ഈ കടലാസ് പ്രേരിപ്പിക്കും ! ഒരു കഥയെഴുതാന്‍…

സച്ചിന്‍ എസ്.എല്‍

പഴമയേറുന്തോറും അതിനൊരു പുതുമ അറിയാതെ കൈവരും. കോഴിക്കോട്ടെ സൗത്ത്‌ ബീച്ചിലൊരു 'കടലാസ്‌' വിരിച്ചിട്ടുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞപ്പൊ ചെന്നു കാണണമെന്നുള്ള ഒരിച്ഛ. അങ്ങനെ കടൽക്കാറ്റേറ്റ്‌ ഒരു ചായ കുടിക്കാൻ കൊതിച്ച്‌ ഞാനും ചങ്ങായിയും എത്തി കടലാസു വഞ്ചി പോലെ തീരത്തട്ടിൽ ഒഴുകിയിളകുന്ന ആ ലോകത്തിലേക്ക്‌. കടലാസ് കഫെ, കണ്ടപാടെ എനിക്കും തോന്നി, ''ഇതെന്തോ ഇമ്മിണി ബല്ല്യ ഒന്നാണെന്ന്''.

പണ്ടെങ്ങോ അതു വഴി കടന്ന് പോയപ്പൊ കണ്ട വർഷങ്ങളോളം പഴക്കമുള്ള ഒരു കെട്ടിടം ഓർമ്മയിലിന്നുമുണ്ട്‌. ആ സ്ഥാനത്ത്‌ രാജകീയ പ്രൗഢിയുള്ള ഉരുവിനോളം പോന്നൊരു മനോഹര വിസ്മയം. അസ്തമയ സൂര്യൻ സമ്മാനിച്ച സന്ധ്യയുടെ നിറം കൂടുതൽ മങ്ങുന്നതിന് മുൻപേ ഞങ്ങള്‍ അകത്തേക്ക്‌ കയറി ചെന്നു. പടവുകളാണ്. ഭിത്തികളിൽ നിറങ്ങളേതുമില്ല. അരണ്ട വെളിച്ചത്തിന് മാറ്റു കൂട്ടാനെന്നപോലെ നിലനിർത്തിയ സിമന്‍റ് ഭിത്തികൾ.

കുത്തനെയുള്ള ഇരുട്ടറയ്ക്കകത്തെ പടികൾ ഒന്നൊന്നായി കേറിച്ചെല്ലാൻ ഒരുപാടുണ്ട്‌. അതിനിടയിൽ ഇരു വശത്തും ഒന്നു രണ്ട്‌ പാസ്സേജുകൾ ഉണ്ട്‌. അവ നീളുന്നത്‌ കഫേറ്റേരിയയുടെ അകത്തേക്കാണ്. വൈകീട്ടത്തെ ചായേടെ ഇമ്പം നുകരാൻ കോയിക്കോട്ടെ താത്തമാരെത്തീട്ട്ണ്ട്‌. അകത്ത്‌ പക്ഷേ ആളു നിറഞ്ഞിരിക്കുവാ കാത്ത്‌ നിക്കേണ്ടി വരുമെന്ന് വെയിറ്റര്‍ ചേട്ടൻ പറയുന്നുണ്ട്‌. അവരെ അകത്ത്‌ കേറ്റാൻ പറ്റാത്തതിന്റെ പരിഭവം മൂപ്പരുടെ മുഖത്തും കാണാം.

"ഇങ്ങളു മോളീലേക്ക്‌ ചെല്ലീൻ ആടെ കുറച്ച്‌ നേരം കാറ്റും കൊണ്ട്‌ ഇരിക്കുമ്പോഴേക്കും ഞങ്ങൾ വിളിച്ചോളാം.."

വെയിറ്റർ അവരെ വിട്ട വഴിയെ ഞങ്ങളും ചെന്നു.. സായംകാലം ഇളക്കിവിട്ട തണുത്ത കാറ്റിന്റെ വരവേൽപ്‌ പിന്നീട്‌ എത്തിച്ചത്‌ ഏറ്റവും മനോഹരമെന്ന് പറയാവുന്ന കാഴ്ചയിലേക്കായിരുന്നു. ആകാശത്തോളം പൊങ്ങി നിന്ന് കടലിനെ  ആസ്വദിക്കാനുള്ള ഒരു തട്ട്‌. കടലാസിലെ അത്ഭുതങ്ങളുടെ തുടക്കം.!

ഇളം മഞ്ഞനിറം ഒഴുകുന്ന വെളിച്ചത്തിൽ നിഴൽരൂപങ്ങൾ പോലെ ഒരുപാടുപേർ. പഴയകാലത്തെ ഓർമ്മിപ്പിക്കുന്ന കമ്പിയിൽ മെടഞ്ഞ കസേരകൾ ഇരിക്കാനായി ഇട്ടിട്ടുണ്ട്‌. താൽക്കാലികമായി വെയിറ്റിംഗ്‌ ഷെൽട്ടർ ആക്കിയ ഈ ഇടം ഭാവിയിൽ ഫുഡ്‌ കഴിക്കാനുള്ള ഇടമാക്കി മാറ്റും. അപ്പൊപ്പിന്നെ കടലിനെ കണ്ട്‌ കൊണ്ട്‌ വൈകുന്നേരച്ചായ കുടിക്കാം. 'സ്കൈ' അഥവാ ആകാശം ആ ഒരു പേരു തന്നെയാണ് അവർ ആ ലോഞ്ചിനു നൽകിയത്‌.  അപ്പൊഴാണാ കൗതുകകരമായ ആ വേർതിരിവ്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്‌. നടുവിൽക്കണ്ട ഭാഗം 'വേവ്സ്' അഥവാ തിരകള്‍ ആണ് . ഏറ്റവും താഴ്‌ന്ന ഇടത്തിലെ കോഫീ ലോഞ്ച്‌, സാൻഡും. അഥവാ മണൽപ്പരപ്പ്‌... കടലാസിനാകെ ഒരു നീലാകാശം പച്ചക്കടൽ ചുവന്നഭൂമി ടച്ച്‌. പേരിലെ കൗതുകത്തേക്കാളേറെ അവിടെ അവരൊരുക്കിയ ചുറ്റുപാട്‌ എടുത്ത്‌ പറയാതിരിക്കാൻ ആവില്ല.

