കൊറിയൻ സിനിമകൾ കണ്ട്‌ കണ്ട്‌ ഒടുക്കം കൊറിയയിലേക്ക്‌ – ഭാഗം 5

മിഥുൻ ബാബു സഞ്ജയ്‌

നാലാം ഭാഗത്തിന് ശേഷം, ഒന്നര മാസം കഴിഞ്ഞാണു ഞാൻ ഈ അഞ്ചാം ഭാഗം എഴുതുന്നത്. ഇത്രയും നീണ്ട ഇടവേള വന്നതിന് ആദ്യമേ തന്നെ നിങ്ങളോടു ക്ഷമ ചോദിച്ചുകൊള്ളട്ടെ. ഡയറക്ടർ വിനയൻ സാറിന്റെ ആകാശഗംഗ 2 വിന്റെ ഷൂട്ടിങ്ങു കഴിഞ്ഞ മാസമാണ് നടന്നത്. അതിന്റെ തിരക്കിലായിരുന്നു.(അസ്സിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്യുന്നു). തിരക്കുകൾ കഴിഞ്ഞപ്പോൾ, ഇനി ഇത് തുടർന്ന് എഴുതിയാൽ വായിക്കാൻ ആളുകൾ ഉണ്ടാവുമോ എന്ന സംശയത്തിലായിരുന്നു ഞാൻ. ഇത്രയും നാളത്തെ ഗ്യാപ്, വായനയുടെ ഒരു ഫ്ലോ കളഞ്ഞിട്ടുണ്ടാവുമല്ലോ. പക്ഷെ, ഇനിയും ഇതിന്റെ തുടർ ഭാഗങ്ങൾ പ്രതീക്ഷിക്കുന്നവർ ഉണ്ട് എന്ന് അറിയാൻ കഴിഞ്ഞപ്പോഴാണ്, ബാക്കി ഭാഗങ്ങളും എഴുതാം എന്ന് കരുതിയത്.

അഞ്ചാം ദിവസം. ബുസാൻ!

അല്പം നേരത്തെ തന്നെ എഴുന്നേറ്റു. കാരണം ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളു. കാണേണ്ട സ്ഥലങ്ങൾ ഒരുപാടു ബാക്കിയുണ്ട്. രാവിലെ തന്നെ തിരികെ സൊഓളിലേക്കു പോകാം എന്നായിരുന്നു ആദ്യ പ്ലാൻ. എന്നാൽ കൊറിയയിലെ ഏറ്റവും മനോഹരമായ ക്ഷേത്രം ഇവിടെ ബുസാനിലാണ് എന്ന് അറിഞ്ഞപ്പോൾ, അതൊന്നു കണ്ടിട്ട് പോകാമെന്നു കരുതി. കൃത്യമായ ബസ്സിൽ തന്നെ കയറി രാവിലെ തന്നെ അവിടെ എത്തി… ഇപ്പോൾ ബസ്സ് യാത്ര ഒക്കെ പരിചിതമായിരിക്കുന്നു. ഏതു ബസ്സിൽ കയറണം, വേഗത കൂടിയ ബസ്സ് ഏത്‌, ചാർജ് കുറഞ്ഞ ബസ്സ് ഏത്‌ എന്നൊക്കെ തിട്ടമായിരിക്കുന്നു.

