ഗോൽകൊണ്ട, ഹൈദരാബാദിന്റെ നഷ്ടപ്രതാപം

അനീഷ് കൃഷ്ണമംഗലം

ചിതറിക്കിടക്കുന്ന കാഴ്ചകളുടെ ഒരു പറുദീസയാണ് ഹൈദരാബാദ്. നൈസാമിന്റെയും ബാഹ്മനികളുടെയും പടയോട്ടങ്ങൾ ഇതിഹാസങ്ങൾ തീർത്ത ഭൂമി. മൂന്ന് ദിവസം മാത്രം കൈയിൽ വച്ച് കണ്ടു തീർക്കാമെന്ന് കരുതി വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നഷ്ടപ്പെടാവുന്ന കാഴ്ചകളുടെ കണക്കെടുക്കാൻ മാത്രം വിട്ടു പോയി.

ഡിസംബറിലെ ഒരു പ്രഭാതത്തിലാണ് ഹൈദരാബാദ് എയർപോർട്ടിൽ വിമാനമിറങ്ങിയത്‌. സഹയാത്രികരായ രണ്ട് സുബിന്മാർക്കും സതീശനുമൊപ്പം സന്ദർശകഗ്യാലറിയിൽ അഞ്ചാമൻ രാജേഷ് പോണാട്‌ വരുവാനായി കാത്തിരിക്കുമ്പോൾ എവിടെ തുടങ്ങണം എങ്ങോട്ട് പോകണം എന്നൊന്നും യാതൊരു രൂപവുമുണ്ടായിരുന്നില്ല. പഴമയുടെ ചായക്കൂട്ടുകൾ കഥകളിലൂടെ വരച്ചിട്ട കമനീയചിത്രം പോലെ ഹൈദരാബാദ് എന്നും മനസ്സിൽ നിറഞ്ഞിരുന്നു. യാത്ര കൂട്ടായ്മകളിലെ സുഹൃത്തുക്കളോട് ഒരു മെസ്സേജിന്റെ താമസം കൃത്യമായ വിവരങ്ങൾ വിരൽത്തുമ്പിലെത്തി. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി രുചിച്ച് നോക്കാൻ മറക്കരുതെന്ന നിർദേശം പലരും പങ്ക് വച്ചു.

നഗരത്തിന്റെ പ്രധാന കാഴ്ചകളിലൊന്നായ ഗോൽകൊണ്ട കോട്ട തന്നെ ആദ്യം കാണാമെന്നു തീരുമാനിച്ചു. എയർപോർട്ടിനടുത്തു തന്നെയുള്ള ബസ് സ്റ്റാൻഡിലെ ഭോജനശാലയിൽനിന്നും പ്രഭാത ഭക്ഷണമായി രുചികരമായ ഇഡ്ഡലിയും ചട്ണിയും കഴിക്കുമ്പോൾ കോട്ടയുടെ ഭാഗത്തേക്കുള്ള tsrtc യുടെ പുഷ്പക് ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. കണ്ടക്ടറും ഡ്രൈവറും ഒരാൾ തന്നെ. ഇരുന്നൂറ്റിപ്പത്ത്‌രൂപ ടിക്കറ്റ് എടുത്താൽ മെഹ്ദിപട്ടണം വരെ പോകാം. അവിടുന്ന് ബസിലോ ഓട്ടോയിലോ ടാക്സിയിലോ കോട്ടയിലെത്താം. അഞ്ച് പേർക്ക് 1050 രൂപയാണ് പുഷ്പക്‌ ബസ് ചാർജ്. നൂറ് രൂപ ഡിസ്കൗണ്ട് തരാം, 950 മതിയെന്ന് കണ്ടക്ടർ. മനോഹരമായും വൃത്തിയായും തയ്യാറാക്കിയ എയർപോർട്ട് റോഡിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ നീളമുള്ള, ഇന്ത്യയിലെതന്നെ ഏറ്റവും വലിയ ഫ്ളൈയോവറായ പി.വി.നരസിംഹറാവു എക്സ്പ്രസ് ഹൈവേയിലൂടെ ബസ് ഞങ്ങളെ മെഹ്ദിപട്ടണത്ത്‌ എത്തിച്ചു. അവിടെ നിന്നും ഞങ്ങളഞ്ചു പേരെ ഗോൽകൊണ്ട കോട്ടയിലെത്തിക്കുന്നതിന് ഇരുനൂറ് രൂപയാണ് ഓട്ടോക്കാർ ആവശ്യപ്പെട്ടത്.

