കൊറിയൻ സിനിമകൾ കണ്ട്‌ കണ്ട്‌ ഒടുക്കം കൊറിയയിലേക്ക്‌ – ഭാഗം 6

മിഥുൻ ബാബു സഞ്ജയ്‌

ആറാം ദിവസം

എനിക്ക് ഏറ്റവും അധികം ഇഷ്ടമുള്ള 5 സിനിമകൾ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ, അതിൽ ഉറപ്പായും ഉണ്ടാവുന്ന ഒരു ചിത്രമാണ് “Welcome to Dongmakgol” എന്ന കൊറിയൻ ചിത്രം. 1960 കളിൽ കൊറിയയിൽ വർഷങ്ങളോളം കളിച്ച ഒരു നാടകത്തിൻ്റെ സിനിമ പതിപ്പാണ്, 2005 ൽ ഇറങ്ങിയ ഈ ചിത്രം. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള യുദ്ധത്തിൻ്റെ ഇടയിൽ, ഇരു രാജ്യത്തിലേയും പട്ടാളക്കാരിൽ ഒറ്റപ്പെട്ടുപോയ അഞ്ചു പട്ടാളക്കാർക്ക് ഒരേ ഗ്രാമത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നതാണ് ഇതിവൃത്തം. അവർ അഭയം പ്രാപിച്ച ഗ്രാമം, PyeongChang പ്രവിശ്യയിൽ സെറ്റിട്ടിരുന്നതാണ്. അന്തർദേശിയ തലത്തിൽ സിനിമ ശ്രദ്ധിക്കപ്പെട്ടപ്പോൾ ‘ഗ്രാമം’ കാണാനായി സഞ്ചാരികൾ ഒഴുകുകയും, പിന്നീട് ആ സിനിമ സെറ്റ് ഒരു ടൂറിസ്റ്റ് സെന്ററായി നിലനിർത്തി പോരുകയും ചെയ്തിരുന്നു. സൊഓളിൽ നിന്ന് ഏകദേശം 200km ദൂരമുള്ള ആ ‘ഗ്രാമ’ത്തിലേക്കാണ് ഇന്നത്തെ യാത്ര. ഒപ്പം മറ്റൊരു യാത്ര കൂടി ഉണ്ട്. “My Sassy Girl” എന്ന എക്കാലത്തെയും വലിയ കൊറിയ ഹിറ്റ് മൂവിയിലെ ക്ലൈമാക്സിൽ വരുന്ന “Time Capsule” കുന്നിലേക്കും. ഭാഗ്യം കൊണ്ട് ഈ രണ്ടു ലൊക്കേഷനുകളും PyeongChang പ്രവിശ്യയിൽ തന്നെയാണ്. കാശും സമയവും കുറവുള്ള ഈ സമയത്തു അതൊരു ലാഭമായി.

രാവിലെ തന്നെ റെയിൽവേ സ്റ്റേഷനിൽ എത്തി. PyeongChang പ്രവിശ്യയിൽ Yeongwol-gun എന്ന ഗ്രാമത്തിനടുത്തുള്ള Yulchi പ്രദേശത്താണ് ഈ ‘ഗ്രാമം’. അന്വേഷിച്ചപ്പോൾ, Yeongwol-gun ലേക്ക് ഇനി അടുത്ത ട്രെയിൻ വൈകിട്ടാണ്.

“ശ്ശെടാ…അങ്ങനെ വരാൻ വഴിയില്ലല്ലോ… ബുസാനിലേക്കൊക്കെ മിനിറ്റുകൾ ഇടവിട്ട് ട്രെയിൻ ഉണ്ടായിരുന്നല്ലോ.. ?”