ക്ഷേത്രത്തിന് അടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി. 1km നടക്കേണ്ടതുണ്ട്. നടപ്പാതയിൽ ഉത്സപ്പറമ്പിൽ ഉള്ളതുപോലുള്ള വഴിയോര കച്ചവടങ്ങൾ. സൊഓളിനെ അപേക്ഷിച്ചു, ബുസാനിൽ എങ്ങും ഗ്രാമീണ സംസ്കാരമാണെന്നു തോന്നുന്നു. ഇവിടെയും അധികവും ഭക്ഷണ ശാലകളാണ്. എന്തൊക്കെയാണ് ചുട്ടു വെച്ചിരിക്കുന്നത്‌ എന്ന് ധാരണയില്ലാത്തതിനാൽ ഒന്നും കഴിച്ചു പരീക്ഷിക്കാൻ നിന്നില്ല. ഭക്ഷണകാര്യത്തിൽ, കൊറിയക്കാരെ പറ്റി നമ്മുടെ നാട്ടിലുള്ളവർക്ക് പൊതുവെ ഒരു ധാരണയുണ്ട്. ഇവർ,പാമ്പിനെയും പഴുതാരയുമടക്കം എന്തിനെയും തിന്നുന്നവരാണെന്ന്. എന്നാൽ അങ്ങനെയല്ല. സാധാരണ നാടുകളിലെ ഭക്ഷണ ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഇവർ പട്ടിയിറച്ചി തിന്നും എന്നതുമാത്രമാണ് വ്യത്യാസം. ബാക്കി മാംസ ഭക്ഷണങ്ങൾ ഒക്കെ നമ്മുടെ നാട്ടിലെ പോലെ കോഴിയും താറാവും ബീഫും ഒക്കെ തന്നെ. അതിൽ മീനും ചിക്കനും പോർക്കും ബീഫുമാണ്, ഇവരുടെ പ്രധാന മാംസ ഭക്ഷണം. പട്ടി ഇറച്ചി പൊതുവെ പുതിയ തലമുറയിൽ ഉള്ളവർ കഴിക്കാറില്ല. ഉൾനാടൻ ഗ്രാമങ്ങളിൽ മാത്രമാണ് ഭക്ഷണമായി ഉപയോഗിക്കുന്നത്. അതും പഴയ തലമുറക്കാർ മാത്രം. അടുത്ത ഒരു 30 വർഷത്തിനുള്ളിൽ പട്ടി ഇറച്ചി ഇവിടുന്ന് അപ്രത്യക്ഷമാവുമെന്നാണ് എനിക്ക് തോന്നുന്നത്.

ഭക്ഷണ ശാലകളിൽ പല തരം ഭക്ഷണങ്ങളുടെ കാഴ്ചകൾ കണ്ടു ഞങ്ങൾ ഒരു ചെറിയ മലയുടെ അറ്റത്ത്‌ എത്തി. താഴെ പാറക്കെട്ടുകൾ നിറഞ്ഞ കടൽ. സീ ഓഫ് ജപ്പാനാണ് ഈ കടൽ. അവിടുന്ന് അങ്ങോട്ടു താഴേക്ക് പടികെട്ടുകളാണ്. അത്യാവശ്യം സഞ്ചാരികൾ ഞങ്ങളോടൊപ്പമുണ്ട്. പടികെട്ടുകൾക്ക്‌ ഇരുവശങ്ങളിലായി പല തരം ദൈവങ്ങളുടെ ബിംബങ്ങൾ കൊത്തി വെച്ചിട്ടുണ്ട്. ഏകദേശം 30 പടികളോളം ഇറങ്ങിയപ്പോൾ, പാറക്കെട്ടുകളുടെ മുകളിൽ കടലിലേക്ക് ഇറങ്ങി എന്നവണ്ണം തനതു കൊറിയൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള മനോഹരമായ ക്ഷേത്രം, ദൂരത്തായി ദൃശ്യമായി. കൊറിയയിലെ തന്നെ ഏറ്റവും സുന്ദരമായ അമ്പലം എന്ന് പേര് കേട്ട ഒരു ബുദ്ധ ക്ഷേത്രമാണ് ഇത്. Haedong Yonggungsa ക്ഷേത്രം. (ഇതൊന്നും മലയാളത്തിൽ എഴുതാൻ, എനിക്കറിയില്ല).

ചെറിയ ഒരു പാലം കടന്നു ഞങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.

നമ്മുടെ നാട്ടിൽ, പ്രത്യേക കാര്യസാധ്യത്തിനു സ്പെഷ്യലൈസ് ചെയ്ത ചില അമ്പലങ്ങളുണ്ട്. ഉദാ: കുട്ടികൾ ഉണ്ടാവാൻ കൂനമ്പായികുളത്ത്‌ (കൊല്ലം) അമ്പലത്തിൽ തോട്ടില് കെട്ടിയാൽ മതിയെന്നൊക്കെ വിശ്വാസമുണ്ട്. അതുപോലൊക്കെ, ഈ ക്ഷേതത്തിനും ഒരു പ്രത്യേകത ഉണ്ട്. അല്പം രസകരമാണ്. റോഡ് അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കേണ്ട അമ്പലം എന്നതാണ് പ്രത്യേകത. അതും എല്ലാ റോഡപകടങ്ങളുമില്ല, കാറപകടങ്ങൾ മാത്രം !
മറ്റൊരു രസകരമായ വസ്തുത എന്താന്ന് വെച്ചാൽ, ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്‌ 1376-ലാണ്. കാറു കണ്ടു പിടിച്ചിട്ടു 100 കൊല്ലമല്ലേ ആയുള്ളൂ. അപ്പൊ ഈ ആചാരമൊക്കെ എന്ന് മുതൽ ???
ഇത് ആലോചിച്ചപ്പോ, എനിക്ക് കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിലെ ആചാരമാണ് ഓർമ്മവന്നത്‌.