കാതിൽ വന്നലയ്‌ക്കുന്ന ഹോണടികളുടെയും തിക്കിതിരക്കുന്ന വാഹനങ്ങളുടെയും ഇടയിലൂടെ കോട്ടയുടെ കവാടത്തിലെത്തിച്ചേരുമ്പോൾ ഉച്ച കഴിഞ്ഞ് രണ്ട് മണിയായി. ഉച്ചഭക്ഷണം വേണ്ടന്ന് വച്ച് കോട്ടയിലേക്ക് കയറി.ഒരാൾക്ക് പതിനഞ്ച് രൂപയാണ് പ്രവേശന ഫീസ്. ക്യാമറയുണ്ടെങ്കിൽ ഇരുപത്തഞ്ച് രൂപ വേറെ കൊടുക്കണം.വീഡിയോഗ്രഫി കോട്ടക്കുള്ളിൽ അനുവദനീയമല്ല. ഞങ്ങളുടെ Dslr കണ്ട് പിക്ചർ എടുക്കുന്ന ക്യാമറയാണോ എന്നായി അവരുടെ ചോദ്യം. അതേയെന്ന് പറഞ്ഞപ്പോൾ വീഡിയോഗ്രാഫി അനുവദിക്കാത്തതിനാൽ അകത്ത് കയറ്റാൻ പറ്റില്ലത്രെ. വീഡിയോ ഇല്ല പിക്ചർ മാത്രം എന്നു പറയുമ്പോൾ അവർ സമ്മതിക്കുന്നില്ല. എവിടെയോ എന്തോ തകരാറു പോലെ. “പിക്ചർ” എന്ന് അവരുദ്ദേശിക്കുന്നത് സിനിമ ആണെന്ന് പിന്നീടാണ് മനസ്സിലായത്. ഞങ്ങളുടെ കൈയിലുള്ള ക്യാമറ ഫോട്ടോയ്ക്ക്‌ മാത്രമാണെന്ന് തെലുങ്കരോട് പറഞ്ഞ് മനസ്സിലാക്കുവാൻ കുറെ പാട് പെട്ടു.

“ബാലഹിസാർ ദർവാസ” എന്നറിയപ്പെടുന്ന മനോഹരമായ കോട്ടവാതിൽ കടന്നെത്തിയത് “നഗിന ബാഗ്” എന്ന ഉദ്യാനത്തിലേക്കാണ്. പേരിലെ കൗതുകത്തിലൂടെയും നിരവധി സിനിമകളിലൂടെയും മനസ്സിൽ കയറിയ ഗോൾക്കൊണ്ടയെന്ന മഹാസൗധം ഇതാ കൺമുന്നിൽ. നഷ്ടപ്പെട്ടു പോയ ഗതകാലപ്രതാപത്തെ പുതുതലമുറക്ക് മനസ്സിലാക്കുവാൻ ബാക്കിയുള്ളതത്രയും കഷ്ടപ്പെട്ട് കരുതി വെക്കുകയാണ് ഇന്നീ കോട്ട.