റെയിൽവേ സ്റ്റേഷൻ്റെ എതിർവശം തന്നെയാണ് ബസ്സ്സ്റ്റാൻഡ്. ഉടനെ അങ്ങോട്ടേക്ക് ചെന്നു. അന്വേഷിച്ചപ്പോൾ ബസ്സ് ഉണ്ട്. പക്ഷെ രാവിലത്തെ ട്രിപ്പിൽ ഒന്നും സീറ്റില്ല. 🙁 ഉള്ളത് ഉച്ചക്ക് 2:30 ന്.
4 മണിക്കൂർ യാത്ര ഉണ്ട്. Yeongwol-gun ചെല്ലാൻ 6:30 ആവും. പിന്നെയും അവിടെ നിന്ന് 45 മിനുറ്റ് ബസ്സിൽ യാത്ര ചെയ്തു വേണം Yulchi യിൽ എത്താൻ. കണക്കു കൂട്ടിയപ്പോൾ നേരം ഇരുട്ടും. അപ്പോൾ 2:30 ന് പോയിട്ട് കാര്യമില്ല. കാര്യങ്ങൾ കുഴഞ്ഞു. കൊറിയയിൽ പൊതു ഗതാഗതം മുൻപന്തിയിലാണ് എന്ന ധാരണയിൽ ബസ്സ് ട്രെയിൻ സമയങ്ങൾ ഒന്നും മുന്നേ കൂട്ടി അന്വേഷിക്കാതെ യാത്രക്കു ഇറങ്ങിയതാണ് പണിയായത്‌.

മറ്റൊരു ബുദ്ധി തോന്നി. അടുത്തുള്ള മറ്റേതെങ്കിലും പട്ടണത്തിലേക്കുള്ള ബസ്സിൽ ടിക്കറ്റ് ഉണ്ടെങ്കിൽ, അതിൽ പോയിട്ട് അവിടെ നിന്ന് Yeongwol-gun ലേക്ക് ബസ്സ് പിടിച്ചാലോ?

Yeongwol-gun ന് 100 Km മുൻപായി Wonju എന്നൊരു പട്ടണം ഉണ്ടെന്നും അവിടേക്കു ബസ്സിൽ ടിക്കറ്റ് ഉണ്ടെന്നും അറിഞ്ഞു. ഓക്കേ. എങ്കിൽ Wonju. അങ്ങനെ ബസ്സ് പിടിച്ചു Wonju വിൽ എത്തി. അവിടുത്തെ കൗണ്ടറിൽ ടിക്കറ്റ് എടുക്കാൻ ചെന്നപ്പോൾ, അവിടെ നിന്നും Yeongwol-gunലേക്ക് ബസ്സില്ല, അവിടെ നിന്ന് Yeongwol-gunലേക്ക് ഉള്ളതെല്ലാം സൊഓളിൽ നന്നു വരുന്ന ബസ്സുകൾ മാത്രമാണ് ! അതായത്‌, ഇനിയുള്ളത് 2:30 ന് സൊഓളിൽ നിന്ന് പുറപ്പെട്ടു വരുന്ന ബസ്സാണ്. ആ ബെസ്റ്റ് !

ഉൾനാടൻ പ്രദേശങ്ങളിൽ പൊതു ഗതാഗതം ഒക്കെ നമ്മുടെ നാട്ടിലെ പോലെയൊക്കയെ ഉള്ളു എന്ന് മനസ്സിലായി. പക്ഷെ ഇവിടെ സ്ഥിതി അല്പം വ്യത്യസ്തമാണ്. ഈ രാജ്യത്തെ 40% പൗരന്മാരും തലസ്ഥാന നഗരമായ സൊഒളിലാണ്‌ താമസിക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ മനുഷ്യവാസം കുറവാണ്. അതുകൊണ്ടും കൂടിയാവാം.

