കരൂഞ്ഞിമലയിൽ ടെന്റടിച്ചൊരു രാത്രി

ബിബിൻ ജോസഫ് 

കോഴിക്കോട് കക്കയവും വയലടയും മാത്രമല്ല, കൊടുവള്ളിയിലും ഉണ്ട് അധികം ആർക്കും അറിയാതെ ഒളിഞ്ഞുകിടക്കുന്ന ഒരു സ്വർഗം.
ഇരുപത് മിനിറ്റ് നടന്ന് കേറിയാൽ മതി ഈ മലയുടെ മുകളിലെത്താൻ. അത്ര ചെറിയ മലയാണോയെന്ന് പറഞ്ഞ് തള്ളാൻ വരട്ടെ.
അതിനുത്തരം ഇവിടുത്തെ കാഴ്ച പറയും. കരൂഞ്ഞി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന കരൂഞ്ഞി മലയെപ്പറ്റിയാണ് പറയുന്നത്.
അധികം സഞ്ചാരികൾ എത്തിപ്പെടാത്ത ഈ മലയിൽ ഒറ്റക്ക് ഒരു രാത്രി ടെന്റ് അടിച്ച് നിൽക്കുക എന്ന ഉദ്ദേശത്തോടുകൂടെ ഞാൻ കൊടുവള്ളിക്ക് വണ്ടി കേറി.

യക്ഷികഥകൾ ഉള്ള ഈ മലയുടെ ഏതാണ്ട് മധ്യഭാഗത്ത് ഒരു ഗുഹ കൂടെയുണ്ട്. പ്രദേശവാസികൾ മാത്രമാണ് ഇവിടെ സാധാരണയായി എത്തുന്നത്.
വിദ്യാർഥികളടക്കം ധാരാളം പേർ ലഹരി വസ്തുക്കൾ ഉപയോഗിക്കാൻ ഇവിടേക്ക് എത്തുന്നതിനുമാത്രമാണ് നാട്ടുകാർക്ക് പരാതിയുള്ളത്. വരുന്നവർ ആ വക കലാപരിപാടികൾ പൂർണമായും ഒഴിവാക്കുക.
ഏതാണ്ട് മൂന്നുമണിയോടെ ഞാൻ മലയുടെ മുകളിലെത്തി. ഈ ചെറിയ മലയുടെ മുകളിൽനിന്നുള്ള കാഴ്‌ച്ച എന്നെ അതിശയിപ്പിച്ചു.
ഏറ്റവും മുകളിൽ ഒരു വ്യൂ പോയിന്റുണ്ട്. ഇവിടെനിന്നും നോക്കിയാൽ ചുറ്റുപാടുമുള്ള മറ്റ് ചെറിയ മലനിരകൾ കാണാം. അങ് ദൂരെ വയനാടൻ മലനിരകൾ തലയുയർത്തിനിൽക്കുന്നു.

നല്ല ചൂടും, വെയിലും, ഒപ്പം കൂട്ടിന് നല്ല കാറ്റും ഉണ്ടായിരുന്നു. അൽപനേരം ഒരു മരത്തിന്റെ തണലിൽ കിടന്നു. മലയുടെ മുകളിൽ വലിയ വെട്ടുകല്ല് പോലത്തെ കല്ലാണ്, അതിന്റെ ഇടക്ക് പുല്ലും. അത് മാത്രമേ മലയുടെ മുകളിൽ ഉള്ളു. എന്റെ കൈയിൽ ഫോണിന്റെ ഫ്ലാഷ് അല്ലാതെ വേറെ വെളിച്ചം ഇല്ലാത്തതുകൊണ്ട് അഞ്ചരയോടെ ഞാൻ ടെന്റ് സെറ്റുചെയ്തു. പെട്ടന്നായിരുന്നു കാലാവസ്ഥയുടെ മായാജാലം. മഴ പെയ്യാൻ ആരംഭിച്ചു.


ഞാൻ ടെന്റിന്റെ അകത്തുകയറി. മഴ മെല്ലെ ശക്തി പ്രാപിച്ചു. ടെന്റിന്റെ താഴത്തെ തുന്നലിലൂടെ വെള്ളം അകത്തുകയറാൻ തുടങ്ങി.
അല്പനേരത്തിനുശേഷം മഴ ചോർന്നു.
പുറത്തിറങ്ങിയ ഞാൻ അപ്പോഴത്തെ കാഴ്‌ച്ച കണ്ട് ഞെട്ടി. ഇതുവരെ ഉണ്ടായിരുന്ന സ്ഥലമല്ല മഴക്ക് ശേഷം. ഒരു ചെറിയ മഴ പ്രകൃതിയെ ഇത്രമാത്രം മാറ്റം വരുത്തുമെന്ന് എനിക്ക് മനസിലായി, മഴയിൽ കുളിച്ച് കരൂഞ്ഞി വേറെ ലെവലായി. ഒപ്പത്തിനൊപ്പം സൂര്യൻ അസ്തമയത്തിന് തയ്യാറെടുത്തു നിൽക്കുന്നു.


രാത്രി പലപ്പോഴായി വലുതും ചെറുതുമായി മഴ പെയ്തു. ടെന്റ് ചോരുന്നതുകാരണം ടെന്റിന്റെ നടുവിൽ എഴുന്നേറ്റിരിക്കും, മഴ അവസാനിക്കുന്നിടം വരെ.
കരൂഞ്ഞിമല എന്തുകാഴ്‌ച്ചയാവും ഒരുക്കിവെച്ചിരിക്കുക എന്ന ആശ്ചര്യത്തോടുകൂടെയാണ് രാവിലെ ടെന്റിന് പുറത്തിറങ്ങിയത്.
കഴിഞ്ഞ രാത്രി അത്യാവശ്യം മഴ പെയ്തതുകൊണ്ട് കരൂഞ്ഞിമലയെന്നെ നിരാശനാക്കിയില്ല. പ്രതീക്ഷക്കൊത്തപോലെ മഞ്ഞിൽ പുതച്ചുകിടക്കുകയാണ് ചുറ്റുപാടുമുള്ള പ്രദേശങ്ങൾ. അല്പനേരത്തിന്റെ കാത്തിരിപ്പിനുശേഷം ഞാൻ നിൽക്കുന്ന പ്രദേശം അടക്കം മൊത്തം കോടയാൽ മൂടപ്പെട്ടു. ഇതുപോലെയുള്ള എത്ര സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ആർക്കും അറിയാതെ ഒളിഞ്ഞു കിടക്കുന്നു. അതൊക്കെ ഒന്നാസ്വദിച്ചിട്ട് പോരെ ഹിമാലയത്തിലേക്ക് വണ്ടി വിടുന്നത്.
ധൈര്യമായി കരൂഞ്ഞി മലയിലേക്ക് വിട്ടോളൂ, നിരാശരാവേണ്ടി വരില്ല.

Leave a Reply

Your email address will not be published. Required fields are marked *