ആസ്പിൻവാൾ ഹൗസിലെ അത്ഭുതങ്ങളും ചരിത്രരേഖയും

സച്ചിൻ. എസ്‌. എൽ

ആസ്പിൻവാൾ ഹൗസ്‌ എന്ന പേര്
കൊച്ചിക്കിപ്പുറമുള്ള ആളുകൾക്ക്‌ സുപരിചിതമായത്‌ കൊച്ചി – മുസിരിസ്‌ ബിനാലെയുടെ വരവോട്‌ കൂടിയാണ്. ബിനാലെ അതിന്റെ നാലാമത്തെ പതിപ്പിൽ എത്തി നിൽക്കുമ്പോൾ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ബിനാലെയുടെ പ്രധാന വേദി ആസ്പിൻവാൾ ഹൗസ്‌ തന്നെയാണ്.

ശരിക്കും എന്താണീ ആസ്പിൻവാൾ ഹൗസ്‌?

കൃത്യമായി പറഞ്ഞാൽ ഫോർട്ട്‌ കൊച്ചി കൽവാത്തി ഭാഗത്ത്‌ മട്ടാഞ്ചേരി റോഡിൽ ഏതാണ്ട്‌ മുഴുവൻ ഭാഗവും കടലിനെ അഭിമുഖീകരിച്ച്‌ നിലകൊള്ളുന്ന പൈതൃക കെട്ടിടമാണ് ആസ്പിൻവാൾ ഹൗസ്‌!
1867 ൽ ബ്രിട്ടീഷുകാരനായ ജോൺ. എച്ച്‌. ആസ്പിൻ വാൾ ആണ് അന്നത്തെ
പ്രധാന ട്രേഡ്‌ ബിസിനസ്‌ സംരഭമായ
ആസ്പിൻവാൾ ഹൗസ്‌ കൊച്ചിയുടെ തീരത്ത്‌ ആരംഭിച്ചത്‌. റസിഡൻഷ്യൻ ബംഗ്ലാവുകളും ഗോഡൗണുകളും ഓഫീസ്‌ ബിൽഡിംഗുകളും ആയി ഒന്നര ഏക്കറുകളോളം വ്യാപിച്ച്‌ കിടക്കുന്നുണ്ട്‌ ഇവിടുത്തെ കെട്ടിട സമുച്ചയങ്ങൾ. പിന്നീട്‌ ഷിപ്പിംഗ്‌ കമ്പനിയായ ഉയർന്ന ആസ്പിൻവാൾ ഹൗസ്‌ പ്രധാനമായും മരത്തടികൾ, ധാന്യങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയവയായിരുന്നു കയറ്റുമതി ചെയ്ത്‌ തുടങ്ങിയത്‌. 1956 ൽ ആസ്പിൻവാൾ ഹൗസ്‌ ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയായി മാറി. തുടർന്ന് തിരുവിതാംകൂർ രാജകുടുംബം ഇവിടുത്തെ ഭരണം ഏറ്റെടുത്തു. ഇന്നിപ്പൊ പൈതൃക സ്മാരകമായി നിലകൊള്ളുന്നു. 2012 ൽ കൊച്ചി ബിനാലെ ഫൗണ്ടേഷൻ പാട്ടത്തിനെടുത്ത ഈ കെട്ടിടം പിന്നീട്‌ കേരള ഗവൺമന്റ്‌ ബിനാലെയുടെ സ്ഥിരം വേദിയായി അനുവദിച്ച്‌ കൊടുത്തു.

ഇന്ന് 2018-19 ലെ ബിനാലെയുടെ നാലാം പതിപ്പിൽ എത്തി നിൽക്കുമ്പോൾ ആസ്പിൻവാൾ ഹൗസ്‌ ശരിക്കും ഒരു ബിനാലെ കൾച്ചറൽ സ്പോട്ട്‌ ആയി മാറിയിരിക്കുന്നു. 2018 ഡിസംബർ 12 നു ആരംഭിച്ച ബിനാലെ നാലാം പതിപ്പ്‌ 2019 മാർച്ച്‌ 29 നു സമാപിക്കും. കലാപ്രവർത്തനത്തിന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രം എന്ന നിലയ്ക്ക്‌ 2012 ൽ ബോസ്‌ കൃഷ്ണമാചാരി, റിയാസ്‌ കോമു എന്നിവരാണ് കൊച്ചി-മുസിരിസ്‌ തീരത്ത്‌ ആദ്യ ബിനാലെ വിജയകരമായി സംഘടിപ്പിച്ചത്‌. 2010 ൽ ഇവർ തന്നെയാണ് കേരള ബിനാലെ ഫൗണ്ടേഷൻ സ്ഥാപിച്ചത്‌. നാലു പതിപ്പുകൾ കൊണ്ട്‌ തന്നെ ആഗോളതലത്തിൽ പ്രസിദ്ധിയാർജ്ജിച്ചിരിക്കുകയാണു കൊച്ചി-മുസിരിസ്‌ ബിനാലെ. രണ്ട്‌ വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന ആർട്ട്‌ എക്സിബിഷൻ എന്ന നിലയ്ക്കാണ്

‘Bi’ennale” എന്ന പേരു വന്നത്‌. 1990 കളിലാണ് ബിനാലെകൾ ലോകത്താകമാനമുള്ള പ്രധാനനഗരങ്ങളിൽ സർവ്വവ്യാപിയായത്‌. 1895 ൽ ആരംഭിച്ച വെനീസ്‌ ബിനാലെയാണ് ഇക്കൂട്ടത്തിലെ മുതുമുത്തച്ഛൻ. ഇന്ന് വെനീസാകമാനം പരന്ന് കിടക്കുന്ന വമ്പൻ ആർട്ട്‌ എക്സിബിഷനാണ് ഈ ബിനാലെ!

സാവോ പോളോ, സിഡ്നി, ഹവാന, ഇസ്താംബുൾ, എന്നിവയാണ് ലോകത്തിലെ പ്രധാന ബിനാലെ
വേദികൾ.

ഇത്തവണ ഇന്ത്യൻ ആർട്ടിസ്റ്റ്‌ ആയ അനിതാ ദുബെയാണ് കൊച്ചി ബിനാലേ ക്യൂറേറ്റർ. ആസ്പിൻവാൾ ഹൗസിനു പുറമേ ആനന്ദ്‌ വേർഹൗസ്‌, കബ്രാൾ യാർഡ്‌, ഡേവിഡ്‌ ഹാൾ, ദർബാർ ഹാൾ, കാശി ആർട്ട്‌ കഫേ, കാശി ടൗൺ സ്പേസ്‌, മാപ്‌ പ്രൊജക്ട്‌ സ്പേസ്‌, പെപ്പർ ഹൗസ്‌, ടി. കെ. എം വേർഹൗസ്‌ എന്നിവിടങ്ങളും
വേദിയാണ്. ഇതിൽ ദർബാർ ഹാൾ ഒഴികെയുള്ള വേദികളെല്ലാം ഫോർട്ട്‌ കൊച്ചി പരിസരത്ത്‌ തന്നെയാണ് സ്ഥിതി ചെയ്യുന്നത്‌. കൂട്ടത്തിൽ ഏറ്റവും വലിയ വേദി ആസ്പിൻവാൾ ഹൗസ്‌ തന്നെ. ഏതാണ്ട്‌ ഒരു മുഴുവൻ ദിവസം തന്നെ വേണ്ടി വരും ലോകപ്രശസ്ത കലാകാരന്മാർ ഇവിടെ ഒരുക്കിയിട്ടുള്ള കലാസൃഷ്ടികൾ കണ്ടു തീർക്കാൻ. അറേബ്യൻ ആർട്ടിസ്റ്റായ അഹമ്മദ്‌ മാറ്റേർ, റഷ്യക്കാരിയായ ഓൾഗ ഷെർണിഷേവ, സ്പാനിഷുകാരനായ സാന്റിയാഗോ സിയേറ, ഫ്രഞ്ച്‌ ആർട്ടിസ്റ്റ്‌ സൈപ്രിയൻ ഗില്ലാർഡ്‌, ലാറ്റിൻ അമേരിക്കൻ ഏണസ്റ്റോ നെറ്റോ തുടങ്ങി നിരവധി ഇന്റർനാഷണൽ ആർട്ടിസ്റ്റുകൾക്ക്‌ പുറമേ പാരിസ്‌ വിശ്വനാഥൻ, പ്രസാദ്‌ രാഘവൻ, രൺബീർ കേലേഖ, ശ്രേയസ്‌ കർലേ, അനിതാ ദുബേ, ശ്രീനിവാസ പ്രസാദ്‌, തുടങ്ങിയ ഇന്ത്യൻ ആർട്ടിസ്റ്റുകളുമടക്കം 29 രാജ്യങ്ങളിൽ നിന്നുള്ള നൂറിലേറെ കലാകാരന്മാരുടെ ആർട്ട്‌ വർക്കുകൾ, പെയിന്റിങ്ങുകൾ, ഇൻസ്റ്റലേഷനുകൾ, വർക്കിംഗ്‌ മോഡലുകൾ, കൊത്തുപണികൾ എന്നിവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്‌.

ആസ്പിൻ വാൾ ഹൗസിൽ ഇവർ ഒരുക്കിയ അത്ഭുതങ്ങളുടെ ചിത്രങ്ങൾ കാണാം :

Leave a Reply

Your email address will not be published. Required fields are marked *