട്ടിക്കൂട്ടിയ മൂന്ന് നാലു കടകളുണ്ട്‌. പ്രധാനമായും കുടിവെള്ളവും മറ്റും വിൽക്കുന്ന കടകളാകണം. ഒരെണ്ണം പോലും തുറന്ന് കണ്ടില്ല എന്നത്‌ ഏറെ വിഷമം സൃഷ്ടിച്ചു. അതിലേറെ ഞങ്ങളുടെ പ്രാന്തിന്റെ തോത്‌ എത്രത്തോളം ഭീകരമാണ് എന്ന അറിവും തന്നു. ഈ നേരത്ത്‌ ഒരു മനുഷ്യനും മലതാണ്ടി വന്ന ചരിത്രമില്ല എന്നതല്ലേ ഈ അടച്ചിട്ടിരിക്കുന്ന കടകൾ പറയുന്നത്‌…

എന്താല്ലേ…!!!

പറയാൻ വന്ന കാര്യം മറന്നു. അർച്ചുവിന്റെ
നിരീക്ഷണം മറച്ചു വച്ച ടാർപോളിൻ ഷീറ്റുകളിലെ ദ്വാരങ്ങളിലൂടെ ഉൾവശത്ത്‌ കുപ്പിവെള്ളമുണ്ടോ എന്ന പരതലായിരുന്നു. അവസാനം ഏറ്റവും അറ്റത്തേതിൽ കുപ്പിവെള്ളങ്ങൾ വെച്ചതായി കണ്ടു. അവൾ അവിടുന്ന് വിളിച്ച്‌ കൂവി..

വെള്ളം…. വെള്ളം….

ഇത്‌ കേട്ടതും അശ്വതി ഓടി പിന്നാലേ ഓടാൻ ആവതില്ലാത്തോണ്ട്‌ പതിയെ നടന്ന് ഞാനും അതിന് പിന്നിൽ റോജയും അരുണും.

ചെന്ന് നോക്കിയപ്പൊ വിൽക്കാൻ വെച്ചിരിക്കുന്ന ബോട്ടിലുകളാണ്. സമ്മതമില്ലാതെ അവ കൈക്കലാക്കുന്നത്‌ ശരിയാണോ? ഒരു നിമിഷം ശങ്കിച്ചു.

“ഇനീം വെള്ളം കിട്ടിയില്ലെങ്കിൽ താഴേക്ക്‌ ഇറങ്ങുമ്പൊ എന്നെ നിങ്ങൾ എടുത്ത്‌ കൊണ്ടോവേണ്ടി വരും”

അശ്വതി പറഞ്ഞു…

അവളുടെ ഭാരം ഓർത്തപ്പൊ മറുത്തൊന്നും ചിന്തിച്ചില്ല ഞാൻ പറഞ്ഞു

“അർച്ചൂ നീ ധൈര്യമായിട്ട്‌ എടുക്ക്‌”

ടാർ പോളിൻ ഷീറ്റ്‌ വകഞ്ഞ്‌ മാറ്റിയുണ്ടാക്കിയ ഒരു വിടവിലൂടെ അർച്ചു അകത്തേക്ക്‌ ഏന്തി വലിഞ്ഞു. അവളുടെ ഇരുകാലുകളും വലിച്ചും അയച്ചും അച്ചു സഹായിക്കുന്നുണ്ടായിരുന്നു.

ഒടുക്കം 2 ബോട്ടിൽ വെള്ളം പരതിയെടുത്ത്‌ അർച്ചു വെളിയിലെത്തി.

പിന്നീട്‌ ദിവസങ്ങളോളം മരുഭൂമിയികപ്പെട്ട്‌ ഒടുക്കം ഒരിറ്റ്‌ ജലം കിട്ടിയ മനുഷ്യന്റെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്‌. ആർത്തിയോടെ കുടിച്ച്‌ തീർത്തപ്പോൾ അമൃതിന് തുല്യമെന്ന് തോന്നി. ട്രൈ പോഡിൽ ഫ്രെയിം സെറ്റ്‌ ചെയ്ത്‌ അശ്വിനും ഓടിക്കിതച്ചെത്തി തലയിലേക്കും വായിലേക്കും ഒരുമിച്ചൊഴിച്ച്‌ കുടിച്ചു.

