തലശ്ശേരീന്റെ ‘കോയിക്കാൽ’

സുരഭി ശിവദാസ് 

കണ്ണൂർ പഠിക്കാൻ പോയ ആങ്ങള എന്നും പറയാറുള്ള സാധനായിരുന്നു ഈ കോയിക്കാൽ. കോയിക്കാലിന്റേം കട്ടന്റേം ഗുണഗണങ്ങൾ വർണ്ണിച്ച് വർണ്ണിച്ച് ഞങ്ങൾ നാല് പെങ്ങമ്മാരും കൊഴിക്കാലും മോഹിച്ച് ജീവിക്കാൻ തുടങ്ങീട്ട് കൊല്ലം ഒന്നായിരുന്നു… പറഞ്ഞ് പറഞ്ഞ് ഉറക്കത്ത് വരെ തലശ്ശേരിയുടെ രസക്കൂട്ടിൽ ഇട്ടു പൊരിച്ചെടുത്ത കോഴിയിറച്ചിക്കാൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. കട്ടന്റെ കൂടെ തലശ്ശേരിയുടെ തനത് കെ.എഫ്‌.സി രുചിക്കാനുള്ള പൂതി പെരുത്തപ്പോ പൊന്നാങ്ങള ഒരു ദിവസം സാധനം എത്തിക്കാന്ന് ഏറ്റു.

അന്ന് ഒരു അപാര ദിവസം ആയിരുന്നു. ദാഹിച്ച് മോഹിച്ച് കാത്തിരുന്ന തലശ്ശേരി കോയിക്കാലും കട്ടനും ഇതാ കഴിക്കാൻ പോവുന്നു. കൂട്ടത്തിൽ ഏറ്റവും ചെറുത് അന്ന് ഉച്ചക്ക് ചോറ് പോലും തിന്നാതെ കോയിക്കാലും കാത്തിരുന്നപ്പോ ചോറിനോടൊപ്പം അമ്മായിയുടെ സ്‌പെഷ്യൽ ചൂരലപ്പം കൂട്ടി ചോറ് തിന്നേണ്ടി വന്നു മൂപ്പത്തിക്ക്. മറ്റു ദിവസങ്ങളിൽ ആങ്ങളയുടെ വരവും പോക്കും അറിയാത്ത പെങ്ങമ്മാര് അന്ന് കണ്ണിൽ എണ്ണയും ഒഴിച്ച് പൊന്നാങ്ങളയെ കാത്തിരുന്നു. ഒരു പതിനഞ്ചു മിനുട്ടിൽ കോയിക്കാൽ എവിടെ എത്തി എന്ന് തെറ്റാതെ അന്വേഷിച്ചു കൊണ്ടിരിക്കുകയും തലശ്ശേരി മുതൽ പേരാമ്പ്ര വരെയുള്ള ട്രാഫിക്കിനെ ശപിക്കുകയും ചെയ്തു. അവസാനം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കോയിക്കാലുമായി ചങ്ങായി എത്തി. ഓടിച്ചെന്ന് തട്ടി പറിക്കാൻ ചെന്ന, കൂട്ടത്തിലെ കച്ചറയെ തട്ടിമാറ്റി ‘കട്ടൻ വരട്ടെ പൊതി തുറക്കൽ അതിനു ശേഷം ആവാം’ എന്ന് ആഹ്വാനം ചെയ്ത് കൊണ്ട് അവൻ മേശപ്പുറത്ത് കുത്തിയിരുന്നു… വായിൽ വെള്ളം നിറച്ചു കൊണ്ട് കാത്തിരുന്ന നിമിഷങ്ങൾ… കട്ടൻ മേശപ്പുറത്ത് ഹാജറായി… ഇതാ കാത്തിരുന്ന ആ നിമിഷം വന്നെത്തി ഇരിക്കുന്നു. തലശ്ശേരിയിലെ കെ.എഫ്.സി… വായിൽ കപ്പലോടിക്കാനുള്ള വെള്ളം നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

പൊതി അഴിച്ചതും നാളുകളായി സ്വപ്നങ്ങളിൽ മനം കവർന്നവളെ കണ്ടതും നാൽവർ സംഘം “ഇത് കോഴീനെ എന്താക്കിയതാ” എന്ന് ചോദിച്ചതും ഒരുമിച്ചായിരുന്നു. “കോഴീനെ ഒന്നും ആക്കിയതല്ല, പൂളക്കിഴങ്ങ് ആണെടോ, അത് വറുത്തതാ”… ആ ഉത്തരത്തിൽ എല്ലാം തീർന്നിരുന്നു…. വൈകീട്ട് ചായ കുടിക്കാതിരുന്നതും ഉച്ചക്ക് ചോറിനു ചൂരലപ്പം കൂട്ടിയതും ബാക്കി. എന്നാലും വല്ലാത്ത ചെയ്തായി പോയി തലശ്ശേരിക്കാര് ചെയ്തത്!കപ്പക്കാലിനെ കോയിക്കാൽ ആക്കി കളഞ്ഞില്ലേ പഹയമ്മാര്!

 

2 thoughts on “തലശ്ശേരീന്റെ ‘കോയിക്കാൽ’

Leave a Reply

Your email address will not be published. Required fields are marked *