കാകതീയ രാജവംശം അവരുടെ പടിഞ്ഞാറൻ പ്രദേശത്ത് പ്രതിരോധ ആവശ്യങ്ങൾക്കായി നിർമാണമാരംഭിച്ച കോട്ട അക്കാലത്തെ ശക്തയായ റാണി രുദ്രമാദേവിയും പിൻഗാമി പ്രതാപരുദ്രയുമാണ് പുനർനിർമിച്ചത്‌. പിൽക്കാലത്ത് പ്രതാപരുദ്രയെ യുദ്ധത്തിൽ തോൽപിച്ച് മഹപ്രതാപിയായിരുന്ന മുസുനൂരി നായകർ കോട്ടയുടെ ഭരണം പിടിച്ചു. കുത്തബ് ഷാഹി രാജവംശത്തിന്റെ ആവിർഭാവത്തോടെ കോട്ട ഇന്ന് കാണുന്ന രീതിയിൽ പുനർനിർമിച്ചു. ഔറംഗസീബ് ആക്രമിച്ചതോടെ കോട്ട മുഗളൻമാരുടെ കീഴിലായി. അവർ തലസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റിയതോടെ കോട്ടയുടെ പ്രതാപവും അസ്തമിച്ചു. ഇപ്പൊൾ നശിച്ച് ജീർണാവസ്ഥയിലുള്ള ഒരു കൽകൊട്ടാരം മാത്രമായി അത് അവശേഷിക്കുന്നു.

ഏറെക്കുറെ തകർന്ന നിലയിലാണ് കോട്ട. നിഴലും വെളിച്ചവും ഇഴ നെയ്ത് കിടക്കുന്ന ഇടനാഴികളിൽ പ്രണയവും സൗഹൃദങ്ങളും പങ്ക് വെക്കുന്നത് കണ്ടില്ലെന്ന് നടിച്ച് നടക്കുകയാണ് ഉചിതം. ഉള്ളിലെ ഉദ്യാനങ്ങൾ നല്ല രീതിയിൽ പരിപാലിക്കപ്പെടുന്നുണ്ട്. കുട്ടികളുമായെത്തിയ വലിയ ഫാമിലി ഗ്രൂപ്പുകൾ പുൽത്തകിടിയിലിരുന്ന് ഭക്ഷണം കഴിക്കുന്നു. നല്ല തിരക്കാണ് കോട്ട കാണാൻ. ജയിലുകൾ, വലിയ ജലസംഭരണികൾ, ക്ഷേത്രങ്ങൾ, പള്ളികൾ എല്ലാം കൊട്ടക്കുള്ളിലുണ്ട്.

നടവഴിയുടെ വലതുവശത്ത് പായൽ മൂടിയ നിലയിൽ വലിയൊരു കുളമുണ്ട്. കരിങ്കല്ല് കൊണ്ടുള്ള ഭിത്തികൾ പലയിടത്തും അടർന്നു തുടങ്ങി. ആർച്ച് രൂപത്തിൽ പ്രത്യേക രീതിയിൽ കല്ല് അടുക്കിയാണ് ബഹുനിലകളായി പണിത കോട്ടയുടെ പല ഭാഗങ്ങളും. തകർന്നു കിടക്കുന്ന കൽപ്പടവുകളിലൂടെ മുകളിലേക്ക് നടന്നു. നൂറ്റിയിരുപത് മീറ്റർ ഉയരമുള്ള ഒരു ഗ്രാനൈറ്റ് കുന്നിനെ അപ്പാടെ ഒരു കോട്ടയാക്കി മാറ്റിയ നിർമാണവൈഭവത്തിന്റെ കഥ പറയാൻ കാറ്റും വെയിലും മത്സരിക്കുന്നപോലെ തോന്നി.

മുന്നിൽ കാണുന്നത് കുത്തബ് ഷാഹി മസ്ജിദ് ആണ്. അതിന് മുകളിലാണ് ഇബ്രാഹിം മോസ്ക്. പള്ളിയുടെ വലിയ ആർച്ച് വാതിലുകൾ ഇരുമ്പ് മറ കൊണ്ട് അടച്ചിരിക്കുന്നു. ആരാധനയൊന്നും നടക്കുന്നില്ലെങ്കിലും പടവുകൾ കയറിയെത്തുന്ന വിശ്വാസികൾ അവിടെ പ്രാർഥിക്കുന്നുണ്ട്. രാജേഷ് പോണാട് വിളിക്കുന്നത് കേട്ട് മസ്ജിദിന്റെ പുറകു വശത്തേക്ക്‌ ചെന്നു. അവിടെ പള്ളിയുടെ ചുറ്റിലുമുള്ള പുൽകൂട്ടങ്ങളിലെ പഞ്ഞിക്കെട്ട്‌ പോലുള്ള വെളുത്ത പുഷ്പങ്ങൾ അന്തിവെയിലേറ്റ് ജ്വലിച്ചു നില്‍ക്കുന്നു.