ഉന്മേഷം വീണ്ടുകിട്ടിയ ഞങ്ങൾക്ക്‌ ആ കട മാലാഖ സൃഷ്ടിച്ച ഒരു യഥാർത്ഥ മരീചികയാണെന്ന് തോന്നി. എടുത്ത ബോട്ടിലുകളുടെ തുക അവിടെ വെച്ച്‌ വരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും പഴ്സ്‌ താഴെ കാറിൽ വെച്ചിരിക്കുകയായിരുന്നു. ഞങ്ങൾ തീർത്തും നിസഹായരായി എന്ന് പറയണമല്ലോ!

(ഈ കുറിപ്പ്‌ ആ കടയുടെ ഉടമസ്ഥർ വായിക്കുകയാണെങ്കിൽ ഒരു കളവിന്റെ കുമ്പസാരമായിട്ട്‌ ഇതിനെ കാണരുത്‌. ജീവൻ പോകുമെന്ന അവസ്ഥയിൽ നിങ്ങൾ കൊണ്ട്‌ വെച്ച ആ രണ്ട്‌ കുപ്പി വെള്ളം ഞങ്ങൾക്ക്‌ ജീവാമൃതായി. ആ സ്നേഹം നിങ്ങളോട്‌ എന്നും കാണും പരസ്പരം കാണാതെയാണെങ്കിലും കടപ്പെട്ടിരിക്കും)

പിന്നീടുള്ള നിമിഷങ്ങൾ ആസ്വാദനത്തിന്റേതായിരുന്നു. നാലു വശത്ത്‌ ചെന്നാലും വയനാടിന്റെ പലഭാഗങ്ങളായി കാണാം. അതിമനോഹരമായ ദൃശ്യം. ഇനി പുലർച്ചെയാണ് ഇവിടെ വന്നിരുന്നതെങ്കിൽ വെള്ളപുതച്ച മേഘങ്ങൾക്ക്‌ മീതെ നമ്മൾ നിൽക്കുന്നത്‌ പോലെയുള്ള ഫീൽ എന്തായാലും കിട്ടിയേനെ…

ആ കാഴ്ച നഷ്ടപ്പെട്ടതിൽ സങ്കടമില്ല. പ്രകൃതി സമ്മാനിച്ച ഈ അത്ഭുതത്തിൽ ഞങ്ങൾ തൃപ്തരാണ്.

ടൈമർ സെറ്റ്‌ ചെയ്ത്‌ അശ്വിൻ സൃഷ്ടിച്ച മറ്റൊരു കിടിലൻ ഫ്രെയിമുമായി ഞങ്ങൾ പതിയെ മലയിറങ്ങി…

അധികം കഷ്ടപ്പെടാതെ താഴേക്കിറങ്ങി വരാൻ പറ്റി. താഴെയെത്തിയപ്പോൾ നേരത്തെ കണ്ട തൊഴിലാളികൾ ഉച്ചഭക്ഷണം കഴിഞ്ഞ്‌ വിശ്രമത്തിലാണ്. അവർ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.

“ഇവറ്റകൾ ജീവനോടെ തിരിച്ച്‌ വന്നോ! എന്നതാവും ആ നോട്ടത്തിനു പിന്നിൽ”

സമയം അപ്പോഴേക്കും ഏതാണ്ട്‌ മൂന്ന് മണിയോടടുത്തു. ഒരാനയെ തിന്നാനുള്ള വിശപ്പ്‌ എല്ലാർക്കും ഉള്ളതോണ്ട്‌ അശ്വിൻ നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി കുതിച്ചു…

ചെന്നു കേറുന്ന ഹോട്ടലിൽ വൃത്തിയുള്ളൊരു ടോയ്‌ലറ്റ്‌ കാണണേ എന്നായിരുന്നു എന്റെയുള്ളിൽ അപ്പോഴുമുണ്ടായിരുന്ന പ്രത്യാശ!

ശുഭം!

Leave a Reply

Your email address will not be published. Required fields are marked *