ആഗസ്റ്റിലെ ആദ്യ ഞായർ ഫ്രണ്ട്ഷിപ്പ്‌ ഡേ..! Why?

സച്ചിൻ. എസ്‌.എൽ

ഇന്ന് ദേശീയ സൗഹൃദദിനം. വിവിധ ലോകരാജ്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിലാണ് സൗഹൃദ ദിനാചരണം നടന്നു പോരുന്നത്‌.

പക്ഷേ എന്താണിങ്ങനെയൊരു ദിനാചരണത്തിന്റെ ലക്ഷ്യം? അല്ലെങ്കിൽ അതിനു പിന്നിലെ ചരിത്രം..!

സംഗതി വളരെ രസകരമാണ്. ഇന്നത്തെ പോലെ സോഷ്യൽ മീഡിയായും സ്മാർട്ട്‌ ഫോണുകളും ഇല്ലാതിരുന്ന ഒരു കാലത്ത്‌ ഇത്തരത്തിലുള്ള ആശംസകൾ കൈമാറിയിരുന്നത്‌ ഗ്രീറ്റിംഗ് കാർഡുകളിലൂടെയായിരുന്നു…!

ഈ ജനറേഷന് ഇക്കാര്യം അറിയാൻ വഴിയില്ല. പക്ഷേ ’90 കളിലും രണ്ടായിരാമാദ്യത്തിലും നിറഞ്ഞു നിന്ന ഒന്നായിരുന്നു ഗ്രീറ്റിംഗ്‌ കാർഡുകൾ.

ഇത്തരത്തിലുള്ള ഗ്രീറ്റിംഗ് കാർഡ്‌ ഇൻഡസ്ട്രികളെ അഭിവൃദ്ധിപ്പെടുത്തുവാനുള്ള ബിസിനസ്സ്‌ തന്ത്രം ഒന്നു മാത്രമായിരുന്നു ഇതിന് പിന്നിൽ.

ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധിയാകട്ടെ ജോയ്സ്‌ ഹാൾ എന്ന അമേരിക്കൻ ബിസിനസ്സുകാരന്റേതും. 1930 ൽ ആരംഭിച്ച ഇദ്ദേഹത്തിന്റെ ‘ഹാൾമാർക്ക്‌ കാർഡ്സ്‌’ എന്ന സ്ഥാപനത്തിന്റെ പ്രൊമോഷന് വേണ്ടി അദ്ദേഹം ആ കൊല്ലം ആഗസ്റ്റ്‌ 2 ന് ഒട്ടനവധി ഫ്രണ്ട്ഷിപ്പ്‌ ഡേ കാർഡുകൾ അച്ചടിച്ച്‌ വിതരണം ചെയ്യുകയുണ്ടായി. ആളുകളിലേക്ക്‌ ഈയൊരു സന്ദേശം എത്തിയതോടെ വിവിധങ്ങളായ കാർഡുകൾ വാങ്ങിച്ച്‌ കൂട്ടാനും അവ സുഹൃത്തുക്കൾക്ക്‌ അയച്ച്‌ കൊടുക്കാനും ആളുകൾ കൂട്ടമായി വന്ന് തുടങ്ങി. പുതിയ തരത്തിലുള്ള ഒരു മാർക്കറ്റിംഗ്‌ രീതിയുടെ വിജയം കൂടിയായിരുന്നു അത്‌.

പിന്നീട്‌ അമേരിക്കയിൽ ഇത്‌ തുടർന്ന് പോരുകയും മറ്റ്‌ രാജ്യങ്ങൾ അനുകരിക്കാനും തുടങ്ങി എന്നുള്ളതാണ് വസ്തുത.

പിന്നീട്‌ 1958 ൽ പാരഗ്വായ്‌ ആസ്ഥാനമാക്കി പ്രവർത്തിച്ചു വന്നിരുന്ന ഇന്റർനാഷണൽ സിവിൽ ഓർഗ്ഗനൈസേഷൻ ആയ വേൾഡ്‌ ഫ്രണ്ട്ഷിപ്‌ ക്രുസേഡ്‌ (World friendship crusade) സൗഹൃദം, സംസ്കാരത്തെയും സമാധാന അന്തരീക്ഷത്തെയും പരിപോഷിപ്പിക്കുന്നൂവെന്ന് കണ്ട്‌ എല്ലാ വർഷവും ജൂലായ്‌ 30 ന് ലോക സൗഹൃദ ദിനമായി ആചരിക്കാൻ തീരുമാനിച്ചു.

പക്ഷേ സാർവ്വത്രികമായി ഇത്‌ നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. പലതവണ യുണൈറ്റഡ്‌ നാഷൻസ്‌ ഓർഗ്ഗനൈസേഷനുമായി കൂടിയാലോചിച്ചുവെങ്കിലും നടപ്പിൽ വരുത്താൻ പറ്റിയില്ല. ഫ്രണ്ട്ഷിപ്പ്‌ ഡേ സെലിബ്രേഷൻ എന്നത്‌ വെറുമൊരു ‘മാർക്കറ്റിംഗ്‌ ഗിമ്മിക്ക്‌ ‘ (Marketing Gimmick) ആയിട്ടാണ് യു. എൻ കരുതി പോന്നത്‌.

ഒടുവിൽ 2011 ജൂലായ്‌ 27 ന് ഐക്യരാഷ്ട്രസഭാ ജനറൽ അസംബ്ലി ഈയൊരു ദിനാചരണത്തിന്റെ ആവശ്യകത മനസിലാക്കി എല്ലാ വർഷവും ജൂലായ്‌ 30 അന്താരാഷ്ട്ര സൗഹൃദ ദിനമായി ആചരിക്കുവാനുള്ള തീരുമാനം പ്രസ്താവിച്ചു.

എന്നിരുന്നാലും പല രാജ്യങ്ങളും ഇന്നും ഫ്രണ്ട്ഷിപ്പ്‌ ഡേ ആഘോഷിക്കുന്നത്‌ ആഗസ്റ്റ്‌ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ്. നമ്മുടെ ഇന്ത്യയിലും ഈയൊരു രീതി തുടർന്ന് പോരുന്നു.

ഡിസ്നിയുടെ ഫിക്ഷണൽ ക്യാരക്ടറായ വിന്നി ദ പൂഹ്‌ (Winnie the Pooh) ആണ് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ച ഫ്രണ്ട്ഷിപ്പ്‌ ഡേ ബ്രാൻഡ്‌ അംബാസഡർ.

Leave a Reply

Your email address will not be published. Required fields are marked *