മുന്നോട്ടുള്ള എല്ലാ യാത്രകളുടെയും സമയ വിവരങ്ങൾ അപ്പോൾ തന്നെ നോക്കി. അപ്പൊ അടുത്ത കൊണഷ്ട്ട്. Yeongwol-gun ൽ ചെന്നാലും, Yeongwol-gun ഇൽ നിന്ന് Yulchi യിലേക്ക് ആകെ രണ്ടേ രണ്ടു ബസ്സ് സർവിസേ ഉള്ളൂ. ഒന്ന് രാവിലെ 5:30 നും ഒന്നു ഉച്ചക്ക് 12 :30 നും. ഇപ്പൊ മണി 4PM. അപ്പൊ, ഇന്നിനി Yeongwol-gun ഇൽ ചെന്നിട്ടു കാര്യവുമില്ല. യാത്ര നാളേക്ക് മാറ്റി വെക്കാമെന്നു വെച്ചാൽ, നാളെ ആണേൽ തിരിച്ചു പോരുന്ന ദിവസവുമാണ്. “Welcome to Dongmakgol” ഉം “My Sassy Girl”ഉം ഏതാണ്ട് ഉപേക്ഷിക്കേണ്ടി വരുമെന്ന് ഉറപ്പായി.

ഇത്രയും ആഗ്രഹിച്ചു വന്ന രണ്ടു സ്ഥലങ്ങൾ…വർഷങ്ങളായി സ്വപ്നമായി മനസ്സിൽ ഉണ്ടായിരുന്ന സ്ഥലങ്ങൾ… ഇത്രെയും കഷ്ടപ്പെട്ട്‌ കാശും ചിലവാക്കി ഇവിടെ വരെ വന്നിട്ടും, ഏറ്റവും ആഗ്രഹിച്ചത് തന്നെ കാണാൻ പറ്റാതെ തിരിക പോവുക എന്ന് ഓർക്കുമ്പോൾ… വല്ലാത്ത നിരാശ. ദൂരേക്കുള്ള യാത്രകൾ ട്രിപ്പിൻറെ ആദ്യ ദിവസങ്ങളിൽ ആക്കണം എന്നൊരു പാഠവും പഠിച്ചു.

കൊറിയയിൽ എത്തിയത് തന്നെ ഇതുപോലെ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ്. ഈ അവസാന നിമിഷവും തോൽക്കാൻ പാടില്ലല്ലോ. രണ്ടു സ്ഥലങ്ങളും കാണാതെ പിന്മാറാൻ എനിക്ക് മനസ്സ് വന്നില്ല. വീണ്ടും മൊബൈൽ എടുത്തു.
സമയ ക്രമങ്ങൾ നോക്കി. രാത്രി 12:00 മണിക്ക് ഒരേ ഒരു ട്രെയിൻ ഇവിടെനിന്ന് Yeongwol-gun ലേക്ക് ഉണ്ട്. അതിൽ പോയാൽ രാവിലെ 5:30 ന് Yeongwol-gunൽ നിന്നുള്ള Yulchi ബസ്സ് കിട്ടും. 6 :40 dongmakgol ഗ്രാമത്തിൽ എത്തും. തിരികെ 7 :15 നാണ് ബസ്സ്. (അത് കഴിഞ്ഞാൽ 12:30 നേ ഉള്ളു ) അതിൽ തിരികെ വീണ്ടും Yeongwol-gun ലേക്ക് അവിടെ നിന്ന് 8:30 ന്റെ ബസ്സിൽ ടൈം ക്യാപ്സ്യൂൾ കുന്നിലേക്കു ബസ്സ്. 9 :30 നു കുന്നിൽ എത്തും. കുന്നിൽ നിന്ന് കൃത്യം 10 മണിക്ക് തിരികെ ഇറങ്ങിയാൽ 10:10 ന് Yeongwol-gun സ്റ്റേഷനിലേക്ക് ബസ്സ്. അവിടെ നിന്ന്
സൊഓളിലേക്കുള്ള 11 മണിക്ക് ട്രെയിൻ കിട്ടും. വൈകുന്നേരം സൊഓൾ. 7 മണിക്ക് എയർ പോർട്ട് റിപ്പോർട്ടിങ് ടൈം. ഭയങ്കര ടൈറ്റ് ടൈമിംഗ് പ്ലാൻ ! ഈ പ്ലാൻ ചെയ്ത എല്ലാ ബസ്സും ട്രെയിനും, എല്ലാം, അത് കഴിഞ്ഞാൽ പിന്നെ വൈകുന്നേരവും രാത്രിയും ഒക്കെ ഉള്ളു അടുത്ത്. ചുരുക്കം പറഞ്ഞാൽ കടുകുമണി വ്യത്യാസത്തിൽ ഏതെങ്കിലും ഒന്നിൻ്റെ ടൈം ഒന്ന് അങ്ങോടോ ഒന്ന് ഇങ്ങോടോ മാറിയാൽ ഞമ്മടെ കൊറിയയിൽ നിന്നുള്ള തിരിച്ചു വരവ് തവിടു പൊടി. വിട്ടില്ല. പടച്ചോനെ നിങ്ങൾ കത്തോണീ….ന്നും പറഞ്ഞ്‌ ഒറ്റ തീരുമാനമാ.

“ഈ പ്ലാനുമായി മുന്നോട്ടു പോകുന്നു”

പക്ഷെ കുഴപ്പങ്ങൾ അവിടം കൊണ്ട് തീർന്നില്ല. ഇപ്പൊ മണി 4 PM .

രാത്രി 12 മണി ട്രെയിൻ വരുന്നതു വരെ എന്ത് ചെയ്യും ?

ഇവിടെ ഏതേലും ഹോട്ടലിൽ മുറി എടുക്കേണ്ടി വരും.

12:00 മണിക്ക് വിടുന്ന ട്രെയിൻ Yeongwol-gun ൽ എത്തുന്നത് 1 :30ന് . പിന്നീട് 5 :30 നുള്ള ബസ്സ് എത്തുന്നതുവരെയുള്ള സമയം എന്ത് ചെയ്യും ?
സ്റ്റേഷനിൽ തന്നെ ഉറക്കം കളഞ്ഞ്‌ ഇരിക്കണം.
അപ്പോൾ ഉറക്കത്തിൻ്റെ കാര്യം ഗുദാ ഹുവാ. ആണുങ്ങൾ മാത്രമാണെങ്കിൽ, ഈ പറഞ്ഞ പ്ലാനൊക്കെ ഓക്കേ. പക്ഷെ ഭാര്യക്ക് ഇത് പറ്റുമോ എന്ന് ഡൗട്ട്. അതും രാത്രിയിലെ തണുപ്പിനെ റൂമിൽ ഇരുന്നു പോലും ചെറുക്കൻ പറ്റാതെ ഇരുന്നു വൈബ്രേറ്റ് ചെയ്യുന്ന ഇവൾക്ക്…

ഞാൻ ഭാര്യയോട് കമ്പ്ലീറ്റ് പ്ലാൻ പറഞ്ഞു.
“എവിടെങ്കിലും മിസ് അയാൽ കമ്പ്ലീറ്റ് പ്ലാനും തെറ്റും.. ഒടുക്കം ഫ്ലൈറ്റ് മിസ് ആയി, യോദ്ധയിൽ ജഗതി ആദിവാസി ആയ പോലെ നമുക്കും കൊറിയക്കാരായി ജീവിക്കേണ്ടി വന്നേക്കും.. ”
പക്ഷെ പ്ലാൻ മുഴവൻ കേട്ടിട്ട് അവൾക്കു കുലുക്കമൊന്നുമില്ല. അവൾ എന്തിനും തയ്യാർ !

കട്ട സപ്പോർട്ട്.

ആ..ഹാ… “നീ സുലൈമാനനല്ല..ഹനുമാനാണ്” എന്ന് പറഞ്ഞപോലെ, “നീ ലൈഫ് പാർട്ണറല്ല, പെർഫെക്റ്റ് ട്രാവൽ പാട്ണറും കൂടിയാണ്” എന്ന് എനിക്ക് മനസ്സിൽ തോന്നി. (പുറത്തു പറഞ്ഞില്ല. അങ്ങനിപ്പോ പൊങ്ങണ്ട)

അടുത്തുള്ള ഒരു റൂം ഓൺലൈൻ വഴി ബുക്ക് ചെയ്തു. നടക്കാവുന്ന ദൂരം. നേരെ ഹോട്ടലിൽ ചെന്നു. അത്യാവശ്യം നിലവാരമുള്ള ഹോട്ടൽ ആണെന്ന് തോന്നുന്നു. ഒരു ദിവസത്തേക്ക് 3500 ആണ് നിരക്ക്. റിസപ്‌ഷന് പിന്നിലുള്ള ഡോർ തുറന്നു വയസ്സായ ഒരു ദമ്പതികൾ ഞങ്ങളെ സ്വീകരിക്കാൻ മുന്നോട്ടു വന്നു. അവർ റിസപ്‌ഷന് പിന്നിലെ റൂമിലാണ്‌ താമസം എന്ന് തോന്നുന്നു. അകത്ത്‌ അവർ എന്തൊക്കയോ പാചകത്തിലായിരുന്നു. ഞങ്ങളുടെ ബുക്കിംഗ് കാണിച്ചപ്പോൾ തന്നെ ഒരു ചെറിയ കിറ്റും റൂമിൻ്റെ താക്കോലും തന്നു. അവരുടെ മുഖത്തു ഭയങ്കര സന്തോഷം. രണ്ടു പേർക്കും ഭയങ്കര ഭവ്യത. കൊറിയയിൽ ഇത് ആദ്യത്തെ അനുഭവമല്ലാത്തതു കൊണ്ട് വലിയ ആശ്ചര്യമൊന്നും തോന്നിയില്ല.

നേരെ റൂമിലേക്ക്. കതകു തുറന്നു അകത്തു കയറിയപ്പോൾ, നല്ല ഒന്നാന്തരം മുറി. TV കൂടാതെ 32 ഇഞ്ച് മോണിറ്റർ ഉള്ള ഇൻറ്റർനെറ്റോടു കൂടിയ കമ്പ്യൂട്ടർ. താഴെയായി ഒരു ഫ്രിഡ്ജ്. അതിൽ നിറയെ ഫ്രൂട്ട്സ്, ചോക്ലേറ്സ് ഡ്രിങ്ക്സ് etc. രണ്ടു പേർക്കും ഇടാനുള്ള നൈറ്റ് ഡ്രെസ്സുകൾ പുതിയത്. ഒപ്പം മറ്റൊരു ജോഡി ഡ്രെസ്സും. ടേബിളിൽ ഹെയർ ഡ്രൈയർ, കോഫി മേക്കർ, തേപ്പു പെട്ടി. റീസെപ്‌ഷനിൽ നിന്ന് തന്ന കവർ പൊട്ടിച്ചു നോക്കിയപ്പോൾ, സോപ്പ്, ചീപ്പ്, ഷേവിങ്ങ് സെറ്റ്, മോയ്‌സ്ചർ, ഷാംപൂ, ബ്രഷ്, പേസ്റ്റ്, ഹെയർ ക്രീം ഒപ്പം കോണ്ടവും ! ഇത്രേം അമെൻറ്റിസോ !!!! ആണ്ടവാ..