പക്ഷെ, ആചാരത്തിൽ ചോദ്യമില്ല!!!

ഇവിടെ ക്ഷേത്രത്തിന് പുറത്തു ഇരിക്കുന്ന ഒരു ബാലന്റെ വിഗ്രഹമുണ്ട്. ഏതെങ്കിലും ദൈവമാണോ എന്നറിയില്ല. അദ്ദേഹമാണ് കാറിന്റെ ആള്. അതിനു മുകളിൽ കൂടി 3 വട്ടം വെള്ളമൊഴിക്കണം. അത്രേയുള്ളു. കാർ സേഫ് ! ഞാനും പോയി ഒഴിച്ചു. മൂന്നല്ല… ആറുവട്ടം. അപ്പുറത്തെ വീട്ടിലെ കാറും കൂടി സേഫായി ഇരുന്നോട്ടെ. എന്താ… ? (ഇനി, ഈ സേഫ്റ്റിക്ക് ഇന്റർനാഷണൽ റോമിംഗ് ഉണ്ടോ എന്നറിഞ്ഞൂടാ).

വീഡിയോ കാണാം :

https://secureservercdn.net/166.62.112.199/7hz.4e4.myftpupload.com/wp-content/uploads/2019/06/VID-20190604-WA0028.mp4?time=1560022501

അല്പം നേരം അവിടെയൊക്കെ ചുറ്റി നടന്നു കണ്ടു. പാറക്കെട്ടുകളിലേക്കു ഇറങ്ങി കുറച്ചു ഫോട്ടോസും എടുത്തു… ശെരിക്ക്‌, ഫോട്ടോഗ്രാഫി അറിയുന്നവർക്ക് നല്ല ഒന്നാന്തരം ഫ്രെയിമുകൾ ഇവിടെ വന്നാൽ കിട്ടും. അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഞങ്ങൾ യാത്ര തിരിച്ചു. നഗരത്തിലേക്ക് വണ്ടി കയറി.

ഉച്ചയ്ക്കുള്ള ട്രെയിനിൽ സൊഓളിൽ എത്തണം. പക്ഷെ അതിനു മുൻപ് അല്പം ഷോപ്പിങ്ങും നടത്തണം. കാരണം, കൊറിയയിൽ വന്നു അന്ന് മുതൽ പലയിടത്തു നിന്നും കേട്ടുകൊണ്ടിരിക്കുന്ന ഒരു പ്രധാന ചോദ്യമാണ്, ‘കൊറിയയിൽ നിന്ന് വരുമ്പോൾ എന്ത് കൊണ്ട് വരും’ ! സൊഓളിനെ അപേക്ഷിച്ചു ബുസാൻ അല്പം ചെലവ് കുറവാണ്. അതുകൊണ്ടു ഷോപ്പിംഗ് ഇവിടെ തന്നെ ആവാമെന്ന് കരുതിയത്. പ്രധാന ലക്‌ഷ്യം ‘സൊജു’ ആണ്.

