തലശ്ശേരി കലം ഫലൂഡ

ചിഞ്ചു തോമസ്‌

പൊള്ളുന്ന വെയിലത്ത് ഒന്ന് കുളിരാനുള്ള പൂതി കാണില്ലേ! വെയിലായാലും മഴയായാലും യാത്രകൾക്ക് കുറവ്‌ വരുത്താറില്ല ഞാൻ! അങ്ങനെയൊരിക്കെ കോഴിക്കോട്ടേക്കുള്ള
യാത്രക്കിടയിൽ എനിക്ക് അത്യാവശ്യമായി
തലശ്ശേരിയിൽ ഇറങ്ങേണ്ടി വന്നു. പൊള്ളുന്ന ചൂട്. ഇത്തിരി തണുത്ത വെള്ളമോ തണുതണുപ്പൻ ഐസ്ക്രീമോ കുടിക്കാനോ കഴിക്കാനോ മനസ്സ്‌ വെമ്പി. അല്ലെങ്കിൽ ഈ ചൂടിനെ പ്രതിരോധിക്കാൻ ഇവയിലേതെങ്കിലും ആവശ്യമായി തോന്നി.

അങ്ങനെ തലശ്ശേരി പുതിയ സ്റ്റാൻഡിൽ ഇറങ്ങി കുറച്ച് മുന്നോട്ട് നടന്നു. കുൽഫി എന്നെഴുതിയ ഒരു ബോർഡിൽ എന്റെ കണ്ണുടക്കി. പേര് കണ്ടപ്പോൾ തന്നെ എനിക്ക് വേണ്ടത് അവിടെ കിട്ടുമെന്ന് ഉറപ്പിച്ച് ഞാൻ മുന്നോട്ട് നടന്നു. ഉള്ളിൽ കയറിയപ്പോൾ തന്നെ ഒരു കുളിർമ്മയുള്ള കാഴ്ചകളാണു കുൽഫി എനിക്ക്‌ സമ്മാനിച്ചത്‌. വിവിധതരം കേക്കുകൾ അടുക്കി ഒരു താളത്തിലങ്ങനെ വെച്ചിരിക്കുന്നു. കേക്കുകളുടെ വെറൈറ്റി ആസ്വദിച്ച് എന്തിനാ കയറിയതെന്ന കാര്യം ഞാൻ പതിയെ മറന്നു.

പെട്ടെന്ന് എവിടുന്നോ ഒരു സ്വരം!

മാഡം എന്താണ് വേണ്ടത്?

അപ്പോഴാണ് ഞാൻ കേക്കുകളുടെ ലോകത്ത്‌ നിന്നും തിരിച്ചെത്തിയത്. ഐസ്ക്രീം വേണമെന്ന എന്റെ ആവശ്യം കേട്ട അയാൾ എനിക്കൊരു സ്റ്റെപ്പ്‌ കാട്ടിത്തന്നു . ഞാൻ അതിലെ കയറി മുകളിൽ എത്തി മൊത്തത്തിൽ ഒന്ന് നോക്കി നല്ല ഒരു ശാന്തത. ഫാമിലി – കപ്പിൾ ഫ്രണ്ട്‌ലി ആയിട്ടുള്ള മികച്ച അന്തരീക്ഷം. എല്ലാ സീറ്റും ഏകദേശം ഫുൾ ആണ്. എവിടെ ഇരിക്കും? ഒരു സീറ്റ് കണ്ടു. അവിടെ ഞാൻ സ്വസ്ഥമായി ഇരുന്നു. പരിചിതമായ മുഖം ഉണ്ടോ എന്ന് അറിയാൻ കണ്ണോടിച്ചു. അതിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത് എല്ലാവരുടെ മുന്നിലും ഒരു ചെറിയ കലം. എനിക്ക് അത് എന്തെന്ന് അറിയാൻ ആകാംക്ഷയായി.

ഓർഡർ എടുക്കാൻ വന്ന ചേട്ടനോട് ഞാൻ ഈ ചട്ടിയെ പറ്റി തിരക്കി. അപ്പോഴാണ് പറഞ്ഞത്. ഇതാണ് കുൽഫി സ്പെഷ്യൽ നാടൻ ഫലൂഡ (കലം ഫലുഡ) അങ്ങനെ ഞാനും ഒരു നാടൻ ഫലൂഡ ഓർഡർ ചെയ്‌തു. എന്നാൽ കുൽഫിയെക്കുറിച്ച് കുടുതൽ അറിയാൻ ഒരു ആഗ്രഹം തോന്നി ഞാൻ താഴേക്ക്‌ ചെന്നു. ഒരാൾ ചെറുചിരിയോടെ നിൽക്കുന്നത് കണ്ടു പരിചയപ്പെട്ടു പേര് റുമീസ്. ഞാൻ നാടൻ ഫലൂഡയെക്കുറിച്ച് ചോദിച്ചു. അയാൾ
എനിക്ക് വിശദീകരിച്ചു തന്നു. കേട്ടപ്പോൾ തന്നെ വായിൽ വെള്ളം ഊറി. പിന്നെ അധികം കേൾക്കാൻ നിന്നില്ല ഓർഡർ ചെയ്‌ത ഫലൂഡ കഴിക്കാൻ ഓടി. സാധനം എത്തി ഇനി ഇതൊന്ന് കഴിച്ച് രുചി അറിയണം എന്നായി ചിന്ത. പിന്നെ ഒന്നും നോക്കിയില്ല കഴിച്ചു തുടങ്ങി. ഹായ്‌ ! അടിപൊളി! ഈ ചൂടത്ത് വന്നിരുന്ന് കഴിക്കാൻ പറ്റിയ സാധനം. ഇതിൽ പ്രധാനപ്പെട്ട ഐറ്റങ്ങൾ
ഡ്രൈ ഫ്രൂട്ട്സ്, വാനില, സ്ട്രോബെറി, ഐസ്ക്രീം എന്നിവയാണ് ഇതിൽ കൂടുതലായും ഉള്ളത്.
90 രൂപയാണ് ഇതിന്റെ വില.ഇതൊന്നു കഴിച്ചാൽ ഉച്ചയ്ക്കുള്ള ഫുഡ് ഒഴിവാക്കാം. വയർ നിറയും. പിന്നീട് യാത്ര തുടർന്നു. ഈ യാത്രക്കിടയിൽ തന്നെ എന്റെ കൂട്ടുകാരെ വിളിച്ച് ഈ മനസ്സും വയറും നിറയുന്ന കുളിർക്കുന്ന അനുഭവം ഞാൻ പങ്കുവെച്ചു.

ഇനി തലശ്ശേരി വഴി പോകുമ്പോൾ കുൽഫി കഫേയിൽ കയറാൻ ഇറങ്ങാൻ മറക്കണ്ട ട്ടോ! നാടൻ ഫലൂഡയുടെ രുചി നിങ്ങൾക്കും അറിയേണ്ടേ?

Leave a Reply

Your email address will not be published. Required fields are marked *