ആണും പെണ്ണും ഒരുമിച്ചു ഒരു ഹോട്ടലിൽ കയറിയാൽ സദാചാരം കളിക്കുന്നവന്മാരാ നാട്ടിലുള്ളത്.. ഇവിടെ ദേ, അവർ കോണ്ടം വരെ തന്നിരിക്കുന്നു. ‘സെക്സ്’ എന്നത് ഒരു കുറ്റകൃത്യമല്ല എന്ന ബോധമുള്ളവരാണെന്ന് തോന്നുന്നു. ടോയ്‌ലെറ്റിൽ കയറി നോക്കിയപ്പോൾ ഇലക്ട്രോണിക്സ് ക്ലോസെറ്റ് ! കാര്യം കഴിഞ്ഞു സ്വിച്ച് ഇട്ടാൽ മതി. ഫ്ലെഷിനൊപ്പം ആസനം ഉൾപ്പടെ കഴുകി വരും. പിന്നെയും എന്തൊക്കയോ ഇലക്ട്രോണിക്സ് ടച്ച് സ്ക്രീൻ സ്വിച്ചുകൾ ടോയ്‌ലെറ്റിനുള്ളിൽ ഉണ്ട്. എന്താന്ന് അറിയാതെ വെറുതെ കേറി ഞെക്കി പണി മേടിക്കണ്ട എന്ന് കരുതി ഒന്നും പരീക്ഷിച്ചില്ല.

ഇത്രെയും സൗകര്യങ്ങൾ നാട്ടിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോലും ഞാൻ കണ്ടിട്ടില്ല. അധികപ്പറ്റായി ഒരു ഹോട്ടൽ ബുക്ക് ചെയ്യേണ്ടി വന്നതിൽ വിഷമിച്ചിരുന്ന എനിക്ക്, ഈ പുതിയ അനുഭവങ്ങൾ ആ വിഷമവും നിരാശയും മാറ്റി തന്നു.

ഒരു ചായ ഇടാൻ നോക്കി. പക്ഷെ പഞ്ചസാര ഇല്ല. വിളിച്ചു പറഞ്ഞപ്പോൾ ആ അപ്പൂപ്പൻ ഒരു കിണ്ണം നിറയെ പഞ്ചസാരയുമായി വന്നു റൂമിന് മുന്നിൽ
നിൽക്കുന്നു. സന്തോഷത്തോടെ അതിൽ നിന്നും അല്പം മാത്രം എടുത്തു തിരികെ കൊടുത്തു. പഞ്ചസാരയ്ക്ക് ഒരു തരം ചന്ദന കളറായിരുന്നു. കൊറിയക്കാർ പൊതുവെ ചായയിൽ പഞ്ചസാര ഉപയോഗിക്കുന്നവരല്ല എന്ന് പലപ്പോഴായി തോന്നിയിരുന്നു. ഇത്രേം അമിനിറ്റിസ് ഉണ്ടായിരുന്ന റൂമിൽ പഞ്ചസാര ഇല്ലാതിരുന്നപ്പോൾ ആ കാര്യം ഏകദേശം ഉറപ്പായി. അധികം സമയം കളയാതെ ചായയും ഉണ്ടാക്കി ഒരു കുളിയും കഴിഞ്ഞു ഞങ്ങൾ കഴിക്കാനായി പുറത്തേക്കിറങ്ങി. ഞങ്ങൾ ഒറ്റയ്ക്ക് പുറത്തേക്കു പോവുനതു കണ്ടു ആ വൃദ്ധ ദമ്പതികൾക്കു വേവലാതി.
“അയ്യോ ദേ അവർ ഒറ്റയ്ക്ക് പുറത്തേക്കു പോകുന്നു…” എന്ന ഭാവത്തിൽ ആ സ്ത്രീ ആ അപ്പൂപ്പനെ നോക്കി. ഞങ്ങളുടെ സഹായത്തിനായി കൂടെ വരാം എന്ന് അദ്ദേഹം എങ്ങനൊക്കെയോ, ഞങ്ങളെ പറഞ്ഞു മനസ്സിലാക്കി. അവരുടെ ആ സ്നേഹത്തിനും പരിചരണത്തിനും നന്ദി പറഞ്ഞു കൊണ്ട് ഞങ്ങൾ അത് സ്നേഹത്തോടെ നിരസിച്ചു. പാവങ്ങളെ എന്തിനാ വെറുതെ ബുദ്ധിമുട്ടിക്കുന്നത്…