സോജു എന്നാൽ കൊറിയുടെ പരമ്പരാഗത മദ്യം ! നാട്ടിൽ കിട്ടാത്ത സാധനമായതിനാൽ എല്ലാവർക്കും ഇത് തന്നെ മതി. എനിക്കും ഇത് കഴിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എല്ലാം കൊറിയൻ ചിത്രങ്ങളിലും സോജു കുടിക്കുന്നത് കാണാം. സന്ധ്യ കഴിഞ്ഞാൽ എല്ലാ റെസ്റ്റോറൻറ്റിലും തട്ടുകടയിലും ഭക്ഷണത്തോടൊപ്പം സ്ത്രീ പുരുഷ ഭേദമന്യേ എല്ലാരും കഴിക്കും. എല്ലാ സൂപ്പർ മാർക്കറ്റിലും സാധനം കിട്ടും. എന്നുവെച്ചാൽ, മനുഷ്യര് മാന്യരാണേൽ മദ്യത്തിന് വേർതിരിവ് ഒന്നും കൊടുക്കേണ്ടതില്ല എന്ന് ചുരുക്കം !
അരി, ഗോതമ്പ്‌ അല്ലെങ്കിൽ ബാർളിയിൽ നിന്ന് ഉല്പാദിപ്പിക്കുന്നു. (എങ്ങനെയാണെന്ന് അവർക്ക്‌ മാത്രം അറിയാം) 16% മുതൽ 53% വരെ ആൽക്കഹോളിക് കണ്ടെന്റ്. വെള്ളം ചേർക്കേണ്ടതില്ല. നിറമില്ല. പുദിൻ ഹാര ഒക്കെ കുടിക്കുന്നപോലെ ഒരു ടേസ്റ്റ്. ഷോട്ട് അടിക്കാൻ ഉപയോഗിക്കുന്ന കുഞ്ഞു ഗ്ലാസ്സിൽ, ഒറ്റ വലി. അങ്ങനാണ് പ്രയോഗം. (6 കുപ്പി കൊണ്ട് വന്നു. 7 പേർക്ക് കൊടുത്തു. തീർന്നു. ഇനി ആരും വിളിക്കണ്ട)

അങ്ങനെ അത്യാവശ്യം ഷോപ്പിങ് ഒക്കെ കഴിഞ്ഞു, ഞങ്ങൾ ബുസാൻ എന്ന തുറമുഖ നഗരത്തിനോട് യാത്ര പറഞ്ഞു സൊഓളിലേക്കു തിരിച്ചു. സൊഓളിൽ എത്തി ആദ്യം തന്നെ Gyeongbokgung Palace സന്ദർശിക്കാനാണ് തീരുമാനം.

കൊറിയൻ സിനിമകളും ഡ്രാമകളും കണ്ടിട്ടുള്ളവർക്ക്‌ വളരെ സുപരിചിതമായിരിക്കും ഈ കൊട്ടാരം. കൊട്ടാരത്തിന്റെ രൂപകൽപ്പന മറ്റു രാജ്യങ്ങളിലെ കൊട്ടാരങ്ങളിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ കൊട്ടാരമെന്നാൽ ഒരു വലിയ കെട്ടിട സമുച്ചയമല്ല. ഏക്കർ കണക്കിന് വസ്തുവിൽ, രണ്ടോ മൂന്നോ വലിയ മുറികൾ ചേർന്ന ഒറ്റ നിലയിൽ പണിത ഓരോ പവലിയനുകളുടെ കൂട്ടമാണ് കൊട്ടാരം.

ഓരോ പവലിയനുകളും തമ്മിൽ 10 മുതൽ 100 മീറ്റർ അകലം വരെയുണ്ട്. അതിൽ പല വർണ്ണങ്ങൾ ഉള്ള പവലിയനുകൾ സ്ത്രീകളും ചാര നിറത്തിലുള്ളവ പുരുഷ അംഗങ്ങളുമാണ് ഉപയോഗിച്ചിരുന്നത് എന്ന് പറയപ്പെടുന്നു. 1395 ജോസോൺ രാജവംശം സ്ഥാപിതമാവുകയും തലസ്ഥാനം കേസോങ്ങിൽ (നിലവിൽ ഉത്തര കൊറിയയിൽ സ്ഥിതി ചെയ്യുന്നു) നിന്ന് സൊഓളിലേക്കു മാറ്റി സ്ഥാപിക്കുകയും ചെയ്യപ്പെട്ടപ്പോൾ, 4,10,000 മീറ്റർ സ്ക്വയറിൽ പണി കഴിപ്പിക്കപ്പെട്ട കൊട്ടാരമാണിത്.