പീരങ്കികൾക്ക് തകർക്കാൻ കഴിയാത്ത കോട്ടമതിലിനെ നെടുകെ പിളർത്തികൊണ്ട് കാട്ടുവൃക്ഷങ്ങളുടെ വേരുകൾ അജയ്യരായി നിൽക്കുന്ന ഇടവഴിയിലൂടെ മുന്നോട്ട് നടന്നു. ചെന്നെത്തുന്നത് മഹാകാളി ക്ഷേത്രത്തിന് മുന്നിൽ. കുത്തനെ നിൽക്കുന്ന വലിയ രണ്ട് പാറകളുടെ ഇടയിലായി ചുവന്ന ചായം പൂശിയ ക്ഷേത്രകവാടം. അതിനുമപ്പുറം വലിയൊരു പാറയുടെ അടിയിലായി തകരഷീറ്റ് മേഞ്ഞ കൊട്ടിലിനുള്ളിൽ ഗുഹാമുഖം പോലെ ജഗദംബ ക്ഷേത്രം.

അവിടെ നിന്നും നടന്നെത്തിയത്‌ മണൽ വിരിച്ച വിശാലമായ മുറ്റത്തേക്കാണ്. മുറ്റത്തിനപ്പുറം കോട്ടയുടെ ഏറ്റവും ഉച്ചിയിലായി ദർബാർ ഹാൾ തലയുയർത്തി നിൽക്കുന്നു. ഇരുവശത്തുനിന്നും തുടങ്ങുന്ന പടവുകൾ കയറിയെത്തിയാൽ ദർബാർ ഹാളിനുള്ളിൽ പ്രവേശിക്കാം. കമാനരൂപത്തിലുള്ള തൂണുകളാണ് നിറയെ. ദർബാർ ഹാളിന്റെ ടെറസ്സിലെക്ക് കയറാൻ ഇടുങ്ങിയ ഒരു ഗോവണിയുണ്ട്. മുകളിൽ നിന്നാൽ കോട്ട മാത്രമല്ല ഹൈദരാബാദ് നഗരത്തിന്റെ തന്നെ ആകാശകാഴ്ച കിട്ടും. എവിടെ നോക്കിയാലും തകർന്നു കിടക്കുന്ന കനത്ത കൽഭിത്തികളുടെ കൂമ്പാരങ്ങൾ മാത്രം.

ഇവിടെയിരുന്നാവണം റാണി രുദ്രമാദേവിയും പ്രതാപരുദ്രയും തങ്ങളുടെ സാമ്രാജ്യത്തിന്റെ വിജയഗാഥകൾ കേട്ടത്. ഇൗ കൽവിടവുകളുടെ ഇടയിലൂടെയാവണം ശത്രുനിര അസ്ത്രശതങ്ങളേറ്റ് വീഴുന്നത് കണ്ട് മുസുനൂരി നായകർ നിർവൃതി പൂണ്ടത്.

നൂറ്റാണ്ടുകൾക്കിപ്പുറം മുന്തിയ ഇനം മൊബൈലും ക്യാമറയുമായി ആധുനിക തലമുറ വെറും കാഴ്ചവസ്തുക്കളായി ചവിട്ടിക്കയറുകയും, കമനീയചുവർചിത്രങ്ങളാൽ അലംകൃതമായിരുന്ന അന്തപുരങ്ങളിൽ കരിക്കട്ട കൊണ്ട് തങ്ങളുടെ വികൃതഭാവനകൾ വരച്ചിടുകയും ചെയ്യുമ്പോൾ….., അവരറിയുന്നുവോ ഒരുകാലത്ത് സമ്പന്നതയുടെയും അധികാരത്തിന്റെയും ഇൗ വെള്ളിത്തിളക്കം അകലെ നിന്ന് മാത്രം കണ്ട പൂർവികരെ… അരവയറും അടിമപ്പണിയുമായി കഴിഞ്ഞ സാധുക്കളെ..
തന്റെ സാമ്രാജ്യം കൽപാന്തകാലം നിലനിൽക്കുമെന്ന് വ്യമോഹിച്ച രാജപുംഗവന്മാരെ….

