കുടിയിറങ്ങുന്ന ഒരു ഗ്രാമത്തിന്റെ കഥ – ഭാഗം 5

അശ്വിൻ ആരണ്യകം

മനുഷ്യനേക്കാൾ വേഗതയിൽ ഓടിയെത്താൻ ആനകൾക്ക്‌ സാധിക്കുമെങ്കിലും ആ വേഗതയിൽ അധിക ദൂരം പോകാൻ സാധിക്കില്ല.
അതുപോലെ വളഞ്ഞു പുളഞ്ഞു ഓടിയും ആനകളിൽ നിന്നും രക്ഷപ്പെടാം…
ഇവിടെ പക്ഷേ ഞാൻ നിൽക്കുന്ന വീടും ആ ആനയും തമ്മിലുള്ള ദൂരം ഏതാനും മീറ്ററുകളാണ്. അവന് ഓടിയെത്തി വീടിന്റെ ചുമർ തകർക്കാൻ മിനുട്ടുകൾ മാത്രം മതി. തൊണ്ട വരളുന്ന അനുഭവം. കഴിഞ്ഞ ദിവസം തള്ളി വീഴ്ത്തിയ തെങ്ങു തട്ടി മാറ്റുന്ന ശബ്ദം മുന്നിൽ വിലങ്ങനെ വീണുകിടന്ന തെങ്ങ്‌ അവന്‍റെ വഴിയിൽ തടസ്സമായപ്പോൾ അത് തള്ളി മാറ്റുകയാണ്.

അത് കഴിഞ്ഞാൽ അവന് എന്നിലേക്കെത്തുവാൻ സെക്കൻഡുകൾ മതിയാകും. അടുത്തുള്ള സജിയെ വിളിക്കണമെന്നുണ്ടെങ്കിലും നിന്നിടത്ത്‌ നിന്നും അനങ്ങാൻ പറ്റാത്തവിധം കാലുകൾ ബന്ധിക്കപ്പെട്ടതുപോലെ…
സർവ്വശക്തിയുമെടുത്ത്‌ ഞാൻ സജികിടക്കുന്ന കട്ടിലിൽ ആഞ്ഞു ചവിട്ടി അവനെ ഉണർത്തി.
ചുണ്ടിൽ വിരൽ വച്ച് അവനോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പുറത്തേക്കു നോക്കുമ്പോൾ
അവൻ (ആന) അവിടെ ആ തെങ്ങ്‌ തടി കൊമ്പുകൊണ്ട് ഉയർത്തി മാറ്റിയിടുകയാണ്.
ഞങ്ങളെ രണ്ടു പേരെയും ഞെട്ടിച്ചുകൊണ്ട്
വലിയൊരു ചിന്നംവിളി ഉയർന്നു.
അതെ നേരത്തെ മുതൽ പനത്തിന്നുകയായിരുന്ന രണ്ടാനകളിൽ ഒന്നാണ് ഇപ്പോൾ ചിന്നം വിളിച്ചിരിക്കുന്നത്.

അവരും കൂടെ ഈ കൊമ്പനൊപ്പം ചേർന്നാൽ ഇന്നിവിടെ നടക്കാൻ പോകുന്നത് പലതിന്റെയും തകർന്നടിയലായിരിക്കും.
ഭയന്ന് പുറത്തേക്ക്‌ ഓടാൻ നോക്കിയ എന്നെ സർവ്വ ശക്തിയുമെടുത്ത് സജി പിടിച്ചു വെയ്ക്കുകയായിരുന്നു.

എന്നിട്ടവൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു.

“ഓടരുത്.. പുറത്ത്‌ ആനകൾ എവിടെയൊക്കെ ഉണ്ടെന്ന് പറയാൻ സാധിക്കില്ല. കാറ്റടിക്കുമ്പോ വരുന്ന രൂക്ഷമായ ഗന്ധം കരടി മൂത്രത്തിന്റേതാണ്.
അതിന്റെ മുൻപിൽ പെട്ടാലും അവസാനമാകും.
അതിനേക്കാളും നല്ലത് ഇവിടെ തന്നെ നിൽക്കുന്നതാകും. പുറത്തുള്ള ആനക്കൂട്ടം
കുറച്ചകലേക്ക്‌ മാറിയാൽ നമുക്ക് വീണ്ടും തീ കൂട്ടാം..”

വരാൻ തോന്നിയ സമയത്തെ ശപിച്ചു കൊണ്ട് ഞാൻ നില്പായി. നിശബ്ദമായ കുറച്ച്‌ സമയത്തിന് ശേഷം ടോർച്ചടിച്ച്‌ നോക്കുമ്പോൾ
രണ്ട്‌ കൊമ്പനാനകളും അകലേക്ക് നടന്നു പോകുന്നുണ്ടായിരുന്നു.

പലപ്പോഴും കൊമ്പനകൾ തമ്മിൽ കാണുമ്പോൾ സൗഹൃദപരമായതോ അല്ലെങ്കിൽ
ശക്തി തെളിയിക്കുന്നതിനോ വേണ്ടിയുള്ള കൊമ്പുകോർക്കലുകൾ കണ്ടിട്ടുണ്ട്.
അതല്ലെങ്കിൽ ഒരു കൊമ്പന്റെ പരിധിയിൽ നിന്നും മറ്റൊരു കൊമ്പൻ ഒഴിഞ്ഞു നിൽക്കുന്നതാണ് സാധാരണയായി കാണാൻ സാധിക്കാറ്.

ഇവിടെ അവർ ഒരുമിച്ചു നീങ്ങുമ്പോൾ
നമ്മൾ പഠിച്ചതിനും മനസിലാക്കിയതിനും
അപ്പുറമാണ് വന്യജീവികളുടെ കാട്ടിലെ ജീവിതമെന്ന് മനസ്സിലോർത്തു.
വലിയൊരപകടം കണ്മുന്നിൽ നിന്നും മാറിപ്പോയ ആശ്വാസത്തിൽ സമയം നോക്കി.

മൂന്നര കഴിഞ്ഞിരിക്കുന്നു.
അങ്ങകലെ വയലിലേക്ക് ടോർച്ച്‌ തെളിച്ചപ്പോൾ ആനകൾ ഒറ്റയ്ക്കും കൂട്ടമായും കാടിനെ ലക്ഷ്യമാക്കി നീങ്ങുകയാണ്.
തീറ്റ മതിയായിട്ടോ! എന്തോ അവർ ആ ഗ്രാമത്തിൽ നിന്നും കാട്ടിലേക്ക് യാത്രയാവുകയാണ്.
ഇനി കാര്യമായൊന്നും പ്രശ്നങ്ങൾ ഉണ്ടാകില്ല.

“നമുക്ക് ഉറങ്ങാം…”

സജി എന്നെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു എനിക്കെങ്ങനെയെങ്കിലും കാടിറങ്ങിയാൽ മതിയെന്നായി…
എങ്കിലും കുറച്ചു സമയം ഉറങ്ങാതെ വയ്യ.
നാളെ ബൈക്കിൽ കുറച്ചധികം യാത്രചെയ്യാനുള്ളതാണ്.
സുരക്ഷിതമെന്ന് മനസിനെ പഠിപ്പിച്ചു.
തറയിലെ പായയിലേക്ക്‌ കിടന്നു.
ഉറക്കം വരുമെന്ന പ്രതീക്ഷയിൽ…

Leave a Reply

Your email address will not be published. Required fields are marked *