1553 ൽ അഗ്നിക്കിരയാവുകയും, പുതുക്കി പണിയുകയും ചെയ്തുവെങ്കിലും 1593 ൽ ഉണ്ടായ ജപ്പാൻ അധിനിവേശത്തിൽ കൊട്ടാരത്തിന്റെ നാലിൽ മൂന്നു ഭാഗവും തകർക്കപ്പെട്ടിരുന്നു. പിന്നീട് 300 വർഷത്തോളം കൊട്ടാരം, ഒരു പ്രേത ഭൂമി പോലെ ഉപേക്ഷിക്കപ്പെട്ടിരുന്നു.
300 വർഷങ്ങൾക്ക്‌ ശേഷം ഡെവോങ് ഭരണ കാലത്ത്‌ കൊട്ടാരം വീണ്ടും പുതുക്കി പണിയപ്പെട്ടു. 1895 ൽ കൊറിയൻ ചരിത്രത്തിലെ ആദ്യത്തെ രാജ്ഞി കൂടിയായ മ്യോങ്സോങ് ജപ്പാൻ ചരന്മാരാൽ കൊല്ലപ്പെട്ടതോടെ, രാജ്യ കുടുംബാംഗങ്ങൾ രാജ്യത്തിൽ നിന്ന് പലായനം ചെയ്തു പോയി. ഇപ്പോൾ സർക്കാർ നിയന്ത്രണത്തിലാണ്.

ഒരുപാടു കാഴ്ചകളുള്ള ഈ കൊട്ടാരം പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും, പ്രവേശനം സൗജന്യമാണെന്നത് അത്ഭുതപ്പെടുത്തി ! (ഇന്ത്യക്കാരനായ ഞാൻ അത്ഭുതപെട്ടില്ലെങ്കിലേ അതിശയമുള്ളൂ ). ഫോട്ടോ പകർത്തലിനും നിയന്ത്രണമൊന്നുമില്ല. (പക്ഷെ എടുക്കാനറിയില്ലല്ലോ )ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നത് ഈ കൊട്ടാരത്തിലാണ് എന്ന് തോന്നി. എല്ലാ ദിവസവും രാവിലെ 10 നും ഉച്ചക്ക് 2 നും Guard changing ceremony എന്നൊരു ചടങ്ങ്‌ നടക്കാറുണ്ട്. രാജ്യ ഭരണകാലത്ത്‌ “Wanggung Sumunjang” എന്നറിയപ്പെട്ടിരുന്ന ഗാർഡുകളായിരുന്നു രാജാവിന്റെയും കൊട്ടാരത്തിന്റെയും സുരക്ഷ നോക്കിയിരുന്നത്. ഡേ/നൈറ്റ് ഷിഫ്റ്റ് എന്ന രീതിയിലായിരുന്നു അവർ കാവൽ നിന്നിരുന്നത്. ഈ ഷിഫ്റ്റ് മാറുമ്പോൾ അവർ കാവൽ ചുമതല കൈമാറുന്ന ചടങ്ങാണ് ഇന്നും ഒരു ആചാരം പോലെ ഇവിടെ തുടരുന്നത്.

വീഡിയോ കാണാം :

https://secureservercdn.net/166.62.112.199/7hz.4e4.myftpupload.com/wp-content/uploads/2019/06/VID-20190604-WA0029-1.mp4?time=1560024098

വരുന്ന സഞ്ചാരികൾ ആരും ഇത് മിസ് ചെയ്യാറില്ല. കുറെ പേർ പരമ്പരാഗത വേഷത്തിലാണ് എത്തിയിരിക്കുന്നത്. ഈ വേഷങ്ങളെല്ലാം വാടകക്ക് കൊടുക്കുന്ന കടകൾ പുറത്തുണ്ട്. അവിടെ നിന്നാണ് ഇവരെല്ലാം വാങ്ങിയിരിക്കുന്നത്. മണിക്കൂറിന് 14000 വോൻ. (818 രൂപ). ഞങ്ങളും രണ്ടെണ്ണം വാടകക്കെടുത്തു ഫോട്ടോ ഏതുത്താലോ എന്ന് വിചാരിച്ചു, പക്ഷെ അപ്പോഴേക്കും കൊട്ടാരം അടക്കുന്ന സമയം ആയിരുന്നു. അവസാന ദിവസം ഒന്നും കൂടി വരം എന്ന തീരുമാനത്തിൽ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി ഹോട്ടലിലേക്ക് നടന്നു.

അടുത്ത ലക്കം:- “My sassy girl” എന്ന ലോക പ്രശസ്ത കൊറിയൻ ചിത്രത്തിന്റെ ക്ലൈമാക്സിൽ ടൈം ക്യാപ്സൂൾ കുഴിച്ചിട്ടിരുന്ന ലൊക്കേഷനും, “Welcome to dongmakgol’ ചിത്രത്തിലെ ഗ്രാമവും തേടിയുള്ള യാത്രാ വിശേഷങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *