ഒരു ട്രെയിൻ യാത്രയിൽ മുക്കിയെടുത്ത ബിസ്ക്കറ്റ് കഷണങ്ങൾ

ബിസ്ക്കറ്റ് കഥകൾ

അർച്ചന

നാലു മുതൽ ഏഴുവരെയുള്ള പ്രായത്തിൽ സ്ഥിരമായി ചായപ്പാത്രം കടന്നാക്രമിച്ച പാർലേജിയോടുള്ള ഒടുങ്ങാത്ത അമർഷമായിരുന്നു പിന്നീട് ബിസ്കറ്റ് എന്ന വർഗത്തിനോട് തന്നെ വെറുപ്പ് തോന്നാൻ കാരണം. പിന്നീടങ്ങോട്ട് വഴിയെ തടഞ്ഞു നിർത്തിയും വീട്ടിലേക്ക് വലിഞ്ഞുകയറിയും വരുന്ന ബിസ്ക്കറ്റുകളിൽ അലങ്കാരപ്പണിയുടെയും, ഉള്ളിൽ ഒളിച്ചിരിക്കുന്ന ക്രീമിൻ്റെയും യോഗ്യത നോക്കി ചിലതിനെ തിരഞ്ഞെടുത്തു. എന്നാൽ ബിസ്ക്കറ്റ് മറ്റൊന്നിനും പകരക്കാരനാകാതെ ഏറ്റവും വേഗത്തിൽ  തിരഞ്ഞെടുക്കുന്നതും  ഊർജവും വിനോദവും സന്തോഷവുമൊക്കെ ആയി തീരാൻ ഒരേ യാത്രയിലെ തന്നെ നിരവധി സാഹചര്യങ്ങൾ കാരണമായിട്ടുണ്ട്. അതിൽ ആദ്യം ഓർമയിലെത്തുന്നത് വടംവലി നാഷണൽ ക്യാമ്പിൽ ആരും കാണാതെ ഒളിച്ചു കഴിച്ചിരുന്ന ബിസ്ക്കറ്റുകളുണ്ട്. യാതൊരു സ്പോർട്സ് ബാക്ക്ഗ്രൗണ്ടമില്ലാത്തതിനാലും വടം വലിക്കാനുള്ള ഇഷ്ടത്തിൽ ആദ്യ മത്സരത്തിലെ പ്രകടനത്തിലുള്ള വിജയത്തിലും ക്യാമ്പിലെത്തിയപ്പോൾ രാവിലെ ആറുമണിക്കാരംഭിക്കുന്ന വർക്കൗട്ടും അവിടെ നിന്ന് പത്തു മണി വരെ യാതൊരു തളർച്ചയുമില്ലാതെ പിടിച്ചു നിൽക്കുന്നതും അത്ര എളുപ്പമായിരുന്നില്ല.