പലേ അർത്ഥതലങ്ങൾ അവതരിപ്പിക്കാം കടലാസ് എന്ന പേര് കൊണ്ട്. എന്റെയുള്ളിൽ എനിക്ക്‌ തോന്നിയ ഒരർത്ഥമുണ്ട്‌. മണൽപ്പരപ്പിൽ ഒരത്ഭുതം പോലെ പണികഴിപ്പിച്ച ഇവിടം ഒരൊഴിഞ്ഞ കടലാസാണ്. ആ കടലാസിലെന്തെഴുതണമെന്ന് അല്ലെങ്കിൽ എന്ത്‌ വരയ്ക്കണമെന്ന് നമുക്ക്‌ തീരുമാനിക്കാം. അതിനെ സ്വാധീനിക്കാൻ സാധ്യതയുള്ളതെല്ലാം അവരൊരുക്കി തന്നിട്ടുണ്ട്‌. കൂടെ നുകരാൻ ഭക്ഷിക്കാൻ നമ്മൾ ഇഷ്ടപ്പെടുന്ന രുചികളും.

കഫേയ്ക്കകത്ത്‌ ഷെൽഫിലായി അടുക്കി വെച്ച പുസ്തകങ്ങൾ തന്നെ ധാരാളം എത്രത്തോളം മനോഹരമായ ഒരു ലിറ്റററി കൺസെപ്റ്റാണിതെന്ന് മനസ്സിലാക്കാൻ. പഴയതിനെ വീണ്ടും പഴയതാക്കുക വഴി നിത്യഹരിതമെന്ന് വിളിക്കാൻ പാകത്തിലുള്ള ഒരു ടേസ്റ്റി ടെയിൽ അഥവാ രുചികരമായ ഒരു കഥയാണ് 'കടലാസ്‌'.

പരമ്പരാഗത ടേസ്റ്റുകൾ കൈവെടിഞ്ഞുള്ള യൂറൊപ്യൻ ഡിഷുകളും പാനീയങ്ങളും ആണിവിടുത്തെ പ്രധാന ആകർഷണം. കടലാസ്‌ മെനുവും പറയുന്നത്‌ പല കഥകളാണ്. ഒരു കോഫീ ഷോപ്പ്‌ കൾച്ചറിലേക്കുള്ള കോഴിക്കോടിന്റെ പ്രയാണത്തെ ത്വരിതപ്പെടുത്താൻ പാകത്തിലാണ് കടലാസ്‌ അവതരിപ്പിക്കാൻ പോകുന്ന പുത്തന്‍ രീതി.

കോയി ബിരിയാണീം തന്തൂരിച്ചിക്കനും ഇല്ലാത്ത കോയിക്കോട്ടെ ഹോട്ടലോ! ഇങ്ങനെ ചിന്തിക്കുന്നോരാണ് നിങ്ങളെങ്കിൽ കടലാസിലൊരു കവിത എഴുതാനുള്ള ചാൻസ്‌ നിങ്ങളു കളഞ്ഞുവെന്ന് സാരം.

ഐഡിയകൾ പൂക്കുന്ന ഈ കാലത്ത്‌ രസകരമായ ഈ ആശയത്തിന് പിന്നിൽ നാലു യുവാക്കളാണ്. സുഹാസ്‌, ഷിഹാബ്‌, ഷഹിൻ, ഹസീബ്‌.  എഞ്ചിനീയറിംഗ്‌ പഠിത്തം ഒന്നിപ്പിച്ച ഇവരാണിപ്പൊ കോഴിക്കോട്ടെ സ്റ്റാർസ്‌. കടലാസിനെ മ്മളെ കോഴിക്കോട്ട്‌ തന്നെ വിരിക്കാൻ ഇവരു കാണിച്ച മനസ്സിനു കൊടുക്കാം 'സലാം'.

ശരിക്കും പറഞ്ഞാ കടപ്പൊറത്ത്‌ മണലിലിരുന്ന് തിരയെണ്ണുന്നതിനേക്കാൾ ഉഷാറാണ് കടലാസിന്റെ മൂന്നാം നിലയിലിരുന്ന് തിരയെണ്ണാനും കഥ തിരയാനും... അതും ഓരോ ചായയും കുടിച്ച്‌ കൊണ്ട്‌. ഇതിൽ കൂടുതൽ ഇനി ഞാൻ ഒന്നും പറയണ്ടാലോ!  ഇന്ന് തന്നെ വിട്ടോളീൻ സ്വർണ്ണനിറമുള്ള മണൽപ്പരപ്പ്‌ കഥ പറയുന്ന, തിരയുടെ താളവും അതിലവയൊരുക്കുന്ന സംഗീതവും കേട്ട്‌ ആകാശനീലിമയോട്‌ ചേർന്നിരുന്ന് അത്യാഹ്ലാദത്തിന്റെ ആകാശക്കോട്ട കെട്ടാൻ കടലാസിലേക്ക്‌...

ചിത്രങ്ങള്‍: റമീസ്

1 thought on “ഈ കടലാസ് പ്രേരിപ്പിക്കും ! ഒരു കഥയെഴുതാന്‍…

Leave a Reply

Your email address will not be published. Required fields are marked *