പുറത്തിറങ്ങി ഞാൻ ഭാര്യയോട് പറഞ്ഞു ” നമ്മുടെ നാട്ടിലൊക്കെ ഉള്ള ഹോട്ടലിൽ നിന്ന് ഇങ്ങനൊക്കെ ചിന്തിക്കാൻ പോലും പറ്റുമോ.. എന്തോ ദൈവത്തെ മുന്നിൽ കണ്ടപോലാണ് അവർ നമ്മടെ മുന്നിൽ പെരുമാറുന്നത്. എന്ത് നല്ല മനുഷ്യര്. എന്തായാലും ഈ ഹോട്ടലിനെ പറ്റി നല്ല റിവ്യൂ എഴുതി ഇടണം”. അവളും തല കുലുക്കി.

പതിവ് പോലെ, ഞങ്ങൾക്ക് ആകെ അറിയാവുന്ന ഭക്ഷണമായ ന്യൂഡിൽസ് കഴിച്ചു റൂമിൽ എത്തി. അവർ തന്ന ആ ഡ്രെസ്സുകളുടെ പാക്കറ്റ് പൊട്ടിക്കാൻ മനസ്സ് വന്നില്ല. എന്തിനാണ് നമ്മൾ ഇത്തിരി നേരത്തേക്ക് വേണ്ടി അത് ഉപയോഗിച്ച് കളയുന്നത്. പൊട്ടിച്ചില്ലെങ്കിൽ, ഇവർക്ക് വേണേൽ ഇനി അടുത്ത കസ്റ്റമർക്കു കൊടുക്കാമല്ലോ. അവരുടെ സ്നേഹത്തിനു മുന്നിൽ എങ്ങനെയൊക്കെ നന്ദി കാണിക്കണം എന്ന് അറിയാതെ മുട്ടി നിന്ന ഞങ്ങൾക്ക് അങ്ങനെ കുറച്ചു ആശ്വാസമായി.

ഞാൻ കമ്പ്യൂട്ടർ ഒന്ന് ഓൺ ആക്കി നോക്കി. സ്ഥലങ്ങളെ പറ്റി കൂടുതൽ ഗൂഗിൾ ചെയ്യാനാണ്. ഓൺ ആയി വന്നപ്പോൾ, ഭാഷ മുഴവൻ കൊറിയയിൽ ! ഒന്നും ചെയ്യാൻ പറ്റാതെ അവസാനം ഓഫ് ആക്കാൻ നോക്കിയപ്പോൾ,
ഷട്ട് ഡൌണും മനസ്സിലാവുന്നില്ല. പിന്നെ അറ്റ കൈക്ക് CPU ഓഫ് ചെയ്തു.

മണി 8 ആയി. 12 മണിക്ക് ട്രെയിൻ. 11 മണി വരെ ഉറങ്ങണം. സക്സസ്‌ ആവാൻ 50-50 ചാൻസും 100 % റിസ്‌ക്കുമുള്ള ഒരു പ്ലാനും തയാറാക്കി വെച്ച്, നാളത്തെ സ്വപ്ന സാക്ഷാത്കാരവും മനസ്സിൽ കണ്ടു ഞങ്ങൾ ഒന്ന് സുഖമായി മയങ്ങി.. പക്ഷെ ഒരു അപ്രതീക്ഷിത പണിയും കൂടി ഞങ്ങളെ പ്രതീക്ഷിച്ച്‌ PyeongChang ൽ ഉണ്ടായിരുന്നു.

അത് ഇനി അടുത്ത ലക്കം.

Leave a Reply

Your email address will not be published. Required fields are marked *