ചെറുതായിട്ടെന്തെങ്കിലും ,അതും തളർത്തില്ലാന്ന് ആത്മവിശ്വാസം തരുന്ന ഒന്ന് .അങ്ങനെ ഞങ്ങളൊരു മൂവർസംഘം  റെസ്റ്റോറൻ്റിൽ ഗാഢമായി ചിന്തിച്ചിരിക്കുമ്പോഴാണ് അലമാരയിൽ നിന്നും ബ്രിട്ടാനിയ ടൈഗർ  ഗ്ലൂക്കോസ് ബിസ്ക്കറ്റെന്നൊരുവൻ മാലാഖയായി നോക്കി ചിരിക്കുന്നത്. രാവിലെ എണീറ്റ് അവനെയും വായക്കകത്തേക്ക് കുത്തിക്കയറ്റി  കുറച്ച് വെള്ളവും കുടിച്ച് ഷൂസുമിട്ടിറങ്ങുമ്പോൾ ഉള്ളിലൊരു വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു.മറ്റു പലരും ഇതിന് മുതിരാത്തതിനാൽ  തന്നെ ടൈഗർ പലപ്പോഴും ഒരു രഹസ്യമായി നിലകൊണ്ടു.ക്യാമ്പിൽ സെലക്ഷൻ കിട്ടി ഒറീസയിലേക്ക് ട്രെയിൻ കയറുമ്പോഴും ബാഗിനുള്ളിൽ ബിസ്ക്കറ്റുകൾ പരസ്യമായി തന്നെ ചിരിച്ചിരുന്നു.എന്നാൽ ടീം വെയ്റ്റ് എന്നൊരു കൊടുമുടി മുന്നിലുള്ളതിനാൽ  ബേക്കറി ഐറ്റംസിനെ മനപൂർവം മാറ്റി നിർത്തി. നെല്ലൂരിൽ നിന്നും കയറിയ നാലു വയസ്കാരന് കൈയിലെ ബിസ്ക്കറ്റ് പൊതി കൊടുക്കുമ്പോൾ ഞങ്ങളെല്ലവരും പരസ്പരം ബന്ധമുള്ളവരാകുകയായിരുന്നു. മത്സരം ജയിച്ച് തിരിച്ചു വരുമ്പോൾ അതുവരെ സൂക്ഷിച്ചു വച്ചിരുന്ന ബേക്കറികളുടെ ആറാട്ടായിരുന്നു. അല്ലെങ്കിലും യാത്രകളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന ഒന്ന് ഭക്ഷണം തന്നെയാണ്. കോഫീ ഛായ് എന്ന ട്രെയിനിൻ്റെ ദേശീയഗാനം കേട്ടെഴുന്നേറ്റ് ,കൈയിലെ കാപ്പിയിലേക്ക് ബിസ്ക്കറ്റ് മുക്കിയെടുത്ത് വായിലോട്ടു വയ്ക്കുമ്പോൾ റെയിൽവെ പാളത്തിലെ തലയും ഉടലും വെവ്വേറെയുള്ള രണ്ടു യുവാക്കളുടെ ശരീരം കണ്ടതിൽ ഏറെ ഭീകരമായ കാഴ്ചയായിരുന്നു.

ബിസ്ക്കറ്റ് മുഴുവനായി കാപ്പിയിൽ മുങ്ങിത്താഴുക്കും കാപ്പി റെയിൽപ്പാളത്തിലേക്ക് എടുത്തു ചാടുകയും ചെയ്തു.വിജയവാഡയിൽ നിന്നും കയറിയ വലിയ കുടുംബത്തിലെ ചെറിയ കുഞ്ഞുങ്ങൾ യാത്രയിൽ ഇക്കിളി കൂട്ടിയിരുന്നു. അവരെ എടുക്കാനും കളിപ്പിക്കാനും കൈകൾ മാറി മാറി മുന്നോട്ടുവന്നു. ഏതൊക്കൊയോ ഭാഷയിൽ പരസ്പരം ഞങ്ങൾ മനസിലാക്കിയെടുത്തു.പോകുമ്പോൾ അവർ ഞങ്ങൾക്കു നൽകിയ ബ്രെഡ്ഡും ബിസ്ക്കറ്റും മറ്റൊരു ഭാഷയായിരുന്നു. ബിസ്ക്കറ്റ് പൊടിച്ച് പാലിൽ കലർത്തി അവർ കുഞ്ഞിൻ്റെ വായിലേക്ക് വച്ചു കൊടുക്കുമ്പോൾ  അവളുടെ ചുണ്ടിലേക്ക് തന്നെയാണ്  എല്ലാവരും നോക്കിയിരുന്നത്. യാത്രകളിൽ ഏറ്റവും എളുപ്പമെന്ന നിലയിൽ ബിസ്ക്കറ്റുകൾ കയറിയും  ഇരുന്നും ഇറങ്ങിയും വഴിവക്കിൽ നിന്നു കൊണ്ടും ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്.

Leave a Reply

%d bloggers like this: