മകനേ മടങ്ങി വരൂ.. കാണാതെ പോയ സൈക്കിളും ഓർത്ത് നിന്റെ അപ്പൂപ്പൻ ഇവിടെ കാത്തിരിക്കുന്നു…

അർദ്ധരാത്രിയിൽ അപ്പൂപ്പന്റെ ഹെർക്കുലീസ് സൈക്കിൾ എടുത്തുകൊണ്ട് അങ്കമാലിയിൽ നിന്ന് മണാലി വരെ ചെന്നെത്തിയ എവിൻ രാജുവിന്റെ അത്ഭുതകരമായ യാത്രയെക്കുറിച്ച് സഹോദരൻ ബിബിൻ ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

മകനേ മടങ്ങി വരൂ.. കാണാതെ പോയ സൈക്കിളും ഓർത്ത് നിന്റെ അപ്പൂപ്പൻ ഇവിടെ കാത്തിരിക്കുന്നു..🤣

ഈ ഫോട്ടോയിൽ കാണുന്ന ‘എവിൻ രാജു’ എന്ന അങ്കമാലിക്കാരനെ ആരെങ്കിലും മണാലിയിലോ പ്രാന്തപ്രദേശങ്ങളിലോ വച്ച് കണ്ടുമുട്ടിയാൽ തൽ വ്യക്തിയുടെ അപ്പൂപ്പൻ കാണാതായ തന്റെ ഹെർക്കുലിസ് സൈക്കിൾ അന്വേഷിച്ച് നടക്കുന്നുണ്ട് എന്ന വിവരം ഒന്ന് അറിയിക്കുക, പറ്റുമെങ്കിൽ ഒരു മുത്തം കൂടി കൊടുത്തേക്കുക.

അമ്മാതിരി പണി അല്ലേ ചെക്കൻ ചെയ്തത്. കഴിഞ്ഞ ജനുവരി 27ന് വെളുപ്പാൻ കാലത്ത് നാട്ടുകാരും വീട്ടുകാരും എണീക്കുന്നതിന് മുമ്പേ സ്വന്തം അപ്പൂപ്പൻ മുൻസിപ്പാലിറ്റിയിൽ പണിക്കു പോവാൻ ഉപയോഗിക്കുന്ന പുള്ളീടെ സ്വന്തം ഹെർക്കുലീസ് സൈക്കിളും എടുത്ത് പാക്ക് ചെയ്ത് വെച്ചിരുന്ന രണ്ടു ബാഗും പുറകിൽ വെച്ച് കെട്ടി വടക്കോട്ട് ഒറ്റ് ചവിട്ട്. കോഴിക്കോട് കാസർഗോഡ് വഴി കർണാടക-ഗോവ-മഹാരാഷ്ട്ര-ഗുജറാത്ത്-രാജസ്ഥാൻ- ഉത്തർപ്രദേശ്-ഡൽഹി-പഞ്ചാബ്- ചണ്ഡിഗർ ഹും താണ്ടി ഹിമാചൽ പ്രദേശിലെ നമ്മുടെ സ്വന്തം മണാലിയിൽ എത്തി നിൽക്കുന്നു. മണാലിയിൽ എത്തിയിട്ട് രണ്ട് മാസം ആയി കെട്ടോ, ആളുടെ കയ്യിലെ ചില്ലറ തീർന്ന കാരണം അവിടെ പണിക്ക് പോവുകയാണ്. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെ കല്ല്കെട്ട്, പിന്നെ ആറ് മുതൽ രാത്രി പതിനൊന്ന് മണി വരെ ഒരു ധാബയിൽ സഹായി. കല്ല്കെട്ട് പണീടെ ശമ്പളം കൃത്യമായ് കിട്ടാതെ ആയ കാരണം ഇപ്പോ അത് നിർത്തി, വേറെ ജോലി അന്വേഷിക്കുന്നു. (മണാലി ജങ്ക്ഷനിൽ ഫുൾ ജാർ സോഡയുടെ പരുപാടി തുടങ്ങാൻ ഒക്കെ പ്ലാൻ ഇടുന്നുണ്ടായിരുന്നു😃, എന്തായോ എന്തോ).

ഞാനീ പറഞ്ഞ റൂട്ടിലൂടെ ഒക്കെ ചുമ്മാ അങ്ങ് പോകുവല്ലായിരുന്നുട്ടോ ചെക്കൻ, വശിഷ്ഠ്- സൂററ്റ്-പോർബന്തർ-റാൺ ഒഫ് കച്ച്- ജയ്പൂർ- ഉദയ്പൂർ- ജോദ്പൂർ-പുഷ്കർ-ആഗ്ര- മുബൈ അങ്ങനെ കേറിയ സംസ്ഥാനത്തെ, കാണേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടും അറിഞ്ഞും തന്നെയാണ് യാത്ര ചെയ്തത്. മിക്കപ്പോഴും പോലീസ് സ്റ്റേഷനിലും മറ്റും ഒക്കെ സൈക്കിൾ സൈട് ആക്കി വച്ചിട്ട് ലോക്കൽ ട്രാൻപോർട്ട് ആണ് ചുറ്റി കറങ്ങാൻ ഉപയോഗിക്കാറ്.

എല്ലാവരും ഇതൊക്കെ കണ്ട് കയ്യടിക്കുമ്പോഴും ഈ യാത്രയിൽ അവൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവനും അവന്റെ സൈക്കിളിനും മാത്രേ അറിയൂ. പണക്കാരൻ ആയി എല്ലാവരുടേയും അനുഗ്രഹവും ആശിർവാദവും മേടിച്ച ശേഷം യാത്ര പോവാൻ നിന്നാൽ അങ്ങനെ മൂത്ത് നരച്ച് നിക്കുകയേ ഉള്ളൂ എന്ന് മനസ്സിലാക്കിയിട്ടാവും അവൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയത്. യാത്ര തുടങ്ങിയപ്പോൾ കയ്യിൽ കരുതിയ തുച്ചമായ പണം എവിടെ വച്ച് തീരുന്നുവോ അവിടെ ജോലി കണ്ടെത്തി ബാക്കിയുള്ള പണം ഒപ്പിച്ച് യാത്ര തുടരാം എന്നതാണ് പുള്ളിയുടെ മാസ്റ്റർ പ്ലാൻ. ആദ്യം പ്ലാനൊക്കെ നല്ല രീതിയിൽ പാളിയെങ്കിലും😋 ഇപ്പൊ ഏകദേശം ഒരു ട്രാക്കിൽ ആയി😊. ആകെ ഉണ്ടായിരുന്ന ഒരു ചാത്തൻ ക്യാമറാ ഫോൺ ചാന്ദിനി ചൗക്കിൽ ഒരു മോഷ്ടാവ് പുള്ളിക്ക് എതോ അത്യാവശ്യ കോൾ ചെയ്യുവാൻ വേണ്ടി അടിച്ചോണ്ട് പോയി,” ചെറ്റ”. അങ്ങനെ പോയ വഴിക്ക് എടുത്ത കുറേ 4 മെഗാ പിക്സൽ ഫോട്ടോകളും വിഡിയോകളും ഓർമ്മകൾ മാത്രം ആയി. ഭാഗ്യത്തിന് അവിടെ അടുത്ത് അലിഖഡിൽ ജോലി ചെയ്യുന്ന നമ്മുടെ കസിന്റെ കയ്യിൽ ഒരു പഴയ ഫോൺ ഉണ്ടായിരുന്നത് കിട്ടി, ഒരു മാസം മുമ്പ് ആ ഫോൺ അന്തരിച്ചു. ഇപ്പോ ഫോണും ഇല്ല. വല്ലപ്പോഴും വിളിക്കുന്നതും ഓൺലൈൻ വരുന്നതും ധാബയിലെ സഹപ്രവർത്തകൻ ഭായിയുടെ ഫോൺ കടം മേടിച്ചിട്ടാണ്.

സെപ്റ്റംമ്പറിൽ യാത്ര തുടരണം എന്നാണ് ആഗ്രഹം. ഇന്ത്യയുടെ അങ്ങേ അറ്റത്തുള്ള അവസാനത്തെ ഗ്രാമവും സന്ദർശിച്ച് തിരിച്ച് ഇറങ്ങും, എന്നിട്ട് നേരേ കൊൽക്കത്തക്ക്, ഫിലിം ഫെസ്റ്റിവൽ തുടങ്ങുമ്പോഴേക്കും അങ്ങെത്തണം എന്നാണ് പ്ലാൻ, പിന്നെ അവിടെ കുറച്ചു നാൾ പണി എടുത്ത് പണക്കാരൻ ആയിട്ട് നേരെ നേപ്പാളിലേക്ക് അതിന് ശേഷം ഭൂട്ടാൻ പിന്നെ നോർത്ത് ഈസ്റ്റ് .. അങ്ങനെ അങ്ങനെ അങ്ങനെ…

(തുടരും)

 

Leave a Reply

Your email address will not be published. Required fields are marked *