ചരിത്രസ്മൃതികളുടെ തീരത്ത് ഇങ്ങനെ ഓരോന്നും ചിന്തിച്ചിരിക്കുമ്പോൾ സതീശന്റെ ഫോൺ ശബ്ദിച്ചു. സുബിൻമാർ രണ്ട് പേരും ഫോട്ടോ പകർത്തി വഴി തെറ്റി താഴെ എവിടെയോ എത്തിയിരിക്കുന്നു. അസ്തമയ സൂര്യൻ അകലേക്ക് മറയാൻ തുടങ്ങിയതോടെ മടങ്ങാൻ തീരുമാനിച്ചു.

തിരിച്ചിറങ്ങുന്നത് മറ്റൊരു വഴിയിലൂടെ സിനാന മോസ്കിനുള്ളിലൂടെയാണ്. കാട് മൂടി തകർന്ന നിലയിലാണെങ്കിലും സഞ്ചാരികൾക്ക് നടക്കാനുള്ള വഴി ടൈൽ ഇട്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. കുത്തനെ ഇറങ്ങിയെത്തിയാൽ മനോഹരമായ ഒരു ആംഫി തീയേറ്ററാണ് മുന്നിൽ. രാത്രിയിൽ മനോഹരമായ വർണ്ണ വെളിച്ചം കൊണ്ടുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോ നടക്കാറുണ്ടിവിടെ.

നിലമാകെ കല്ല് കൊണ്ടുള്ള ചതുരകട്ടകൾ നിരത്തിയ ദാദ്മഹലിനുള്ളിലൂടെയാണ് പുറത്തേക്കേത്തുക. ഇരുളിലേക്ക് നീണ്ട് പോകുന്ന വലിയ ഇടനാഴികളാണ് ചുറ്റിലും. പേടിപ്പിക്കുന്ന ഒരു മൂകത അവിടമാകെ ചൂഴ്ന്നു നിന്നു. ക്യാമറഫ്ലാഷ് ലൈറ്റുകൾ മിന്നുമ്പോൾ കടവാവലുകൾ കനത്ത ചിറകടിയോടെ ചുറ്റിപറന്നു. ഒരു തുരങ്കത്തിൽ നിന്നെന്ന പോലെ പുറത്തെ വെളിച്ചത്തിലേക്ക് ഇറങ്ങുമ്പോൾ കണ്ണുകൾ മഞ്ഞളിച്ച് പോകുന്നു.

പുറത്തെ പുൽമൈതാനത്തിന്റെ വശത്തായി ഭാഗ്‌മതി പാലസ് കാണാം. നിഴല് വീണു കിടക്കുന്ന പട്ടുമെത്ത പോലുള്ള പുൽപ്പരപ്പിൽ കിടന്നാൽ അറിയാതെ ഉറക്കം വന്ന് തഴുകും. ചുവരിൽ കുമ്മായം തേച്ചു മിസുസപ്പെടുത്തി, മനോഹരമായ ചിത്രപ്പണികൾ നടത്തിയ കൊട്ടാരം വലിയ തകരാർ ഒന്നും കൂടാതെ നിൽക്കുന്നു.

ഏകദേശം നാല് മണിക്കൂർ കൊണ്ട് കോട്ട മുഴുവൻ ചുറ്റിയടിച്ചു പുറത്തിറങ്ങിയപ്പോൾ ചാർമിനാർ എന്ന ബോർഡ് വച്ചൊരു ബസ് ഞങ്ങളെ കാത്തെന്നവണ്ണം സ്റ്റാൻഡിൽ കിടക്കുന്നു.

തുടരുകയാണ് ഹൈദരാബാദിലെ വിസ്മയങ്ങൾ…..

Leave a Reply

Your email address will not be published. Required fields are marked *