ദി ഗ്രേറ്റ്‌ തലപ്പാകട്ടി ബിരിയാണി – Since 1957

എസ്‌. കെ

മലയാളികൾക്ക്‌ പ്രത്യേകിച്ച്‌ വടക്കൻ മലബാറുകാർക്ക്‌ എക്കാലവുമുള്ള തീൻമേശയിലെ അഹങ്കാരമാണ് ബിരിയാണി. പണ്ടെങ്ങാണ്ട്‌ മുഗളന്മാർ അതിർത്തികടത്തിക്കൊണ്ടു വന്ന രാജകീയ ആഹാരം പടർന്ന് പന്തലിച്ചത്‌ പണ്ടത്തെ മുഗളന്മാരുടെ സാമ്രാജ്യത്തിലങ്ങിങ്ങായി തന്നെയാണ്.

എന്നാൽ ഈ ബിരിയാണിയെ തങ്ങളുടേതായ രീതിയിൽ ഹിറ്റാക്കിയതാകട്ടെ നമ്മൾ മലയാളികളും. കാലക്രമേണ കോഴിക്കോടും, തലശ്ശേരിയും പേരുകേട്ട ബിരിയാണിയിടങ്ങളായി. വടക്കൻ മലബാറിന്റെ ദേശീയ ഭക്ഷണങ്ങളിലൊന്നായി ബിരിയാണി.

എന്നാൽ, ഈ മലയാളി ബിരിയാണിയോട്‌ കിടപിടിക്കുന്ന ഒരു തമിഴാളി ബിരിയാണിയുണ്ടെന്ന് പറഞ്ഞാലോ!!

നിസ്സംശയം ഉറപ്പാണ്,
വടക്കൻ മലബാറുകാരുടെ നെറ്റി ചുളിയും.

പക്ഷേ വിശ്വസിച്ചേ മതിയാവൂ… ” രുസിയാണ ബിരിയാണി അങ്ങ്‌ തമിഴ്‌നാട്ടിലും കെടയ്ക്കും”

ദി ഗ്രേറ്റ്‌ ‘ദിണ്ടിഗുൽ – തലപ്പാകട്ടി ബിരിയാണി’

നല്ല നെയ്യിൽ ചാലിച്ചെടുത്ത സീരക സാമ്പ (Seeraga Samba) റൈസും, ചതച്ചെടുത്ത്‌ ചേർത്ത വെളുത്തുള്ളീടേം ചുവന്നുള്ളീടേം സുഖകരമായ ഗന്ധം ചുരത്തുന്ന തലപ്പാകട്ടി ബിരിയാണി മസാലയും, നല്ല കട്ടി തൈരിൽ മുക്കിയെടുത്ത്‌ പുഴുങ്ങിയ ഇറച്ചി കഷണത്തിന്മേൽ ഇതേ മസാല
മേലങ്കി തീർത്ത്‌ ചുരത്തുന്ന വാസനയും ചേരുമ്പൊഴേക്കും ചിലരെങ്കിലും കോഴിക്കോട്ടേ പാരഗണും തലശ്ശേരീത്തെ പാരീസും മറക്കും!

സത്യം…! അനുഭവമാണ്.

നല്ല കൊത്തമല്ലിയും, പുതീനയും സ്ഫുടം ചേർത്തെടുക്കുക കൂടി ചെയ്ത തലപ്പാകട്ടി ഇലയിലോട്ട്‌ വിളമ്പിക്കഴിഞ്ഞാൽ ഒരു മുപ്പത്‌ സെക്കന്റ്‌ കണ്ണടച്ച്‌ ആ രുചിയെ സ്വനഗ്രാഹിയാലേ ആസ്വദിച്ചിട്ടേ തുടങ്ങാവൂ…

ഹൊ! ഇത്രേം എഴുതുമ്പോഴേക്കും വായിൽ അടിഞ്ഞിറങ്ങിയതൊക്കെയും പുറത്ത്‌ ചാടുമെന്ന അവസ്ഥയായി!

മതി, ഇനി നമുക്ക്‌ തലപ്പാകട്ടിയുടെ ചരിത്രം പരിശോധിക്കാം…!

തലപ്പാകട്ടി ബിരിയാണി ഹോട്ടൽ ആദ്യം ആരംഭിച്ചത്‌ ദിണ്ടിഗുലിൽ 1957 ൽ ആണ്. രാമസ്വാമി നായിഡു അഥവാ തലപ്പാകട്ടി നായിഡുവാണ് ഈ ബിരിയാണി രുചിയെ ലോകത്തിനു പരിചയപ്പെടുത്തിയത്‌. ‘ലോകത്തിനെന്നത്‌’ ചുമ്മാ അതിശയോക്തി പറഞ്ഞതല്ല ഗ്ലോബലി 35 ഓളം ബ്രാഞ്ചുകളുണ്ട്‌ ഇവർക്ക്‌.

ഇനി ഇങ്ങനൊരു പേരിലെ കൗതുകം!

തലപ്പാകട്ടിയുടെ ഒടേ തമ്പ്രാനായ
രാമസ്വാമി നായിഡു എന്നും തലയിൽ തലപ്പാവണിഞ്ഞിരുന്നു. അങ്ങനെ മൂപ്പർക്ക്‌ തലപ്പാകട്ടി (തലപ്പാവ്‌ കെട്ടിയ) നായിഡു എന്ന പേര് വന്നു. അങ്ങേരുണ്ടാക്കിയ ബിരിയാണി പിന്നെ തലപ്പാകട്ടി ബിരിയാണിയായി എന്നാണ് കഥ!

തലപ്പാകട്ടിക്ക്‌ എന്നും രുചികരമായ കൂട്ട്‌ ചിക്കനേക്കാൾ മട്ടനാണ്. അതുകൊണ്ട്‌ തന്നെ മട്ടൻ തലപ്പാകട്ടിക്കാണ് ആവശ്യക്കാർ ഏറെ.

ബിരിയാണിക്ക്‌ പുറമേ ‘ദൽച്ച‘ എന്ന സൈഡ്‌ ഡിഷും ചേരുമ്പോഴേ തലപ്പാകട്ടി അതിന്റെ അഭിലഷണീയ രുചിയിൽ എത്തുള്ളൂ…!

തലമുറകളായി കൈമാറി വരുന്ന തലപ്പാകട്ടി രുചിക്കൂട്ട്‌ പുറത്ത്‌ അധികമാർക്കും അറിവില്ല.

തലപ്പാകട്ടിയുടെ ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളാണ് ഈ രുചിയുടെ മഹത്വത്തിന്റെ സാക്ഷി.

കേരളത്തിനകത്ത്‌ തലപ്പാകട്ടി സെന്റർ ഉള്ളതായി അറിവില്ല. തമിഴ്‌നാട്‌ എത്തിക്കഴിഞ്ഞാൽ പ്രധാന നഗരങ്ങളിലൊക്കെ ശാഖകളുണ്ട്‌.

അപ്പൊ ഇനി തമിഴ്‌നാട്ടീന്ന് ബിരിയാണി തിന്നാൻ പൂതി കേറിയാ മറക്കണ്ട ഈ തമിഴാളി ബിരിയാണിയെ…!

Leave a Reply

Your email address will not be published. Required fields are marked *